വടക്കുകിഴക്കന്‍ യാത്രകളിലെ കൗതുകങ്ങളും ആശ് ചര്യവും നിറയുന്ന കാഴ്ചവട്ടങ്ങളായി അനുഭവപ്പെട്ട, അവിടുത്തെ സമ്പന്നതയെയും സംസ്കാരത്തെയും വെളിപ്പെടുത്തുന്ന കമ്പോളങ്ങളെക്കുറിച്ച്...
സിസിപൂരിലെ ആദായ വിപണികള്‍
മണിപ്പൂരിലെ ഹില്‍ടൗണ്‍ എന്ന് പേരുകേട്ട ഗോത്രനഗരമാണ് സിസിപൂര്‍ എന്ന ചുരച്ചന്ദ്പൂര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിവിധ ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലവുമാണിത്. ഹൈവേയോട് ചേര്‍ന്ന്, സിസിപൂര്‍ നഗരത്തിലെ ഗോത്രമ്യൂസിയത്തിനും ബസ്റ്റാന്റിനും അടുത്താണ് സിസിപൂര്‍ മാര്‍ക്കറ്റ്.
റോഡുകള്‍ക്കിരുവശവും വ്യാപാര കേന്ദ്രങ്ങളാണ്. പഴമയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന ചെറുകിട-വന്‍കിട കച്ചവട കേന്ദ്രങ്ങള്‍. കടകളിലും പാതയോരത്തും കുന്നു കൂട്ടിയിട്ടിരിക്കുകയാണ് സാധനങ്ങള്‍. തുണിത്തരങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുണ്ട്. വസ്ത്രങ്ങള്‍ തന്നെയാണധികവും. പല നിറത്തില്‍, തുന്നിയതും തുന്നാത്തതുമായ ചേലുള്ള തുണിത്തരങ്ങള്‍. എല്ലാത്തരം ഉടയാടകളും ഉണ്ട്. അതും പുതിയതല്ല, പഴയവയാണ് കൂടുതലും. അവ വില്പനക്കായി കൂട്ടിയിട്ടിരിക്കുന്നു. ആ നിറക്കൂനകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു.
പരമ്പരാഗത വസ്ത്രങ്ങളും ആധുനിക ഫാഷന്‍ ഉടയാടകളും ഇക്കൂട്ടത്തിലുണ്ട്.
ചുരിദാറും ടീ ഷര്‍ട്ടും പാന്റ്സും ടോപ്പുകളും കുട്ടിയുടുപ്പുകളും ധാരാളം. കൂടെ പഴയ അടിവസ്ത്രങ്ങളുടെ കൂമ്പാരങ്ങളും. കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഡിജിറ്റല്‍ ലോകത്തിന്റെ മുന്‍നിരയില്‍ എന്ന് അഭിമാനിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് തന്നെയാണല്ലോ ഇത് എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ തോന്നിയ അപമാനവും ദുഃഖവും പറഞ്ഞറിയിക്കാന്‍ വയ്യ. ജീവിത പ്രതിസന്ധിയില്‍ പഴന്തുണികള്‍ക്കും വിപണികളും ആവശ്യക്കാരും ഉണ്ടെന്ന സത്യം നേരിട്ട് ബോധ്യപ്പെട്ടു. ആരോഗ്യത്തെക്കുറിച്ചും സമത്വ ചിന്തകളെക്കുറിച്ചുമുള്ള വാക്ധോരണികള്‍ക്ക് ഇവിടെ എന്ത് പ്രസക്തി? അന്നവും വസ്ത്രവും ആവശ്യത്തിന് കിട്ടാത്ത ഒരുപാട് ജനങ്ങള്‍ നമുക്കിടയില്‍ ഉണ്ടെന്ന വസ്തുതയാണ് ഈ കാഴ്ചവട്ടങ്ങള്‍ വെളിപ്പെടുത്തുന്നത്. മാത്രമല്ല, അതൊരു തൊഴിലായി സ്വീകരിച്ചവരും ധാരാളം ഉണ്ടെന്ന് കണ്ടറിഞ്ഞു.
