ഫാത്തിമ മുഹമ്മദും നഫീസത്തയും ആത്തായെന്ന റംലാത്തയും ഓര്‍മച്ചെപ്പ് തുറക്കുന്നു.
ലോകസംസ്‌കാരങ്ങളുടെയും മതങ്ങളുടെയും നിറ വൈവിധ്യങ്ങള്‍ സമ്മേളിക്കുന്നിടമാണ് കൊച്ചി. അറബികളും പറങ്കികളും ഡച്ചുകാരും ഇംഗ്ലീഷുകാരും ജൂതരും ജൈനരും ചൈനക്കാരും കച്ചുകാരും കൊച്ചിയിൽ വന്നിറങ്ങി. ചെമ്പിട്ട പള്ളിയും ടി.ഡി അമ്പലവും ജൂതപ്പള്ളിയും ജൈനക്ഷേത്രവും വാസ്‌കോ ഡ ഗാമ ചര്‍ച്ചും സാന്ത ക്രൂസ് ബസിലിക്കയും......
കൊച്ചിയെ കൊച്ചിയാക്കുന്ന വിസ്മയിപ്പിക്കുന്ന ഈ സാംസ്‌കാരിക സമന്വയത്തിന്റെ നിറവിലേക്ക്, ജഗന്നിയന്താവിന്റെ മഹാകാരുണ്യമായി കടന്നുവന്ന ജമാഅത്തെ ഇസ്ലാമി എന്ന മഹത്തായ ഇസ്ലാമിക പ്രസ്ഥാനം. സി.കെ കോയസാഹിബ് എന്ന കര്‍മയോഗി നട്ട ഇളംതൈ. വെള്ളവും വളവും നൽകി കരുതലോടെ പള്ളുരുത്തി ഹാജി എന്ന വിളിപ്പേരുള്ള അഹമ്മദ് കുട്ടി ഹാജിയും. കൂടെ എസ്.വി മുഹമ്മദ് സാഹിബ്, ജബ്ബാര്‍ സാഹിബ്, അബ്ദുസാഹിബ്, എ.പി അലി സാഹിബ്... ഇന്ന് കൊച്ചിയിലാകെ പ്രസ്ഥാനം വടവൃക്ഷമായി പന്തലിച്ച് നില്‍ക്കുമ്പോള്‍ അതിന്റെ തായ്‌വേരായി, മറുപാതിയായി ഉള്‍ക്കരുത്തോടെ വനിതാ വിഭാഗവുമുണ്ട്.
ഫാത്തിമ മുഹമ്മദും നഫീസത്തയും ആത്തായെന്ന റംലാത്തയും ഓര്‍മച്ചെപ്പ് തുറക്കുന്നു.
കൊച്ചിയിലെ നടവഴികളിലും ഇടവഴികളിലും കുളിര്‍ത്തെന്നലിനൊപ്പം ഇസ്ലാമിക പ്രസ്ഥാനമെന്ന നന്മയുടെ നറുമണം.
കൊച്ചിയെന്ന വാണിജ്യ നഗരത്തില്‍ ആ നന്മമരത്തിന്റെ ആദ്യ വിത്തിട്ട അമരക്കാരന്‍ - സി.കെ കോയ സാഹിബ്. പ്രതിസന്ധി നിറഞ്ഞ ജീവിത വഴികളില്‍ പതറാതെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നല്ലപാതി നഫീസത്തയുടെ കണ്ണുകളില്‍ ഓര്‍മത്തിളക്കം.
എങ്ങനെയായിരുന്നു സി.കെയുടെ പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവ് ?
സി.കെ നന്നായി വായിക്കുമായിരുന്നു. എന്നെ കല്യാണം കഴിക്കുമ്പോള്‍ കമ്യൂണിസ്റ്റ്കാരനായിരുന്നു. പുസ്തകങ്ങള്‍ വായിച്ചാണ് പ്രസ്ഥാനത്തിലെത്തിയത്.
കുടുംബം?
ഞങ്ങള്‍ക്ക് പത്തു മക്കളായിരുന്നു, അതില്‍ നാലു പേര്‍ വളരെ കുഞ്ഞു നാളിലേ മരണപ്പെട്ടു. ഇപ്പോള്‍ ഒരു മകളും അഞ്ച് ആണ്‍മക്കളും.
അന്നത്തെ ജീവിത സാഹചര്യം? പ്രത്യേകിച്ച് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഒരു അമരക്കാരന്റെ റോളില്‍ സി.കെ സജീവമായിരുന്നപ്പോള്‍?
