എന്റെ കരളേ...

ഖാസിദ കലാം
ഏപ്രില്‍ 2023
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണോ?

സിനിമ-സീരിയല്‍ -മിമിക്രി താരം സുബി സുരേഷിന്റെ പെട്ടെന്നുള്ള മരണം കുറച്ചൊന്നുമല്ല മലയാളികളെ ഞെട്ടിച്ചത്. കരള്‍ രോഗമായിരുന്നുവെന്നും, കരള്‍ മാറ്റിവെക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും നമ്മളറിഞ്ഞു. കലാഭവന്‍ മണിയെ പോലെ നമുക്ക് പ്രിയപ്പെട്ട പല സെലിബ്രിറ്റികളുടെയും ജീവിതത്തില്‍ വില്ലനായതും കരള്‍ രോഗമായിരുന്നു.
അടുത്ത കാലത്ത് കരള്‍ മാറ്റിവെക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞുനിന്ന ഒരു പതിനേഴുകാരിയുണ്ട്. അച്ഛന്റെ കരളായ ഒരു മകള്‍. നിയമപോരാട്ടം നടത്തി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് ഇന്ന് ദേവനന്ദ. തൃശൂരില്‍ ഒരു കോഫി ഷോപ്പ് നടത്തിയിരുന്ന 48-കാരനായ പ്രതീഷിന് വില്ലനായത് കാലില്‍ ഇടക്കിടയ്ക്ക് വന്ന നീരാണ്. പരിശോധനയില്‍ തെളിഞ്ഞു, കരളില്‍ കാന്‍സറാണ്. മാറ്റിവെക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ, കരള്‍ നല്‍കാന്‍ സന്നദ്ധനായി ഒരു ദാതാവിനെ കിട്ടാതെ വന്നതും മറ്റ് കുടുംബാംഗങ്ങളുടെ കരള്‍ യോജിക്കാതെ വന്നതും എല്ലാം കൂടി ആയപ്പോഴാണ്, ദേവനന്ദ അച്ഛനുവേണ്ടി നിയമപോരാട്ടത്തിനിറങ്ങി, ഹൈക്കോടതിയെ സമീപിച്ചത്.
നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തതാണ് അവയവ ദാനത്തിന് തടസ്സമായത്. ഇതില്‍ ഇളവ് തേടിയായിരുന്നു ദേവനന്ദയുടെ നിയമപോരാട്ടം. സര്‍ജറി കഴിഞ്ഞ് വീട്ടില്‍ റെസ്റ്റ്... മുറിവ് ഉണങ്ങുന്നതിനൊപ്പം ഇരുന്ന് പഠിച്ച് മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയും ദേവനന്ദ എഴുതിയെടുത്തു.

***
ദയ വരുന്ന ജൂണില്‍ നാലാം ക്ലാസിലേക്കാണ്. മാര്‍ച്ച് 26-ന് അവള്‍ക്ക് എട്ട് വയസ്സ് പൂര്‍ത്തിയായി. ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയില്‍ മഞ്ഞ കണ്ടതായിരുന്നു തുടക്കം. രക്തത്തില്‍ ബിലിറൂബിന്റെ (Bilirubin) അളവ് കൂടുന്നു. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ തന്നെയോ ജനിച്ച് ആഴ്ചകള്‍ക്കുള്ളിലോ കരളില്‍ നിന്ന് പുറത്തേക്കുള്ള ബൈല്‍ ഡക്ട്സ് പെട്ടെന്ന് നശിച്ചുപോകുന്ന Biliary atresia - എന്ന രോഗമാണ് കുഞ്ഞിനെന്നു സ്ഥിരീകരിക്കപ്പെട്ടു. കരളില്‍ നിന്ന് പിത്തരസം പുറത്തേക്ക് പോകുന്നതിന് പകരം, കെട്ടിക്കിടന്ന് കരളുതന്നെ നശിക്കുന്ന അവസ്ഥ. അവയവ മാറ്റം മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താനുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ മഞ്ചേരി സ്വദേശികളായ മായയോടും രാജുവിനോടും പറയുന്നു. രക്തബന്ധമുള്ള ആരെങ്കിലുമാണ് കുഞ്ഞിന് കരള്‍ പകുത്ത് നല്‍കേണ്ടത്... രക്ഷിതാക്കള്‍ ആരെങ്കിലുമാണെങ്കില്‍ റിസ്‌ക് കുറച്ചുകൂടി കുറയും. പക്ഷേ, രക്തഗ്രൂപ്പ് തമ്മില്‍ ചേരണം... പരിശോധനയില്‍ അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പുകളാണ് തമ്മില്‍ ചേരുന്നുണ്ടായിരുന്നത്.. അങ്ങനെ ഒന്നേകാല്‍ വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും മായയുടെ കരള്‍ ദയയില്‍ തുടിച്ചു തുടങ്ങി..
