സ്വപ്ന് സാക്ഷാല്‍ക്കാരം
ആ യാത്രാ സംഘത്തിലുള്ളത് തടവുകാരികള്‍. അവരിലോരോരുത്തരുടെയും മുഖം ദുഃഖസാന്ദ്രം. യാത്രാവാഹനത്തില്‍ മുമ്പിലായി ഇരിക്കുന്നത് സ്വഫിയ്യ. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ബദ്ധശത്രുവായ ഹുയയ്യുബ്നു അഖ്തബിന്റെ മകള്‍. ബനൂഖുറൈള ഗോത്രത്തിന്റെ നേതാവായ ഹുയയ്യ്, അഹ്സാബ് യുദ്ധകാലത്ത് മുസ്ലിംകളോട് കൊടും വഞ്ചന കാണിച്ചതിന്റെ പേരില്‍ പിടിക്കപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു. സ്വഫിയ്യക്ക് അതെല്ലാം നല്ല ഓര്‍മയുണ്ട്. മുസ്ലിംകള്‍ തങ്ങളോട് എന്ത് നിലപാട് സ്വീകരിച്ചാലും അത് അധികമായി എന്ന് ആരും പറയില്ല. ഇവിടെയിതാ സ്വഫിയ്യ, ആരാണവര്‍? ഹാറൂന്‍ നബിയുടെ സന്താനപരമ്പരയില്‍ പെടുന്നവര്‍. സൗന്ദര്യം മാത്രമല്ല, ശ്രേഷ്ഠ ഗുണങ്ങളും വേണ്ടുവോളമുള്ള സ്ത്രീ. ഖൈബറുകാര്‍ അവരെ ഹൃദയത്തില്‍ തൊട്ട് സ്നേഹിച്ചു. ആ സ്ത്രീരത്നമാണ് അടിമയായി പിടിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ സംഘത്തിലുള്ള മറ്റു സ്ത്രീകളുടെ കാര്യം എത്ര നിസ്സാരം.
സംഘത്തിലെ ഒരു സ്ത്രീ ശബ്ദം താഴ്ത്തി പറഞ്ഞു:
'ഈ നിന്ദ്യത പേറേണ്ട സ്ത്രീയായിരുന്നില്ല സ്വഫിയ്യ.''
തൊട്ടടുത്തുള്ളവളാണ് മറുപടി പറഞ്ഞത്.
''ഖദാ ഖദ്റ് തന്നെ. വിധിയുടെ ഓരോ കളികള്‍. ഇസ്രയേല്‍ മക്കള്‍ക്കായി ദൈവം രചിച്ച ദുരന്തകഥ.''
''ജൂതരില്‍ ചിലര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടല്ലോ. സ്വഫിയ്യയെ വിട്ടയക്കണമെന്ന് അവര്‍ക്ക് ചെന്ന് മുഹമ്മദ് നബിയോട് പറഞ്ഞുകൂടേ?''
''അതുകൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ല. സ്വഫിയ്യ ഹുയയ്യിന്റെ മകളാണ്; കിനാനയുടെ ഭാര്യയാണ്. സ്വഫിയ്യയെ വിശ്വസിക്കാന്‍ മുസ്ലിംകള്‍ കൂട്ടാക്കില്ല. അവര്‍ തന്റെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ചതിനാല്‍ അതിലുള്ള പക സ്വഫിയ്യക്ക് ഉണ്ടാകില്ലേ?''
തടവുകാരികള്‍ യാത്ര ചെയ്യുന്ന വാഹനത്തിന് തൊട്ടു മുമ്പെയുള്ള വാഹനത്തില്‍ മുസ്ലിം പടയാളികളുണ്ട്. ഉമര്‍ പിന്നോട്ട് തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു:
''മുമ്പിലിരിക്കുന്ന ആ സ്ത്രീ ആരാണ്?'' ഒരാള്‍ മറുപടി പറഞ്ഞു:
''ഹുയയ്യിന്റെ മകള്‍ സ്വഫിയ്യ.''
