ഇസ് ലാഹിയാ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ കോണ്‍ഫറന്‍സ് മുസ്ലിം സ്ത്രീയുടെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ സമകാലിക സാക്ഷ്യമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു.
ഇസ് ലാഹിയാ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ കോണ്‍ഫറന്‍സ് മുസ്ലിം സ്ത്രീയുടെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ സമകാലിക സാക്ഷ്യമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു.
1966 ഫെബ്രുവരി 17ന്റെ പ്രബോധനം വാരികയില്‍ 'ഇസ്ലാമിക സേവനത്തില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ചേന്ദമംഗല്ലൂര്‍ മദ്റസത്തുല്‍ ബനാത്ത് വിദ്യാര്‍ഥിനി ടി.കെ സൈനബ ആണ് ലേഖിക. 1966 ഏപ്രില്‍ 28ന്റെ പ്രബോധനത്തില്‍ 'സന്താന പരിപാലനം' എന്ന തലക്കെട്ടില്‍ എം.കെ നഫീസ എന്ന മറ്റൊരു വിദ്യാര്‍ഥിനിയുടെ ലേഖനവും വന്നു. എഴുത്തിടങ്ങളില്‍ മുസ്ലിം പെണ്ണിന്റെ സാന്നിധ്യം തുലോം പരിമിതമായ കാലത്താണ് രണ്ട് വിദ്യാര്‍ഥിനികളുടെ ലേഖനങ്ങള്‍ അക്കാലത്തെ ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരുന്നത്. കെ.സി. അബ്ദുല്ല മൗലവി എന്ന ക്രാന്തദര്‍ശിയായ പണ്ഡിതന്റെ നവോത്ഥാന പരിശ്രമങ്ങളുടെ ആദ്യകാല കൊയ്തെടുക്കലിന്റെ ഉദാഹരണങ്ങളായിരുന്നു ആ രണ്ട് ലേഖികമാര്‍. 1963ലാണ് ചേന്ദമംഗല്ലൂരില്‍ കെ.സി അബ്ദുല്ല മൗലവിയുടെ മുന്‍കൈയില്‍ മദ്റസത്തുല്‍ ബനാത്ത് സ്ഥാപിക്കുന്നത്. വ്യവസ്ഥാപിത മദ്റസ സംവിധാനം വ്യാപകമല്ലാത്ത ഘട്ടത്തിലാണ് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി കേരളത്തില്‍ ആദ്യമായി കെ.സി ആവിഷ്‌കരിക്കുന്നത്. സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തില്‍, വിശേഷിച്ച് സ്ത്രീ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇടപെടലായിരുന്നു അത്.
1977 ല്‍ ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോഴ്സ് എന്ന നൂതന വിദ്യാഭ്യാസ പദ്ധതി കെ.സി ആവിഷ്‌കരിച്ചതോടെ, കേരളീയ ഇസ്ലാമിക വിദ്യാഭ്യാസ മണ്ഡലത്തില്‍ ഒരു പുതുയുഗം പിറന്നു. ഉന്നത മത വിദ്യാഭ്യാസം എന്നാല്‍, അഫ്ദലുല്‍ ഉലമയാണെന്ന ധാരണയില്‍ നിന്ന് മാറി ഇകണോമിക്സ്, ഹിസ്റ്ററി, കൊമേഴ്സ് പോലുള്ള വിഷയങ്ങളില്‍ സര്‍വകലാശാലാ ബിരുദത്തിനൊപ്പം ഇസ്ലാമിക വിഷയങ്ങളിലും അറബി ഭാഷയിലും ആഴത്തിലുള്ള പഠനം പ്രദാനം ചെയ്യുന്ന കോഴ്സായിരുന്നു ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോഴ്സ്. മുസ്ലിം സമൂഹത്തിന്റെ വൈജ്ഞാനിക രംഗത്തെ വലിയൊരു ദിശാമാറ്റമായിരുന്നു അത്.
ആറു പതിറ്റാണ്ടിനിപ്പുറം കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ എത്തിപ്പെടാത്ത മേഖലകളില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം കെ.സി പഠിപ്പിച്ചവരും അതിനുശേഷം വന്നവരുമായ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ അനുസ്മരണാര്‍ഥം ചേന്ദമംഗല്ലൂരില്‍ ഒരു അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്ലസ്ടു/ യു.ജി/ പി.ജി വിദ്യാര്‍ഥികള്‍ക്കായി വിശുദ്ധ ഖുര്‍ആനെ ആസ്പദിച്ച് ഗവേഷണ പ്രബന്ധ മത്സരവും സംഘടിപ്പിച്ചു. ഖുര്‍ആനിന്റെ നീതി സങ്കല്‍പം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും വികലമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, പുതുതലമുറ ഈ വിഷയത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന പരിശോധനയാണ് പ്രബന്ധ മത്സരത്തിലൂടെ സംഘാടകര്‍ ഉദ്ദേശിച്ചത്. പ്രബന്ധരചന, അവതരണം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയുണ്ടായി.
