കരുതലോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഘട്ടം

പി.കെ ജമാല്‍ No image

മനുഷ്യായുസ്സിന്റെ നാല് ഘട്ടങ്ങളില്‍ ഒടുവിലത്തേത് വാര്‍ധക്യമാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്ന ജീവിതം എങ്ങനെ കാണണമെന്നും കൈകാര്യം ചെയ്യണമെന്നും പഠിപ്പിക്കുന്ന നിരവധി അപഗ്രഥനങ്ങളുണ്ട്. ഓരോ ഘട്ടത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ പ്രാപ്തമാക്കുന്ന സമീപന രേഖകളും ഇന്ന് ലബ്ധമാണ്. മനുഷ്യ ജീവിത ചക്രത്തിന്റെ അവസാനമാണ് വാര്‍ധക്യം. വാര്‍ധക്യത്തിന്റെ ജൈവ പ്രക്രിയയെ സെനെസെന്‍സ് എന്നും വാര്‍ധക്യ പ്രക്രിയയുടെ വൈദ്യശാസ്ത്ര പഠനത്തെ ജെറോന്റോളജി എന്നും പ്രായമായവരെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനത്തെ ജെറിയാട്രിക്സ് എന്നും വിളിക്കുന്നു.

വാര്‍ധക്യത്തിന് ശാരീരികവും മാനസികവുമായ സവിശേഷതകളുണ്ട്. ഓരോ പ്രായഘട്ടത്തിന്നുമുള്ള പ്രത്യേകതകളില്‍നിന്ന് വാര്‍ധക്യഘട്ടവും മുക്തമല്ല. എല്ലാം നേടിയും വെട്ടിപ്പിടിച്ചും നിരന്തര സമരങ്ങളില്‍ ഏര്‍പ്പെട്ട് അതിജീവിച്ചും തളരുന്ന മനുഷ്യന്‍ ദശാബ്ദങ്ങളുടെ പ്രയാണത്തിന്നൊടുവില്‍ കുഞ്ഞും ശിശുവുമായി മാറുന്ന അവസ്ഥാന്തരം നമ്മുടെ ചിന്തക്ക് വിഷയമാകേണ്ടതുണ്ട്.
ഒരു കാലത്ത് സുന്ദരികളും സുന്ദരന്മാരുമായി വിലസി ജീവിച്ചവര്‍, വാര്‍ധക്യത്തിന്റെ അവശതകള്‍ പേറി, ജരാനരകള്‍ ബാധിച്ച്, മുടികൊഴിഞ്ഞ്, നിറം മങ്ങി, തൊലിചുളിഞ്ഞ് അവസാന നാളുകളെയും കാത്ത് കഴിയുന്ന അവസ്ഥ എത്ര ദുഃഖകരമാണ്.
വൃദ്ധരില്‍ ദൃശ്യമാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളില്‍ പ്രധാനം ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. കൂടെക്കൂടെ  ഓര്‍മക്കുറവുണ്ടാവുക വാര്‍ധക്യത്തില്‍ സാധാരണയാണ്. അള്‍ഷിമേഴ്സ്, ഡെമന്‍ഷ്യ തുടങ്ങിയ സ്മൃതിനാശ രോഗത്തിന്റെ തുടക്കമായും ഓര്‍മക്കുറവ് സംഭവിക്കാം.
രണ്ടാമത് വിഷാദ ചിന്തകളാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെയാണ് താനെന്ന അന്യതാബോധം, കരുത്തിന്റെ ഗതകാലത്തെക്കുറിച്ചുള്ള ഗൃഹാതുര ചിന്തകള്‍, വിനഷ്ടമായ കഴിവിനെക്കുറിച്ചും കരുത്തിനെക്കുറിച്ചുമുള്ള ആകുലതകള്‍. ഇവയെല്ലാം വിഷാദത്തിലേക്കും ഡിപ്രഷനിലേക്കും നയിക്കും. ഉത്സാഹരാഹിത്യമാണ് മൂന്നാമത്തെ പ്രശ്നം. ഇന്നലെ വരെ എണ്ണയിട്ട യന്ത്രം കണക്കെ ഓടിച്ചാടി നടന്ന താന്‍ ഇന്ന് അവശനായി മൂലക്കിരുന്നല്ലോ എന്ന തപ്ത ചിന്തയോടൊപ്പം, ഇനിയെന്ത് കുളി, ഇനിയെന്ത് നന എന്നൊക്കെ കരുതി ഉത്സാഹം നശിച്ച് നിരുന്മേഷവാനായി കഴിയുന്ന അവസ്ഥയാണിത്.
