വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍

തോട്ടത്തില്‍ മുഹമ്മദലി, വര: ശബീബ മലപ്പുറം No image

തോരാത്ത മഴ. മംഗാലപുരത്തുനിന്ന് തുടങ്ങിയതാണ്. ഡ്രൈവര്‍ ശപിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നു. നാട്ടിലെ പരിചയമുള്ള വഴി കാണുമ്പോള്‍ സുബൈര്‍ സന്തോഷിച്ചു. ഡ്രൈവര്‍ക്ക് വഴി കാണിച്ചുകൊടുത്തു. മെയിന്‍ റോഡില്‍നിന്ന് വളവ് തിരിഞ്ഞ് നേരെ വീടിന്റെ മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തു. മഴ തെല്ലൊന്ന് ശമിച്ചിരുന്നു.  
വാഹനത്തിന്റെ ശബ്ദം കേട്ട് മൈമൂന വാതില്‍ തുറന്നു.
''ഉമ്മാ, സുബൈര്‍ വന്നു.''
മൈമൂന ഉമ്മയെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി. പിറകെ ബീഡി വലിച്ചുകൊണ്ട് ഉമ്മയും.
''മോനേ, നീ വന്നോ?''
അവര്‍ കരഞ്ഞു. കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ വെച്ചു. സുബൈറിന്റെ കൈയിലെ ബ്രീഫ്‌കെയിസ് മൈമൂന വാങ്ങി അകത്തേക്ക് കൊണ്ടുപോയി.  
ഉപ്പ നടന്നുവരുന്നതു കണ്ട സുബൈര്‍ ഓടി ഉപ്പയുടെ അടുത്തെത്തി. അവര്‍ രണ്ടുപേരും കെട്ടിപ്പിടിച്ചു കുശലം പറഞ്ഞു. രണ്ട് പേരും അകത്തേക്ക് കയറി.  പിറകെ ഉമ്മയും. ഈ രംഗങ്ങളൊക്കെ നോക്കി നില്‍ക്കുകയായിരുന്നു മൈമൂന. ഞാന്‍ നാട്ടില്‍ എത്തിയെന്നറിഞ്ഞിട്ടും ഉമ്മ എന്നെ ഒന്നു കാണാന്‍ പോലും വന്നില്ല. മൈമൂന ഇത് ഓര്‍ത്തപ്പോള്‍ കണ്ണ് നനഞ്ഞു. ആരും കാണാതെ തുടച്ചു. ഡ്രൈവര്‍ക്ക് വാടക കൊടുത്ത് അയാളെ വിട്ടയച്ചു. മഴ ശമിച്ചിരുന്നു.  അങ്ങിങ്ങായി മരച്ചില്ലകളില്‍നിന്ന് മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം.
''മോളേ, മൈമൂനാ ചായ കൊണ്ടാ...''
''ഇപ്പം കൊണ്ടരാം ഉപ്പാ.''
അവള്‍ അടുക്കളയിലേക്കോടി. ലത്തീഫ് ചാരുകസേരയില്‍ ഇരുന്ന് കഴുത്തിലുണ്ടായിരുന്ന തോര്‍ത്തെടുത്ത് മുഖം തുടച്ചു. സുബൈര്‍ വന്ന് ഉപ്പയുടെ അഭിമുഖമായി തിട്ടയില്‍ ഇരുന്നു. നാട്ടുകാര്യങ്ങള്‍ സംസാരിച്ചു.
മൈമൂന ചെക്ക് ബുക്കും പാസ്ബുക്കും സുബൈറിന്റെ കൈയില്‍ കൊടുത്തു.
''സുബൈര്‍, എനിക്കെന്തിനാ പണം, ഇതൊക്കെ നീ തന്നെ വെച്ചോ? ചെക്കില്‍ ഒപ്പുവെച്ചിട്ടുണ്ട്.''
''ഇപ്പോള്‍ നീ തന്നെ വെക്ക്.''
''ഇതിനൊക്കെ ആവശ്യം വരും. നിനക്ക് നല്ലൊരു ചെക്കനെ ഞാന്‍ കണ്ടുപിടിക്കും.''