വാശിയേറിയ വൈജ്ഞാനിക പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത് പെണ്‍കുട്ടികളാണ്. അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ആറും പെണ്‍കുട്ടികളായിരുന്നു.
നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ 700ലധികം പ്രതിനിധികള്‍ പങ്കെടുത്തു. കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു ഖുര്‍ആന്‍ ഗവേഷണ പ്രബന്ധ മത്സരം. 'നീതിയുടെ വെളിപാട്: ഖുര്‍ആനിക നിയമപ്രമാണങ്ങളുടെ താരതമ്യ വീക്ഷണം' എന്ന തലക്കെട്ടിലാണ് പ്രബന്ധങ്ങള്‍ ക്ഷണിച്ചത്. അല്‍ജാമിഅ അല്‍ ഇസ്ലാമിയ, വിവിധ ദാറുല്‍ ഹുദ കാമ്പസുകള്‍, വിവിധ വാഫിവഫിയ്യ കാമ്പസുകള്‍, അസ്ഹറുല്‍ ഉലൂം ആലുവ, റൗദത്തുല്‍ ഉലൂം, ഫറൂഖ് കോളജ്, ജാമിഅ നദ് വിയ്യ എടവണ്ണ, കൊല്ലം ഇസ്ലാമിയ കോളജ്, ദാറുല്‍ ഉലൂം ഓച്ചിറ, അല്‍ഫലാഹ് വിമന്‍സ് കോളജ് പെരിങ്ങാടി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള, വിവിധ മുസ്ലിം സംഘടനകളുടെ മുന്‍കൈയിലുള്ളതും അല്ലാത്തതുമായ 15 കലാലയങ്ങളില്‍നിന്നായുള്ള മത്സരാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്.
പണ്ഡിതരും എഴുത്തുകാരുമായ ഖാലിദ് മൂസ നദ് വി, ടി.കെ.എം. ഇഖ്ബാല്‍, വി.പി. ഷൗക്കത്തലി എന്നിവരാണ് ആദ്യഘട്ട വിധിനിര്‍ണയ സമിതിയിലുണ്ടായിരുന്നത്. 12 വിദ്യാര്‍ഥികള്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. രണ്ടാം ഘട്ടത്തില്‍ ഖാലിദ് മൂസ നദ് വി, വി.പി. ഷൗക്കത്തലി, ടി. മുഹമ്മദ് വേളം എന്നിവര്‍ വിധി നിര്‍ണയിച്ചു. വിഷയത്തിന്റെ മൗലികത, ഉള്ളടക്കത്തിലെ മികവ്, ഗവേഷണപരത, വാദമുഖങ്ങളിലെ കൃത്യത, ആകര്‍ഷകമായ അവതരണ രീതി എന്നിവയിലെല്ലാം വിദ്യാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ചുനിന്നതായി വിധികര്‍ത്താക്കള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ വിദ്യാര്‍ഥിനി നിദ മര്‍യം റംസാനാണ് 20,000 രൂപ കാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. 10,000 രൂപ കാശ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന രണ്ടാം സമ്മാനം പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് കോളജ് വിദ്യാര്‍ഥിനി നവാല്‍ ഫര്‍ഹീന്‍ അഷ്റഫ് സ്വന്തമാക്കി. 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന മൂന്നാം സമ്മാനത്തിന് അല്‍ജാമിഅ അല്‍ ഇസ്ലാമിയയിലെ മര്‍യം സമീര്‍, അബൂബക്കര്‍ എം.എ എന്നിവരും അര്‍ഹരായി. കെ.സി. അബ്ദുല്ല മൗലവിയുടെ കുടുംബമാണ് വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സപോണ്‍സര്‍ ചെയ്തത്.