ആക്രമണോത്സുക പെരുമാറ്റങ്ങളും ശീലങ്ങളുമാണ് വാര്‍ധക്യത്തിന്റെ മറ്റൊരു പ്രശ്നം. കേള്‍വിയും കാഴ്ചയും ഓര്‍മയും മങ്ങുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ പിരിമുറുക്കവും പ്രതിഷേധവുമാണിതിന് ഹേതു. നിരന്തരം കാണിക്കുന്ന പൊറുതികേടും അസ്വസ്ഥതയുമാണ് വയസ്സേറുംതോറും സ്വന്തത്തെയും മറ്റുള്ളവരെയും അലട്ടുന്ന പ്രശ്നം. മതിയായ ഉറക്കമില്ലായ്മ, മാനസികവും സാമൂഹികവുമായ പ്രചോദനങ്ങളുടെ അഭാവം, ബലക്ഷയവും തളര്‍ച്ചയും ക്ഷീണവും ശരീര വേദനകളും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍. ആവശ്യത്തിന് ചെലവഴിക്കാന്‍ പണമില്ലാതിരിക്കുമ്പോള്‍ വാര്‍ധക്യമുളവാക്കുന്ന പ്രശ്നങ്ങള്‍ക്ക് സാന്ദ്രത കൂടും. മുമ്പൊക്കെ നിര്‍ലോഭം കാശ് കൈകാര്യം ചെയ്തിരുന്ന തനിക്ക് ചില്ലിക്കാശിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുവല്ലോ എന്ന ആധി ഏത് വൃദ്ധരെയും സംഭ്രമ ചിത്തരാക്കും.
ആയുസ്സിന്റെ അവസാനത്തെ പടവില്‍ എത്തിനില്‍ക്കുന്നവരെ കരുണയോടും കരുതലോടും കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത പേര്‍ത്തും പേര്‍ത്തും പറയുന്നുണ്ട് ഖുര്‍ആനും നബിവചനങ്ങളും. 'നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്ന് മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ട് പേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍ അപ്പോള്‍ അവരോട് 'ഛെ' എന്ന് പോലും പറയരുത്. പരുഷമായി സംസാരിക്കുകയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതമായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: 'നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം അവര്‍ക്ക് നീ കാരുണ്യം അരുളേണമേ!' (അല്‍ ഇസ്റാഅ്: 23,24).
മൂസാ നബിയുടെ കഥയില്‍, കാലികളെ വെള്ളം കുടിപ്പിക്കാന്‍ വന്ന പെണ്‍കുട്ടികള്‍ പിതാവ് പ്രവാചകന്‍ ശുഐബിനെ കുറിച്ചുണര്‍ത്തിയല്ലോ: 'ഞങ്ങളുടെ പിതാവാണെങ്കില്‍ പടുവൃദ്ധനുമാകുന്നു ' (അല്‍ ഖസ്വസ്വ്: 23). യൂസുഫ് നബിയുടെ സഹോദരങ്ങള്‍, തങ്ങളുടെ നിസ്സഹായാവസ്ഥ രാജാവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്: 'അവര്‍ അപേക്ഷിച്ചു: 'പ്രഭോ, അവന്ന് പടുവൃദ്ധനായ ഒരു പിതാവുണ്ട്. അതിനാല്‍, അവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ആരെയെങ്കിലും ബന്ദിയാക്കിയാലും. ' (യൂസുഫ് 78).