''എനിക്ക് ഇനിയൊരു കല്യാണം വേണ്ട, എന്നെ വളരെയധികം സ്‌നേഹിക്കുന്ന ഉമ്മായും ഉപ്പായും, പോരെങ്കില്‍ എന്റെ കരളായ ആങ്ങളയും... ഇത് മതി എനിക്ക്, ഇതെനിക്ക് സ്വര്‍ഗമാണ്.''
അവളുടെ കണ്ണ് നിറയുന്നത് സുബൈര്‍ കണ്ടു.
''ഏതായാലും ഇത് ഇപ്പോള്‍ നിന്റെ കൈയിലിരിക്കട്ടെ, ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിക്കാം''
കിടപ്പുമുറിയിലെത്തി ഓരോ സാധനങ്ങളും തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ ഏ.എസ്ച്ചാ തന്ന കവര്‍ ദൃഷ്ടിയില്‍ പെട്ടു. സുബൈര്‍ ആകാംക്ഷയോടെ ആ  കവര്‍ പൊട്ടിച്ചു വായിച്ചു.
''സുബൈറേ....,
മോനേ നിന്നെ ഞാന്‍ ആദ്യം കാണുമ്പോള്‍ നീ വളരെ കൊച്ചായിരുന്നു. അന്ന് നിനക്ക് പഠിക്കാനുള്ള ആര്‍ത്തി കാണുമ്പോള്‍ എനിക്ക് നിന്നോട് ഇഷ്ടം തോന്നി. അന്ന് നിന്നെ ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ സുഹൃത്തായ നിന്റെ ഉപ്പയോട് പറഞ്ഞ് നിന്റെ പഠിത്തം തുടര്‍ന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിസിന് പഠിക്കുമ്പോള്‍ നിനക്ക് സ്വര്‍ണമെഡല്‍ കിട്ടിയ കാര്യം നിന്റെ ഉപ്പ എന്നോട് പറഞ്ഞിരുന്നു. എന്റെ നിന്നോടുള്ള ഇഷ്ടം വീണ്ടും വര്‍ധിച്ചു. നീ മെഡിസിന്‍ പഠനം ഉപേക്ഷിച്ചു എന്നറിഞ്ഞതില്‍ നിന്നോട് ഇഷ്ടക്കുറവ് തോന്നിയെങ്കിലും അതിന്റെ കാരണം അറിഞ്ഞപ്പോള്‍ നിന്നോടുള്ള ഇഷ്ടം ഒരുപാട് വര്‍ധിച്ചു. നിന്റെ സ്ഥാനത്ത് വേറെ വല്ലവനുമായിരുന്നെങ്കില്‍ മെഡിസിന്‍ പഠിത്തം തുടരുമായിരുന്നു. നീ നിന്റെ അയല്‍ക്കാരേയും സ്‌നേഹിതന്മാരേയും സഹായിക്കുന്നതൊക്കെ ഞാന്‍ നേരില്‍ കണ്ടതാണ്. നീ എന്റെ കൂടെ കുറച്ച് ദിവസം മാത്രം ഉണ്ടായിരുന്നെങ്കിലും നിന്റെ ആത്മാര്‍ഥതയും വിശ്വാസ്യതയും നിന്നില്‍ ഞാന്‍ വേണ്ടുവോളം കണ്ടു. അന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു എന്നിലെ സ്വപ്നം നിന്നില്‍കൂടി പൂവണിയുമെന്ന്. എന്തെങ്കിലും ചെയ്യാന്‍ എന്റെ കുടുംബം എന്നെ സമ്മതിച്ചിരുന്നില്ല.
സുബൈറേ, എല്ലാം നീ തന്നെ ചെയ്യണം. അത് ഞാന്‍ വിചാരിച്ചതിലും നന്നായി നീ ചെയ്യും എന്നെനിക്കറിയാം.  ഞാന്‍ ഉദ്ദേശിച്ച പ്രൊജക്ടിന്റെ മാസ്റ്റര്‍ പ്ലാന്‍, പ്രൊജക്ട് റിപ്പോര്‍ട്ട് എല്ലാം ആ ബ്രീഫ്‌കെയിസിലുണ്ട്. ബാക്കി വിവരങ്ങളൊക്കെ എന്റെ വക്കീല്‍ വന്ന് നേരിട്ട് വിശദമായി എല്ലാം പറഞ്ഞ് തരികയും അദ്ദേഹത്തിന്റെ സഹായം ഉണ്ടാവുകയും ചെയ്യും.
