യു.എ.ഇ സിനിമ സംവിധായിക നഹ് ല അല്‍ ഫഹദ് ജീവിതവും സിനിമ അനുഭവങ്ങളും പങ്കുവെക്കുന്നു
'ചലച്ചിത്ര രംഗത്ത് ഗള്‍ഫ് മേഖല, പ്രത്യേകിച്ച് യു.എ.ഇ ഭാവിയില്‍ കൂടുതല്‍ തിളങ്ങും. പുതു തലമുറയില്‍ വലിയ പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. വിവിധ രാജ്യങ്ങളില്‍ അവരവരുടെ സംസ്കാരവും ജീവിതവും പ്രകാശിപ്പിക്കുന്ന സിനിമകള്‍ പുറത്തിറങ്ങും. ലോകം അറബ് നാട്ടിലെ സിനിമകളെ ശ്രദ്ധിക്കാന്‍ തുടങ്ങും.' യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും സിനിമാ രംഗത്ത് ഏറ്റവും ശ്രദ്ധേയ സാന്നിധ്യമായ നഹ്്ല അല്‍ ഫഹദ് സംസാരം അവസാനിപ്പിച്ചത് പ്രതീക്ഷകള്‍ നിറച്ച വാക്കുകളോടെയാണ്. രണ്ട് പതിറ്റാണ്ടായി അറബ് മേഖലയിലെ ഫിലിം സംവിധാന, നിര്‍മാണ രംഗത്ത് സജീവമായി ഇടപെടുന്നതിന്റെ വെളിച്ചത്തിലായിരുന്നു ആ വാക്കുകള്‍. അമേരിക്കയില്‍ നിന്നടക്കം സിനിമാ നിര്‍മാണത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ അവസാനമായി 'മോമോ ഇന്‍ ദുബൈ' എന്ന മലയാള സിനിമയുടെ സഹനിര്‍മാതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ചു. ലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള സിനിമകളുമായി അടുത്ത് പരിചയപ്പെട്ട നഹ്്ല യു.എ.ഇയിലെ പുതു തലമുറ സിനിമ തല്പരരുടെ വഴികാട്ടി കൂടിയാണ്. 2016-ല്‍ മാസിന് അല്‍ ഖൈറാത്ത്, ഒവിഡിയോ സലാസര്‍ എന്നിവര്‍ക്കൊപ്പം സംവിധാനം ചെയ്ത ഹിജാബ് വിഷയമായ ഡോക്യുമെന്ററി 'ദ ടെയ്ന്റഡ് വെയ്ല്' ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 'എക്സ്പോ 2020 ദുബൈ' എന്ന വിശ്വമേളയുടെ അണിയറയില്‍ സ്വന്തം നാടിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ ഒരുക്കുന്നതിനും നേതൃത്വം നല്‍കിയിട്ടുണ്ട്. യു.എ.ഇയുടെയും ഗള്‍ഫിന്റെയും സിനിമാ പ്രതീക്ഷകള്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ 'ആരാമ'വുമായി പങ്കുവെക്കുകയാണ് നഹ് ല.
സിനിമ എപ്പോഴാണ് മനസ്സില്‍ ആഗ്രഹമായി മൊട്ടിട്ടു തുടങ്ങിയത്? കുട്ടിക്കാലത്ത് സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നോ?