പലയിടങ്ങളില്‍ നിന്നും പഴകിയ വസ്ത്രങ്ങള്‍ ശേഖരിച്ച് ക്ലീന്‍ ചെയ്ത് വീണ്ടും വില്‍പ്പനയ്ക്ക് എത്തിക്കുന്നു. അത് വാങ്ങുന്നവരുടെ തിരക്ക്. പഴയ ഇന്നര്‍ ഗാര്‍മെന്റ്സ് തെരഞ്ഞെടുത്തു പോകുന്നവര്‍ ധാരാളം. എന്തൊരു ദയനീയമായ കാഴ്ച! മനുഷ്യന്റെ നിസ്സഹായാവസ്ഥയും നിര്‍ധനാവസ്ഥയും തന്നെയാണ് ഇതിന് പിന്നില്‍. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന സാഹചര്യങ്ങളില്‍ ഒന്ന്. അവരോടുള്ള അനുഭാവമായി ഇവിടുന്ന് എന്തെങ്കിലും വാങ്ങുക എന്ന് തന്നെ ഉറച്ചു. കൂട്ടിയിട്ട തുണികള്‍ക്കിടയിലൂടെ നടന്ന് പഴയ ഷാളുകള്‍ വില്‍ക്കുന്ന ഒരിടത്തെത്തി
വില ചോദിച്ചു. ഏതെടുത്താലും അന്‍പതു രൂപ. ചിലയിടങ്ങളില്‍ 30 രൂപ. നേരിയ ഇഴകളുള്ള കോട്ടന്‍ ഷാളുകള്‍. വിദേശികളാണ്. അതിന്റെ ടാഗുകളില്‍ ഒന്ന് കൊറിയയുടെയും മറ്റൊന്ന് വായിക്കാന്‍ പ്രയാസമുള്ള ഒരു ഇംഗ്ലീഷ് പേരും. അതേ ഷാളുകള്‍ നമ്മുടെ മാളുകളില്‍ കിട്ടും. മിനിമം പത്തിരട്ടി വിലയില്‍. ഇത് രണ്ടാംതരം ആയതുകൊണ്ടും ഈ തൊഴില്‍ ഉപജീവനം ആയതുകൊണ്ടുമാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.
മുന്നോട്ട് നടക്കുമ്പോള്‍ തുണിക്കൂമ്പാരങ്ങള്‍ പിന്നെയുമുണ്ട്. ജാക്കറ്റുകളും സ്വെറ്ററുകളും കൈയുറകളും സോക്സും കളസങ്ങളും അടങ്ങുന്ന തണുപ്പുകാല വസ്ത്രങ്ങള്‍. സ്ത്രീകളും ചെറിയ പെണ്‍കുട്ടികളുമാണ് ഇവിടുത്തെ വില്പനക്കാര്. പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിക്കച്ചവടക്കാരിയുടെ മുന്നിലെത്തി. അവള് ശ്രദ്ധിക്കുന്നില്ല. ഒരു ജാക്കറ്റ് എടുത്ത് വില ചോദിച്ചു. കുട്ടി മിണ്ടുന്നില്ല. മൊബൈലില്‍ തന്നെ സൂക്ഷിച്ചു നോക്കിയിരിപ്പാണ്. വീണ്ടും ചോദിച്ചു. അവള് കേള്‍ക്കുന്നേയില്ല. ഹരം പിടിച്ച ഏതോ കാഴ്ചയില്‍ മുഴുകി പുഞ്ചിരിച്ചുകൊണ്ട് ഒരേ ഇരിപ്പുതന്നെ തുടര്‍ന്നു, ആ പച്ചക്കുപ്പായക്കാരി. ആ ഓമനയുടെ ഇരിപ്പും ഭാവവും കണ്ടപ്പോള്‍ ചിരിച്ചു പോയി. കുട്ടിപ്രായത്തിന്റെ കൗതുകങ്ങളില്‍ അവള് രസം പിടിച്ചിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ഈ ചെറുപ്രായത്തില്‍ കച്ചവടത്തെക്കുറിച്ച് അവര്‍ക്ക് എന്ത് വ്യാകുലത?
