കേരളമേ, നിനക്കഭിനന്ദനം!
മാലിന്യസംസ്കരണ അടിയന്തര കര്‍മപദ്ധതിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.
കൊച്ചിയിലെ പുക നമ്മുടെ ഭരണശേഷിയിലെ പൊന്‍ തൂവലായിരിക്കുന്നു. സംശയം ബാക്കിയുള്ളവര്‍ വസ്തുതകള്‍ മനസ്സിലാക്കണം.
ബ്രഹ്മപുരി സാമ്രാജ്യത്തില്‍ എന്തോ പുകയുന്നുണ്ടെന്ന് ബുദ്ധിമാന്മാരായ അധികാരികള്‍ രണ്ടാം ദിവസം മനസ്സിലാക്കിയിരുന്നു. അഞ്ചു ദിവസം പുകഞ്ഞതോടെ, മാലിന്യ മലക്കടിയില് എവിടെയൊക്കെയോ തീയുണ്ടെന്നും ബുദ്ധിമാന്മാര്ക്ക് മനസ്സിലായി.
ഭരണനടപടികളില്‍ ശരവേഗമായതുകൊണ്ട്, രണ്ടു ദിവസം കൂടി കഴിഞ്ഞ ഉടനെ ക്രൈസിസ് മാനേജ്മെന്റ് ടീമിന്റെ യോഗം വിളിച്ചു.
ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, അടിയന്തര നടപടികള്‍ കൈക്കൊള്ളാനും അടിയന്തര കല്പന ഇറക്കാനും തീരുമാനമായി.
ആരും വീട്ടില്‍നിന്ന് പുറത്തിറങ്ങരുത്, പ്രതിഷേധ പ്രകടനങ്ങള്‍ നടത്തേണ്ടവര്‍ക്ക് അത് അടച്ചിരിപ്പു വീടുകള്‍ക്കുള്ളില്‍ നിര്‍വഹിക്കാം, കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം, കടകള്‍ തുറക്കരുത്, സ്കൂളുകള്‍ അടക്കണം എന്നിവയാണ് മാലിന്യസംസ്കരണ അടിയന്തര കര്‍മപദ്ധതിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ലോക്ക്ഡൗണ്‍ പ്രോട്ടോകോള്‍ മുന്‍പേ ഉണ്ടായിരുന്നത് പകര്‍ത്തി പുതിയ പദ്ധതിയില്‍ ചേര്‍ത്തു.
അതിനു പുറമെ, എല്ലാവരും വീട്ടില്‍തന്നെ കഴിയുന്നു എന്ന് ഉറപ്പു വരുത്താനുള്ള അധിക നിര്‍ദേശങ്ങളും കര്‍മരേഖയില്‍ ശ്രദ്ധാപൂര്‍വം ചേര്‍ത്തിട്ടുണ്ട്:
1. ടെലിവിഷന്‍ ചാനലുകള്‍ കഴിയുന്നത്ര സിനിമകള്‍ സംപ്രേഷണം ചെയ്യണം.
2. ചാനല്‍ കാഴ്ച മുടങ്ങാതിരിക്കാന്‍ 24 മണിക്കൂര്‍ വൈദ്യുതി വിതരണം ഉറപ്പുവരുത്തും.
3. കെ.എസ്.ഇ.ബിക്ക് ഇതുസംബന്ധിച്ച് അടിയന്തര നിര്‍ദേശം നല്‍കും.
4. മാലിന്യബാധയുള്ള ബ്രഹ്മപുരി സാമ്രാജ്യവും പ്രതിഷേധ സാധ്യതയുള്ള സമീപ സ്ഥലങ്ങളും പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
5. അധികൃതരുടെ ആരോഗ്യസുരക്ഷ ഈ ഘട്ടത്തില്‍ അതിപ്രധാനമായതിനാല്‍ തുടര്‍ന്നുള്ള യോഗങ്ങളും പ്രശ്നബാധിത പ്രദേശത്തുനിന്ന് അകലെയായിട്ടായിരിക്കും ചേരുക.
മറ്റൊരു പ്രതിസന്ധി അതിനിടെ രൂപപ്പെട്ടതും അതിവേഗം പരിഹരിച്ചതും എടുത്തുപറയണം. സന്ദര്‍ഭവശാല്‍ മാലിന്യനഗരത്തിലാണ് മേല്‍ക്കോടതി നിലകൊള്ളുന്നത്. ബഹു. കോടതിയുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ പതിഞ്ഞതിനാല്‍, ബഹു. കോടതി അടിയന്തര സ്വഭാവത്തില്‍ സ്വമേധയാ കേസെടുക്കുകയും സ്വമേധയാ കല്പനകള് ഇറക്കുകയും ചെയ്തതിനാല്‍, (പത്രഭാഷയില്‍) സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.
