സായാഹ്ന പഠന ക്ലാസ്സ്
അഹ്മദ് ബഹ്ജത്ത്
ഏപ്രില്‍ 2023
പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ അഹമദ് ബഹ്ജത്തിന്റെ റമദാന് ഡയറിയിൽനിന്ന്
ഇന്ന് പള്ളിയിലെ മൊയ്ല്യാരോട് ഞാന്‍ ചോദിച്ചു:
''ബസ്സ് യാത്രക്കാര്‍ക്ക് നോമ്പ് മുറിക്കാമോ മൊയ്ല്യാരേ?''
മൊയ്ല്യാര് തലപ്പാവല്പം പിന്നോട്ട് നീക്കി തലയൊന്ന് ചൊറിഞ്ഞു. മുഖത്ത് ആലോചനയുടെയും ആശയക്കുഴപ്പത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടമായി. എന്നിട്ട് പറഞ്ഞു:
''ബസ്സില്‍ കയറാതിരിക്കലാണ് നല്ലത്... നിര്‍ബന്ധിതാവസ്ഥയില്‍ പന്നിമാംസം പടച്ചോന് ഹലാലാക്കിയിട്ടുണ്ട്. അതൊരു ഇളവാണ്. ബസ്സിന്റെ കാര്യത്തില്‍ വ്യക്തമായ പ്രമാണങ്ങളൊന്നുമില്ല. നടപ്പു രീതിയും ഇല്ല. ഏറിയാല്‍ അത്രയേ ഊഹിക്കാന്‍ പറ്റുന്നുള്ളൂ. അല്ലാഹു അഅ്ലം (കൂടുതല്‍ പടച്ചോനേ അറിയൂ). ഒരു പക്ഷേ, പന്നിമാംസം പോലെ ഇതിനും ഇളവുണ്ടായിക്കൂടായ്കയില്ല. വേണമെന്നുള്ളവര്‍ കയറിക്കോട്ടെ. സ്വന്തം ദീനിന്റെ പൂര്‍ണത ഉദ്ദേശിക്കുന്നവര്‍ ബസ്സ് യാത്ര വേണ്ടെന്ന് വെച്ചോട്ടെ.''
മൊയ്ല്യാര്ക്ക് പടച്ചോന്റെ ബര്‍ക്കത്ത് ഉണ്ടാകട്ടെ. പള്ളിയിലെ മാര്‍ബിള്‍ തൂണില്‍ പുറം ചാരിയിരുന്ന് ഞാന്‍ ചുറ്റുമുള്ള കാഴ്ചകളില്‍ മുഴുകി. ആളുകളൊക്കെ പള്ളിക്കകത്ത് പകലുറക്കത്തിലാണ്. കുറച്ചാളുകള്‍ പത്രം വായിക്കുന്നുണ്ട്. ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തില്‍ പള്ളികള്‍ ഉന്നത പഠന കേന്ദ്രങ്ങളായിരുന്നു. സമുദായത്തിലെ വ്യക്തികള്‍ക്ക് നേതൃഗുണം പകര്‍ന്ന് കൊടുക്കുന്ന കളരിയായിരുന്നു. പള്ളി പരിപാലകന് തന്റെ മുട്ടന്‍ വടിയുമായി ഉറങ്ങുന്നവര്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങാന്‍ തുടങ്ങി: 'ഹാജ്യാരേ എണീറ്റേ, മാഷേ എന്നീറ്റിരിക്കീ, സാറേ ഒന്ന് തലപൊക്കിയേ, എണീക്കെടാ ചെക്കാ''- ഓരോരുത്തരെയും തരാതരം പോലെ സ്ഥാനവും പ്രായവുമനുസരിച്ച് അയാള്‍ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നു.