മുസ്ലിം പടയാളികള്‍ പരസ്പരം ഒച്ച താഴ്ത്തി പറയുന്നത് കേള്‍ക്കാം. സ്വഫിയ്യയെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. ശരിയാണ്, സ്വഫിയ്യയുടെ പിതാവിന് കടുത്ത ശത്രുതയായിരുന്നു. ഭര്‍ത്താവിന് ഒടുങ്ങാത്ത പകയും. പക്ഷെ, ശുദ്ധമനസ്‌കയായ, സുന്ദരിയായ സ്ത്രീയാണ് സ്വഫിയ്യ. കണ്ടില്ലേ, സഹതടവുകാരായ ജൂതന്മാര്‍ സ്വഫിയ്യയുടെ വിധി എന്താകുമെന്ന് ഓര്‍ത്ത് വല്ലാതെ ആകുലപ്പെടുന്നത്.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കെ ഒരാള്‍ റസൂലിന്റെ കാതില്‍ മന്ത്രിച്ചു.
'ദൈവദൂതരേ, സ്വഫിയ്യയെ താങ്കള്‍ ഏറ്റെടുക്കുകയല്ലാതെ വേറെ വഴിയില്ല.''
റസൂല്‍ ആലോചനയിലായി. സ്വഫിയ്യയുടെ മനസ്സിന് പഴയ കുടിപ്പകകള്‍ മറക്കാന്‍ കഴിയുമോ? തന്റെ പിതാവിന്റെയും ഭര്‍ത്താവിന്റെയും രക്തത്തിന് പകരം ചോദിക്കാന്‍ ഒരുമ്പെടില്ലേ? ഇനി, താന്‍ സ്വഫിയ്യയെ ഏറ്റെടുത്താല്‍ തന്നെ ഖൈബറുകാരുടെ പ്രതികരണം എന്തായിരിക്കും? പഴയ മുറിവുകളുണക്കാനും വേദനയകറ്റാനും അത് പര്യാപ്തമാവുമോ?
റസൂല്‍ സ്വഫിയ്യയുടെ അടുത്തേക്ക് വന്നു ചോദിച്ചു.
''നിന്റെ പിതാവ് എന്നോട് കഠിന ശത്രുതയുള്ള ആളായിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കണം എന്നായിരുന്നു ദൈവത്തിന്റെ തീരുമാനം.''
സ്വഫിയ്യ തന്റെ കണ്ണുകളുയര്‍ത്തി റസൂലിനെ നോക്കി.
'ദൈവദൂതരേ, അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലേ, ഒരാത്മാവും മറ്റൊരാത്മാവിന്റെ ഭാരം താങ്ങുകയില്ലെന്ന്.'
റസൂല്‍ പുഞ്ചിരിച്ചു. പറയേണ്ട വാക്ക് തന്നെയാണ് സ്വഫിയ്യ പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന്റെ പാപഭാരത്തില്‍ തനിക്ക് പങ്കില്ല എന്നാണ് ആ മകള്‍ പ്രഖ്യാപിക്കുന്നത്. പിതാവ് തന്നെയാണ് തെറ്റുകാരന്‍ എന്നും സമ്മതിക്കുന്നു. ഒരാത്മാവും മറ്റൊരാത്മാവിന്റെ പാപഭാരം ചുമക്കില്ല എന്ന, താന്‍ പഠിപ്പിച്ച ദൈവിക നീതിവാക്യം ഉരുവിടുകയും ചെയ്യുന്നു...
തന്റെ മനസ്സിന്റെ വിശാലത വെളിപ്പെടുത്തി, എന്നാല്‍ ദൃഢമായ സ്വരത്തില്‍ റസൂല്‍ പറഞ്ഞു:
''സ്വഫിയ്യാ, എന്താണ് വേണ്ടതെന്ന് നിനക്ക് തീരുമാനിക്കാം. നിനക്ക് ഇസ്ലാം വേണമെന്നുണ്ടെങ്കില്‍ ഞാന്‍ നിന്നെ ചേര്‍ത്തുപിടിക്കും. ജൂതമതത്തില്‍ തന്നെ തുടരണമെന്നാണെങ്കില്‍ ഞാന്‍ നിന്നെ മോചിപ്പിച്ച് നിന്റെ ആള്‍ക്കാരിലേക്ക് തന്നെ തിരിച്ചയക്കാം.''
സ്വഫിയ്യയുടെ മുഖം വിടര്‍ന്നു. അവിടെ ഈമാനും പ്രണയവും തിളങ്ങി.
