അഹിംസാ മന്ത്രവുമായി 75 വര്‍ഷം
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എഴുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പ്രസ്ഥാനത്തെ
അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അനുഭവം മുന്‍നിര്‍ത്തി എഴുതുന്നു.
ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹി ഡെയ്റ്റ്ലൈനില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു: 'ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും നിരോധിക്കപ്പെടേണ്ട സംഘടനകളാണ്'' എന്ന്. ഇവ്വിധമൊരു പരാമര്‍ശം പ്രത്യക്ഷപ്പെടുമ്പോള്‍ മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അര്‍ഹിക്കുന്ന മറുപടി കൊടുക്കുവാന്‍ തുനിയുമായിരുന്നു.
1947-ല്‍ പാറ്റ്നയില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ സംബന്ധിച്ച ശേഷം മഹാത്മജി പറഞ്ഞത് ഇതായിരുന്നു: 'ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയെടുക്കുന്ന സാധുക്കളുടെയല്ല. നന്മ പ്രചരിപ്പിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം.'
നമ്മള്‍ സാധാരണക്കാര്‍ അതായത്, ജമാഅത്തെ ഇസ്ലാമിയെ അടുത്തറിയുന്നവര്‍ക്കറിയാം സാധു എന്നാല്‍ സാംസ്‌കാരികോന്നതി പ്രാപിച്ചവര്‍ ആണെന്ന്. അതുകൊണ്ടുതന്നെ ന്യൂദല്‍ഹി ഡെയ്റ്റ് ലൈനിലെ പരാമര്‍ശം ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന, ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കേണ്ട ഒരു വിഷയം തന്നെയായിരുന്നു. വിഷയ ദാരിദ്ര്യം നേരിട്ട സന്ദര്‍ഭത്തില്‍ പോലും മീഡിയക്ക് വിഷയം കാലിക പ്രസക്തിയുള്ളതായി തോന്നിയില്ല. ചര്‍ച്ചക്ക് വിഷയീഭവിച്ചുമില്ല. എന്തുകൊണ്ട് എന്ന് സൂക്ഷ്മമായി പഠിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാനായ യാഥാര്‍ഥ്യം, ശുദ്ധ അസൂയ എന്നാണ്. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തോടുള്ള, നിസ്വാര്‍ഥ സേവനത്തിലൂടെ വിദ്യാഭ്യാസപരവും ധാര്‍മികവും സാംസ്‌കാരികവുമായ ഉയര്‍ച്ച ജനങ്ങള്‍ക്കുണ്ടാകണമെന്ന ഉദ്ദേശ്യ ശുദ്ധിയോടുള്ള അസൂയ.
വായന അറിവാണ്. അറിവാണ് ആയുധമാക്കേണ്ടത് എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ഉദ്ബോധനം. ഈ സംസ്‌കാരം ജനങ്ങള്‍ ഉള്‍ക്കൊള്ളണം.
വിശുദ്ധ ഖുര്‍ആനില്‍ അധിഷ്ഠിതമായ കര്‍മപഥത്തിന് ഒരു 'ക്വാളിറ്റി' നല്‍കുവാന്‍ (സംഘടനക്ക്) കഴിഞ്ഞു എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നിടത്താണ് ജമാഅത്തെ ഇസ്ലാമിയുടെ വിജയം എന്ന് സംഘടന തിരിച്ചറിയേണ്ടതുണ്ട്. കാരണം, സംഘടനകൊണ്ട് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ സന്ദേശവും, ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന വിസ്തൃതമായ വായന എന്ന ആശയവും അഭിനന്ദനാര്‍ഹം തന്നെ.ജമാഅത്തെ ഇസ്ലാമിയെ ഇതര മതസ്ഥര്‍ ബഹുമാനിക്കുന്നത് ഈ കാര്യം കൊണ്ടാണ്.
സമൂഹം നന്നായാല്‍, ധാര്‍മികമായ പുരോഗതിയുണ്ടായാല്‍ ഗുണം ജനങ്ങള്‍ക്ക് തന്നെ. ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം 'നാമജപ'ത്തിന്റെ ഒടുവില്‍ 'വാഴണം വാഴണം നിത്യം വാഴണം വാഴണം സുഖം'.
'അന്ധവിശ്വാസത്തിനെതിരെ, അനാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ' എന്ന സന്ദേശവുമായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറിയിറങ്ങി സ്‌ക്വാഡ് വര്‍ക്ക് നടത്തിയതിന്റെ ഗുണം ഹൈന്ദവര്‍ക്കും ലഭിച്ചിരുന്നു എന്ന യാഥാര്‍ഥ്യം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ മുഖപത്രമായി തുടങ്ങിയ 'ആരാമം' മാസികയുമായി ഇക്കഴിഞ്ഞ മുപ്പത്തിയാറു കൊല്ലമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എനിക്കറിയാം. എന്റെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത് (ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള) 'എക്സ്പ്രസ്' ദിനപത്രത്തില്‍നിന്നാണ്. 'എക്സ്പ്രസിലെ ആറ് മാസത്തിലെ ഇന്റേണ്‍ഷിപ്പ് അക്ഷരാര്‍ഥത്തില്‍ എനിക്ക് നല്ലൊരു എക്സ്പീരിയന്‍സായിരുന്നു. പിന്നീട് 'കേരള കൗമുദി,' 'കലാകൗമുദി' ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഞാന്‍ ആരാമത്തിലെത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥിനീ വിഭാഗം (ജി.ഐ.ഒ), വനിതാ വിഭാഗവും സംഘടനക്കുണ്ട്.