ഖുര്‍ആന്‍ നീതിയുടെ വെളിപാട്
മനുഷ്യാവകാശം, നീതി എന്നിവ സംബന്ധിച്ച ആധുനിക സമൂഹത്തിന്റെ വിചാരങ്ങളെ തൃപ്തിപ്പെടുത്താന്‍ ഖുര്‍ആനിന് സാധിക്കുന്നുണ്ടോ, അങ്ങനെ സാധ്യമാക്കേണ്ടതുണ്ടോ, അതില്‍ പരിമിതികളുണ്ടോ തുടങ്ങിയ സംവാദാത്മക ചോദ്യങ്ങള്‍ പ്രാഥമികമായി കോണ്‍ഫറന്‍സ് ഉന്നയിച്ചു. അതിനൊപ്പം അവസര സമത്വം, ഉത്തരവാദിത്തം, അവകാശങ്ങള്‍ തുടങ്ങി നീതിയുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിയമ പ്രമാണങ്ങള്‍ വിശകലന വിധേയമാക്കുക, ഖുര്‍ആനിക നിയമ പ്രമാണങ്ങളെ വിവിധ സാംസ്‌കാരിക ചരിത്ര സാമൂഹിക സന്ദര്‍ഭങ്ങളില്‍ നിന്നുള്ള നിയമ സംഹിതകളുമായി താരതമ്യം ചെയ്യുക, അവ തമ്മിലുള്ള ഒത്തുചേരലിന്റെയും വിച്ഛേദനത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കുക, ഖുര്‍ആനിക നിയമ പ്രമാണങ്ങളുടെ സമകാലിക പ്രസക്തിയും പ്രയോഗക്ഷമതയും അടയാളപ്പെടുത്തുക എന്നിവയും കോണ്‍ഫറന്‍സ് ലക്ഷ്യമിട്ടു. മേല്‍ചോദ്യങ്ങളെ ഗവേഷണാത്മകമായി അഭിസംബോധന ചെയ്യുന്നതായിരുന്നു ഒരോ പ്രബന്ധവും. ഖുര്‍ആനിലെ നീതി സങ്കല്‍പം കലോചിതമാകുന്നത് എങ്ങനെയാണെന്നും മനുഷ്യ നിര്‍മിതമായ ഇതര സംഹിതകളില്‍നിന്ന് അവ വേറിട്ട് നില്‍ക്കുന്നത് എങ്ങനെയെന്നും വിദ്യാര്‍ഥികള്‍ യുക്തിഭദ്രമായും തെളിവുകള്‍ നിരത്തിയും സമര്‍ഥിക്കുകയുണ്ടായി. സ്ത്രീക്ക് ഇസ്ലാം നല്‍കുന്ന പരിഗണനയും സ്വാതന്ത്ര്യവും തുല്യാവകാശങ്ങളും സംബന്ധിച്ച ആലോചനകളാണ് പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രബന്ധങ്ങളില്‍ സവിശേഷമായി പങ്കുവെച്ചത്.
അക്കാദമിക സെമിനാര്‍
'നിയമം, നീതി: ഖുര്‍ആനിക വായന' എന്ന വിഷയത്തില്‍ നടന്ന അക്കാദമിക് സെമിനാറായിരുന്നു സമ്മേളനത്തിലെ രണ്ടാമത്തെ സെഷന്‍. ഖുര്‍ആനിലെ നീതിസങ്കല്‍പം എന്ന വിഷയത്തില്‍ വി.പി ഷൗക്കത്തലിയും 'സ്ത്രീ ഖുര്‍ആനില്‍' എന്ന വിഷയത്തില്‍ റസിയ ചാലക്കലും 'കുടുംബ നിയമങ്ങളും ഖുര്‍ആനും' എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ് വിയും 'ഖുര്‍ആനും നാസ്തിക വിമര്‍ശനങ്ങളും' എന്ന വിഷയത്തില്‍ ടി. മുഹമ്മദ് വേളവും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രഫ. കെ.പി കമാലുദ്ദീന്‍ മോഡറേറ്ററായി. ഖുര്‍ആന്‍ കോണ്‍ഫറന്‍സിലെ പ്രബന്ധങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പുറത്തിറക്കി, ഈ വൈജ്ഞാനിക ഉദ്യമത്തിന് തുടര്‍ച്ചകള്‍ ഉണ്ടാക്കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.