അല്ലാഹു ഇഹത്തിലും പരത്തിലും നല്ലത് മാത്രം വരുത്തട്ടെ....
ഏ.എസ്സ്.''
എന്തിനാണ് ഇത്ര വലിയ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏ.എസ്സ്ച്ച എന്നെ ഏല്‍പ്പിച്ചത്! സുബൈര്‍ നെടുവീര്‍പ്പിട്ടു.
പ്രൊജക്ട് വായിച്ചു നോക്കിയപ്പോള്‍ പേടി തോന്നി. കോടികള്‍ മുടക്കിയുള്ള പ്രൊജക്ട്; കൂടാതെ കുറേ സ്വത്തുക്കളും. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സഫലീകരിച്ച് കൊടുക്കുക. അതിന് സര്‍വ്വശക്തനോട് പ്രാര്‍ഥിക്കുക. എല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിക്കുക.
മൈമൂന പ്രഭാത ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. സുബൈറിനെ കണ്ടയുടനെ അവള്‍ ചോദിച്ചു.
''ഉപ്പയെവിടെ...?''
''പള്ളിയില്‍ ഉണ്ടായിരുന്നു. ഉമ്മ എഴുന്നേറ്റില്ലേ..?''
''എഴുന്നേറ്റു, ഞാന്‍ ചായ കൊടുത്തിട്ട് വന്നതേയുള്ളൂ.''
സുബൈര്‍ ഉമ്മാനെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. മൈമൂന പറഞ്ഞു.
''ഉമ്മ അധിക സമയവും മിണ്ടാറില്ല. ബീഡി വലിക്കും. വിദൂരതയിലേക്ക് നോക്കി വെറുതെയിരിക്കും. ഇന്നലെ നീ വന്നതുകൊണ്ടായിരിക്കാം കുറച്ചെങ്കിലും സംസാരിച്ചത്.''
സുബൈര്‍ ഉമ്മാ എന്ന് വിളിച്ചുകൊണ്ട് ഉമ്മയുടെ അടുത്ത് പോയിരുന്നു. ഉപ്പ വരുന്നത് കണ്ടപ്പോള്‍ അവന്‍ എഴുന്നേറ്റു.
''ഇരിക്കടാ... ഇവിടെ.''
ഉമ്മ പറയുന്നത് കേട്ട് സുബൈര്‍ ഉമ്മാനെ തൊട്ടുരുമ്മി ഇരുന്നു. ലത്തീഫ് വന്ന് അവരുടെയടുത്ത് ഇരുന്നു.
''ഇങ്ങനെയാണ് ഉമ്മ.... എപ്പോഴും ഇതുപോലെ ഒരേയിരുത്തം.''
''ഉപ്പ ആരെയെങ്കിലും കാണിച്ചോ?''
സുബൈര്‍ പറഞ്ഞുതീരും മുമ്പ് ലത്തീഫ് പറഞ്ഞു.
''പലരേയും കൊണ്ട് കാണിച്ചു. ഒരു ഫലവും കണ്ടില്ല.  ഇപ്പോള്‍ ഡോക്ടര്‍ കൃഷ്ണന്‍ നായരുടെ ചികിത്സയിലാണ്.''
''സൈക്യാര്‍ട്ടിസ്റ്റാണോ?''
''അതെ, പണ്ട് കാലത്തെ ലാവിഷായ ജീവിതം... എത്ര ഭക്ഷണമാണ് വെയിസ്റ്റില്‍ തട്ടിയത്! ഒരുപാട് സുഹൃത്തുക്കള്‍, വേലക്കാരികള്‍... ഇതൊക്കെ ഇല്ലാതെ വരുമ്പോള്‍ ഇങ്ങനെയൊക്കെയായി!''
അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ മൈമൂന ഓടി വന്നു.
''ബെന്‍സ്.''
''ഇപ്പോള്‍ ആര്‍ക്കാണ് ബെന്‍സ്?''
''ആ ബെന്‍സല്ല സുബൈറേ, ബെന്‍സ് കാര്‍.''
സുബൈര്‍ മുറ്റത്തേക്ക് കണ്ണോടിച്ചപ്പോള്‍ ബെന്‍സ് കാര്‍ പാര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ലത്തീഫും സുബൈറും മുറ്റത്തേക്കിറങ്ങി.
