മൂന്ന് കുട്ടികളുടെ ഉമ്മ... അക്കാദമിക് സൂപ്പര്‍വൈസര്‍, മോണ്ടിസോറി സ്‌കൂള്‍ ഡയറക്ടര്‍, ലൈസന്‍സ്ഡ് മെഹന്ദി ആര്‍ട്ടിസ്റ്റ്, ബേബി മസാജിംഗ് ആന്റ് യോഗ ട്രെയിനര്‍, സൈക്കോളജി സ്റ്റുഡന്റ് എന്നിങ്ങനെ ഒരു ബിസി കരിയറാണ് ആഗ്രഹിക്കുന്നതെങ്കിലും, കുട്ടികളുടെ വളര്‍ച്ചക്ക് മാതാപിതാക്കള്‍ ഒരുമിച്ചുണ്ടാകണം എന്ന് വിശ്വസിക്കുന്ന ഒരുമ്മ... പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മറികടക്കാനായി കണ്ടെത്തിയ വഴി ചിത്രരചന... അതും മലയാളികള്‍ക്ക് ഒട്ടും പരിചയമുണ്ടാകാന്‍ ഇടയില്ലാത്ത ഡോട്ട് മണ്ടാല ആര്‍ട്ട്. ഇന്ന് അവര്‍ ഒരു സംരംഭക കൂടിയാണ്... ഒരു സ്ത്രീ എങ്ങനെ തന്റെ എനര്‍ജി ഒട്ടും പാഴാക്കാതെ ചെലവഴിക്കണം എന്നതിന് ഒരു വലിയ ഉദാഹരണമാണ് ഹിബ ഷെറിന്‍...
മൂന്ന് കുട്ടികളുടെ ഉമ്മ... അക്കാദമിക് സൂപ്പര്‍വൈസര്‍, മോണ്ടിസോറി സ്‌കൂള്‍ ഡയറക്ടര്‍, ലൈസന്‍സ്ഡ് മെഹന്ദി ആര്‍ട്ടിസ്റ്റ്, ബേബി മസാജിംഗ് ആന്റ് യോഗ ട്രെയിനര്‍, സൈക്കോളജി സ്റ്റുഡന്റ് എന്നിങ്ങനെ ഒരു ബിസി കരിയറാണ് ആഗ്രഹിക്കുന്നതെങ്കിലും, കുട്ടികളുടെ വളര്‍ച്ചക്ക് മാതാപിതാക്കള്‍ ഒരുമിച്ചുണ്ടാകണം എന്ന് വിശ്വസിക്കുന്ന ഒരുമ്മ... പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മറികടക്കാനായി കണ്ടെത്തിയ വഴി ചിത്രരചന... അതും മലയാളികള്‍ക്ക് ഒട്ടും പരിചയമുണ്ടാകാന്‍ ഇടയില്ലാത്ത ഡോട്ട് മണ്ടാല ആര്‍ട്ട്. ഇന്ന് അവര്‍ ഒരു സംരംഭക കൂടിയാണ്... ഒരു സ്ത്രീ എങ്ങനെ തന്റെ എനര്‍ജി ഒട്ടും പാഴാക്കാതെ ചെലവഴിക്കണം എന്നതിന് ഒരു
വലിയ ഉദാഹരണമാണ് ഹിബ ഷെറിന്‍...
ഡോട്ട് മണ്ടാല
'മൂന്നാമത്തെ പ്രസവം കഴിഞ്ഞ് കിടക്കുമ്പോഴാണ് ചിത്രവരയിലേക്ക് കടക്കുന്നത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ മറികടക്കാനുള്ള, ഏകാഗ്രത കിട്ടാനുള്ള ഒരു വഴി എന്ന നിലയ്ക്കാണ് അത് തുടങ്ങുന്നത്. കുഞ്ഞ് ഉറങ്ങുന്ന സമയവും, മൂത്ത രണ്ട് മക്കള്‍ സ്‌കൂളില്‍ പോകുന്ന സമയവുമെല്ലാം വരയ്ക്കായി മാറ്റിവെക്കും. ഇപ്പോള്‍ അവളെ മടിയിലിരുത്തിയും വരയ്ക്കും. അതിന് മുമ്പൊന്നും ചിത്രം വരയ്ക്കുന്ന ഒരാളായിരുന്നില്ല ഞാന്‍. ഡോട്ട് മണ്ടാല എന്ന ഒരു ആര്‍ട്ട് രൂപമാണ് ഞാന്‍ പരീക്ഷിച്ചുനോക്കിയത്.'