നമസ്കാരസമയം ഏതാണ്ടടുത്തു കഴിഞ്ഞിരുന്നു. പത്രം എന്റെ കൈയില്‍ തന്നെയുണ്ട്. ഇതുവരെ ഒന്നും വായിച്ചു കഴിഞ്ഞിട്ടില്ല. പത്രത്തില്‍ മതവിഷയങ്ങള്ക്കായി നീക്കിവെച്ച പേജുകള്‍ ഞാന്‍ മറിച്ചു നോക്കാന്‍ തുടങ്ങി. റമദാന്റെ ബാലചന്ദ്രന് പ്രത്യക്ഷപ്പെട്ടതും, റമദാന് പാനീസുകള്‍ പോലെ പത്രങ്ങളില്‍ മതവിഷയങ്ങള്ക്കായുള്ള പേജുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. റമദാന് മാസത്തില്‍ പത്രങ്ങള്‍ നമ്മളെ സോപ്പിടാന്‍ തുടങ്ങും. അപ്പോള്‍ ഓരോ പത്രവും മതത്തിന് ഒരു പേജ് ഒഴിച്ചിടുന്നു. മതത്തിന്റെ ഒരു സീസണ്! ആ ശ്രേഷ്ഠ മാസം കഴിയുന്നതോടെ നമ്മളും അവരും പഴയ വാര്‍ത്തകളിലേക്കും സംഭവങ്ങളിലേക്കും തന്നെ മടങ്ങുന്നു. ഭാര്യയെ കഴുത്തറുത്ത ഭര്‍ത്താവിനെ കുറിച്ച റിപ്പോര്‍ട്ട്. പിതൃസഹോദരനെ ശ്വാസം മുട്ടിച്ചുകൊണ്ട് അയാളുടെ കരള്‍ ചവച്ച് തിന്ന സ്ത്രീയുടെ സംഭവം!
നമ്മളെ ഇമ്മട്ടില്‍ ദീന് പഠിപ്പിച്ചവര്‍ യഥാര്‍ഥത്തില്‍ നമ്മോട് ദ്രോഹമാണ് ചെയ്തത്. സെക്കന്ററി സ്കൂളിലെ മതപാഠ പിരിയഡുകള്‍ എനിക്ക് ഓര്‍മവരുന്നു. മതപഠന പീര്യഡായിരുന്നു ഏറ്റവും മധുരമനോഹരമായത്. ആറാമത്തെ പീര്യഡായിരുന്നു അത്. ഇരുപത്തഞ്ചാം മണിക്കൂര്‍ എന്ന് കേട്ടിട്ടുണ്ടോ? അതുപോലുള്ള ഒരു സാങ്കല്പിക മിഥ്യാ പീര്യഡായിരുന്നു ആറാമത്തെ പീര്യഡ്. തിന്ന് വയറ് നിറച്ച് ദഹനക്കേട് വന്നതിന് ശേഷമുള്ള അവസാനത്തെ പീര്യഡ്. മതം പഠിപ്പിക്കുന്ന ഉസ്താദ് ക്ലാസിലേക്ക് വരികയാണ്. ക്ലാസില്‍ പ്രവേശിച്ച ശേഷം മൂപ്പീന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നു: 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം'. എന്നിട്ട് അതിന്റെ താഴെ കുറിക്കും: 'മതപഠന പീര്യഡ്'. പിന്നെ മതപാഠ പുസ്തകം തുറക്കാന്‍ കല്പനയായി. എന്നിട്ടു പറയും: 'ഒച്ചയിട്ടാലുണ്ടല്ലോ പിരടിക്കിട്ട് കിട്ടും.'' അപ്പോള്‍ എല്ലാവരും മൗന വായനയില്‍ മുഴുകും.
അതോടെ തല മേശമേല്‍ ചായ്ച്ച് ഉസ്താദ് ഉറങ്ങുകയായി. അതാണ് മതപഠന പീര്യഡ്. എന്നുവെച്ചാല്‍ ഉറക്കത്തിന്റെയും കളിചിരികളുടെയും പീര്യഡ്. മതവുമായി ഒരു ബന്ധവുമില്ലാത്ത, കാക്കത്തൊള്ളായിരം കാര്യങ്ങള്‍ ചെയ്യാനുള്ള പീര്യഡ്. അപ്പോഴും ഉസ്താദ് ഗാഢനിദ്രയിലായിരിക്കും. ക്ലാസില്‍ ബഹളം കൂടി വന്നാല്‍ ഉസ്താദ് കണ്ണ് തുറന്ന് തല പൊക്കും. പിന്നെ ഞങ്ങളുടെ ബാപ്പാര്‍ക്ക് കിട്ടാത്ത ശാപശകാരങ്ങളുണ്ടാകില്ല. അപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരാകും. ഞങ്ങള്‍ നിശ്ശബ്ദരാകുന്നതോടെ ഉസ്താദ് അവര്‍കള്‍ വീണ്ടും ഉറക്കത്തിലേക്ക് വീഴും.