മുന്നോട്ട് ചെന്നപ്പോള്‍ മറ്റൊരു കട കണ്ടു. മിന്നിത്തിളങ്ങുന്ന കുപ്പായങ്ങളും ഫാഷന്‍ ഉടുപ്പുകളും തോരണങ്ങള്‍ പോലെ തൂങ്ങിക്കിടക്കുന്നു. പുത്തനും പഴയതും ഉണ്ട്. പഴയതിന് 50, 100 എന്നിങ്ങനെയാണ് നിരക്ക്. പുതിയവക്ക് വില കൂടും. 200, 500 മുതല്‍. ഭംഗിയുള്ള കിടക്കവിരികള്‍, രോമപ്പുതപ്പുകള്‍, തൊപ്പികള്‍, കൈയുറകള്‍ തുടങ്ങിയവയും കാണാം. അവിടെയും വലിയ തിരക്കൊന്നുമില്ല. ഒന്ന് രണ്ട് ഷര്‍ട്ടുകളും സോക്സും വാങ്ങി ഞങ്ങള്‍ അവിടെ നിന്നുമിറങ്ങി.
ബസ്റ്റാന്‍ഡിനു നേരെ എതിരെയുള്ള വിപണന കേന്ദ്രത്തിനു മുന്നില്‍ ന്യൂട്ട് ബസാര്‍ എന്ന് എഴുതിയ വലിയ ബോര്‍ഡ് കാണാം. സാമാന്യം തിരക്കുള്ള വലിയ ഒരു ചന്തയാണിത്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും മാംസവും മത്സ്യവും ധാരാളമുള്ള മാര്‍ക്കറ്റ് സമുച്ചയം. സിമന്റ് തറയില്‍നിന്ന് കെട്ടിപ്പൊക്കിയ ഉയര്‍ന്ന തട്ടുകളിലാണ് ഉല്‍പ്പന്നങ്ങള്‍ നിരത്തിയിരിക്കുന്നത്. ഇവയെ വേര്‍തിരിക്കുന്ന നടപ്പാതയുമുണ്ട്. അതിനിടയിലൂടെ നടന്നു.
ഉണങ്ങിയ ഭക്ഷ്യോല്പന്നങ്ങളുടെ സ്റ്റാളുകളാണ് ആദ്യം കണ്ണില്പെട്ടത്. ഉണക്കമീനിന്റെയും ഇറച്ചിയുടെയും വൈവിധ്യം ഇത്രയേറെ മുമ്പ് കണ്ടിട്ടില്ല. അത്രയ്ക്കുണ്ട് അവയുടെ ശേഖരം. പൊടിമീനുകള്‍ മുതല്‍ വലിയ മീനുകള്‍ വരെ പുകച്ചും അല്ലാതെയും ഉണക്കി നിരത്തി വച്ചിട്ടുണ്ട്. മനോഹരമായ കാഴ്ച. ബ്രൗണ്‍ നിറത്തിലുള്ള അവ ചെറിയ അളവില്‍ കൂട്ടിയിട്ടും പാത്രങ്ങളില്‍ നിരത്തിയുമാണ് വച്ചിരിക്കുന്നത്. വാലും മുള്ളും ചെതുമ്പലും കളയാതെ, അതേപടി ഉണക്കിയെടുത്ത മത്സ്യങ്ങള്‍. ഉണങ്ങിയെങ്കിലും അവയുടെ വട്ടക്കണ്ണുകള്‍ തെളിഞ്ഞു തന്നെയുണ്ട്.
വേറൊരിടത്തു വലിയ ഉണക്കമീന്‍ കഷണങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. ഒരു പീസ് തന്നെ ഒന്നര രണ്ട് കിലോ തൂക്കം വരും. ഏതോ വലിയ മത്സ്യത്തിന്റെ കഷണങ്ങള്‍ ആണത്. പേര് ചോദിച്ചപ്പോള്‍ മണിപ്പൂരിയില്‍ അവര്‍ എന്തോ പറഞ്ഞു. ഒന്നും തിരിഞ്ഞില്ല. ഇതൊക്കെ ആവശ്യം പോലെ വാങ്ങാം. പൊടിമീനുകളും വലിയ മീനുകളും ചെറിയ അളവില്‍ വാങ്ങിപ്പോകുന്നവരാണ് ഇവിടെ കൂടുതലും. ഇരുപത്, അന്‍പത്, നൂറ് രൂപക്കൊക്കെ കിട്ടുകയും ചെയ്യും.