കുത്തുകള്‍ മാത്രം ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന രീതിയാണ് ഡോട്ട് മണ്ടാല. കുത്തുകള്‍ക്കൊപ്പം മറ്റ് ജ്യോമട്രിക്കല്‍ രൂപങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുമ്പോള്‍ അത് മണ്ടാല ആര്‍ട്ട് ആയി. ഇത് ബുദ്ധമത സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അവരുടെ വിശ്വാസത്തിന്റെ ഭാഗമാണിത്. ബുദ്ധമതക്കാര്‍ ധ്യാനത്തിന് ഉപയോഗിക്കുന്ന കലാരൂപമാണ് മണ്ടാല. ഓരോ കുത്തും ബുദ്ധന്റെ മനസ്സാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഈ ചിത്രരചനയില്‍ ഏര്‍പ്പെടുന്നവര്‍ക്കും അതൊരുതരം ധ്യാനമാണ്. ഇതിലേക്ക് ഡോട്ട് ആര്‍ട്ടും കൂടി ചേരുമ്പോള്‍ അത് ഡോട്ട് മണ്ടാല ആര്‍ട്ട് ആയി.
ഡോട്ട് മണ്ടാല ആര്‍ട്ടിസ്റ്റുകള്‍ നിരവധി പേരുണ്ട്. ഞാനത് ചെയ്തു തുടങ്ങുന്നത് ഒരു ചട്ടിയിലാണ്. ആദ്യം കൈയില്‍ കിട്ടുന്ന എന്തും ഉപയോഗിച്ച് ചെയ്തുതുടങ്ങി. പിന്നെ പെന്‍സില്‍, ടൂത്ത്പിക്, ബഡ്സ്, പേനയുടെ ബാക്സൈഡ് എല്ലാം വെച്ച് ചെയ്തുനോക്കി. അതിന് ശേഷമാണ് ഡോട്ട് ആര്‍ട്ടിന് പ്രത്യേകം ടൂള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. പിന്നെ അതുവെച്ച് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍
പണ്ടുമുതലേ നമ്മള് കേള്‍ക്കുന്നതാ, 'പത്തും തെകഞ്ഞുതന്നെ പെറ്റതാ, പറഞ്ഞിട്ടെന്താ ഓള്‍ക്ക് ഒന്ന് കുട്ടിയെ എടുക്കണം എന്നേയില്ല, ഒന്നും ചെയ്യില്ല... വെറുതെയിരിക്കും' എന്നൊക്കെ... പ്രസവം കഴിഞ്ഞ പെണ്ണിന്റെ മാനസികാവസ്ഥ എന്താണ് എന്നുപോലും പരിഗണിക്കാതെ അവളെ കുറ്റപ്പെടുത്തുകയായിരുന്നു സമൂഹവും കുടുംബവും. എന്തുകൊണ്ട് പ്രസവശേഷം ഒരു പെണ്ണ് ഇങ്ങനെ പെരുമാറുന്നു എന്ന് ആരും ചിന്തിക്കുന്നില്ല... എന്താണ് അതിന് പരിഹാരം എന്ന് ആലോചിക്കുന്നില്ല. ഇതിന്റെ പ്രതിവിധികളും മരുന്നും എല്ലാം നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.