ഒരു വ്യക്തി നൂറ് വയസ്സ് കഴിഞ്ഞാലും ഒരര്‍ഥത്തില്‍ വിദ്യാര്‍ഥി തന്നെയാണ്. കൊച്ചു കുട്ടികളില്‍നിന്നുപോലും നമുക്ക് പാഠം പഠിക്കാനുണ്ട്. 2023 ഫെബ്രുവരി മൂന്ന്, ലക്കങ്ങളില്‍ 'പ്രബോധനം' വാരികയില്‍ 'പ്രീണനങ്ങളുടെ രാഷ്ട്രീയവും വിശുദ്ധ ഖുര്‍ആന്റെ താക്കീതും എന്ന പി.കെ ജമാലിന്റെ ഒരു ലേഖനമുണ്ട്. പ്രസ്തുത ലേഖനം വായിച്ചാല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ ഉദ്ദേശ്യശുദ്ധി, അതായത് ജനങ്ങളെ സംസ്‌കാരസമ്പന്നരാക്കുവാനുള്ള ആഹ്വാനം മനസ്സിലാക്കാന്‍ സാധിക്കും.
ജമാഅത്തെ ഇസ്ലാമി എന്ന സംഘടന, അതിന്റെ അഹിംസാ മന്ത്രവുമായുള്ള പ്രയാണത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പൂര്‍ത്തിയാക്കുകയാണ്. 1948 ഏപ്രില്‍ 16ന് രൂപീകൃതമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി /ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏഴരപ്പതിറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍, സ്ത്രീകളുടെ പ്രസ്തുത സംഘടനാ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യമെന്താണ് എന്നറിയാന്‍ കണ്ണൂരില്‍ ഇക്കഴിഞ്ഞ മാസം ഒരു യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ നാനാമതസ്ഥരുമുണ്ടായിരുന്നു. പങ്കെടുക്കാനും രണ്ട് വാക്ക് സംസാരിക്കാനുമുള്ള ഭാഗ്യം എനിക്കുമുണ്ടായി. പകല്‍ മൂന്ന് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല എന്നത് എന്റെ മാത്രം അനുഭവമായിരുന്നില്ല. പങ്കെടുത്ത എല്ലാ സ്ത്രീകളും ആത്മാര്‍ഥതയോടുകൂടി തന്നെ അശ്ലീലതക്കെതിരായുള്ള വനിതാ വിഭാഗത്തിന്റെ ഉത്ഘോഷങ്ങളെ പ്രകീര്‍ത്തിച്ചു. വ്യക്തി നന്നായാല്‍ കുടുംബം നന്നാവും, കുടുംബം നന്നായാല്‍ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ നാട് നന്നാവും എന്നാണല്ലോ. നാട് നന്നാക്കാനുള്ള പ്രക്രിയയില്‍ സാംസ്‌കാരിക സംഘടനകളുടെ പങ്ക് വിലപ്പെട്ടതുതന്നെ.
'സംഘടന കൊണ്ട് ശക്തരാവുക' എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ചെറുപ്പത്തിലേ ഉള്‍ക്കൊള്ളാനും ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തിന്റെ നല്ലൊരു സാംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കാനും ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഏറെക്കാലം കഴിഞ്ഞ് എന്റെ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ വളര്‍ന്ന ശേഷം അന്നത്തെ ആ സാംസ്‌കാരിക സമ്മേളനം താന്‍ ഇന്നും ഓര്‍ക്കുന്നതായി കലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ഒരു സ്നേഹിത എന്നോട് പറയുകയുണ്ടായി. ഞാനോര്‍ക്കുന്നതു പോലെത്തന്നെ ടീച്ചറും ഓര്‍ക്കുന്നല്ലോ എന്ന് ചിരിച്ചുകൊണ്ട് ഞാനും സംസാരിച്ചു.
സമകാലിക ഭാരതത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രസക്തി ഇതിനകം വായനക്കാര്‍ക്ക് ബോധ്യപ്പെട്ടിരിക്കുമല്ലോ. സംഘടനകള്‍ വളരുമ്പോള്‍ കുബുദ്ധികള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുക സ്വാഭാവികം. അതുകൊണ്ടുതന്നെ സദുദ്ദേശ്യപരമായ സംഘടനകളുടെയെല്ലാം കര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക് ഐശ്വര്യം കൈവരാന്‍ നമുക്ക് പ്രാര്‍ഥിക്കാം; എല്ലാ നന്മകളുമുണ്ടാവട്ടെയെന്ന് നേരാം.