ശക്തമായ അടിയന്തര നടപടികളെടുക്കാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. ശക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ പേരു കേട്ടവരെന്ന നിലക്ക് അധികാരികള്‍ മുണ്ടും മാസ്കും മുറുക്കി രംഗത്തിറങ്ങി. ബ്രഹ്മപുരി സാമ്രാജ്യത്തിലെ തീയും പുകയുമണക്കാനുള്ള അടിന്തര മാര്‍ഗങ്ങള്‍ ആരായാനും സംവിധാനങ്ങള്‍ ഒരുക്കാനുമായി എന്തെല്ലാം ചെയ്യണമെന്നാലോചിക്കാന്‍ വേണ്ടി മാത്രം അടിയന്തര
സ്വഭാവത്തില്‍ ഒരു സമിതി രൂപവത്കരിച്ചുകൊണ്ട് അടിയന്തര ഉത്തരവിറക്കി. സമിതിയുടെ സിറ്റിങ്ങുകള്‍ എത്രയും വേഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു; സിറ്റിങ്ങുകള്‍ക്ക് സാധാരണ ബത്ത ബാധകമാകുമെന്നും അതില്‍ വ്യക്തമാക്കി.
രണ്ടുദിവസം കൊണ്ട് അടിയന്തരമായി യോഗം ചേര്‍ന്ന സമിതി, വിവിധ ഉപസമിതികള്‍ക്ക് രൂപം കൊടുത്തു. ഈ സമിതികള്‍ എത്രയും വേഗം യോഗം ചേര്‍ന്ന് മാലിന്യ പ്രതിസന്ധി തീര്‍ക്കുന്നതിനെപ്പറ്റി അടിയന്തര ശിപാര്‍ശകള്‍ സമര്‍പ്പിക്കും. അവയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ പ്രത്യേകമായൊരു
വിദഗ്ധസമിതിക്ക് എത്രയും വേഗം രൂപം നല്‍കാനും അടിയന്തര ആലോചനകള്‍ നടക്കുന്നുണ്ട്.
അതിനിടെ, പുക പത്താം ദിവസവും അടങ്ങാതെ ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രത്യേക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതോടെ പൊതുജനങ്ങളുടെ ആശങ്കകളെല്ലാം ദൂരീകരിക്കപ്പെട്ടതായി സര്‍ക്കാരിന് മനസ്സിലായി. അടിയന്തര നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ആശങ്കക്ക് അവകാശമില്ലെന്നും കുറിപ്പ് വ്യക്തമാക്കിയിരുന്നു.
ഹരിത ട്രൈബ്യൂണല്‍ അതിനിടെ പുക ഉയരുന്നത് ശ്രദ്ധിക്കുകയും അടിയന്തര വിശദീകരണം ചോദിച്ച് നോട്ടീസ് അയക്കുകയും ചെയ്തു. ജനക്ഷേമതല്പരരായ സര്‍ക്കാര്‍ കൂടുതല്‍ അടിയന്തര നടപടികളിലേക്ക് കടക്കാന്‍ അടിയന്തര തീരുമാനമെടുത്തു.
മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഉടന്‍ തന്നെ വ്യക്തവും ശക്തവുമായ ചട്ടങ്ങള്‍ തയാറാക്കി. മാലിന്യക്കൂമ്പാരം സംസ്കരിക്കാനായി
വര്‍ഷങ്ങള്‍ക്കു മുമ്പ് നല്കിയ കരാറനുസരിച്ച് പാലിക്കേണ്ടിയിരുന്നതും എന്നാല്‍ പാലിക്കാതിരുന്നതുമായ ചട്ടങ്ങള്‍ പഴയ കരാര്‍ പത്രത്തില്‍നിന്ന് പകര്‍ത്തേണ്ട സമയമേ വേണ്ടി വന്നുള്ളൂ എന്നതിനാല്‍ മികച്ച കാര്യക്ഷമതയോടെയാണ് അത് നടന്നത്.
70 ഏക്കറിലധികം സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചാല്‍ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതങ്ങളും അവയുടെ പരിഹാരങ്ങളും പഠിക്കാന്‍ ഒരു ഉന്നതതല വിദഗ്ധസമിതിയെ നിയോഗിക്കാനും നൂറിലധികം ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യത പഠിക്കാന്‍ വിദേശപര്യടനം ആസൂത്രണം ചെയ്യാനും ധാരണയായിട്ടുണ്ട്.
വരുംകാലത്തെ മുന്‍കൂട്ടിക്കണ്ട് പുകയെ ഉല്പന്നമായി പരിഗണിക്കാനും വിപണന സാധ്യത പഠിക്കാനും ആലോചിക്കുന്നു. ഇപ്പോള്‍ ബ്രഹ്മപുരം സാമ്രാജ്യത്തിലെ പുക ആഴ്ചകള്‍ കൊണ്ട് ഏറക്കുറെ സ്വയം അടങ്ങിയ സ്ഥിതിക്ക് അതിവേഗം പരിഹാരം കണ്ടതിലെ ആഹ്ലാദം പങ്കുവെക്കാനായി ജനസമ്പര്‍ക്ക യാത്രയും ആഘോഷയോഗങ്ങളും ആലോചനയിലുണ്ട്.
കേരളമേ, നിനക്കഭിനന്ദനം!