വാര്‍ധക്യം, കരുതലോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഘട്ടമാണെന്ന വ്യക്തമായ നിര്‍ദേശമാണിവയില്‍. തന്നെ കാണാന്‍ വന്ന വൃദ്ധന് വഴിയൊരുക്കിക്കൊടുക്കാതിരുന്ന അനുയായികളെ ശാസിച്ച് നബി (സ) പറഞ്ഞപ്പോള്‍: 'നമ്മിലെ കുഞ്ഞുങ്ങളോടും ഇളം പ്രായക്കാരോടും കരുണ കാട്ടാത്തവരും നമ്മിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും നമ്മില്‍ പെട്ടവരല്ല.'' (തിര്‍മിദി).
ദീര്‍ഘായുസ്സ് അനുഗ്രഹം തന്നെയാണ്. സംശയമില്ല. ഒരാള്‍ നബിയോട്: 'ദൈവദൂതരേ, ജനങ്ങളില്‍ ഉത്തമന്‍ ആരാണ്? നബി : നന്മ നിറഞ്ഞ കര്‍മങ്ങളോടെ ദീര്‍ഘകാലം ജീവിച്ചവര്‍.' സുലൈമാനുബ്നു അബ്ദില്‍ മലിക് ഒരുനാള്‍ പള്ളിയില്‍ കണ്ട വൃദ്ധനോട്: 'നിങ്ങള്‍ക്ക് മരിക്കണമെന്നുണ്ടോ?' വൃദ്ധന്‍: 'ഒരിക്കലുമില്ല.' അബ്ദുല്‍ മലിക്: 'കാരണം?'
വൃദ്ധന്‍: 'യുവത്വവും അതിന്റെ ദൂഷ്യവും ഒക്കെ പോയി മറഞ്ഞല്ലോ. വാര്‍ധക്യവും അതിന്റെ നന്മകളും വന്നെത്തുകയും ചെയ്തു. എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് പറയാം, അല്ലാഹുവിന്റെ നാമത്തില്‍, ബിസ്മില്ലാ എന്ന്. ഇരിക്കുമ്പോള്‍ പറയാമല്ലോ 'അല്ലാഹുവിന് സ്തുതി, അല്‍ഹംദുലില്ലാഹി എന്ന്. ഇങ്ങനെ ഒരുനാള്‍ പറയാന്‍ കഴിയുന്നത് ഞാന്‍ വേണ്ടെന്ന് വെക്കുമോ?'
അനുഭവ സമ്പത്തിന്നുടമകളാണ് മുതിര്‍ന്നവര്‍. കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ അവരെ പക്വമതികളാക്കിയിരിക്കുന്നു. അവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കുറ്റമറ്റതായിരിക്കും. അനുഭവങ്ങളുടെ ഉരകല്ലില്‍ പരിശോധിച്ച് സംശുദ്ധി ഉറപ്പുവരുത്തിയ ചിന്തകളാണ് അവരുടെ അന്തരംഗത്തുള്ളത്. അതുകൊണ്ടാണ് നബി പറഞ്ഞത്: 'നിങ്ങളിലെ മുതിര്‍ന്നവരിലാണ് നന്മ. നന്മയുടെ കേദാരമാണവര്‍'' നബി ഉണര്‍ത്തി: 'ജരാനരകള്‍ ബാധിച്ചവരെ ആദരിക്കുകയെന്നത് അല്ലാഹുവിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്.' (അബൂദാവൂദ്)
മുതിര്‍ന്നവരെക്കൊണ്ട് തുടങ്ങുക, സര്‍വകാര്യങ്ങളിലും അവര്‍ക്ക് മുന്‍ഗണന കല്‍പിക്കുക, സംസാരിക്കുമ്പോഴും സദസ്സുകളിലും അവര്‍ക്ക് മുഖ്യസ്ഥാനം നല്‍കുക, എന്തിന് നമസ്‌കാരത്തില്‍ പോലും അവര്‍ക്ക് ഇമാമിന്റെ തൊട്ടടുത്ത് സ്ഥാനം കൊടുക്കുക. ഇങ്ങനെ ചെറുതും വലുതുമായ രംഗങ്ങളില്‍ തങ്ങള്‍ക്ക് കിട്ടുന്ന ബഹുമതിയും ആദരവും അവരുടെ മനോവീര്യം ഉയര്‍ത്തും. നിവേദക സംഘം തന്നെ കാണാന്‍ വരുമ്പോള്‍ നബി നല്‍കുന്ന ആദ്യ നിര്‍ദേശം: 'നിങ്ങളിലെ മുതിര്‍ന്നവര്‍ ആദ്യം സംസാരിക്കട്ടെ' എന്നായിരിക്കും. മുതിര്‍ന്നവരെ അനാദരിക്കലും അവരെ കൊച്ചാക്കലും ഇസ്ലാമിക സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. ആ പാഠശാലയില്‍ വളര്‍ന്ന സമുറത്തുബ്നു ജുന്‍ദുബ് ഓര്‍ക്കുന്നു: 'നബിയുടെ കാലത്ത് ചെറുപ്പമായിരുന്നു എനിക്ക്. നിരവധി കാര്യങ്ങള്‍ ഞാന്‍ നബിയില്‍നിന്ന് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്നെക്കാള്‍ വയസ്സിന് മൂത്തവര്‍ ഈ സദസ്സില്‍ ഇരിപ്പുണ്ട് എന്നോര്‍ത്താണ് ഞാന്‍ ഒന്നും പറയാത്തത്.'
