കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് അഡിനോയ്ഡ് വീക്കവും അഡിനോയ്ഡ് അണുബാധയും. ഈ രോഗത്തെ സംബന്ധിച്ച രക്ഷിതാക്കളുടെ അജ്ഞത പലപ്പോഴും കുട്ടികളില്‍ രോഗം വഷളാവാന്‍ ഇടയാക്കുന്നു. അത് അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നു. രോഗ ലക്ഷണങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ ഫലപ്രദമായ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താനാവും.
രോഗ കാരണങ്ങള്‍
നിരന്തരമായ അലര്‍ജി, വിട്ടുമാറാത്ത ജലദോഷം, രാസവസ്തുക്കള്‍ കലര്‍ന്ന വായു സ്ഥിരമായി ശ്വസിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ അഡിനോയ്ഡ് ഗ്രന്ഥിക്ക് ജോലിഭാരം കൂടുന്നത് വീക്കത്തിനും അണുബാധക്കും കാരണമാകുന്നു.
പാരമ്പര്യമായി അലര്‍ജി രോഗമുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് അഡിനോയ്ഡ് വീക്കം കണ്ട് വരുന്നത്. അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ മുറികളില്‍ അധികസമയം കിടന്നുറങ്ങുന്നതും അഡിനോയ്ഡ് വീക്കത്തിന് കാരണമാകും. ചില കുട്ടികളില്‍ സ്ഥിരമായി കാണാറുള്ള പുളിച്ചു തികട്ടല്‍ അഡിനോയ്ഡ് വീക്കത്തിന് നിമിത്തമാകും.
മാനസിക പ്രശ്നങ്ങള്‍
അഡിനോയ്ഡ് വീക്കം മൂലം കുട്ടികള്‍ക്ക് ശരിയായി ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് തലച്ചോറിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കും വേണ്ടത്ര ഓക്സിജന്‍ കിട്ടാതെ വരും. ഇത് കുട്ടികളുടെ ശാരീരിക വളര്‍ച്ചയെയും ഒപ്പം മാനസിക വളര്‍ച്ചയെയും വളരെയധികം ദോഷകരമായി ബാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന്റെ പ്രധാന ഘട്ടമായ ശൈശവ കാലയളവില്‍ നിരന്തരമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍, കേള്‍വിക്കുറവ്, മുഖത്തെ വൈരൂപ്യം എന്നിവയെല്ലാം രോഗികളായ കുട്ടികളില്‍ അപകര്‍ഷബോധം ഉണ്ടാക്കുന്നു. സ്വന്തം കഴിവുകേടുകളെ കുറിച്ചുള്ള ഈ അതിബോധം കാരണം കുട്ടികളില്‍ പതിയെ ഉള്‍വലിയുന്ന പ്രവണത ശക്തിപ്പെടുന്നു. ഇത് കുട്ടികളുടെ പ്രവര്‍ത്തന ക്ഷമതയെയും ആരോഗ്യകരമായ ജീവിതത്തെയും താളം തെറ്റിക്കുന്നു. കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ അഡിനോയ്ഡ് വീക്കം മൂലമുണ്ടാകുന്ന ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ഉല്ലാസത്തിനും വിനോദത്തിനും അവസരം കുറയുകയും കുട്ടി വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്യുന്നു.
ചികിത്സയോടൊപ്പം തന്നെ കുട്ടികളുടെ ഭക്ഷണ ക്രമത്തിലും ജീവിത ക്രമത്തിലും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. തണുത്തതും പുളിയുള്ളതുമായ പാനീയങ്ങള്‍, പഴങ്ങള്‍ പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ, സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി നല്‍കുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ആവി പിടിപ്പിക്കുകയും കവിള്‍ കൊള്ളുകയും ചെയ്യുക. ഫാസ്റ്റ് ഫുഡ് പൂര്‍ണമായും ഒഴിവാക്കുക.
l