''കാസിം മുതലാളി!''
സുബൈര്‍ പതുക്കെ പറഞ്ഞു. ലത്തീഫ് കാറിന്റെ അരികില്‍ ചെന്നു.
''നീയെന്താടാ... ഒന്നും അറിയിക്കാതെ.''
കാസിം കാറില്‍ നിന്നിറങ്ങി, ലത്തീഫ് കൈ പിടിച്ചാനയിച്ച് വീട്ടിലേക്ക് കയറി. പിറകെ സുബൈറും.
''ഇരിക്കടോ, കുറേയായില്ലേ, നിന്റെ കഥകളൊക്കെ കേട്ടിട്ട്.''
കാസിം തന്റെ കഷണ്ടിത്തല ഒന്ന് തടവി ചിരിച്ചു.
''അതൊക്കെ പറയാമല്ലോ. ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് മറ്റൊരു കാര്യം സംസാരിക്കാനാണ്്.''
കുറച്ച് സമയം ആരും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി. കാസിം സംസാരം തുടര്‍ന്നു: ''ഞാന്‍ ഒരു കല്യാണാലോചനയുമായി വന്നതാണ്.''
മുഖവുരയൊന്നുമില്ലാതെ കാസിം പറഞ്ഞു:
''ലത്തീഫേ, നിന്റെ മകന്‍ സുബൈറിനെ ചോദിക്കാന്‍ വേണ്ടി വന്നതാ...''
കാസിമിന്റെ ചോദ്യത്തില്‍ ലത്തീഫ് അത്ഭുതപ്പെട്ടു.
''എന്താടോ ലത്തീഫേ... നിനക്കിഷ്ടമില്ലേ...?''
''എനിക്കൊരിഷ്ടക്കേടുമില്ല, അവര്‍ പരസ്പരം ഇഷ്ടപ്പെട്ടാല്‍ മതി.''
കാസിം ചിരിച്ചു.
''നമ്മള്‍ക്ക് ഈ കല്യാണത്തിന് ഇഷ്ടമില്ലെങ്കിലും അവര്‍ തമ്മില്‍ താലി കെട്ടും ലത്തീഫേ, അതിനേക്കാള്‍ നല്ലത് നമ്മള്‍ തന്നെ അത് നടത്തികൊടുക്കലല്ലേ?''
''എന്നാല്‍ അങ്ങനെയാവട്ടെ, എനിക്ക് സന്തോഷം തന്നെ.''
സ്‌കൂട്ടറില്‍ ഒരാള്‍ അവിടെ വന്നിറങ്ങി. ഇത് നോക്കിനിന്ന മൈമൂന ഉച്ചത്തില്‍ പറഞ്ഞു.
''സുബൈറേ, നിന്നെ കാണാന്‍ ഒരാള്‍ കൂടി വന്നിരിക്കുന്നു.''
സുബൈര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.
''ഞാനാണ് അഡ്വക്കറ്റ് എ.സി ശ്രീധരന്‍. ഏ.എസ്ച്ചാന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. ഏകദേശം പത്തിരുപത് വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നു.''
''സാറിനെ എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാണ്.''
സുബൈര്‍ ഇരുന്ന കസേര കുറച്ചുകൂടി അദ്ദേഹത്തിന്റെ അരികിലേക്ക് നീക്കി. മൈമൂന ആംഗ്യഭാഷയില്‍ ചായ വേണോ എന്ന് ചോദിച്ചപ്പോള്‍ സുബൈറും അങ്ങനെ തന്നെ 'വേണം' എന്ന് ഉത്തരം നല്‍കി.
വക്കീല്‍ സംഭാഷണം തുടര്‍ന്നു.