''സര്‍ജറിക്ക് ശേഷം ദയയ്ക്ക് ഇന്‍ഫക് ഷന്‍ വരാതെ നോക്കലായിരുന്നു പ്രധാന ബുദ്ധിമുട്ട്. പക്ഷേ, നമ്മളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് കാര്യങ്ങളൊക്കെ അറിയുന്നതുകൊണ്ട് ആ കാലങ്ങള്‍ വല്യ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. സ്‌കൂളില്‍ ചേര്‍ക്കേണ്ട പ്രായമായപ്പോള്‍ ആയിരുന്നു പിന്നെ പ്രശ്നം. ഗവണ്‍മെന്റ് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഒരുപാട് സ്‌കൂളുകള്‍ പോയി നോക്കി, വൃത്തിയിലും അധ്യാപകരുടെ support ലും മികച്ചതെന്ന് ഞങ്ങള്‍ക്ക് തോന്നിയ കരുവമ്പ്രം ജി.എല്‍.പി സ്‌കൂളില്‍ അവളെ ചേര്‍ത്തു. ഇന്നവള്‍ മൂന്നാം ക്ലാസ്സിലാണ്. സ്‌കൂളിന്റെ എല്ലാ ആനന്ദങ്ങളും അനുഭവിച്ചു. ഒരുപാട് കൂട്ടുകാരുമായി അവള്‍ ഇന്ന് ഹാപ്പിയായി പോകുന്നു...പഠനത്തോടൊപ്പം ക്ലാസിക്കല്‍ ഡാന്‍സ് കൂടി പഠിക്കുന്നുണ്ട് ദയ.
ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കും.. ഇനി വല്ല ബന്ധുവീട്ടിലോ പരിചയക്കാരുടെ വീട്ടിലോ പ്രതീക്ഷിക്കാതെ പോവുകയാണെങ്കില്‍ അവിടെ അസുഖമുള്ളവര്‍ ആരുമില്ല എന്ന് ഉറപ്പിച്ച ശേഷം പോകും. അവളുടെ സുരക്ഷയെ കരുതി ചില മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട് എന്നല്ലാതെ, ഒരിടത്തുനിന്നും അവളെ മാറ്റിനിര്‍ത്തിയിട്ടില്ല...'' - മായ പറയുന്നു.
''യാത്ര അവള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.. അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ഞങ്ങള്‍ അവളെയും കൊണ്ടു യാത്ര പോവുന്നുണ്ട്. ദൂരയാത്രകള്‍ വരെ ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും പാചകം ചെയ്ത ഭക്ഷണം മാത്രമാണ് അവള്‍ക്ക് കൊടുക്കാറുള്ളത്. പാക്കറ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കൊടുക്കാറില്ല എന്ന് തന്നെ പറയാം. പിന്നെയുള്ളത് മൂന്നുമാസം കൂടുമ്പോഴുള്ള ചെക്കപ്പ് ആണ്...അത് കൃത്യമായി ചെയ്യും. സര്‍ജറിക്ക് ശേഷം ആജീവനാന്തം മെഡിസിന്‍; അതാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. പ്രതിരോധ ശേഷി കുറക്കുന്നതിനായി immuno suppressants വിഭാഗത്തില്‍പ്പെട്ട മരുന്നാണ് അവള്‍ സര്‍ജറി കഴിഞ്ഞതു മുതല്‍ കഴിച്ചോണ്ടിരിക്കുന്നത്...''- മായ കൂട്ടിച്ചേര്‍ക്കുന്നു.