തൊട്ടപ്പുറത്ത് കോഴി, കാട, താറാവ് തുടങ്ങിയവയുടെ ഉണക്കിറച്ചിയുടെ സ്റ്റാളുകളാണ്. അവയുടെ നിര്‍ത്തിയുണക്കിയ കറുത്ത രൂപങ്ങള്‍ കണ്ടപ്പോള്‍ നിരനിരയായി നില്ക്കുന്ന ശില്പങ്ങള് പോലെ തോന്നി. ഏറെ ആകര്‍ഷകം. കാലും നഖവും കൊക്കും തലയുമൊക്കെ നീക്കം ചെയ്യാതെ തൂവല്‍ മാത്രം നീക്കി ഉണക്കി സ്റ്റഫ് ചെയ്തതാണവ. കുറേ സ്റ്റാളുകള്‍ അവക്ക് മാത്രമായുണ്ട്. അതിനിടയിലൂടെ നടക്കുമ്പോള്‍ ഒരു ആര്‍ട്ട് ഗാലറിയിലൂടെ നടക്കുന്നപോലെ തോന്നി. അവയുടെ വില ചോദിച്ചു. വാങ്ങുന്നില്ലെന്നറിഞ്ഞപ്പോള് പടമെടുക്കാനും അവര്‍ സമ്മതിച്ചില്ല.
സമാന്തരമായി ധാരാളം പച്ചക്കറിക്കടകള്‍ കണ്ടു. കിഴങ്ങുകളും ചീരയും പയറും വെള്ളരിക്കയും തക്കാളിയും ക്യാരറ്റും സവാളയും കൂണുമെല്ലാം നിരത്തിയിട്ടുണ്ട്.
അടുത്തത് ഫ്രഷ് മീറ്റ് മാര്‍ക്കറ്റ് ആണ്. വിപുലമായ സംവിധാനങ്ങളാണ് ഇവിടെയും. സ്ത്രീകളും പുരുഷന്മാരും കശാപ്പുകാരും വില്പനക്കാരായുണ്ട്. അവര്‍ ഇറച്ചി വെട്ടി നുറുക്കി കഷണങ്ങളാക്കുന്നു. ആവശ്യക്കാര്‍ക്ക് കൊടുത്ത് കാശ് വാങ്ങുന്നു. അവരുടെ മുന്നില്‍ മേശയും വെട്ടുകത്തികളും അരിവാളും, മേശയില്‍ നിരത്തിയ വലിയ മാംസപ്പാളികളും ചെറിയ കഷണങ്ങളും കാണാം. പന്നി മാംസമാണ് കൂടുതലും. ഓരോരോ ഭാഗങ്ങള്‍ വേര്‍തിരിച്ചാണ് വച്ചിട്ടുള്ളത്. വരുന്നവര്‍ക്ക് ഇഷ്ടാനുസരണം വാങ്ങാം.
മാംസ വില്പനക്ക് മാത്രം രണ്ട് മൂന്ന് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. കോഴി, മുയല്, താറാവ്, ആട്, കാട തുടങ്ങിയവയുടെ മാംസങ്ങള്‍ ഇവിടെ ലഭിക്കും. പച്ചമത്സ്യങ്ങളുടെ വിപണിയും ഇവിടെയുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റാണിത്. മീനിന്റെയോ ഇറച്ചിയുടെയോ ദുര്‍ഗന്ധമോ അവശിഷ്ടങ്ങളോ ഒന്നും മാര്‍ക്കറ്റിലോ പരിസരത്തോ ഇല്ല. സാധാരണക്കാരുടെയും ഗോത്ര ജനതയുടെയും ആശ്രയകേന്ദ്രമായ ഈ മാര്‍ക്കറ്റിലെ കാഴ്ചകളും അനുഭവങ്ങളില്‍ നിറഞ്ഞുനിന്നു.