''ഏ.എസ്ച്ച കുവൈത്തിലേക്ക് പോകാന്‍ നേരത്ത് ഒരു വില്‍പത്രം തയ്യാറാക്കിയിരുന്നു. അതില്‍ അഞ്ച് ഏക്ര തെങ്ങിന്‍ തോട്ടം, അഞ്ച് ഏക്ര കവുങ്ങിന്‍ തോട്ടം, അവരുടെ വീടും പറമ്പും അദ്ദേഹത്തിന്റെ മകന്റെ പേരില്‍ അത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചതിനു ശേഷം. മരമില്ലും കുവൈത്തിലെ ആശുപത്രിയിലെ ഏ.എസ്ച്ചാന്റെ ഓഹരിയും നിന്റെ പേരിലും എഴുതിയിട്ടുണ്ട്. കൂടാതെ ടൗണിലെ നെല്‍പ്പാടത്തിനടുത്തുള്ള മൂന്ന് ഏക്കര്‍ സ്ഥലവും നിന്റെ പേരിലാണ്. അവിടെയാണ് ആശുപത്രി പണിയാന്‍ അദ്ദേഹം ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ മുഴുവന്‍ ബാങ്ക് ബാലന്‍സും നിനക്കുള്ളതാണ്. അത് നിനക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.''
അവന്‍ ആകെ അമ്പരന്നിരിക്കുന്നു. മൈമൂന കൊണ്ടുവന്ന ചായ ടീ പോയ് വലിച്ച് അതില്‍ വെച്ചു.  വക്കീല്‍ കസേരയില്‍ ചാരിയിരുന്ന് ചായ കുടിച്ചു.
''ഏ.എസ്ച്ച ഒരു കത്തും ബ്രീഫ്‌കെയിസും എന്നെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ, അത് ഇങ്ങനെയാണെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല...''
''സുബൈറേ, ഏ.എസ്ച്ച നിങ്ങളെക്കുറിച്ച് എപ്പോഴും എന്നോട് പറയാറുണ്ട്. അത്രയ്ക്കും സ്‌നേഹമാണ് നിങ്ങളോട്.'
'ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്തിരുന്നില്ല. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.''
''സുബൈറിന് ഏ.എസ്ച്ചാനെ നേരത്തെ അറിയാമോ?''
''എനിക്കറിയാം, ഏ.എസ്ച്ചായും, കാസിംച്ചായും എന്റെ ഉപ്പയും ഒന്നിച്ചാണ് പഠിച്ചത്. വക്കീലേ, അപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍?''
''അവനെ കാണുന്നത് തന്നെ ഏ.എസ്ച്ചാക്ക് വെറുപ്പാണ്. എല്ലാ ദുഃസ്വഭാവങ്ങളും അവനുണ്ട്. വല്ലവര്‍ക്കും എന്തെങ്കിലും സഹായിക്കുന്നത് തന്നെ അവനും അവന്റെ ഉമ്മക്കും തീരെ ഇഷ്ടമില്ലായിരുന്നു. മകന്‍ ധാരാളിയാണ്.''
വക്കീല്‍ തന്റെ സംസാരം ഇടക്ക് നിര്‍ത്തി, വീണ്ടും തുടര്‍ന്നു.
''അദ്ദേഹത്തെക്കുറിച്ച് മോശമായി പറയാന്‍ ഈ നാട്ടില്‍ ആരും ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ ഞങ്ങളുടെ വീട്ടില്‍ പോലും രണ്ട് ദിവസം ഭക്ഷണം പാകം ചെയ്തിട്ടില്ല. മിക്ക വീട്ടിലേയും സ്ഥിതി ഇതായിരിക്കും.''
വക്കീല്‍ കര്‍ച്ചീഫെടുത്ത് കണ്ണ് തുടച്ചു.
''എന്ത് ചെയ്യാം, ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു.''
''സുബൈര്‍ സൗകര്യപൂര്‍വം എന്റെ ഓഫീസില്‍ വരണം. നമുക്ക് ഇതൊക്കെ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഞാനിറങ്ങുന്നു.''
*** *** ***
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടര്‍ നോക്കി സുബൈര്‍ നെടുവീര്‍പ്പിട്ടു. തൊട്ടടുത്ത് തൂക്കിയിട്ടിരുന്ന ഫോട്ടോയില്‍ ഇമ വെട്ടാതെ അവന്‍ നോക്കിനിന്നു. ഏ.എസ്ച്ചാ, നിങ്ങള്‍ എന്നെ ഏല്‍പ്പിച്ച ഉത്തവാദിത്വങ്ങള്‍ നിറവേറ്റാന്‍ നീണ്ടുപോയി... പക്ഷേ, ഇനി നീണ്ടുപോകില്ല.