പ്രാസ്ഥാനിക യാത്രകള്‍ കഴിഞ്ഞ് സി.കെ തിരിച്ചു വരുന്നത് ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും. കുഞ്ഞുങ്ങളുടെ കാര്യങ്ങളൊക്കെ മിക്കവാറും ഒറ്റക്ക് നോക്കേണ്ടി വരും. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയ നാളുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്.
അന്നത്തെ വരുമാന മാര്‍ഗം എന്തായിരുന്നു?
ബീഡി തെറുപ്പായിരുന്നു. ഞാനും ബീഡി തെറുക്കും. ഫാത്തിമത്തയും ഭര്‍ത്താവുമുണ്ടാവും ചിലപ്പോള്‍. ബീഡി തെറുക്കുന്നതിനിടയില്‍ സി.കെ ഞങ്ങള്‍ക്ക് ക്ലാസ്സ് എടുത്തു തരുമായിരുന്നു.
പ്രവര്‍ത്തനമാര്‍ഗത്തില്‍ എതിര്‍പ്പുകള്‍
ഉണ്ടായിട്ടുണ്ടോ?
നാട്ടുകാര്‍ക്ക് ഉള്ളില്‍ വ്യക്തിപരമായി നമ്മളോട് ഇഷ്ടം തന്നെയായിരുന്നു. എങ്കിലും സലാം ചൊല്ലാതിരിക്കുക, ചൊല്ലിയാല്‍ മടക്കാതിരിക്കുക. ക്ലാസ്സിനു പോവുമ്പോള്‍ പരിഹാസിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു.
വനിതകള്‍ക്കായുള്ള ക്ലാസ്സുകളുടെ രീതി?
പള്ളുരുത്തിഹാജിയുടെ വീട്ടിലായിരുന്നു വനിതകള്‍ക്കായുള്ള ക്ലാസ്സുകള്‍ കൂടുതലും നടന്നിരുന്നത്. ഹാജി തന്നെയായിരുന്നു മിക്കവാറും ക്ലാസ്സുകള്‍ എടുത്തിരുന്നതും.
മക്കള്‍ ചെറുതായിരുന്ന സമയത്ത് ചെലപ്പോഴൊന്നും യോഗങ്ങള്‍ക്ക് പോവാന്‍ പറ്റിയിരുന്നില്ല.
വറുതിയുടെ നാളുകളെ കുറിച്ച് പറഞ്ഞിരുന്നല്ലോ, ഒരനുഭവം പങ്കിടാമോ?
പത്തു പ്രസവവും വീട്ടില്‍ തന്നെയായിരുന്നു, പതിനഞ്ചു ദിവസം വരെയൊക്കെ ആരെങ്കിലും സഹായത്തിനുണ്ടാവും. ഒരിക്കല്‍, പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഞാന്‍ ഓലകൊണ്ട് മറയുണ്ടാക്കുകയായിരുന്നു. സി.കെ എവിടേക്കോ യാത്രക്ക് റെഡിയായി പുറത്തേക്ക് വന്നു. ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ പോവാണോ?' 'ഞാന്‍ എല്ലാം പടച്ചവനില്‍ തവക്കുലാക്കിയിട്ടുണ്ട്' എന്ന്പറഞ്ഞു സി.കെ പോയി. അന്ന് രാത്രി ഞാന്‍ പ്രസവിച്ചു. കുറേ ദിവസം കഴിഞ്ഞാണ് സി.കെ കുഞ്ഞിനെ കാണുന്നത്.
എന്നോട് എപ്പോഴും ക്ഷമിക്കാന്‍ പറയും. 'സമാധാനപ്പെട്'എന്ന് പറയും, 'വിഷമങ്ങള്‍ ഒക്കെ മാറും, മക്കളൊക്കെ ഇല്ലേ കൂടെ, എല്ലാ കാലത്തും ഒരുപോലെ ആവില്ലെടോ' എന്നൊക്കെ സമാധാനിപ്പിക്കും.
കോയ സാഹിബിന്റെ ജയില്‍വാസം?
ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ആദ്യം പോലീസ് അന്വേഷിച്ചു വന്നപ്പോള്‍ പുള്ളിക്കാരന്‍ സ്ഥലത്തില്ലായിരുന്നു. അന്ന് ഫോണൊന്നും ഇല്ലല്ലോ. വീണ്ടും അന്വേഷിച്ചു വന്നപ്പോഴും അടുത്തെവിടെയോ പോയതായിരുന്നു. പക്ഷേ അപ്പോഴേക്കും പുള്ളിക്കാരനു പകരം പള്ളുരുത്തി ഹാജി ജീപ്പില്‍ കയറിയിരുന്നു. അപ്പോഴേക്കും തിരിച്ചുവന്ന കോയ സാഹിബ് എനിക്ക് നമസ്‌കരിക്കണം എന്ന് പറഞ്ഞു. നമസ്‌കാരം കഴിഞ്ഞ് അവരോടൊപ്പം ജയിലിലേക്ക് പോയി.
കൂട്ടുകാരനെ തേടിവന്ന പോലീസിന് മുമ്പില്‍ പകരക്കാരനായി നിന്നുകൊടുത്ത പാരസ്പര്യം(പള്ളുരുത്തി ഹാജിയും കോയ സാഹിബും). ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കാമ്പും കാതലും കരുത്തും ഈ പാരസ്പര്യം തന്നെ അല്ലേ.
ഇന്നത്തെ തലമുറയോട് എന്താണ് പറയാനുള്ളത്?
ക്ഷമ വേണം മക്കളേ, എന്ത് വന്നാലും സമാധാനത്തോടെ നേരിടണം.
ആറു മക്കളും പതിനെട്ടു പേരക്കുട്ടികളും അവരുടെ എട്ടു മകളും ഒക്കെയായി എണ്‍പതിന്റെ നിറവില്‍ സന്തോഷത്തോടെ, സംതൃപ്തിയോടെ നഫീസത്ത പറഞ്ഞു നിര്‍ത്തി.
പ്രസ്ഥാന വഴിയില്‍ ആര്‍ജവത്തോടെ
കൊച്ചിയിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നെഞ്ചേറ്റിയ പേരാണ് 'ആത്ത.' പ്രസ്ഥാന മുന്നേറ്റത്തില്‍ ത്യാഗങ്ങളേറെ സഹിച്ച എ.പി അലി സാഹിബിന്റെ മകള്‍.
തനിമ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചിയുടെയും ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി സമിതിയംഗം ഫിറോസ് കൊച്ചിയുടെയും ഉമ്മത്തണല്‍. അറുപത്തേഴാമത്തെ വയസ്സിലും നിലപാടുകളിലുറച്ച് പ്രസ്ഥാന വഴിയില്‍ ഉത്തരവാദിത്വത്തോടെ, പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമുയര്‍ത്തി മുന്നേറുകയാണ് ആത്ത എന്ന റംല സാഹിബ. വനിതകളുടെ കാര്യത്തില്‍ മാത്രമല്ല, ഇങ്ങു താഴോട്ട് എസ്.ഐ.ഒ- ജി.ഐ.ഒയിലേക്കും ടീന്‍ ഇന്ത്യ, മലര്‍വാടി കുഞ്ഞുങ്ങളിലേക്കും വരെ ഗുണകാംക്ഷയുടെയും നന്മയുടെയും നോട്ടമയച്ച് കരുതലോടെയിരിക്കുന്നു ആത്ത. കൂട്ടിന് പ്രസ്ഥാനം ജീവവായുവാക്കിയ അബു സാഹിബ്.
പല്ലെടുത്ത് വേദന കടിച്ചുപിടിച്ചാണെങ്കിലും ആത്ത സംസാരിച്ചു തുടങ്ങി. പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിക്കേണ്ടി വന്ന വാപ്പയുടെ മോളാണ് ഞാന്‍. ഇന്നത്തെപ്പോലെയല്ലല്ലോ അന്ന് അത്രക്ക് എതിര്‍പ്പുകള്‍ നേരിട്ട സമയമായിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ കൊച്ചിയിലെത്തിയത്. പ്രസ്ഥാനമായിരുന്നു വാപ്പയുടെ ജീവിതം.