''അല്ലാഹുവിന്റെ ദൂതരേ, ഈ വാഹനത്തിലേക്ക് കയറും മുമ്പേ ഇസ്ലാമിനെ പരിണയിച്ചവളാണ് ഞാന്‍. ജൂതമതവുമായി എന്നെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ഇല്ലാതായിരിക്കുന്നു. കാത്തിരിക്കാന്‍ എനിക്കവിടെ പിതാവോ സഹോദരനോ ഇല്ല. സത്യത്തിനും അസത്യത്തിനുമിടയില്‍ ഒരു തെരഞ്ഞെടുപ്പാണ് ഞാന്‍ നടത്തിയിരിക്കുന്നത്. ആ സമൂഹത്തിലേക്ക് തിരിച്ച് പോകാനല്ല, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഒപ്പം നില്‍ക്കാനാണ് എനിക്കിഷ്ടം.''
റസൂല്‍ സ്വഫിയ്യയെ മോചിപ്പിക്കുന്നു, അവരെ വിവാഹം ചെയ്യുന്നു.
ഖൈബറുകാരായ സ്ത്രീ-പുരുഷന്മാരുടെ മുഖങ്ങളില്‍ ആശ്വാസത്തിന്റെ പുഞ്ചിരി. എതിരാളികളുടെ മനസ്സില്‍ എരിയുന്ന അന്ധമായ വിദ്വേഷാഗ്‌നി കൂടി അണക്കാന്‍ പോന്ന മംഗള കര്‍മം. മുസ്ലിംകള്‍ അതിനെ എതിരേറ്റത് തക്ബീര്‍ ധ്വനികളോടെ. ആ 'വിവാഹപ്പാര്‍ട്ടി' ദൂമത്തുല്‍ ജന്‍ദലിലേക്ക് നീങ്ങുകയാണ്. മുഹമ്മദും സ്വഫിയ്യയും വിവാഹിതരാവുന്നത് അവിടെ വെച്ച്.
താന്‍ ഉണര്‍ച്ചയിലാണോ ഉറക്കത്തില്‍ സ്വപ്നം കാണുകയാണോ? ഒട്ടകക്കൂടാരത്തില്‍ ഇരിക്കുന്ന സ്വഫിയ്യക്ക് ഒന്നും ഉറപ്പിക്കാനാവുന്നില്ല. എത്ര പെട്ടെന്നാണ് സംഭവ പരമ്പരകള്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഭര്‍ത്താവ് കിനാനത്തുബ്നു റബീഅ് മരിച്ചു. പകയും വിദ്വേഷവും പുകയുന്ന അയാളുടെ സംസാരം കേള്‍ക്കുമ്പോഴേക്ക് തന്റെ മനസ്സ് വിങ്ങും. അയാള്‍ ഒളിപ്പിച്ചുവെച്ചുവെന്ന് പറയുന്ന സ്വര്‍ണ നിധിയുടെ കാര്യം പറയുമ്പോള്‍ ശ്വാസം മുട്ടല്‍ വന്നിരിക്കും. സമ്മാനമായി മുഹമ്മദിന്റെ ശിരസ്സ് കൊണ്ടുവരാമെന്ന് അയാളന്ന് തന്നോട് പറഞ്ഞതല്ലേ. ഇപ്പോഴിതാ, സ്വഫിയ്യക്ക് ആകാശത്തുനിന്നുള്ള സമ്മാനമായി മുഹമ്മദിനെ മുഴുവനായി ലഭിച്ചിരിക്കുന്നു... ശപിക്കപ്പെട്ടവനായി മരണപ്പെടുകയായിരുന്നു കിനാന. താന്‍ അയാള്‍ക്കുവണ്ടി കരഞ്ഞു എന്നത് ശരിയാണ്. പക്ഷേ, അത് സ്നേഹം കൊണ്ടല്ല. ഭാര്യ എന്ന നിലക്കുള്ള കടമ നിറവേറ്റുകയായിരുന്നു. അല്ലെങ്കില്‍ മരിച്ച ആളോടുള്ള അനുകമ്പ. ആര് മരിച്ചുവീഴുന്നത് കണ്ടാലും തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.... ഏതായാലും കിനാന മരിച്ചു. അയാളോടൊപ്പം അയാളുടെ വെറുപ്പും പകയും മണ്ടത്തരവും വഞ്ചനയും, തനിക്ക് മേല്‍ വീഴ്ത്തിയ കനത്ത നിഴലും മരിച്ച് മണ്ണടിഞ്ഞു. അതിനും കുറേ മുമ്പാണ് തന്റെ പിതാവ് മരിച്ചത്. അദ്ദേഹം സ്വയം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. മരണനിമിഷത്തില്‍ പോലും തന്റെ നിലപാടില്‍നിന്ന് അണുഅളവ് പിന്നോട്ട് പോന്നില്ല. അങ്ങനെ സ്വന്തം കര്‍മങ്ങളുടെ സ്വാഭാവിക പരിണതി ഏറ്റുവാങ്ങി. സ്വഫിയ്യ ഓര്‍ത്തു, താന്‍ അന്ന് എത്ര വേദനിച്ചിട്ടുണ്ട്. ശരിക്കും അദ്ദേഹത്തെ താന്‍ ഇഷ്ടപ്പെട്ടിരുന്നു, ഇപ്പോഴും അതെ. പക്ഷേ, അതിനര്‍ഥം, അദ്ദേഹത്തിന്റെ നിലപാടുകളോടും പ്രവൃത്തികളോടും തനിക്ക് യോജിപ്പുണ്ട് എന്നല്ലല്ലോ.