സുബൈര്‍ വീട്ടില്‍ നിന്നിറങ്ങി പാടത്തേക്ക് പോയി. കുവൈത്തില്‍നിന്ന് വന്നയുടനെ വെച്ച തൈകള്‍ കായ്ച്ചിരിക്കുന്നു.
സുബൈറിന് മൂന്നുവയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. സുഹൈല. കുടുംബ ജീവിതവും സാമൂഹികസേവനങ്ങളുമായി കഴിയുകയാണ് സുബൈര്‍. ഏ.എസ്ച്ച ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ കടലാസുകള്‍ ശരിയാക്കുന്ന തിരക്കില്‍ നീണ്ടുപോയി. അതൊക്കെ കഴിഞ്ഞ് കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങി നില്‍ക്കുന്നു. വയല്‍ വരമ്പില്‍ കൂടി നടന്ന് ഗോപിയുടെ വീട്ടില്‍ പോയി അവനേയും റഷീദിനേയും അബ്ബാസിനേയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയ സുബൈര്‍ അവരോടായി പറഞ്ഞു:
''ഇനി നമുക്ക് കഴിയുന്നതും വേഗം നമ്മുടെ ആശുപത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണം.''
അബ്ബാസ് നോട്ടുപുസ്തകം എടുത്ത് എഴുതാന്‍ തയ്യാറായി. സുബൈര്‍ അവന്റെ ആദ്യത്തെ അഭിപ്രായം അറിയിച്ചു. നമുക്ക് ആദ്യം ഒരു കമ്മിറ്റിയുണ്ടാക്കണം. ഈ കമ്മിറ്റിയായിരിക്കും ആശുപത്രിയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്.
''ശരി, നമ്മള്‍ക്കങ്ങനെ ചെയ്യാം.''
''നമ്മുടെ ഉദ്ഘാടന പരിപാടിയും ഉറപ്പിക്കണം. അധ്യക്ഷനായിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിളിക്കാം.''
അബ്ബാസ് നോട്ട് പുസ്തകം തുറന്ന് അതില്‍ രേഖപ്പെടുത്തി. സുബൈര്‍ പറഞ്ഞു.
''ഉദ്ഘാടനത്തിന് നമ്മുടെ എം.എല്‍.എയെ ക്ഷണിക്കാം.''
''പ്രത്യേക ക്ഷണിതാവായി നമുക്ക് നമ്മുടെ കലക്ടര്‍ ആല്‍ഫ്രഡ് തോമസിനെ വിളിക്കാം.''
''അത് നല്ലതുതന്നെ.''
ഗോപി പറഞ്ഞു: ''ബാക്കി നമുക്ക് പിന്നീട് തീരുമാനിക്കാം.''
അബ്ബാസ് നോട്ടുപുസ്തകം മടക്കിവെച്ചു.
''അബ്ബാസേ, നീ ഇത്ര പെട്ടെന്ന് പോകാനൊന്നും നോക്കണ്ട.''
''ഇനിയെന്താണ് സുബൈറേ ബാക്കി?''
സുബൈര്‍ വിശദീകരിച്ചു.
''മൂന്നു നാല് ദിവസംകൊണ്ട് നമ്മള്‍ ആശുപത്രി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.... ചെലവിന്റെ കാര്യം....?''
സംഭാഷണങ്ങളൊക്കെ ശ്രദ്ധയോടെ കേട്ടിരുന്ന ഡോക്ടര്‍ ഷാഹിന ഇടപെട്ടു:
''എനിക്കൊരു കാര്യം പറയാനുണ്ട്, ആശുപത്രി ചാരിറ്റബിള്‍ ആക്കാന്‍ പറ്റില്ല....''
''നീ എന്താണ് ഷാഹിന പറയുന്നത്, അപ്പോള്‍ ഏ.എസ്ച്ചാന്റെ സ്വപ്നം?''
''സുബൈര്‍ച്ചാ ഏ.എസ്ച്ച പറഞ്ഞിരുന്നോ ഇത് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമാക്കാന്‍?''
''ഇല്ല, അങ്ങനെ പറഞ്ഞിട്ടില്ല.''
''അതാണ് ഞാന്‍ പറഞ്ഞത്, അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ ചികിത്സയും സൗജന്യം.''