അന്ന് അബു സാഹിബ് ഗള്‍ഫിലായിരുന്നു. വീടിരിക്കുന്ന ചുറ്റുപാട് അത്ര സുഖകരമായിരുന്നില്ല. എങ്കിലും അടുത്തുണ്ടായിരുന്ന പള്ളിയുമായി നിരന്തരം ബന്ധിപ്പിച്ചും പ്രസ്ഥാനവുമായി അടുപ്പിച്ചും മക്കളെ വളര്‍ത്താന്‍ കഴിഞ്ഞതില്‍ മനം നിറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്നു. 'ആണുങ്ങള്‍ ഉള്‍പ്പെട്ട കഴിഞ്ഞ തര്‍ബിയത്ത് ക്യാമ്പില്‍ ക്ലാസ്സ് എടുത്തത് പേരക്കുട്ടി മര്‍ജയാണ്'. ആത്തയുടെ അഭിമാനം തുളുമ്പുന്ന വാക്കുകള്‍. 'ആത്തക്ക് വേദനിക്കുന്നുണ്ടോ, അബുസാഹിബ് പറഞ്ഞാലും മതി' എന്ന ഞങ്ങളുടെ സ്‌നേഹപൂര്‍വമായ നിർദേശം കേട്ട് അബുസാഹിബിനെ വിളിച്ച് വരുത്തി.
അബു സാഹിബ് പറഞ്ഞു തുടങ്ങി. 'പള്ളുരുത്തി ഹാജിയെ പറയാതെ ഇവിടത്തെ പ്രസ്ഥാനത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. അത്രക്കായിരുന്നു പ്രസ്ഥാനത്തിന് ഹാജി നല്‍കിയ പിന്‍ബലം. ഡി.ഐ.ടി ഹാജി എന്ന മനുഷ്യനില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇന്ന് അഭിമാനിക്കുന്ന പ്രസ്ഥാനം കൊച്ചിയില്‍ ഉണ്ടാകുമായിരുന്നില്ല. ഹാജിയോടൊപ്പം ഒരു മനസ്സായി സി.കെ കോയാ സാഹിബും. പിന്നെ എസ്.വി മുഹമ്മദ് സാഹിബ്, കെ.യു ഹംസ സാഹിബ്, ആത്തയുടെ വാപ്പ എ.പി അലി സാഹിബ് ഇവരൊക്കെ സഹിച്ച ത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ ഇവിടത്തെ പ്രസ്ഥാനം.' ഹാജിയുടെ പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവ്, യൂനുസ് മൗലവിയുടെ ക്ലാസുകള്‍, പ്രബോധനം പ്രസ്സുമായി ബന്ധപ്പെട്ട് പള്ളുരുത്തി ഹാജിയുടെ ഇടപെടലുകള്‍, പ്രസ്ഥാന ചരിത്രത്തിലെ ഒരുപാട് ഏടുകള്‍ ആ നാവിലൂടെ ഒഴുകിവന്നു.
കിതാബോതുന്ന കാലത്തും ദര്‍സില്‍നിന്ന് നമസ്‌കാര സമയമാകുമ്പോള്‍ വുളുവെടുത്ത് പള്ളിക്ക് പിന്നാമ്പുറത്തുകൂടെ 'മുങ്ങുന്ന' ചിരിയോര്‍മകളിലൂടെ കടന്ന് സത്യസാക്ഷ്യം എന്ന കൊച്ചു കിതാബിലൂടെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രകാശ വഴിയിലെത്തിയ ചരിത്രവും അതിനപ്പുറവും അബുസാഹിബ് സംസാരിക്കുമ്പോള്‍, സമയം കുറച്ചുകൂടി നീക്കിവെക്കേണ്ടതായിരുന്നു എന്ന തോന്നലായിരുന്നു.
ആത്തയുടെ കൈപുണ്യമറിയാന്‍ ഇനിയും വരാമെന്നു പറഞ്ഞിറങ്ങുമ്പോള്‍ റോഡ് വരെ കൂടെ വന്നു ഞങ്ങളെ യാത്രയാക്കി പ്രിയപ്പെട്ട ആത്ത.
മൈലാഞ്ചിയില്‍ മൊഞ്ചേറി മക്കനപ്പാത്തു
'രാജാധിരാജനല്ലാഹ്
ലോകാധിനാഥനല്ലാഹ്
നിന്നെ നമിക്കുന്നു ഞാന്‍
നിന്‍ നാമം വാഴ്ത്തുന്നു ഞാന്‍...'
മാപ്പിളപ്പാട്ടു സ്‌നേഹികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഇശലുകളുടെ ഈണം മലയാളിക്കു സമ്മാനിച്ച അനുഗ്രഹീത ഗായകന്‍ കൊച്ചിന്‍ ശരീഫിന്റെ മാതാവ് കൂടിയാണ് ഫാത്തിമത്ത.
നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഞങ്ങളെ കാത്ത്, നിറപുഞ്ചിരിയോടെ ഫാത്തിമത്ത. മടിയില്‍ വെച്ച ഇരു കൈനഖങ്ങളിലും മൈലാഞ്ചിച്ചോപ്പിന്റെ ചന്തം.
ഇപ്പോഴും മൈലാഞ്ചിയൊക്കെയുണ്ടോയെന്ന എന്റെ ചോദ്യത്തിന് അതെപ്പോഴും എനിക്കിഷ്ടമാണെന്ന നിഷ്‌കളങ്ക മറുപടി.
'എല്ലാം ഭംഗിയായിരിക്കണമെനിക്ക്, എത്ര കഷ്ടപ്പാടായാലും വൃത്തിയില്‍ നടക്കണം. മക്കള്‍ക്ക് ഉടുപ്പെടുക്കുമ്പോള്‍ പോലും തുണി പിടിച്ചു നോക്കും ഞാന്‍. ഇടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമുട്ടാവരുതെന്ന ഉമ്മക്കരുതല്‍.
കൂടെയുണ്ടായിരുന്ന സിറ്റി സമിതിയംഗം സല്‍മയാണ് 'മക്കനപ്പാത്തൂ'ന്റെ മറ നീക്കിയത്.
'ഇത്തയാണ് പള്ളുരുത്തിയില്‍ ആദ്യമായി മക്കനയും പര്‍ദ്ദയുമിട്ടത്.
അങ്ങനെ മക്കനപ്പാത്തൂന്ന് പേരായി.' 'അതെന്റെ കൂട്ടുകാരി സൗദിയില്‍നിന്ന് കൊണ്ടുവന്നതായിരുന്നു. കുറച്ച് ദിവസം വീട്ടിലിട്ട് ശീലിച്ചതിനുശേഷമാണ് മക്കനയിട്ട് പുറത്തിറങ്ങിയത്.' ഇത്ത കൂട്ടിച്ചേര്‍ത്തു.
ഏതു വരെ പഠിച്ചു?
'അഞ്ചാം ക്ലാസ്സുവരെ പഠിച്ചു. പക്ഷേ മൂന്നു കൊല്ലമേ ഞാന്‍ സ്‌കൂളില്‍ പോയുള്ളൂ.'
കൗതുകപൂര്‍വം പരസ്പരം നോക്കിയ ഞങ്ങളോട് കാര്യം വിശദീകരിച്ചു ഫാത്തിമത്ത;
എനിക്ക് തൊലിപ്പുറത്ത് ഒരസുഖം വന്നതുകൊണ്ട് എന്നെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലായിരുന്നു. ഒരു ദിവസം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാവശ്യപ്പെട്ട് മാഷ്മാര് വന്നു, എന്നെ ഒന്നില്‍ ചേര്‍ക്കാമെന്നു പറഞ്ഞു, ഞാന്‍ വലുതല്ലേ ഒന്നിലിരിക്കില്ലെന്ന് ഞാന്‍. അങ്ങനെ മൂന്നാം ക്ലാസ്സിലാണ് ആദ്യമായി സ്‌കൂളില്‍ പഠിച്ചത്.
ഇരുപത്തിയാറാം വയസ്സില്‍ തുടങ്ങിയ പ്രസ്ഥാന പ്രവര്‍ത്തന വഴിയുടെ ഓര്‍മയോരത്ത് കൂടി എണ്‍പത്തിയേഴിലും ആവേശത്തോടെ നടക്കുന്നു ഫാത്തിമ.
'പള്ളുരുത്തി ഹാജിയായിരുന്നു വനിതകള്‍ക്ക് ആദ്യമായി ഖുര്‍ആന്‍ ക്ലാസ്സെടുത്തത്. അല്‍ ബഖറ നൂറ്റിയെഴുപത്തിയേഴാം ആയത്തായിരുന്നു അന്ന് ക്ലാസ്സെടുത്തത്. അന്ന് തന്നെ അത് മനഃപാഠമാക്കിയിട്ടാണ് കിടന്നുറങ്ങിയത്.'
ഖുര്‍ആന്‍ പാരായണം ചെയ്യല്‍ എനിക്കേറെ ഇഷ്ടമാണ്. 40 പേജെങ്കിലും ഓതാതെ ഇന്നും ഉറങ്ങാറില്ല.
പ്രബോധനം വായിച്ചാണ് പ്രസ്ഥാനത്തെ ശരിയായി പഠിച്ചത്. വായനയാണെനിക്ക് പ്രധാനം. ഇത്ത ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരുന്നു.