Fourth trimester എന്ന പുസ്തകത്തില്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീയെ ഒരു രാജ്ഞിയെപ്പോലെ പരിപാലിക്കണമെന്നാണ് പറയുന്നത്. അത് പ്രസവശേഷം ഒരു സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം തിരിച്ചുപിടിക്കാന്‍ സഹായിക്കും. അതുതന്നെയാണ് നമ്മുടെ നാട്ടിലെ എണ്ണ തേച്ച് കുളിയും മറ്റ് ശുശ്രൂഷകളും. പഴയ തലമുറയില്‍പെട്ടവരില്‍ പലരും ഉഴിച്ചിലും മസാജിംഗും എല്ലാം ശാസ്ത്രീയമായി പഠിച്ചാണ് ചെയ്തിരുന്നത്. എന്നാലിന്ന്, ഈ രംഗത്ത് ജോലി തെരഞ്ഞെടുക്കുന്ന പലരും ഈ പണിക്കിറങ്ങുന്നത് ശാസ്ത്രീയമായി പഠിച്ചിട്ടല്ല. അതിന്റെ ബുദ്ധിമുട്ട് നല്ലതുപോലെ ഉണ്ടാകുന്നുണ്ട്.
പ്രസവിച്ചുകിടക്കുന്ന സ്ത്രീ പുതിയ ഒരാളെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതിനായി അവളുടെ മനസ്സും ശരീരവും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അതില്‍ അവളെ ബഹുമാനിക്കുകയാണ് വേണ്ടത്. അവള്‍ക്ക് വേണ്ടത് അവളുടേതായ സമയവും ഇടവും അംഗീകാരവും ഒക്കെയാണ്. കുഞ്ഞിനെ കാണാന്‍ പോവുക, ഗിഫ്റ്റ് കൊടുക്കുക എന്നതൊക്കെ നമ്മള്‍ അവര്‍ക്ക് കൊടുക്കുന്ന അംഗീകാരമാണ്. ഓരോ വ്യക്തിയും വ്യത്യസ്തരാണ് എന്ന പോലെ ഓരോ വ്യക്തിയുടെയും പാരന്റിംഗും, കാഴ്ചപ്പാടുകളും വ്യത്യാസപ്പെട്ടിരിക്കും. നമുക്ക് അവരെ സഹായിക്കാം, പിന്തുണ കൊടുക്കാം എന്നുമാത്രം. അവര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരിക്കും. അത് മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്.
മൂത്ത മകളെ ഗര്‍ഭം ധരിച്ചപ്പോഴും പ്രസവസമയത്തും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞപ്പോള്‍ അത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് മാറി. മൂന്നാമത്തെ പ്രസവത്തില്‍ അത് വല്ലാത്ത സ്റ്റേജിലേക്ക് മാറി.
ബേബി മസാജിംഗ്
ആന്റ് ബേബി യോഗ
എനിക്ക് ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് നവജാത ശിശുക്കളെ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് ബേബി മസാജിംഗ് ആന്റ് ബേബി യോഗ പഠിക്കുന്നതിലേക്ക് എത്തുന്നത്. പലപ്പോഴും കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും കഴുകിക്കുന്നതും കാണുമ്പോള്‍ ഞാന്‍ വിചാരിക്കും, ഇവരെന്തിനാണ് കുഞ്ഞുങ്ങളെ കരയിപ്പിച്ചുകൊണ്ട് നിര്‍ബന്ധപൂര്‍വം ഇതെല്ലാം ചെയ്യുന്നത് എന്ന്. അതിന്റെ കൃത്യമായ വിവരങ്ങള്‍ പഠിക്കണം എന്നുണ്ടായിരുന്നു. ഒരു ആയുര്‍വേദ ഡോക്ടറാണ് അതിനെ കുറിച്ചുള്ള കുറേ വിവരങ്ങള്‍ പറഞ്ഞുതന്നത്. അതുപ്രകാരം ചെയ്തപ്പോള്‍ എന്റെ മകളില്‍ ഞാനാ വ്യത്യാസം കണ്ടു. നാത്തൂന്മാരുടെ മക്കളിലും ഞാനിതെല്ലാം ചെയ്തുനോക്കി. അവര്‍ക്കും അത് ഗുണം ചെയ്തു. അതിനെ കുറിച്ച് കൂടുതല്‍ അറിയാനായിട്ടാണ് ആ വിഷയത്തില്‍ ഒരു സര്‍ട്ടിഫിക്കേഷന്‍ എടുത്തത്. അങ്ങനെയാണ് ഓരോ ഉഴിച്ചിലും മസാജിംഗും എന്തിനാണ്, എങ്ങനെയാണ് എന്നെല്ലാം മനസ്സിലാക്കുന്നതും പഠിക്കുന്നതും.