ഇതിന് പുറമെ മറ്റു ചില കാരണങ്ങള്‍ കൊണ്ടുകൂടി കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ആവശ്യമായി വരാറുണ്ട്. മെറ്റാബോളിക് ലിവര്‍ ഡിസീസ് എന്ന ഗണത്തില്‍പെടുന്ന അസുഖങ്ങള്‍, ബൈലിയറി ആട്രീഷ്യ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. കുട്ടികള്‍ക്കായി കരള്‍ സ്വീകരിക്കുമ്പോള്‍ മുതിര്‍ന്നവരുടെ കരളിന്റെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ മാത്രമേ ആവശ്യമായി വരികയുള്ളൂ.

* * * 
ഏപ്രില്‍ 19 കരള്‍ രോഗ ദിനമാണ്. കരള്‍രോഗങ്ങള്‍ ഇന്ന് മലയാളികള്‍ക്കിടയില്‍ സര്‍വസാധാരണയായിക്കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ തെല്ലും  അതിശയോക്തിയില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍രോഗം. കരള്‍ മാറ്റിവെക്കലും അതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്നു. കരളുമായി ബന്ധപ്പെട്ട പല രോഗങ്ങളും നേരത്തെ തിരിച്ചറിയുന്നില്ല. മദ്യപാനികളില്‍ മാത്രം കാണപ്പെടുന്ന ഒരു രോഗമാണിത് എന്നാണ് കുറച്ചു മുമ്പുവരെ നമ്മളെല്ലാം കരുതിയിരുന്നത്. എന്നാല്‍ ചില മരുന്നുകളുടെ അമിതമായ ഉപയോഗം, മഞ്ഞപ്പിത്തം, അമിതവണ്ണം, പ്രമേഹം, ഫാസ്റ്റ്ഫുഡ് സംസ്‌കാരം, ശാരീരികാധ്വാനം ഇല്ലായ്മ എല്ലാം ലിവറിനെ ബാധിക്കാറുണ്ട്.

ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ 
നേരത്തെ തിരിച്ചറിയാം
ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലായ്മ, പുളിച്ചു തികട്ടല്‍, ഓക്കാനം, ഛര്‍ദി എന്നീ അവസ്ഥകള്‍ സ്ഥിരമായി ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തണം. ശരീരത്തിന്റെ പല ഭാഗത്തും നീര് വരുന്നത് മറ്റൊരു ലക്ഷണം. അത് കാലുകളിലാകാം, മുഖത്താകാം, വയറിന് താഴെയാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഇങ്ങനെ നീര് കാണുന്നതെങ്കില്‍ പെട്ടെന്ന് തന്നെ ചികിത്സ തേടണം.
പ്രതിരോധക്കുറവ്, ഇടയ്ക്കിടയ്ക്ക് വരുന്ന അസുഖങ്ങള്‍ എല്ലാം ചിലപ്പോള്‍ കരള്‍ രോഗത്തിന്റെ ലക്ഷണമായേക്കാം.
ശരീരം പെട്ടെന്ന് കാരണങ്ങളൊന്നുമില്ലാതെ മെലിയുക, മസിലുകളുടെ കട്ടി കുറയുക, ശരീരം മെലിയുകയും വയറ് വീര്‍ത്തിരിക്കുകയും ചെയ്യുക, കൈ കാലുകള്‍ മെലിഞ്ഞ് ശോഷിക്കുക തുടങ്ങിയവയൊക്കെ കരള്‍രോഗത്തിന്റെ തുടക്കമായേക്കാം.