അല്‍പ സമയത്തിനകം സൃഷ്ടികളില്‍ സര്‍വശ്രേഷ്ഠനായ വ്യക്തിയുമായി താന്‍ സംഗമിക്കാന്‍ പോവുകയാണ്. വാസ്തവം തന്നെയല്ലേ അത്? അദ്ദേഹം പറഞ്ഞല്ലോ, സ്വഫിയ്യാ, എന്ത് ചെയ്യണമെന്ന് നിനക്ക് തീരുമാനിക്കാം! എത്ര മനോഹരമായ വാക്കുകള്‍. ജേതാവെന്ന നിലയില്‍ അദ്ദേഹത്തിന് എന്നോട് ആജ്ഞാപിക്കാമായിരുന്നല്ലോ. അനുസരിക്കുകയല്ലാതെ എനിക്ക് നിവൃത്തിയുണ്ടാവുകയില്ല. ഞാന്‍ യുദ്ധമുതലുകളില്‍ പെട്ടതാണല്ലോ. അദ്ദേഹത്തിന് എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷെ എന്നെ ഏതെങ്കിലും തരത്തില്‍ നിര്‍ബന്ധിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. നീ തെരഞ്ഞെടുക്കൂ എന്നല്ലേ അദ്ദേഹം പറഞ്ഞത്. പൂര്‍ണ ചന്ദ്രാ, അങ്ങയെ ഞാനിതാ തെരഞ്ഞെടുത്തിരിക്കുന്നു. ഈ തിളങ്ങുന്ന ചന്ദ്രനെയല്ലേ ഞാന്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. കൂരിരുട്ടില്‍ ആ പ്രകാശത്തെയല്ലേ ഞാന്‍ തെരഞ്ഞുകൊണ്ടിരുന്നത്. എന്റെ ആള്‍ക്കാര്‍ക്ക് താങ്കളോട് വിദ്വേഷം കൂടിക്കൂടി വന്നപ്പോള്‍, അവര്‍ പലതരം ഗൂഢാലോചനകളില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോള്‍, അല്‍ അമീനേ, താങ്കളില്‍ എനിക്കുള്ള വിശ്വാസം വര്‍ധിക്കുകയായിരുന്നു. പ്രവാചക ശ്രേഷ്ഠാ, താങ്കളുടെ കാലൊച്ചകള്‍ക്കായി കാതോര്‍ക്കെ സന്തോഷാതിരേകത്താല്‍ എന്റെ ഹൃദയം ആര്‍ദ്രമാവുകയായിരുന്നല്ലോ. ആ കൊടുംകോട്ടയില്‍ എല്ലാം അടക്കിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കിയടച്ച് ഞാന്‍ ഒറ്റക്ക് കഴിയുകയായിരുന്നു. ദുന്‍യാവിന്റെ ശ്രേഷ്ഠതയാല്‍, ആഖിറത്തിന്റെ പോരിശയാല്‍ കിരീടം വെച്ചുള്ള ആ വരവ് ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു. എല്ലാമിപ്പോള്‍ യാഥാര്‍ഥ്യം. ഞാനൊരു യാഥാര്‍ഥ്യാന്വേഷി ആണല്ലോ. പിതാവ് മരിച്ചപ്പോള്‍ ആ അന്വേഷണം ഒന്നുകൂടി ചടുലമായി. സത്യത്തില്‍ ദുഃഖാചരണത്തിന്റെ വസ്ത്രങ്ങളില്‍ ഞാന്‍ ഒളിച്ചിരിക്കുകായിരുന്നു; സത്യത്തെ തേടി ഒറ്റക്കിരിക്കാന്‍. പ്രവാചകരേ, പരമസത്യത്തിന്റെ ഉറവിടം അങ്ങ് തുറന്നു തന്നിരിക്കുന്നു.