പിന്നെ യു.എ.ഇയില്‍ എത്തിയപ്പോള്‍ മെഹന്ദി ആര്‍ട്ടിസ്റ്റാകാനുള്ള ലൈസന്‍സ് എടുത്തു. സൈക്കോളജി വിദ്യാര്‍ഥിനിയാണ്. പി.ജി സൈക്കോളജി ചെയ്തുകൊണ്ടിരിക്കുന്നു.
പുതിയൊരു
വിദ്യാഭ്യാസ സംസ്‌കാരം
പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്ത് സിജിയുടെ ഒരു ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അവിടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സെടുത്ത സാറിന്റെ തുടര്‍ന്നുള്ള രണ്ട് ക്ലാസ്സുകള്‍ ഞാനായിരുന്നു അസിസ്റ്റ് ചെയ്തിരുന്നത്. പിന്നീട് വന്ന വെക്കേഷന്‍ ക്ലാസ്സുകളിലെല്ലാം സിജിയുടെ ഒരു സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്ന നിലയില്‍ ഒരു മെന്ററുടെ റോളായിരുന്നു എനിക്ക്.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഒരു ആക്സിഡന്റില്‍ കൈക്ക് പരിക്ക് പറ്റുന്നത്. കോഴ്സ് റെഗുലറായിട്ട് ചെയ്തുകൊണ്ടിരുന്നത് ഡിസ്റ്റന്‍സാക്കി. അപ്പോഴാണ് മീഡിയാവണിലേക്ക് ഒരു ഇന്റര്‍വ്യൂ നടക്കുന്നത് അറിഞ്ഞത്. ആ ഇന്റര്‍വ്യൂവില്‍ എനിക്ക് സെലക്്ഷന്‍ കിട്ടി. ആദ്യം ഇന്റര്‍വ്യൂവിനുള്ള ആളുകളെ ഫോണ്‍ വിളിക്കാനുള്ള ജോലിയാണ് ഏല്‍പിച്ചത്. പിന്നെ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി. ഇപ്പോഴും എന്റെ ഒരു സെക്കന്റ് ഫാമിലിയാണ് അവിടുത്തെ ടീമംഗങ്ങള്‍. അവിടെ വെച്ചാണ് വിവാഹം നടക്കുന്നത്.
വിവാഹം കഴിഞ്ഞ് എത്തിയത് കാസര്‍കോട്. അവിടുത്തെ ഉപ്പ ഒരു സ്‌കൂള്‍ നടത്തുന്നുണ്ടായിരുന്നു. വീട്ടില്‍ വെറുതെ ഇരിക്കണ്ട എന്നുംപറഞ്ഞ് ഉപ്പ ആ സ്‌കൂളിന്റെ അഡ്മിനിസ്ട്രേഷന്‍ ചുമതല എന്നെ ഏല്‍പിച്ചു. അപ്പോഴാണ് ചില ആരോഗ്യപ്രശ്നങ്ങളും അതിനെ തുടര്‍ന്ന് ഒരു സര്‍ജറിയും ആവശ്യമായി വരുന്നത്. ആ സമയത്ത് അവിടം വിട്ടു.
അപ്പോഴേക്കും മീഡിയാവണ്‍ ലോഞ്ച് ആയി. ഞാനവിടെ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി കയറി. മോളെ പ്രെഗ്നന്‍സി കോംപ്ലിക്കേറ്റഡ് ആയപ്പോള്‍ വീണ്ടും അവിടം വിട്ടു. രണ്ടാമത്തെ പ്രസവവും കഴിഞ്ഞ് വീണ്ടും സ്‌കൂളില്‍ തന്നെ കയറി. പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരം ഉണ്ടാവണം എന്ന എന്റെ ചില കാഴ്ചപ്പാടുകള്‍ മീറ്റിംഗുകളില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഡെവലപ്പ് ചെയ്യൂ എന്നായി ഉപ്പയും പ്രിന്‍സിപ്പലും.