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകള്‍. ചൊറിഞ്ഞ് മുറിവായി മാറുന്നുണ്ടെങ്കിലും സൂക്ഷിക്കണം. ശരീരത്തില്‍ ബിലിറുബിന്റെ അളവ് കൂടുതലാകുന്നതാണ് ഇതിന് കാരണം.. ബിലിറുബിന്റെ അളവ് കൂടുതലായാല്‍ മൂത്രത്തിലും കണ്ണിലും മഞ്ഞനിറം വരും.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ
വിജയകരമാണോ?
സങ്കീര്‍ണമായ ശസ്ത്രക്രിയയാണ്; വിജയിക്കുമോ, രോഗി രക്ഷപ്പെടുമോ എന്നിങ്ങനെ നൂറ് കൂട്ടം സംശയങ്ങളാണ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ളത്. രോഗം ഒരു സ്റ്റേജ് പിന്നിട്ടുപോയാല്‍ രോഗിയുടെ ജീവിതം തന്നെ അപകടത്തിലാവും. എന്നാല്‍, കരള്‍ മാറ്റിവെക്കുന്ന 90 ശതമാനം പേരും ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 70 ശതമാനത്തിലധികം പേരും 10 വര്‍ഷത്തിലധികം ആരോഗ്യപൂര്‍ണമായ ജീവിതം നിലനിര്‍ത്തുന്നവരുമാണ്.
കഡാവര്‍ ട്രാന്‍സ്പ്ലാന്റ്, ലൈവ് ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്നിങ്ങനെ രണ്ട് രീതിയിലാണ്  രോഗിക്ക് മാറ്റിവെക്കാനാവശ്യമായ കരള്‍ ലഭിക്കുന്നത്.  മസ്തിഷ്‌ക മരണം സംഭവിച്ചവര്‍ ഡോണറാകുന്നതാണ് കഡാവര്‍ ട്രാന്‍സ്പ്ലാന്റ്. അടുത്ത ബന്ധുക്കളാണ് ഡോണറെങ്കില്‍ ലൈവ് ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റും.  മസ്തിഷ്‌ക മരണങ്ങള്‍ ധാരാളം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെങ്കിലും ആ അവസ്ഥയില്‍ അവയവം ദാനം ചെയ്യുക എന്ന മാനസികാവസ്ഥയിലായിരിക്കില്ല ബന്ധുക്കള്‍. അതുകൊണ്ടുതന്നെ കഡാവര്‍ ട്രാന്‍സ്പ്ലാന്റിന് വേണ്ടി കാത്തുനില്‍ക്കുന്നത് പലപ്പോഴും പ്രായോഗികമാകില്ല. അവയവം ദാനം ചെയ്യണമെങ്കില്‍ മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കള്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇത് സര്‍ക്കാര്‍ സംവിധാനമാണ്. അവയവ ദാനത്തിന് സുതാര്യത ഉണ്ടാക്കാനാണ് ഇത്തരമൊരു സംവിധാനം.
സ്വയം സന്നദ്ധനായി വരുന്ന 18-55 വയസ്സിന് ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ വ്യക്തിയായിരിക്കണം ദാതാവ്. അടുത്ത ബന്ധുക്കളാണ് ലൈവ് ഡോണര്‍ ആകേണ്ടത്. ദാതാവിന്റെ കരളിന്റെ ആരോഗ്യം പരിശോധിച്ച് ദാനം ചെയ്താല്‍ ദാതാവിന് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും ദാതാവിനെ സര്‍ജറിക്ക് വിധേയമാക്കുക. സ്വയം വളരാന്‍ പ്രത്യേക കഴിവുള്ള അവയവമാണ് കരള്‍. അതുകൊണ്ടുതന്നെ കരളിന്റെ ഒരുഭാഗം ദാനം ചെയ്താലും വളരെ പെട്ടെന്ന് തന്നെ കരള്‍ അതിന്റെ പൂര്‍വരൂപം പ്രാപിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media