ആഡംബരത്തിന്റെ കിടപ്പറകളില്‍ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന നാളുകള്‍. രാജാക്കന്മാരായ പിതൃപരമ്പരകള്‍. ചുറ്റും പരിചരിക്കാന്‍ ഭൃത്യസംഘങ്ങള്‍. കാല്‍ചുവട്ടില്‍ തങ്കക്കട്ടികള്‍. എന്തും പറയുകയേ വേണ്ടൂ, കിട്ടിയിരിക്കും. എന്റെ ഹൃദയത്തിന്റെ വസന്ത പ്രകാശമേ, അങ്ങയെ കണ്ടത് മുതല്‍ക്കാണ് സൗഭാഗ്യവും ശാന്തിയും സംതൃപ്തിയും എന്താണെന്ന് ഞാന്‍ അറിഞ്ഞത്. മക്കയില്‍ ഒറ്റക്ക് ഒട്ടുവളരെ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി അങ്ങ് ഏകദൈവത്വം പ്രഘോഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ശത്രുക്കള്‍ വലിച്ചിട്ട വഴിമുടക്കങ്ങള്‍ താങ്കള്‍ മറികടന്നു. സകല അഹങ്കാരികളുടെയും മസ്തകം തകര്‍ത്തു. ഓരോ പോരാട്ടത്തില്‍നിന്നും താങ്കള്‍ പുറത്തുവരിക കൂടുതല്‍ കരുത്തനായി. മുഖം കൂടുതല്‍ പ്രശോഭിതനായി.... ആ പരിശുദ്ധമായ മുഖത്ത് അപ്പോള്‍ മണ്‍പൊടി പറ്റിപ്പിടിച്ച് കിടക്കുന്നുണ്ടാകും, രക്തം ഒലിച്ചിറങ്ങുന്നുണ്ടാകും. താങ്കള്‍ ഖുറൈള ഗോത്രക്കാരെ കൊന്നതല്ല; അവര്‍ സ്വയം കൊന്നതാണ്. എന്റെ പിതാവിനെപ്പോലുള്ളവരാണ് അവരെ കൊലക്ക് കൊടുത്തത്. മനുഷ്യത്വത്തെ ചവിട്ടിത്താഴ്ത്തുന്ന വിദ്വേഷത്തെയും ഗൂഢതന്ത്രങ്ങളെയുമാണ് അങ്ങ് വകവരുത്തിയത്. വിഷപ്പാമ്പുകള്‍ മാളങ്ങളില്‍ നിന്നിറങ്ങിയാല്‍ അവ മനുഷ്യനെ സ്വസ്ഥതയോടെ ജീവിക്കാന്‍ വിടില്ല. നിരാശയുടെ ആഴങ്ങളിലേക്ക് വീണുപോയ എന്റെ ഹൃദയത്തില്‍ സത്യപ്രകാശം നിറച്ചവനേ, സ്നേഹപ്രതീക്ഷകളുടെ കേദാരമേ, ഞങ്ങളുടെ പുതുജീവിതത്തിന്റെ വെള്ള പ്രഭാതമേ...
''നമ്മള്‍ ദൂമത്തുല്‍ ജന്‍ദല്‍ എത്തി.''
ഒട്ടകത്തിന്റെ മൂക്കുകയര്‍ പെട്ടെന്ന് വലിച്ചു തെളിക്കാരന്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ സ്വഫിയ്യ തന്റെ സ്വപ്നങ്ങളില്‍നിന്ന് ഞെട്ടിയുണര്‍ന്നു. ലജ്ജയാല്‍ മുഖം വിവര്‍ണമായി.
''എവിടെ, എന്റെ ചന്ദ്രന്‍?''
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ രാത്രി കടന്നുപോയി. സ്വപ്ന സാക്ഷാത്കാരത്തിന്റെ രാത്രി. ആ രാത്രിയും ഒരു സ്വപ്നമായിരുന്നോ? സ്വഫിയ്യയുടെ കണ്ണിന് തൊട്ട് കീഴെ നീലിച്ച പാടിലേക്ക് നോക്കി റസൂല്‍ ചോദിച്ചു:
''ഇതെന്താണ്?''