എന്റെ മക്കള്‍ക്കുവേണ്ടി ഞാന്‍ മോണ്ടിസോറി ട്രെയിനിംഗ് എടുത്തിരുന്നു. പിന്നെ മോണ്ടിസോറിയെ കുറിച്ച് ആഴത്തില്‍ പഠിച്ചു. ഇന്ത്യന്‍ മോണ്ടിസോറി സ്‌കൂളിന്റെ ഹെഡ് ആയിരുന്ന മീനാക്ഷി ശിവരാമകൃഷ്ണനാണ് എന്നെ ട്രെയിന്‍ ചെയ്തത്. അതാണ് ഞാനവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസം പകര്‍ന്നു നല്‍കേണ്ടത് പുസ്തകങ്ങളിലൂടെയല്ല, ജീവിതത്തിലൂടെയാണ്. അപ്പോള്‍ മാത്രമാണ് പഠനം പരീക്ഷയ്ക്ക് വേണ്ടിയോ മാര്‍ക്കിന് വേണ്ടിയോ റാങ്കിന് വേണ്ടിയോ ഉള്ള മനപ്പാഠമല്ലാതെയാവുക. ഒരു കുട്ടിയും ബാഡ് സ്റ്റുഡന്റ് അല്ല, ഒരു കുട്ടിയും ബെസ്റ്റ് സ്റ്റുഡന്റും അല്ല. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളുണ്ട്. അതിനെയാണ് വളര്‍ത്തിയെടുക്കേണ്ടത്. അപ്പോഴേ നമുക്ക് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.
കുട്ടിക്കാലം
ഇപ്പം കാണുന്ന ഹിബ തന്നെയാണ് കുട്ടിക്കാലത്തെയും ഹിബ. കുറച്ചുകൂടി ആക്ടീവും എനര്‍ജെറ്റിക്കും കുറുമ്പിയും. അതില്‍നിന്ന് ഒന്ന് പതപ്പെട്ട് വന്നതാണ് ഇന്നത്തെ ഹിബ. വളരുന്തോറും ഓരോ അനുഭവങ്ങളില്‍ നിന്നല്ലേ നമ്മള്‍ ഓരോന്ന് പഠിച്ചുവരിക. ഉപ്പ വിദേശത്തായിരുന്നു. ഉമ്മയാണ് ജീവിതത്തില്‍ കൂടുതലും സ്വാധീനിച്ചത്. ഒറ്റയ്ക്കൊരു സ്ത്രീ, രണ്ട് പെണ്‍മക്കളുമായി, കോഴിക്കോട് പോലുള്ള ഒരു നഗരത്തില്‍ ആരുടെയും സഹായമില്ലാതെ ഒരു വീട് കൊണ്ടുനടക്കുക, വീട്ടില്‍ എന്ത് ആവശ്യം വന്നാലും ഏത് പാതിരാത്രിയായാലും പതറാതെ ഇറങ്ങിനടക്കുക, മക്കളെന്ന നിലയില്‍ എപ്പോഴും ഞങ്ങളെ ചേര്‍ത്തുപിടിക്കുക- ആ ഉമ്മയുടെ ചിന്തകളും അതിജീവനങ്ങളും തന്നെയാണ് എന്നെയും ഇത്താത്തയെയും സ്വാധീനിച്ചത്.
കുടുംബം
ഉമ്മയും ഉപ്പയും ഞാനും ഇത്താത്തയും. 2011ലായിരുന്നു കല്യാണം. പങ്കാളി ഇര്‍ഷാദ്. തീര്‍ത്തും വ്യത്യസ്തമായ രണ്ട് നാട്, രണ്ട് സംസ്‌കാരം- കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്കുള്ള ഒരു യാത്രയായിരുന്നു എന്റെ കല്യാണം. മൂന്ന് മക്കള്‍- നവീന്‍, ദയ, ഹിദ.