തീര്‍ച്ചയായും, ഹിന്ദി സിനിമകള്‍ നിറഞ്ഞാടിയ യു.എ.ഇയിലെ വീട്ടകത്തുനിന്നാണ് കുട്ടിക്കാലത്ത് ഞാന്‍ സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. യു.എ.ഇയില്‍ മാത്രമല്ല, മറ്റു അറബ് രാജ്യങ്ങളിലും ഹിന്ദി സിനിമകള്‍ അക്കാലത്ത് ടെലിവിഷനില്‍ വന്നിരുന്നു. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, മാധുരി... തുടങ്ങിയവരൊക്കെ മനസ്സില്‍ പതിയുന്നത് അക്കാലത്താണ്. സാറ്റലൈറ്റ് വരുന്നതിന് മുമ്പുള്ള കാലമാണ്. അന്ന് പ്രാദേശിക ടി.വി ചാനലായ 'ചാനല്‍ 33'യില്‍ എല്ലാ വ്യാഴാഴ്ചകളിലും പുതിയ ഹിന്ദി സിനിമകള്‍ പ്രക്ഷേപണം ചെയ്യുമായിരുന്നു. കുടുംബം മുഴുവന്‍ ഒരുമിച്ചിരുന്ന് ഇത്തരം സിനിമകള്‍ കാണും. സിനിമാ കാസറ്റുകളും അക്കാലത്ത് വാടകക്കും അല്ലാതെയും ലഭിച്ചിരുന്നു. ഇതിലൂടെയും ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചു. അങ്ങനെ ഇന്ത്യന്‍ സംസ്കാരത്തെ പരിചയപ്പെടാന്‍ സാധിക്കുകയും ചെയ്തു. അനില്‍ കപൂറും ശ്രീദേവിയും അഭിനയിച്ച 'ലംഹെ' എന്ന ചിത്രം ഇന്നും ഓര്‍ത്തുവെക്കുന്നുണ്ട്. ഇതുപോലെ ധാരാളം സിനിമകള്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് തിയേറ്ററുകള്‍ വന്നതോടെ സിനിമാ കാഴ്ചകള്‍ പലതും അതിലേക്ക് മാറി. എന്നാല്‍, മലയാളം സിനിമകള്‍ കാണുന്നത് സിനിമയില്‍ സഹകരിക്കാന്‍ തീരുമാനിച്ച ശേഷം മാത്രമാണ്. കൂടുതല്‍ മലയാളം സിനിമകള്‍ കാണണമെന്ന ആഗ്രഹമുണ്ട്. ദുബൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ലോകത്തെ വിവിധ സംസ്കാരങ്ങള്‍ കണ്മുന്നില് കാണാന്‍ സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ വേറെയും സംസ്കാരങ്ങള്‍ അടുത്തറിയാനായി. സിനിമകള്‍ ജീവിതത്തെ ഏറെ സ്പര്‍ശിച്ചത് കുട്ടിക്കാലത്താണ്.
എപ്പോഴാണ് സിനിമ പഠിക്കാന്‍ അവസരമുണ്ടായത്?
മീഡിയ, കമ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിംഗിലായിരുന്നു എന്റെ ബിരുദപഠനം. പഠനശേഷം 2002-ല്‍ ഫിലിം രംഗത്തേക്ക് ചെറിയ രീതിയില്‍ കാലെടുത്തുവെച്ചു. ആദ്യം ചില ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും അറബ് കലാകാരന്മാരെ വെച്ച് ചെയ്താണ് തുടക്കം. ചെറിയ പദ്ധതികളായിരുന്നെങ്കിലും പഠിക്കാനേറെയുണ്ടായിരുന്നു. അഞ്ചോ ആറോ വര്‍ഷങ്ങള്‍ ഇത്തരം പ്രൊജക്റ്റുകള്‍ക്ക് പിന്നാലെയായിരുന്നു. പ്രമുഖ അറബ് കലാകാരന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ നേട്ടമായി. തുടര്‍ന്ന് അബൂദബിയിലെ യു.എസ് എംബസി സ്പോണ്സര് ചെയ്ത സ്കോളര്‍ഷിപ്പോടെ യു.എസില്‍ നടന്ന ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട രണ്ട് പഠന സെഷനുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 2011-ലായിരുന്നു ആദ്യത്തേത്. നാല് അമേരിക്കന്‍ സ്റ്റേറ്റുകളില്‍ സന്ദര്‍ശനം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കാളിത്തം, വിദഗ്ധരുമായി കൂടിക്കാഴ്ചകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു യാത്ര. സിനിമയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളെ കുറിച്ചും പഠിപ്പിക്കുന്ന ക്ലാസ്സുകള്‍ ലഭിച്ചു. 2018-ലാണ് രണ്ടാമത്തെ പഠന സെഷന്. ഇതില്‍ പ്രധാനമായും ഡോക്യുമെന്ററി ഫിലിം മേക്കിംഗ് പരിശീലനമായിരുന്നു. സതേണ്‍ കാലിഫോണിയ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരുമായി കൂടിക്കാഴ്ചകള്‍ക്കും പഠനത്തിനും ഈ യാത്രയില്‍ സാഹചര്യമൊരുങ്ങി. സിനിമാ മേഖലയിലെ പലരുടെയും അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. സിനിമ തന്നെ തന്റെ മേഖലയെന്ന് ഉറപ്പിച്ച നാളുകളുമായിരുന്നു അത്. കുടുംബത്തില്‍നിന്ന് പൂര്‍ണ പിന്തുണയാണ് ലഭിച്ചത്.