മൗദൂദി സാഹിബിനെ തൂക്കിലേറ്റുമെന്ന വാര്‍ത്ത കേട്ട് ആ രാത്രി മുഴുവന്‍ സങ്കടവും കരച്ചിലുമായിരുന്നു.
'ബുക്ക് വിക്കാന്‍ പോകും, സ്‌ക്വാഡ് പോകുമ്പോള്‍ 50-ഓളം വീടുകള്‍ വരെ കയറിയ ദിവസങ്ങളുണ്ട്. പാടവും കുളവും നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം. മുട്ടോളം വെള്ളമൊക്കെ നീന്തേണ്ടി വരും ചിലപ്പോള്‍.'
പ്രവര്‍ത്തനത്തോടൊപ്പം തന്നെ സ്വയം സമ്പാദ്യം കണ്ടെത്താനും മക്കളുടെ പഠനത്തിന് തുണയാവാനും കഴിഞ്ഞ സംതൃപ്തിയും വാക്കുകളില്‍ നിറഞ്ഞു.
'കൊച്ചിയിലെ നൗക്കക്കമ്പനിയില്‍നിന്ന് 2000 ബീഡിക്കുള്ള ഇലയും ചുക്കയും കൊണ്ടുവന്ന് ബീഡി തെറുക്കും. പിന്നീടത് 4000 ബീഡിയായി. അന്ന് ശരീഫിന് ഫീസായി 90 രൂപയായിരുന്നു വേണ്ടിയിരുന്നത്.'
മകന്റെ സ്‌ക്കോളര്‍ഷിപ്പ് ശരിയാക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സാറ് പറഞ്ഞത്രെ
'ഒരുപാട് മുസ്ലിങ്ങള്‍ ഇതും പറഞ്ഞുകൊണ്ട് വരും' എന്ന്.
'അങ്ങനെ വരാതിരിക്കാനാണ് ഞാനെന്റെ മക്കളെ പഠിപ്പിക്കുന്നത്' എന്ന് ഫാത്തിമത്ത.
'എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് ഓഫീസര്‍ അന്വേഷിച്ച് വീട്ടിലെത്തി' ചിരിയോടെ ഇത്ത പറഞ്ഞു.
പഠനവും വായനയും അതോടൊപ്പം സ്വതവേയുള്ള ഗ്രാഹ്യശേഷിയും ഇത്തയെ കരുത്തുറ്റ പ്രവര്‍ത്തകയാക്കി. ഹല്‍ഖയില്‍ എന്തു മനഃപാഠം പറഞ്ഞാലും ആദ്യം കേള്‍പ്പിക്കുന്നത് ഇത്തയായിരിക്കുമെന്ന് സല്‍മയുടെ കമന്റ്.
ഖുതുബാത്ത് വായിച്ചാണ് ഉമ്മ പ്രവര്‍ത്തനംതുടങ്ങിയതെന്നും വളരെ നല്ല വായനക്കാരിയാണ് ഉമ്മയെന്നും മരുമകള്‍ ജസീല പറഞ്ഞു.
മക്കളെല്ലാവരും പ്രസ്ഥാന പ്രവര്‍ത്തകരായതില്‍ സന്തോഷിക്കുന്ന ഈ മാതാവ് തനിക്കിപ്പോഴും ഇനിയുമൊരുപാട് ചെയ്യണമെന്ന തോന്നലിലാണ്.
'ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കിതപ്പുണ്ട്. നിങ്ങള്‍ ദുആ ചെയ്യണം ......ഞാനല്‍പം സംസാരപ്രിയയാണ്. നിങ്ങളെല്ലാവരും വന്നപ്പോള്‍ നല്ല സന്തോഷം.'
പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും തവക്കുല്‍ കൊണ്ടും നേരിട്ട്, ഖുര്‍ആനെ നെഞ്ചേറ്റി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി, പേരക്കുട്ടി അമ്മാറിന്റെ കുസൃതികളിലേക്ക് കണ്ണുപായിച്ച് ഫാത്തിമത്ത. പ്രസ്ഥാനവീര്യം കെടാതെ സൂക്ഷിച്ച്, തലമുറകള്‍ക്ക് പ്രചോദനമായി കടന്നുപോയവര്‍, അസീസ സാഹിബ, സൈനാബീത്ത, ആമിനാത്ത, സല്‍മ റഫീഖ്... കാരുണ്യവാനായ റബ്ബ് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കട്ടെ.