കൊല്ലാവസാനമാണ് ഏറ്റവും വലിയ രസം. മതവിഷയത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പത്തില്‍ പത്ത് മാര്‍ക്കും കിട്ടിയിട്ടുണ്ടാകും. മതം സര്‍ക്കാര്‍ നിശ്ചയിച്ച ഒരു പാഠ്യവിഷയമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടായിരുന്നില്ല. ദീനിന്റെ ചൈതന്യമുണര്ന്നാല് തങ്ങളുടെ കഥകഴിയുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടിട്ടുണ്ടാവുമെന്ന് തോന്നുന്നു. കാലം മുന്നോട്ടു പോയപ്പോള്‍ ദീനിനോടുള്ള നമ്മുടെ വീക്ഷണത്തിനും പുരോഗതിയുണ്ടായി. സ്കൂളുകളില്‍ അതൊരു അടിസ്ഥാന വിജ്ഞാന വിഷയമായിത്തീര്‍ന്നു. അതില്‍ പരീക്ഷയും ജയവും തോല്വിയുമൊക്കെയുണ്ടായി. അപ്പോഴും ദീനിന്റെ യാഥാര്‍ഥ്യത്തില്‍നിന്ന് ഞങ്ങള്‍ പൂര്‍ണമായും അകലത്തില്‍ തന്നെ തുടര്‍ന്നു. പ്രതിസന്ധികളിലല്ലാതെ ഞങ്ങള്‍ അല്ലാഹുവിനെ അഭയം തേടുകയില്ല. പരീക്ഷയുടെ തൊട്ടുമുമ്പല്ലാതെ ഞാന്‍ നമസ്കരിക്കാറുണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നം നേരിടുമ്പോഴൊക്കെ ഞാന്‍ അല്ലാഹുവിലേക്ക് ഉളറി. സുഖസുന്ദരമായ സമയങ്ങളിലോ- അതിന്റെ കഥ ചോദിക്കേ വേണ്ട. ഏതെങ്കിലും ഹമ്പില്‍ ചെന്ന് മുട്ടിയാല്‍ എന്റെ റബ്ബേ എന്ന് നിലവിളിക്കും. എന്തും കച്ചവടമായി കാണുന്ന ജൂതന്മാര് അല്ലാഹുവിനോട് പെരുമാറിയ പോലെ എത്ര തവണയാണ് നാം അല്ലാഹുവിനോട് പെരുമാറിയിട്ടുള്ളത്! പിച്ചക്കാരന്റെ കൈയില്‍ നമ്മള് ഒരു നാണയത്തുട്ട് ഇട്ടുകൊടുക്കും. എന്നിട്ട് റബ്ബേ, സ്വര്‍ഗത്തില്‍ എനിക്കൊരു കൊട്ടാരം തരേണമേ എന്ന് നമ്മള് പറയും. കൊട്ടാരമെന്നാല്‍ എങ്ങനത്തെ കൊട്ടാരം! അതിലെ ഓരോ അറയും കടലിന്നഭിമുഖമായിരിക്കണം. പാലും തേനുമൊഴുകുന്ന ആറുകള്‍ വശങ്ങളിലുണ്ടാകണം. എന്റെ മനോമുകുരത്തില്‍ *ബൈറം തൂനിസിയുടെ ചിത്രം തെളിഞ്ഞുവന്നു. ദൈവാരാധനാ വിഷയങ്ങളിലും സല്‍ക്കര്‍മങ്ങളിലും ജനം യഥാര്‍ഥ ലക്ഷ്യങ്ങളും താല്പര്യങ്ങളും മറച്ചുവെച്ച് ചെയ്യുന്ന കാട്ടിക്കൂട്ടലുകളെ കുറിച്ച് ഒരു കവിതയില്‍ അദ്ദേഹം രസകരമായി പ്രതിപാദിക്കുന്നുണ്ട്.
''നാഥാ, സൗന്ദര്യ സാര്വഭൗമാ
നാകത്തിനല്ല നരകം പേടിച്ചുമല്ല
നിന് പ്രീതിക്ക് മാത്രമല്ലോ
ദേവാ, ആരാധനകളത്രയും
എന്ത് ചൊല്ലട്ടെ ഈ ജനമൊക്കെയും
ഹന്ത ഞാനും.