''നമ്മുടെ കമ്മിറ്റിയിലെ മുഴുവന്‍ മെമ്പര്‍മാരും പാസ്സാക്കുന്നവരെ അര്‍ഹരായി പരിഗണിക്കാം. ആരെങ്കിലും എതിര്‍ക്കുകയാണെങ്കില്‍ അവരെ തിരസ്‌കരിക്കും.''
എല്ലാവരും ആ അഭിപ്രായത്തെ അനുകൂലിച്ചു. പക്ഷേ, ഷാഹിന അവരുടെ അഭിപ്രായം കൂടി അവരെ അറിയിച്ചു.
''അത്യാസന്ന രോഗികള്‍ക്ക് കമ്മിറ്റി മെമ്പര്‍മാരെ കാണാനോ, കമ്മിറ്റി യോഗത്തിന് കാത്ത് നില്‍ക്കാനോ പറ്റില്ല.''
''ശരിയാണ് ഷാഹിന പറഞ്ഞത്, ഇങ്ങനെ അര്‍ഹതപ്പെട്ട രോഗിയെ അന്വേഷിച്ചാല്‍ നമ്മുടെ ലക്ഷ്യം നേടാന്‍ പറ്റില്ല... അതായത്, ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യം.''
സുബൈര്‍ തുടര്‍ന്നു.
''ഒരു കാര്യം ചെയ്യാം. ട്രോമാകെയര്‍, ഐ.സി.യു തുടങ്ങിയ ചികിത്സ മുഴുവന്‍ രോഗികള്‍ക്കും സൗജന്യമാക്കാം.''
സുബൈറിന്റെ ഈ അഭിപ്രായം അവരെല്ലാവരും അംഗീകരിച്ചു. അബ്ബാസ് അവന്റെ നോട്ട് ബുക്കില്‍ കുറിച്ചിട്ടു.
അവര്‍ ഉദ്ഘാടനത്തിന്റെ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തു. പരസ്യത്തിന് കാറില്‍ വിളിച്ചു പറയാന്‍ വേണ്ടി ഗോപിയെ ഏല്‍പിച്ചു.  യോഗത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്ക്‌സുബൈറിന്റെ വീട്ടില്‍ ഭക്ഷണമൊരുക്കാനും അവര്‍ തീരുമാനിച്ചു. എല്ലാ തീരുമാനങ്ങളും പ്രഭാകരനേയും ഡോക്ടര്‍ മൊയ്തീന്‍ കോയയേയും അവരറിയിച്ചു.
''അന്നേ ദിവസം ഇതവതരിപ്പിക്കാന്‍ നമുക്കൊരു ആളെ വേണം, അബ്ബാസിന് പറ്റുമോ?''
''അയ്യോ, എന്നെക്കൊണ്ടാവില്ല. നമ്മുടെ അംഗണവാടി ടീച്ചര്‍ നല്ല മണിമണിയായി ഇംഗ്ലീഷ് പറയും.''
''അന്നേ ദിവസം ഗോപി ഇവിടെ എത്തിച്ചാല്‍ മതി.''
''പ്രാര്‍ഥനക്ക് ഹൈസ്‌കൂളീന്ന് രണ്ട് കുട്ടികളെ വിളിക്കാം.''
''സ്വാഗത പ്രസംഗം...?''
അബ്ബാസ് എഴുതിക്കൊണ്ടുതന്നെ ചോദിച്ചു:
''അത് സുബൈറ് തന്നെ.''
''ബാക്കിയൊക്കെ നമ്മള്‍ നേരത്തെ പറഞ്ഞു.''
സുബൈര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഷാഹിന ചോദിച്ചു:
''നന്ദി പ്രകടനം ഗോപി ആയാലോ?''
''മേഡം ഞാന്‍ വേണ്ട, ഇപ്പോള്‍ തന്നെ മുട്ടു വിറക്കുന്നു. അത് നിങ്ങള്‍ തന്നെ പറഞ്ഞാല്‍ മതി.''
''ശരിയാണ്, ഷാഹിന തന്നെയാണ് അതിന് ഉചിതം.''
എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. അബ്ബാസ് എഴുതിച്ചേര്‍ത്തു. അവരെല്ലാവരും പരിപാടികളൊക്കെ തീരുമാനിച്ച് അവിടെ നിന്നിറങ്ങി.  സുബൈറും അവരുടെ കൂടെ വെളിയിലേക്കിറങ്ങി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top