മുതിര്‍ന്നവരോടും വൃദ്ധരോടും സാദരം വര്‍ത്തിക്കണമെന്ന ബോധം ആധുനിക സമൂഹത്തില്‍ ഉളവാക്കാന്‍ യു.എന്‍ പോലും മുന്നോട്ടു വന്നത് സമീപകാലത്താണ്. ദിനാചരണങ്ങളും ബോധവല്‍ക്കരണവും നടത്തി ജനശ്രദ്ധ മുതിര്‍ന്നവരിലേക്കും വയോജനങ്ങളിലേക്കും തിരിച്ചുവിടാന്‍ ഈ യത്നങ്ങള്‍ സഹായകമായിട്ടുണ്ടെന്നത് സത്യമാണ്. പ്രവാചകന്‍ ഇതിന്റെ പ്രസക്തി മുമ്പേ തിരിച്ചറിഞ്ഞു. യുവാക്കളെ ബോധവല്‍ക്കരിച്ചു: 'യുവാവ് പ്രായം പരിഗണിച്ച് ഒരു വൃദ്ധനെ ആദരിച്ചാല്‍, ആ യുവാവിന്റെ വാര്‍ധക്യത്തില്‍ അയാളെ ബഹുമാനിക്കുന്ന ഒരാളെ അല്ലാഹു ഏര്‍പ്പെടുത്തും.' (തിര്‍മിദി). ഇന്നത്തെ യുവാക്കള്‍ നാളത്തെ വൃദ്ധരാണ്. ചെറുപ്പത്തിലേ ഈ ശീലം വളര്‍ത്താന്‍ നബി ശ്രദ്ധിച്ചു: 'ചെറിയവര്‍ വലിയവര്‍ക്ക് സലാം പറയണം, നടന്നു പോകുന്നവര്‍ ഇരിക്കുന്നവര്‍ക്ക് സലാം പറയണം, ചെറിയ സംഘം വലിയ സംഘത്തിന് സലാം പറയണം. 'ഇസ്ലാമിക് എറ്റിക്വിറ്റി' എന്ന് വിശേഷിപ്പിക്കാവുന്ന ഉപചാരങ്ങളും പെരുമാറ്റ മര്യാദകളുമാണ് ഇവ. 'മുതിര്‍ന്നവര്‍ക്ക് ആദ്യ അവസരം നല്‍കണമെന്ന് ജിബ് രീല്‍ എന്നോട് ആജ്ഞാപിച്ചു' എന്ന നബിയുടെ വെളിപ്പെടുത്തല്‍ നിസ്സാര വിഷയമല്ല. നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതും വയസ്സില്‍ മൂത്തവരാണ്: 'നമസ്‌കാര സമയമായാല്‍ നിങ്ങളില്‍ ഒരാള്‍ ബാങ്ക് വിളിക്കണം, നിങ്ങളില്‍ ഏറ്റവും പ്രായമുള്ളയാള്‍ ഇമാം നില്‍ക്കണം' (ബുഖാരി). ആരാധനാ കാര്യങ്ങളിലുമുണ്ട് വയോജനങ്ങള്‍ക്ക് നിരവധി ഇളവുകള്‍. കുട്ടികളെയും മുതിര്‍ന്നവരെയും വൃദ്ധരെയും എല്ലാം പരിഗണിച്ചു വേണം, നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് എന്ന് മുആദുബ്നു ജബലിനെ ഓര്‍മിപ്പിച്ചത് കാണാം. ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാത്ത വൃദ്ധര്‍ക്ക് പകരം മറ്റൊരാള്‍ക്ക് ഹജ്ജും നിര്‍വഹിച്ചു നല്‍കാം.