''പഴയ ജീവിതത്തിന്റെ ബാക്കിയിരിപ്പാണ് റസൂലേ. ഞാനൊരു രാത്രി ഒരു സ്വപ്നം കണ്ടു. യസ് രിബില്‍നിന്ന് ചന്ദ്രന്‍ എന്റെ നേരെ ഇങ്ങനെ വരുന്നതായി. അത് എന്റെ മുറിയിലേക്ക് കടന്നു. ഉറക്കം ഞെട്ടി ഞാനാകെ പരിഭ്രാന്തയായി. ഭര്‍ത്താവ്, കിനാന അടുത്ത് കിടപ്പുണ്ട്. കഷ്ടകാലത്തിന്, കണ്ട സ്വപ്നം ഞാന്‍ അയാളോട് പറഞ്ഞുപോയി. അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു. മുഖം വിവര്‍ണമായി. പിന്നെ എന്റെ മുഖത്ത് ആഞ്ഞടിച്ചു. ഇങ്ങനെ പറയുകയും ചെയ്തു: മദീനയില്‍നിന്ന് വരുന്ന ആ 'രാജാവി'നെ സ്വപ്നം കണ്ട് കിടക്കുകയാണല്ലേ താന്‍..... ആ സ്വപ്നമാണ് റസൂലേ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അടയാളമായി ഇതെന്റെ മുഖത്ത് കിടക്കട്ടെ.''
വിജയികളുടെ സൈന്യം മദീനയിലേക്ക് യാത്ര പുനരാരംഭിച്ചു....
അന്‍സ്വാറുകളും മുഹാജിറുകളുമായ സ്ത്രീകള്‍ക്കിടയില്‍, റസൂലിന്റെ മറ്റു ഭാര്യമാര്‍ക്കിടയില്‍ സ്വഫിയ്യ സംസാര വിഷയമാണ്. അവരുടെ സൗന്ദര്യം, സ്വഭാവവൈശിഷ്ട്യം, മുന്‍കാല ചരിത്രം എല്ലാം ചര്‍ച്ചയില്‍ വന്നു. സ്വഫിയ്യയുടെ പിതാവ് ജീവിച്ച കാലമത്രയും മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ടിരുന്ന ആളാണ്. അയാളുടെ വീഴ്ചയും മജ്ലിസുകളില്‍ കഥിക്കപ്പെടുന്നു. സ്വഫിയ്യയുടെ ഭര്‍ത്താവോ? നിധികള്‍ ഒളിപ്പിച്ചയാള്‍, അതുവെച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നയാള്‍... സ്വഫിയ്യയുടെ സ്വന്തക്കാരായ ഖൈബറുകാര്‍ എന്നും ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഭീഷണിയായിരുന്നു... ഉദ്വേഗജനമായ ഒരു ദുരന്ത കഥയുടെ പ്രതീകമായി നില്‍ക്കുകയാണ് സ്വഫിയ്യ....
റസൂല്‍ ഭാര്യ ആഇശയോട് സ്വകാര്യത്തില്‍ ചോദിച്ചു.
''സ്വഫിയ്യയെക്കുറിച്ച് നീ ഒന്നും പറഞ്ഞില്ല.''
ആഇശയാണെങ്കിലും സ്ത്രീയാണല്ലോ. കുറച്ചൊക്കെ ആ കുറുമ്പും വാശിയും കാണിക്കാതിരിക്കില്ല. ശരിയാണ്, ആരെയും ആകര്‍ഷിക്കും സ്വഫിയ്യയുടെ വ്യക്തിത്വം. ഇരുപ്പിലും നടപ്പിലും സംസാരത്തിലും എല്ലാം അതുണ്ട്.
പക്ഷെ ആഇശ പറഞ്ഞത് ഇങ്ങനെയാണ്:
''ആ ജൂതപ്പെണ്ണല്ലേ...''
റസൂല്‍ വളരെ മൃദുലമായി, ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്:
''അങ്ങനെ പറയല്ലേ, ആഇശാ. അവര്‍ ഇസ്ലാം സ്വീകരിച്ചില്ലേ. അവരുടെ ഇസ്ലാമിന് ഒരു അപാകതയും ഇല്ല.''
ഇസ്ലാമിന് ശേഷം ഭൂതകാല മാലിന്യങ്ങളില്‍ എന്താണ് പിന്നീട് ബാക്കിയുണ്ടാവുക? വംശത്തിന്റെയും വര്‍ണത്തിന്റെയും ലിംഗത്തിന്റെയും ഏറ്റവ്യത്യാസങ്ങളെല്ലാം കുത്തിയൊലിച്ച് പോയില്ലേ?
(തുടരും)