അഗര്‍ത്തലയിലെ നാട്ടുചന്തകള്‍
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ മാര്‍ക്കറ്റിനെ നഗരഹൃദയത്തിലെ നാട്ടുചന്ത എന്ന് വിശേഷിപ്പിക്കാം. ബസ്റ്റാന്റിനടുത്ത് തന്നെയാണിത്. മാര്‍ക്കറ്റിന്റെ പുറമെയുള്ള വഴിനീളെ ചെറുകിട വ്യാപാരികളാണ്. പൂക്കളും പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ധാന്യങ്ങളും വനവിഭവങ്ങളും നിരത്തിവച്ച ചില്ലറ വില്പനക്കാര്. വയോധികരും ചെറുപ്പക്കാരും ഗ്രാമവാസികളും ഗോത്രവിഭാഗങ്ങളും എല്ലാമുണ്ട്. കോഴിയും താറാവും മുയലും കാടയും വഴിയില്‍ കാണാം. കിഴങ്ങുവര്‍ഗവിളകളുടെ നീണ്ട നിര തന്നെയുണ്ട്. വിവിധയിനം കാച്ചിലുകളും കൂവയും ശതാവരിയും നറുനീണ്ടിയും ചേമ്പും മധുരക്കിഴങ്ങും നിരത്തിലുണ്ട്. അതിനിടയിലൂടെ നടന്ന് മാര്‍ക്കറ്റിലെത്തി. നീളെയും കുറുകെയും സ്റ്റാളുകള്‍. പലനിറമുള്ള പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറപ്പകിട്ടുള്ള ഒരു വമ്പന്‍ മാര്‍ക്കറ്റാണിത്. ആണ്-പെണ് വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ വ്യവഹാരങ്ങള്‍ നടത്തുന്ന അഗര്‍ത്തലയുടെ മക്കള്‍. മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നും വ്യത്യസ്തമായ കാഴ്ച. കാട്ടിലും നാട്ടിലുമുള്ള എല്ലാത്തരം ഭക്ഷ്യോത്പന്നങ്ങളുടെയും സമാഹരണ വിപണന കേന്ദ്രമാണിത്.
ജൈവിക-നാടന്‍ രീതിയില്‍ കൃഷി ചെയ്ത ഉത്പന്നങ്ങളാണ് ഇവിടെ കൂടുതലും. നിറവൈവിധ്യവും ഉത്പന്ന വൈവിധ്യവും കൊണ്ട് സമൃദ്ധമായ വിപണി. അതിനിടയിലൂടെ നടന്നു. പച്ചയും നീലയും വയലറ്റും ചുവപ്പും ഓറഞ്ചും നിറമുള്ള പഴം പച്ചക്കറിക്കൂമ്പാരങ്ങള്‍. ഓറഞ്ചും മാതളപ്പഴവും ആപ്പിളും ബംബ്ലൂസും വാഴപ്പഴങ്ങളും യഥേഷ്ടമുണ്ട്. തക്കാളി, മുളക് എന്നിവയുടെ പലയിനങ്ങള്‍. ചെറിയ നാടന്‍തക്കാളി, ഉരുണ്ട് തുടുത്ത വലിയ തക്കാളി, പച്ചത്തക്കാളി എന്നിവക്കൊപ്പം പച്ചമുളക്, നീലമുളക്, മൂത്തു പഴുത്ത കിങ്ങ് ചില്ലി, പച്ചക്കാന്താരി, വെള്ളക്കാന്താരി എന്നിവയുമുണ്ട്.
മല്ലിയില, മുളങ്കൂമ്പ്, കാരറ്റ്, ചുരക്ക, മത്തങ്ങ, കുറിയന് വെള്ളരി, വെണ്ട, നീല നിറമുള്ള നീളന്‍ വഴുതിന, കത്തിരിക്ക, റോസ് മുള്ളങ്കി, വെള്ള മുള്ളങ്കി, കാരറ്റ് ചെറുതും വലുതും, സോയാബീന്‍, കരിമ്പച്ച നിറമുള്ള കുള്ളന്‍ പാവയ്ക്ക, അമരക്ക, അച്ചിങ്ങ പയര്‍, ചെമ്മീന്‍ പുളി, ഇഞ്ചി, പച്ചമഞ്ഞള്‍, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ നീളുന്നു പച്ചക്കറിയിനങ്ങള്‍. ചീര, മല്ലിയില, ചേമ്പിന് താള്, മത്തനില എന്നിവ കൂടുതലായുണ്ട്. ഇലക്കറികള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ആഹരിക്കുന്നവരാണ് ഇവിടത്തുകാര്‍ എന്ന് വീണ്ടും മനസ്സിലായി.
പച്ചക്കറികള്‍ക്കൊപ്പം പലവ്യഞ്ജനങ്ങളും മീനും ഇറച്ചിയുമെല്ലാമുണ്ട്. കൂടാതെ പല നിറത്തിലും വലുപ്പത്തിലുമുള്ള അരിമണികള്‍. പച്ചരിയും കുത്തരിയുമുണ്ട്. ഔഷധയിനത്തില്‍ പെട്ട അരിയുമുണ്ട്. ഇതെല്ലാം ത്രിപുരയുടെ മണ്ണില്‍ വിളഞ്ഞതാണ്. വിലയും തൂക്കവും എഴുതി ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലാണ് അരി വച്ചിരിക്കുന്നത്.