സിനിമയില്‍ സജീവമായപ്പോള്‍ എന്തായിരുന്നു അനുഭവം?
സിനിമാ രംഗത്ത് ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ 2010-ല്‍ 'ബിയോണ്ട് സ്റ്റുഡിയോസ്' എന്ന സ്വന്തം സ്റ്റുഡിയോ ദുബൈയില്‍ ആരംഭിച്ചു. സിനിമകള്‍, ഷോകള്‍, ഇവന്റുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് കാര്യമായി ഇടപെടല്‍ നടത്തിയത്. യു.എ.ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, ദുബൈ ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ഓഫീസുകള്‍ക്കും വേണ്ടി ധാരാളം വര്‍ക്കുകള്‍ ഏറ്റെടുത്തു. ഗള്‍ഫ് മേഖലയിലെ സിനിമാരംഗവുമായി പരിചയപ്പെട്ടത് യു.എ.ഇക്ക് പുറത്തും അവസരങ്ങളൊരുക്കി. 2015-ല്‍ 30 എപ്പിസോഡുള്ള ഡ്രാമ സീരീസ് കുവൈത്തി നിര്‍മാതാവിനൊപ്പം ചേര്‍ന്ന് ചെയ്തത് അതിന്റെ ഫലമായിരുന്നു. 25-ലേറെ അറബി ചാനലുകളില്‍ ഇത് സംപ്രേഷണം ചെയ്യുകയുണ്ടായി. 'ഹര്ബുല് ഖുലൂബ്' എന്നായിരുന്നു പേര്. 2016-ലും 2017-ലും സമാനമായ ഡ്രാമാ പരമ്പരകള്‍ സംവിധാനം ചെയ്യുകയും അറബി ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.
2016-ല്‍ തന്നെയാണ് നിരവധി അവാര്‍ഡുകള്‍ക്ക് കാരണമായ 'ദ ടെയ്ന്റഡ് വെയ്ല്' പുറത്തിറങ്ങുന്നത്. ഹിജാബ് വിഷയമാകുന്ന ഡോക്യുമെന്ററിയായിരുന്നു അത്. ലോകത്താകമാനം പല രീതിയില്‍ വിലയിരുത്തപ്പെടുന്ന ഒരു വിഷയം, ആ വസ്ത്രം ധരിക്കുന്നവരുടെ തന്നെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഇതിന് വലിയ സ്വീകാര്യത നേടാനായി. ജക്കാര്‍ത്ത ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററി, സില്‍ക്ക് റോഡ് ഫിലിം ഫെസ്റ്റിവല്‍, ഡബ്ലിന്‍, കാലിഫോര്‍ണിയ ഫെസ്റ്റിവലുകള്‍ എന്നിവിടങ്ങളില്‍ മികച്ച ഡോക്യുമെന്ററി അവാര്‍ഡ് തുടങ്ങി അന്തരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചു. 88ാ-മത് അക്കാദമി അവാര്‍ഡിലെ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാര്‍ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചത് വലിയ നേട്ടമായി.
