ഭക്ഷണം ആവശ്യത്തിന് മതി

കെ. കെ ഫാത്തിമ സുഹറ
ഏപ്രില്‍ 2023
പരിശുദ്ധ റമദാന്‍ പശ് ചാത്തലത്തില്‍ ഭക്ഷണം സംബന്ധിച്ച ചില ചിന്താശകലങ്ങള്‍

ഭക്ഷണ പാനീയങ്ങള്‍ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. വൈവിധ്യമാര്‍ന്ന ഇനങ്ങളിലും രുചികളിലും ഗുണങ്ങളിലുമുള്ള ഭക്ഷ്യവസ്തുക്കള്‍ അല്ലാഹു മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. അവ ആസ്വാദ്യകരമാക്കുകയും അവയോട് ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്ത് മനുഷ്യന് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിരോധിക്കുകയുമാണ് ചെയ്തത്. ജീവിതത്തിലെ ആസ്വാദനങ്ങള്‍ പരിധികള്‍ നിശ്ചയിച്ചുകൊണ്ട് അനുവദനീയമാക്കുകയും ചെയ്തു.
ഖുര്‍ആനും സുന്നത്തും നിശ്ചയിച്ച പരിധികള്‍ ലംഘിക്കുന്നതാണ് ദുര്‍വ്യയവും അമിതത്വവും. ഭക്ഷണത്തിന്റെ കാര്യത്തിലായാലും അങ്ങനെത്തന്നെ. ഭക്ഷണം അമിതമാകരുതെന്ന് ഖുര്‍ആനും സുന്നത്തും ധാരാളം താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുവിന്‍, എന്നാല്‍ അമിതമാകരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (7:31).
   ആമാശയത്തിന്റെ ആസക്തിയാകുന്നു ഏറ്റവും നാശം. ഒട്ടേറെ ശാരീരികമാനസിക രോഗങ്ങളുടെ കാരണവും അതു തന്നെ. അമിതവും അനിയന്ത്രിതവുമായി ആമാശയം നിറക്കുന്നതാണ് പല ജീവിത ശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്നത്. ശാരീരിക രോഗങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം  മാനസികാവസ്ഥയെക്കൂടി അത് ബാധിക്കുന്നു. കഴിവുകളെ മന്ദീഭവിപ്പിക്കുകയും നമസ്‌കാരം പോലുള്ള ആരാധനകളില്‍ ആലസ്യം ഉണ്ടാക്കുകയും  ചെയ്യുന്നു.
    നബി(സ) ഭക്ഷണ  ദുര്‍വ്യയത്തിനെതിരെയും ആമാശയം അമിതമായി നിറക്കുന്നതിനെതിരെയും താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണം എത്ര അളവില്‍ കഴിക്കണം എന്ന് കൃത്യമായി നിര്‍ണയിച്ചു. നബി(സ) പറയുന്നു: 'ഒരു മനുഷ്യനും ആമാശയത്തെക്കാള്‍ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദം സന്തതിക്ക് നട്ടെല്ല് നിവര്‍ന്നു നില്‍ക്കാനുള്ള ആഹാരം മാത്രം മതിയാകുന്നതാണ്. അത് അനിവാര്യമെങ്കില്‍, ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് ശ്വസനത്തിനും.'' മിത ഭക്ഷണം ഒരു വ്യക്തിയുടെ ധാര്‍മിക ഗുണങ്ങളിലൊന്നും അമിതാഹാരം അതിന്നെതിരുമാണ്. നബി(സ) പറയുന്നു: 'ആര്‍ ഭക്ഷണം കുറക്കുന്നുവോ അവന്റെ ശരീരം ആരോഗ്യമുള്ളതാകുന്നു. ആര്‍ ഭക്ഷണം വര്‍ധിപ്പിക്കുന്നുവോ അവന്റെ ആമാശയം രോഗബാധിതമാവുകയും ഹൃദയം കഠിനമാവുകയും ചെയ്യുന്നു.'' നബി(സ) പറയുന്നു: 'ഇഛിക്കുന്നതെല്ലാം ഭക്ഷിക്കുകയെന്നത് അമിതത്വമാണ്.''
റൊട്ടിയും മാംസവും കഴിച്ച് അടുത്തു വന്നു ഏമ്പക്കമിട്ട അബൂ ജുഹൈഫ(റ)വിനോട് നബി(സ) പറഞ്ഞു: 'ഇഹലോകത്ത് ഏറ്റവും കൂടുതല്‍ വയര്‍ നിറക്കുന്ന മനുഷ്യന്‍ പുനരുത്ഥാന ദിവസം ഏറ്റവും കൂടുതല്‍ വിശക്കുന്നവനായിരിക്കും.'' ഇതിനു ശേഷം അബൂ ജുഹൈഫ (റ) മരണം വരെ വയര്‍ നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ല. ഉച്ചഭക്ഷണം കഴിച്ചാല്‍ രാത്രി ഭക്ഷണം കഴിക്കുമായിരുന്നില്ല. രാത്രി ഭക്ഷണം കഴിച്ചാല്‍ ഉച്ചഭക്ഷണവു൦.