നിദ മര്‍യം റംസാന്‍
ഒരിക്കല്‍ ഉപ്പയും വെല്ലിമ്മയും പ്രബന്ധ മത്സരത്തിന്റെ പോസ്റ്റര്‍ അയച്ച് തന്ന് എന്തായാലും എഴുതാന്‍ ശ്രമിക്കണം എന്ന് പറഞ്ഞു. ഇന്‍ശാ അല്ലാഹ്... ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ, മെല്ലെ ചെയ്യാം എന്ന് വിചാരിച്ചു. പിന്നീട് ഓരോ തെരക്കുകളില്‍ പെട്ട് പ്രബന്ധം അയക്കാന്‍ ഇനി ഒരു ആഴ്ച മാത്രേ ഉള്ളൂ എന്നായി. ഉപ്പയോട് സംസാരിച്ചപ്പോള്‍, സാരമില്ല എഴുതി നോക്ക് എന്നു പറഞ്ഞു. അങ്ങനെ ഉസ്താദ് കെ.എം അഷ്റഫിനെ പോയി കണ്ടു. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു തരുന്നതിലുള്ള ഉസ്താദിന്റെ ആവേശവും താല്‍പര്യവും ആണ് എന്തായാലും എഴുതണം എന്ന തോന്നല്‍ ഉണ്ടാക്കിയത്. എഴുതി യാതൊരുവിധ പരിചയവും ഉണ്ടായിട്ടല്ല, വിഷയം പഠിക്കാന്‍ പറ്റിയ അവസരമാണ്. അങ്ങനെ ഒരു ദിവസം ലൈബ്രേറിയന്‍ ശമീംക്ക പ്രബോധനത്തിന്റെ ഖുര്‍ആന്‍ പതിപ്പ് കാണിച്ച് ഉപകാരപ്പെടും എന്ന് പറഞ്ഞു... വിഷയം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി വളരെ വിശാലമാണ് ഖുര്‍ആനിലെ നീതി സങ്കല്‍പം എന്ന്. ഖുര്‍ആനിലെ എന്ത് ചെറിയ കാര്യം എടുത്തു നോക്കിയാലും അതിന് പിന്നില്‍ ഒരു ഹിക്മത് ഉണ്ടാവും. ചിലപ്പോള്‍ മനുഷ്യന് മനസ്സിലാക്കാന്‍ പറ്റുന്നതായിരിക്കും. മനസ്സിലായില്ലെങ്കില്‍ അത് മനുഷ്യ ബുദ്ധിയുടെ പരിമിതിയാണ് എന്ന തിരിച്ചറിവാണുണ്ടാവേണ്ടത്. നീതിയുടെയും സമത്വത്തിന്റെയും വക്താക്കള്‍ എന്ന് വാദിക്കുന്നവരും പല ഇസങ്ങളും എന്താണെന്നും അനീതികള്‍ക്ക് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ബദല്‍ എന്താണ് എന്നും ചെറിയ രീതിയില്‍ അറിയാന്‍ പറ്റി. ഇനിയും ഒരുപാട് അറിയാനുണ്ട്...
നവാല്‍ ഫര്‍ഹീന്‍
അല്‍ ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. ഇക്കോസ നടത്തിയ സെമിനാര്‍ എന്റെ രണ്ടാമത്തെ അനുഭവമായിരുന്നു. ഡിസംബറില്‍ എന്റെ കോളേജ് 'ഖുര്‍ആനിന്റെ അമാനുഷികത' എന്ന വിഷയത്തില്‍ നടത്തിയ സമാനമായ സെമിനാറില്‍ 'ഖുര്‍ആനിക നിയമങ്ങളുടെ ദൈവികത' എന്ന വിഷയം അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ അറിവ് നേടുന്നതിനും പങ്കിടുന്നതിനുമുള്ള എന്റെ ആദ്യ അനുഭവം അതാണ്. ഇക്കോസ നടത്തിയ സെമിനാര്‍ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ അറിവും ധാരണയും വികസിപ്പിക്കാനുള്ള അവസരമായിരുന്നു. എന്റെ പ്രിന്‍സിപ്പല്‍ പി. സുഹൈല്‍ എപ്പോഴും എന്റെ പ്രധാന പിന്തുണക്കാരനായിരുന്നു, വിഷയം മനസ്സിലാക്കാന്‍ എന്നെ സഹായിക്കുകയും അവതരിപ്പിച്ച വിവരങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമയപരിധിക്ക് മുമ്പ് എന്റെ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇതേ കാലയളവില്‍ ഞങ്ങളുടെ കോളേജില്‍ നടന്ന ഒരു സംവാദത്തിനും എനിക്ക് തയ്യാറെടുക്കേണ്ടി വന്നു. കൂടാതെ സെമിനാര്‍ പേപ്പര്‍ ടൈപ്പ് ചെയ്ത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു, പക്ഷേ കുറച്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതുവരെ ഞാന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. ഇതിനകം എന്റെ ഗവേഷണ പ്രബന്ധം കൈയക്ഷരത്തില്‍ തയ്യാറാക്കിയിരുന്നു. കൈയെഴുത്ത് പേപ്പര്‍ സമര്‍പ്പിക്കാന്‍ ഞാന്‍ വിചാരിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട ഇസ്ലാഹിയ കോളേജ് ഫാക്കല്‍റ്റി എന്റെ ഭാഗ്യമായിരുന്നു. അദ്ദേഹത്തിന്റെ മെസ്സേജ്,'കുഴപ്പമില്ല, ഏതായാലും ടൈപ്പ് ചെയ്യാത്തതുകൊണ്ട് പരിഗണിക്കാതിരിക്കില്ല, ടൈപ്പ് ചെയ്ത ഫയലാണ് നമുക്ക് സൗകര്യം എന്നു മാത്രം', എന്ന മറുപടി പ്രതീക്ഷകള്‍ വീണ്ടെടുക്കാന്‍ എന്നെ സഹായിച്ചു. അദ്ദേഹം സെമിനാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും സെമിനാര്‍ ദിനത്തില്‍ കോളേജിലെത്താന്‍ സഹായിക്കുകയും ചെയ്തു. എല്ലാവരുടെയും അവതരണം വളരെ മികച്ചതായിരുന്നു. എനിക്ക് മത്സരത്തില്‍ ഇടം ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, എന്റെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാര്‍ഥന, എന്റെ ഫാക്കല്‍റ്റികളുടെയും ഇസ്ലാഹിയാ കോളേജ് ഫാക്കല്‍റ്റികളുടെയും നിരന്തരമായ പിന്തുണ, എന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും ഒടുവില്‍ എനിക്ക് രണ്ടാം സമ്മാനം നല്‍കി.