പിന്നീട് യു.എ.ഇ സര്‍ക്കാറിന്റെ വിവിധ ലോകോത്തര ഇവന്റുകളുടെ കാര്‍മികത്വം വഹിക്കാനും കലാസംവിധാനം ഒരുക്കാനും അവസരം ലഭിച്ചു. 'എക്സ്പോ 2020 ദുബൈ'യിലെ യു.എ.ഇ പവലിയന്റെയും മറ്റും കാമ്പയിനുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. നാലു വര്‍ഷത്തോളം ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത് വലിയ നേട്ടമായി കരുതുന്നു. 2021-ലാണ് '218: നിശ്ശബ്ദതയുടെ മതിലിനു പിന്നില്‍' എന്ന എന്റെ ആദ്യ ഫീച്ചര്‍ സിനിമ പുറത്തിറങ്ങുന്നത്. യു.എ.ഇയിലെ സിനിമാ തല്പരരായ വിദ്യാര്‍ഥികള്‍ക്ക് നല്കിയ പരിശീലനത്തില്‍ നിന്നാണ് സിനിമ ഉരുത്തിരിഞ്ഞത്. രണ്ട് വര്‍ഷത്തെ ചലച്ചിത്ര പരിശ്രമങ്ങളുടെ ഫലമായ സിനിമ ഗാര്‍ഹിക പീഡനം, ഗൃഹാതുരത്വം, പ്രതികാരം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമീപകാലത്തിറങ്ങിയ യു.എ.ഇ ഫീച്ചര്‍ സിനിമകള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമാകാനും ഇതിന് സാധിച്ചു.
മലയാള സിനിമയുമായി സഹകരിക്കാന്‍ അവസരമുണ്ടായത് എങ്ങനെയാണ്?
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലത്താണ് മലയാളത്തില്‍നിന്ന് അപ്രതീക്ഷിതമായൊരു സിനിമാ ക്ഷണം വരുന്നത്. പ്രാദേശിക സംവിധായകരുമായി സഹകരിക്കാന്‍ താല്‍പര്യമറിയിച്ചുള്ള സംവിധായകന് സകരിയ്യയുടെ മെയിലായിരുന്നു അത്. മെയിലിന് മറുപടി അയച്ച് സൂമില്‍ സ്ക്രിപ്റ്റ് ചര്‍ച്ച ചെയ്തപ്പോള്‍ ആദ്യ അവസരത്തില്‍ തന്നെ ഇഷ്ടമായി. ദുബൈ കാണാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ സ്റ്റോറിയായതിനാല്‍ ഇഷ്ടം കൂടി. കാരണം, യു.എ.ഇയുടെ സാംസ്കാരികമായ പ്രത്യേകതകള്‍ പങ്കുവെക്കപ്പെടുന്ന സിനിമകളില്‍ എനിക്ക് പ്രത്യേക താല്പര്യമുണ്ട്. സകരിയ്യയുടെ സിനിമകള്‍ കാണുകയും പാഷന് മനസ്സിലാക്കുകയും ചെയ്തതോടെ സിനിമയോട് സഹകരിക്കാന്‍ തീരുമാനിച്ചു. 'മോമോ ഇന്‍ ദുബൈ' എന്ന സിനിമയുടെ സഹനിര്‍മാതാവാകുന്നത് അങ്ങനെയാണ്. ഭാവിയിലും നല്ല സ്റ്റോറികള്‍ കിട്ടിയാല്‍ മലയാള സിനിമയുമായി സഹകരിക്കാനാണ് തീരുമാനം. യു.എ.ഇ-ഇന്ത്യ ബന്ധത്തെ കുറിച്ചും മറ്റും ഒറിജിനല്‍ സ്റ്റോറികള്‍ കണ്ടെത്തി അവതരിപ്പിക്കാനും ഇഷ്ടമാണ്.
അറബ് സിനിമലോകത്തെ പ്രതീക്ഷയോടെയാണോ വിലയിരുത്തുന്നത്?