ഒരു പരന്ന പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തില്‍ നിറയെ പിരിയന്‍ ഒച്ചുകള്‍. അവയുടെ ചലനം കണ്ട് നോക്കിനിന്നു. കറുത്ത ഒച്ചുകള്‍. നമുക്ക് അറപ്പുളവാക്കുമെങ്കിലും ഇവിടത്തുകാരുടെ ഇഷ്ട വിഭവമാണിത്. മിക്കവാറും എല്ലാ വിപണികളിലും ഈ കാഴ്ച സുലഭമാണ്.
മാര്‍ക്കറ്റിന്റെ മറ്റൊരിടത്തേക്ക് ശ്രദ്ധ തിരിഞ്ഞു. പ്രായമുള്ളൊരാള്‍ ഇടിച്ചക്ക അരിവാള്‍ കൊണ്ട് നുറുക്കിയെടുക്കുന്നു. കൗതുകം തോന്നി. അടുത്ത് ചെന്ന് വില ചോദിച്ചു. ഒരു പിടിക്ക് മുപ്പതു രൂപ എന്ന് പറഞ്ഞ് കുനിഞ്ഞിരുന്ന് മുഖത്ത് നോക്കാതെ അദ്ദേഹം ശ്രദ്ധയോടെ തന്റെ ജോലിയില്‍ മുഴുകി. അപ്പോള്‍ നമ്മുടെ നാട്ടില്‍ ചക്ക വിരിഞ്ഞുതുടങ്ങിയിട്ടില്ല.
കിഴങ്ങുവര്‍ഗ വിളകളുടെ വില്പന മാര്‍ക്കറ്റിനുള്ളിലും കാര്യമായി നടക്കുന്നുണ്ട്. ചേന, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, മുള്ളങ്കിഴങ്ങ്, എന്നിങ്ങനെ കിഴങ്ങുകള്‍ ധാരാളം. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അപൂര്‍വമായി കാണുന്ന ഇവ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
മാര്‍ക്കറ്റിന്റെ സൈഡില്‍ പൂക്കച്ചവടവുമുണ്ട്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി, ജമന്തി, ചെമ്പരത്തി, കൂവളത്തില തുടങ്ങിയവ. പൂജക്കും അലങ്കാരാവശ്യത്തിനും ധാരാളം പേര് പൂക്കള്‍ വാങ്ങി പോകുന്നുണ്ട്. ധാരാളം പഴക്കടകളും ഇവിടെയുണ്ട്. ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് മാര്‍ക്കറ്റ് ചുറ്റിക്കറങ്ങി നാടും നഗരവും ഒരുമിക്കുന്ന ഒരു വിപണിയുടെ എല്ലാ കാഴ്ചകളും കണ്ടു. ഒരു പഴക്കടയില്‍ നിന്നും നൂറ് രൂപാ വീതം കൊടുത്ത് ഓറഞ്ചും ആപ്പിളും വാങ്ങി പുറത്തിറങ്ങി.
അക്ഷരാര്‍ഥത്തില്‍ ജീവനുള്ള വിപണികളാണിതെല്ലാം. വലുപ്പച്ചെറുപ്പങ്ങളില്ലാത്ത സമഭാവനയുടെ കൈകള്‍ കോര്‍ക്കുന്ന കമ്പോളങ്ങള്‍. അനേകം കുടുംബങ്ങളുടെ ജീവിതമാര്‍ഗമായ, വൃത്തിയും വെടിപ്പുമുള്ള മാര്‍ക്കറ്റുകള്‍. ഒരുമയും നേരും അധ്വാന ശീലങ്ങളും ജീവിതത്തില്‍ മുറുകെപ്പിടിക്കുന്ന വടക്കുകിഴക്കിന്റെ മക്കളോട് ആദരവ് തോന്നുന്ന സമൃദ്ധിയുടെ കാഴ്ചകളും അനുഭവങ്ങളും തന്നെയായിരുന്നു ഈ കമ്പോളങ്ങള്‍ സമ്മാനിച്ചത്.
(അവസാനിച്ചു)