നമസ്കാരത്തിന് അണിനിരക്കാന്‍ ഇനി ഏറെ താമസമില്ല. ഞാന്‍ മസ്ജിദില്‍ തന്നെ കെട്ടിവരിഞ്ഞ് ഇരിക്കയാണ്. 'ഖമറുദ്ദീൻ റോളു'1മായി മസ്ജിദില്‍ എത്താമെന്നാണ് യൂസുഫ് ഏറ്റത്. അവന് എന്തുപറ്റി ആവോ! അവന് അത് കൊണ്ടുവരുമോ? അതോ എന്റെ സൗഭാഗ്യവതിയുടെയും കൊളന്തകളുടെയും മുന്നില്‍ എന്നെ അവന് നുണയനാക്കുമോ? ഞാന്‍ ദൈവത്തില്‍ ശരണം തേടി മസ്ജിദിലെ വലിയ ശരറാന്തലിന്റെ ക്രിസ്റ്റല്‍ ഞാത്തുകള്‍ എണ്ണിത്തുടങ്ങി... അങ്ങനെ നോമ്പിന്റെ കാഠിന്യം കുറക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനിടെ ഞാന്‍ മയക്കത്തില്‍ വഴുതിവീണു. എത്ര സമയം ഉറങ്ങി എന്നറിയില്ല. എപ്പോഴാണ് മനുഷ്യന് ഉറക്കത്തിന്റെ പാതാളത്തില്‍ വീഴുന്നത്? ഒരാള്‍ ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണുന്നതിന്റെ രഹസ്യമെന്തായിരിക്കും? ഇതൊന്നും എനിക്കറിഞ്ഞുകൂടാ. ആകപ്പാടെ അറിയുന്നത് ഒന്ന് മാത്രം. ഞാനൊരു വിചിത്രമായ സ്വപ്നം കണ്ടു. രണ്ടു പങ്കായങ്ങളുള്ള ഒരു യാനപാത്രത്തില് കയറിയിരിക്കയാണ്; പഞ്ചാരകൊണ്ട് ഉണ്ടാക്കിയ പങ്കായങ്ങള്‍. പങ്കായങ്ങള്‍ തുഴഞ്ഞ് കടും നീലനിറത്തിലുള്ള ജലപ്പരപ്പിലൂടെ മുന്നോട്ടു പോവുകയാണ്. പങ്കായങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉപ്പ്വെള്ളത്തില്‍ അലിഞ്ഞു പോയി. വഞ്ചി വെള്ളത്തിന്റെ അടിത്തട്ടിലേക്ക് താണു. അടിത്തട്ടില്‍നിന്ന് ഒരു മീന്‍ വഞ്ചിയിലേക്ക് ചാടിവീണു. ഞാന്‍ പേടിച്ച് നിലവിളിച്ചുപോയി... അപ്പോള്‍ മീന്‍ പറയുകയാണ്. നീ അവളുടെ കാര്യത്തില്‍ കുറ്റവാളിയാണ്.'' മീന്‍ വാലുചുഴറ്റി മറുകരയിലേക്ക് ചൂണ്ടിക്കാണിച്ചു. അപ്പോഴതാ മറുകരയില്‍ എന്റെ കെട്ടിയോള് നില്ക്കുന്നു. അവള് കരയുകയാണ്. ഖമറുദ്ദീന് റോള്‍ കൊണ്ടുകൊടുക്കുകയാണ് അവളുടെ ആവശ്യം. സമുദ്രത്തിലെ മീനുകളെല്ലാം അവളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരയുകയാണ്. അതിനിടെ നിലവിളിച്ച്കൊണ്ടു വലിയൊരു മുതല പ്രത്യക്ഷപ്പെട്ടു: 'എന്തുകൊണ്ടാണ് നീ അവള്‍ക്ക് ഖമറുദ്ദീന് കൊണ്ടുകൊടുക്കാത്തത്? എന്തുകൊണ്ട്?... നിന്റെ ഭാര്യയല്ലേ അവള്?... എല്ലാം ക്ഷമിച്ചു സഹിക്കുന്ന നിഷ്കളങ്ക...'' ഇതും പറഞ്ഞു മുതലച്ചാര് കണ്ണീരൊലിപ്പിക്കാന്‍ തുടങ്ങി... ഈ മുതലയെ ഉപ്പുകടലിലെത്തിച്ചത് എന്താണാവോ? മുഴുവന്‍ മീനുകളും കരയാന്‍ തുടങ്ങിയതോടെ കടല്‍വെള്ളം പൊങ്ങുകയും ഒപ്പം ഞാനും ഉപരിതലത്തിലേക്ക് പൊങ്ങിവരാന്‍ തുടങ്ങുകയും ചെയ്തു. ഹാസല്നട്ടുകളുടെയും ആല്മോണ്ടിന്റെയും ഭീകരമായൊരു തിരയടിച്ചു. ആയിരക്കണക്കില്‍ ഹാസല്നട്ടുകളും ആല്മോണ്ടും എന്നെ പ്രഹരിച്ചു. ആപ്രിക്കോട്ടിന്റെയും ഉണക്കമുന്തിരിയുടെയും മറ്റൊരു തിരയടിച്ചു. അതിന്റെ പ്രഹരത്തില്‍ എന്റെ തല നീര് വന്ന് വീങ്ങി... കറുത്ത ഭീകരന് പ്ലമ്മുകളാല് കടല്‍ നിറഞ്ഞു. ഞാന്‍ പേടിച്ചു നിലവിളിച്ചു... എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി.... ഒരു ഭീകരകരം എന്നെ വലിച്ചെടുത്ത് വിഷാദഭരിതമായ അന്തരീക്ഷത്തിലേക്ക് എറിഞ്ഞു.