യുദ്ധവേളയില്‍, വൃദ്ധരെ യുദ്ധക്കെടുതികള്‍ ബാധിക്കാതെ നോക്കണമെന്നത് പ്രവാചക നിര്‍ദേശമാണ്.'' ദൈവനാമത്തില്‍ പുറപ്പെടുക. അവശ വൃദ്ധരെ വധിക്കരുത്. കുഞ്ഞുങ്ങളെയും കുട്ടികളെയും കൊല്ലരുത്, സ്ത്രീകളെ കൊല്ലരുത്, മരങ്ങള്‍ മുറിക്കരുത്, ആരാധനാലയങ്ങള്‍ തകര്‍ക്കരുത്, ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കരുത്.''
ഖാലിദുബ്നുല്‍ വലീദ് ഇറാഖിലെ ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ കരാറില്‍ രേഖപ്പെടുത്തി: 'അവശതയനുഭവിക്കുന്ന വൃദ്ധര്‍, അപകടത്തില്‍ പെട്ടവര്‍, സമ്പത്ത് നശിച്ച് ദരിദ്രരായിത്തീര്‍ന്നവര്‍, അവര്‍ക്ക് സാന്ത്വനം നല്‍കുന്നവര്‍- ഇവരുടെയെല്ലാം നികുതി ഒഴിവാക്കും.' ജൂത വൃദ്ധന് ഖജനാവില്‍നിന്ന് ശിഷ്ടകാലം കഴിയാനുള്ള വക നല്‍കാന്‍ ഉമര്‍ കല്‍പിച്ചു. ഇതേ പാത ഉമറുബ്നു അബ്ദില്‍ അസീസും പിന്തുടര്‍ന്നു. 'മാറുന്ന ലോകത്ത് വയോജനങ്ങള്‍ക്ക് പ്രതിരോധ ശേഷി' എന്ന മുദ്രാവാക്യവുമായി ഈ വര്‍ഷം ലോക വയോജന ദിനം ആചരിക്കുകയാണ്. ജീവിത വിരക്തിയില്‍നിന്നും മാന്ദ്യ ബോധത്തില്‍നിന്നും മുക്തി നല്‍കുന്ന സമാശ്വാസത്തിന്റെ തുരുത്തുകളാണ് വാര്‍ധക്യം തേടുന്നത്. വൃദ്ധ സദനങ്ങളില്‍ നടതള്ളപ്പെടുന്നവരും 'പകല്‍ വീടുകളി'ല്‍ കഴിയാന്‍ വിധിക്കപ്പെട്ടവരും പുതിയ കാലത്തിന്റെ ശാപമാണ്. 'ദയാവധ'ത്തെക്കുറിച്ച ചിന്തകള്‍ രൂപം കൊണ്ടതും 'ദയാവധ'ത്തിനുള്ള അവകാശത്തിന് വേണ്ടി വൃദ്ധജനങ്ങള്‍ കോടതികള്‍ കയറേണ്ടി വന്നതും, സ്നേഹവും കരുണയും വറ്റിയ കാലഘട്ടത്തിന്റെ നേര്‍കാഴ്ചകളാണ്. ചേര്‍ത്തുനിര്‍ത്താനും കൂടെ കഴിയാനുമുള്ള മനസ്സ് വളരുമ്പോള്‍ മാത്രമാകുന്നു വൃദ്ധ ജനങ്ങള്‍ സനാഥരാവുന്നത്, അവര്‍ക്ക് അന്യതാ ബോധം ഇല്ലാതാവുന്നത്, വിഷാദത്തില്‍നിന്ന് മുക്തരാവുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top