എല്ലാ മേഖലകളിലും അസത്യവും അനീതിയും അസമത്വവും നിറഞ്ഞാടുകയാണ്. ആ തിക്തയാഥാര്‍ഥ്യത്തിന്റെ ഉള്ളറകളെ ആഴത്തില്‍ പരിശോധിക്കുകയാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ ഡോ. താജ് ആലുവയുടെ 'അസമത്വങ്ങളുടെ ആല്‍ഗരിതം' എന്ന പുസ്തകം. സമകാലിക സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെയും പരിമിതികളെയും അനാവരണം ചെയ്തുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ നിര്‍വഹിക്കാനും, മനുഷ്യവിഭവങ്ങളുടെ അസാന്നിധ്യത്തിലും സ്ഥാപനത്തിന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സാമ്പത്തിക ലാഭമുണ്ടാക്കിയെടുക്കാനുമെല്ലാം ഇത് വഴി സാധ്യമാവുമ്പോള്‍, മറുവശത്ത് തൊഴില്‍ നഷ്ടവും മറ്റും ഉടലെടുക്കുന്ന ദുരവസ്ഥ സംജാതമാവുന്നുമുണ്ട്. ഇത്തരമൊരു പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗവും ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു.
നമ്മുടെ രഹസ്യഡാറ്റകളെല്ലാം ലോകത്തെവിടെ നിന്നും ചോര്‍ത്താനുള്ള സംവിധാനത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് എഴുതുന്നുണ്ട്. ഡാറ്റകള്‍ ചോര്‍ത്തുന്ന സാങ്കേതിക മാര്‍ഗങ്ങളേതെല്ലാമെന്നും പറഞ്ഞു തരുന്നു. ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളും, അതുകൊണ്ട് അതിന്റെ ഗുണഭോക്താക്കളെന്ന് സ്വയം അനുമാനിക്കുന്ന നമുക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ഭാവിയും പുസ്തകം വിശകലനവിധേയമാക്കുന്നുണ്ട്.
ലോകത്ത് തന്നെ വലിയൊരളവില്‍ കോളിളക്കം സൃഷ്ടിച്ച ഇസ്രായേലിന്റെ പെഗസസ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജേണലിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്തിയതടക്കമുള്ള നെറികേടുകളെ ഇഴകീറി പരിശോധിക്കുന്നുമുണ്ട്.
ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരും ഭരണാധികാരികള്‍ക്ക് ഓശാന പാടുന്നവരുമായ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഏതെല്ലാമെന്നും, ഭരണകൂടത്തിന്റെ അരുതായ്മകളെ മറച്ചുവെക്കാന്‍ ഏതെല്ലാം കുതന്ത്രങ്ങളാണ് അവ മെനഞ്ഞുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കിത്തരുന്നുണ്ട് പുസ്തകം. ഏറെ പ്രതിലോമകരമായ ഹിഡന്‍ അജണ്ടകളുണ്ട് സോഷ്യല്‍ മീഡിയക്ക്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ അധീശത്വവര്‍ഗത്തിന്റെ റാന്‍മൂളികളാക്കുന്ന തരത്തിലേക്ക് നിഷ്‌ക്രിയരാക്കി മാറ്റുന്നതാണ് സമകാലിക ഇന്ത്യനവസ്ഥകള്‍. അനീതിയുടെയും വര്‍ണവിവേചനത്തിന്റെയും വിളനിലമായിട്ടുള്ള അമേരിക്കയുടെ നരനായാട്ടുകള്‍. പുസ്തകം ഈ വിഷയങ്ങളിലേക്കും കടക്കുന്നുണ്ട്. വംശവെറിയുടെ കൂത്തരങ്ങായി മാറിയ കളിനിലങ്ങളിലെ വിവേചന ഭീകരതയുടെ വ്യാപ്തിയും തെളിവുകള്‍ നിരത്തി പരിശോധിക്കുന്നു.
പ്രസാധകര്‍ അവകാശപ്പെടുന്നതുപോലെ, ഡിജിറ്റല്‍ യുഗത്തില്‍ നിലനില്‍ക്കുന്ന ഭീതികളിലേക്കും സംഭ്രമങ്ങളിലേക്കും ഗ്രന്ഥകാരന്‍ ധൈര്യപൂര്‍വം കടന്നുചെല്ലുന്നുണ്ട്. പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് കാഴ്ചയില്‍ ചെറുതും, ആശയങ്ങള്‍കൊണ്ടും ഉള്ളടക്കങ്ങള്‍കൊണ്ടും വിപുലവുമായ ഈ പുസ്തകം വായിക്കേണ്ടത് അനിവാര്യതയായി മാറുന്നു.