അപ്പോള്‍ ഒരു ശബ്ദം പറഞ്ഞു:
'ഇവനെ പരീക്ഷിക്കുക.''
''ഖത്വാഇഫ് 2 ഉണ്ടാക്കുന്നത് എന്തില്‍നിന്നാണ്?
മറുപടി പറയുമ്പോള്‍ എന്റെ അധരങ്ങള്‍ വിറച്ചു: 'ഖത്വാഇഫ് ഉണ്ടാക്കുന്നത് ഖത്വാഇഫില്നിന്ന് തന്നെ.''
ശബ്ദം പറഞ്ഞു: തെറ്റ്. പനീര്‍ വെള്ളം ചാലിച്ചു കുഴമ്പുരൂപത്തിലാക്കിയ ധാന്യത്തില്‍ നിന്നാണത് ഉണ്ടാക്കുന്നത്.''
''എന്തുകൊണ്ടാണ് അതിന് ഖത്വാഇഫ് എന്ന് പേര് കിട്ടിയത്.''
''എനിക്കറിയാന്‍ മേല.'' ഞാന്‍ പറഞ്ഞു.
ശബ്ദം: ഖത്വാഇഫ് എന്ന് പേര് വരാന്‍ കാരണം 'ഖത്വാഇഫ്' എന്ന വാക്കിന് 'ഖത്വീഫ'3 എന്ന വാക്കിനോട് വളരെ സാദൃശ്യമുള്ളതുകൊണ്ടാണ്. വളരെ മിനുസവും രസവുമുള്ളതുകൊണ്ട്.
പരീക്ഷ നടത്തുന്ന ശബ്ദം പറഞ്ഞു: 'നിന്റെ അവസരം കഴിഞ്ഞു.''
പിന്നെ ഉത്തരവായി: ഇവനെ ആയിരം കുനാഫ4 പ്ലേറ്റ് കൊണ്ട് പ്രഹരിക്കുക.
എന്റെ തലയില്‍ കുനാഫ സാണുകള് തുരുതുരാ ചൊരിയാന്‍ തുടങ്ങി. എനിക്ക് ശ്വാസം മുട്ടി... പിന്നെ പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു. ഞാന്‍ കാല് മണിക്കൂര്‍ പോലും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അതിനിടക്ക് ഇക്കണ്ട സ്വപ്നങ്ങളത്രയും എങ്ങനെയാണു കാണാന്‍ കഴിഞ്ഞത്.... ഞാന്‍ ദൈവത്തില്‍ ശരണം തേടി. ഉണര്‍ന്നതോടെ സായാഹ്ന പഠന ക്ലാസില്‍ ചെന്നിരുന്നു.
വിവ: വി.എ.കെ
*ബൈറം തുനീസി: തുനീഷ്യന്‍ വേരുകളുള്ള ഈജിപ്ഷ്യന്‍ കവി.
1 ഖമറുദ്ദീന്: ഒരു ഈജിപ്ഷ്യന്‍ റമദാന് വിഭവം
2 ഖത്വാഇഫ്: ഒരു ഈജിപ്ഷ്യന്‍ റമദാന് അപ്പം
3 ഖത്വീഫ: വെല്‍വെറ്റ്
4 കുനാഫ: ഒരുതരം മധുര പലഹാരം