മര്‍യം സമീര്‍
പ്രബന്ധ രചനാ മത്സരത്തെ കുറിച്ച് കേട്ടപ്പോള്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും തിരക്കുകള്‍ക്കിടയില്‍ പ്രബന്ധം എഴുതാന്‍ സമയം കണ്ടെത്താന്‍ സാധിക്കുമോ എന്ന ആശങ്കയായിരുന്നു. ആശയക്കുറിപ്പ് വായിച്ചപ്പോള്‍ വിഷയത്തോട് ആകര്‍ഷണം തോന്നി. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വിഷയം. ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചു. ആദ്യമായാണ് ഒരു അക്കാദമിക പ്രബന്ധം എഴുതുന്നത്. കോളേജിലെ സാഹിത്യ സമാജത്തിലും മറ്റും അവതരിപ്പിക്കാന്‍ എഴുതിയ ചെറിയ പരിചയം മാത്രം. ചെറുപ്പം മുതല്‍ തന്നെ കെ.സി ഫൗണ്ടേഷനെ കുറിച്ചും ഇസ്്ലാഹിയ കോളേജിനെക്കുറിച്ചുമൊക്കെ കേട്ടിട്ടുണ്ട്. അവിടം സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരമായും ഞാന്‍ ഇതിനെ കണ്ടു.
പുസ്തകങ്ങള്‍ തേടിയാണ് ആദ്യം പോയത്. പ്രഗത്ഭരായ അധ്യാപകരെയും കണ്ടു. ഇന്റര്‍നെറ്റിലും പരതി. സാധ്യമായ വിധത്തില്‍ സമയ പരിധി മാനിച്ച് പരമാവധി വായിച്ചുതീര്‍ത്തു. പുതിയ ഒരു ആശയലോകം തുറന്നു കിട്ടിയ അനുഭൂതി. ഇസ്ലാമിക നിയമ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ധാരാളം ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തത വരുത്താന്‍ സാധിച്ചു. മത്സരമായിരുന്നെങ്കിലും ഈ വിഷയം പഠിക്കണമെന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്.
പ്രബന്ധാവതരണവും മത്സരബുദ്ധിയോടെയല്ല കണ്ടിരുന്നത്. ഞാന്‍ പഠിച്ച വിഷയത്തില്‍നിന്ന് പ്രാധാന്യമര്‍ഹിക്കുന്ന കണ്ടെത്തലുകള്‍ കേള്‍വിക്കാരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. സംഘാടകരുടെ പിന്തുണ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
മത്സരത്തില്‍ പങ്കെടുത്ത ഓരോ വിദ്യാര്‍ഥിയും തന്റെ ചിന്തകളുടെ അടിസ്ഥാനത്തില്‍ പ്രസക്തമായ ആശയങ്ങളാണ് പങ്കുവെച്ചത്. എനിക്ക് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതൊക്കെ മറ്റാരെങ്കിലും പൂരിപ്പിച്ചതായി തോന്നി. വിദഗ്ധ ജഡ്ജിംഗ് പാനല്‍, ശേഷം നടന്ന ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ സംസാരങ്ങള്‍ ഈ വിഷയത്തിലെ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രചോദനമേകി. എന്തുകൊണ്ടും ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ പരിപാടി.
l