യു.എ.ഇയില്‍ സിനിമാ വ്യവസായം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. പുതിയ തലമുറയില്‍ ധാരാളം പേര് ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. മാത്രമല്ല, സിനിമാ ഷൂട്ടിങ്ങിനായി ധാരാളം ആളുകള്‍ വിദേശത്തുനിന്ന് ഇവിടെ എത്തിച്ചേരുന്നുമുണ്ട്. യു.എ.ഇയിലെ സിനിമാ രംഗം ശരിയായ ട്രാക്കിലാണെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. അറബ് ലോകത്ത് തുനീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ഫലസ്തീന് എന്നിവിടങ്ങളില്‍ ഷോര്‍ട്ട്, ഫീച്ചര്‍ സിനിമകളില്‍ ധാരാളം പേരുടെ സാന്നിധ്യം ഇന്നുണ്ട്. സൗദി അറേബ്യയിലും യു.എ.ഇയിലും ഇതേ സാഹചര്യമാണുള്ളത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് മികച്ച സഹായം കൂടി ലഭിക്കുന്നതിനാല്‍ ഭാവിയില്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം. സിനിമ നിര്‍മാണം വളരെ വലിയ ചെലവ് ആവശ്യമുള്ള ഒന്നാണ്. സര്‍ക്കാര്‍, സ്വകാര്യ സംവിധാനങ്ങള്‍ സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. ചില അതോറിറ്റികള്‍ സിനിമകള്‍ക്ക് ധനസഹായവും ലഭ്യമാക്കുന്നുണ്ട്. സൗദി അറേബ്യയിലും വളരെ മുന്നേറ്റമാണ് സിനിമാ മേഖല കൈവരിച്ചത്.
സിനിമാ സംവിധാന രംഗത്തെ സ്ത്രീസാന്നിധ്യം പല രാജ്യങ്ങളിലും കുറവാണ്. എന്താണ് അറബ് മേഖലയിലെ അനുഭവം?
ഇവിടെ സ്ത്രീകള്‍ക്ക് സിനിമയിലേക്ക് കടന്നുവരുന്നതില്‍ തടസ്സങ്ങളൊന്നുമില്ല. പൊതുവില്‍ ഇവിടെ വളരെ ചെറിയ സമൂഹം മാത്രമാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരില്‍ ശരാശരിക്കനുസരിച്ച് സ്ത്രീകളും പങ്കുവഹിക്കുന്നു. എങ്കിലും കൂടുതല്‍ പേര് എത്തിച്ചേരേണ്ടതുണ്ട്. എല്ലാ മേഖലയിലും ഇപ്പോള്‍ സ്ത്രീകള്‍ കടന്നുവരുന്നു. എന്നാല്‍, സ്ത്രീകള്‍ കുടുംബത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലും ഈ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം സമയം പുറത്തു ചെലവഴിക്കേണ്ടതായി വരും. 12 -ഉം 14- ഉം മണിക്കൂര്‍ ജോലി ചെയ്യുന്നത് പലരും ഇഷ്ടപ്പെടുന്നില്ല.
ഭാവി പദ്ധതികള്‍? ഏത് തരം സിനിമകള്‍ നഹ് ലയില്‍നിന്ന് പ്രതീക്ഷിക്കാം? മലയാളവുമായി ഇനിയും സഹകരണമുണ്ടാകുമോ?
യു.എ.ഇയില്‍ അഞ്ച് മുതല്‍ പത്ത് വരെ നല്ല സിനിമകള്‍ ഓരോ വര്‍ഷവും നിര്‍മിക്കണം എന്നാണ് ആഗ്രഹം. ഇറാനിയന്‍ സിനിമകള്‍ വലിയ അന്തരാഷ്ട്ര അംഗീകാരം നേടിയതു പോലെ ഭാവിയില്‍ ഞങ്ങളെയും ലോകം ശ്രദ്ധിക്കും. ഇറാനിയന്‍ സിനിമകളിലൂടെയാണ് ലോകം ആ നാടിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അറിഞ്ഞത്. വിനോദവും വിദാഭ്യാസവും നല്‍കുന്നതാണ് സിനിമകള്‍. അറബ് ലോകത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന സിനിമകള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. നല്ല സ്റ്റോറികള്‍ കിട്ടിയാല്‍ ഇനിയും മലയാള സിനിമയുമായി സഹകരിക്കും. യു.എ.ഇ-ഇന്ത്യ ബന്ധത്തെ കുറിച്ചും 200-ലേറെ രാജ്യക്കാര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന യു.എ.ഇയെ കുറിച്ചും നല്ല സ്റ്റോറികള്‍ കണ്ടെത്തി അവതരിപ്പിക്കണം എന്നതാണ് ഭാവി പദ്ധതി.
*മുഹജ്ജബ ഹിജാബ് ധരിക്കുന്ന സ്ത്രീ