ലുഖ്മാനുല്‍ ഹകീം തന്റെ മകനെ ഉപദേശിക്കുന്നു: 'എന്റെ മകനേ, നീ വയര്‍ നിറച്ചാല്‍ നിന്റെ ചിന്താശക്തി മന്ദീഭവിക്കുന്നു, നിന്റെ വിവേകം മൂകമാകുന്നു, ആരാധനകള്‍ക്ക് നിന്റെ അവയവങ്ങള്‍ വഴങ്ങാതാകുന്നു.''
ഉമര്‍ (റ) പറയുന്നു: 'ആര്‍ ഭക്ഷണം വര്‍ധിപ്പിക്കുന്നുവോ, അവന്‍ ദൈവസ്മരണയില്‍ ആനന്ദം കണ്ടെത്തുകയില്ല.''
ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു: 'വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത് മനുഷ്യനെ ദൈവസ്മരണയില്‍ നിന്ന് അശ്രദ്ധനാക്കുന്നു. ഹൃദയം ദൈവസ്മരണയില്‍നിന്നും അശ്രദ്ധമായാല്‍ പിശാച് അവനില്‍ ആധിപത്യം സ്ഥാപിക്കുകയും അവനെ വ്യാമോഹിപ്പിച്ചും അവനില്‍ ആഗ്രഹങ്ങള്‍ ജനിപ്പിച്ചും പിശാച് ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് അവനുമായി ചുറ്റിക്കറങ്ങുകയും ചെയ്യുന്നു.''
പരിശുദ്ധ റമദാന്‍ ആഗതമായ പശ്ചാത്തലത്തിലാണ് ഭക്ഷണം സംബന്ധിച്ച ചില ചിന്താശകലങ്ങള്‍ ഇവിടെ കുറിക്കുന്നത്. പരിശുദ്ധ റമദാന്‍ ഭക്ഷണ പാനീയങ്ങള്‍ നിയന്ത്രിക്കാനും ക്രമീകരിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ അവസരമാകുന്നു. പരിശുദ്ധ റമദാനില്‍ ഒരു സത്യവിശ്വാസി തന്റെ ഭക്ഷണവും ഭോഗാസക്തികളും നിയന്ത്രിക്കുക വഴി തന്റെ തഖ്‌വയെ ഉന്നതാവസ്ഥയിലേക്ക് വളര്‍ത്തുന്നു. നോമ്പുകാലത്തും അല്ലാത്തപ്പോഴും മിതവും ലളിതവുമായ ഭക്ഷണ ശൈലിയാണ് ഒരു വിശ്വാസി ശീലിക്കേണ്ടതും നിലനിര്‍ത്തേണ്ടതും. അതല്ലെങ്കില്‍ നോമ്പിന്റെ ചൈതന്യം നഷ്ടപ്പെടും.
സാധാരണ മാസങ്ങളില്‍ ഒരു കുടുംബത്തിന് ആവശ്യമായി വരുന്ന ഭക്ഷ്യവിഭവങ്ങളെക്കാള്‍ കുറഞ്ഞ അളവ് മാത്രമേ റമദാന്‍ മാസത്തില്‍ ആവശ്യമായി വരികയുള്ളൂ.
എന്നാല്‍, ഇതല്ല നിലവിലെ അവസ്ഥ. റമദാന്‍ മാസത്തില്‍ മറ്റു മാസങ്ങളില്‍ ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ ഭക്ഷ്യവിഭവങ്ങളാണ് ഉപയോഗിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് റമദാന്‍ മാസത്തില്‍ ഒരുക്കുന്നത്. ഇതെല്ലാം അമിതമായി ഭക്ഷിച്ചു ഇശാ, തറാവീഹ് നമസ്‌കാരങ്ങളില്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയിലേക്ക് എത്തുന്നു. റസ്റ്റോറന്റുകളുടെയും കഫ്റ്റീരിയകളുടെയും മുന്നില്‍ വൈകുന്നേരമാകുമ്പോഴേക്കും വിവിധ തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. പത്രമാസികകളില്‍ റമദാന്‍ സ്‌പെഷ്യല്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ പരസ്യങ്ങളും വിവിധ തരത്തിലുള്ള പാചകക്രമങ്ങളും പ്രത്യക്ഷപ്പെടുന്നു. നോമ്പ് തുറകളുടെ പേരില്‍ പല സ്ഥലങ്ങളിലും ഭക്ഷ്യമേളകളാണ് നടക്കുന്നത്. ഇതെല്ലാം കാണുന്ന ഇതര മതസ്ഥര്‍ക്ക് റമദാന്‍ മാസം തീറ്റയുടെ മാസമായാണ് അനുഭവപ്പെടുക. ഒരു അറബി കവി പാടിയത് എത്ര വാസ്തവം: 'തീന്മേശകള്‍ ഭക്ഷണത്തളികകളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും ഭാരത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് പരിശുദ്ധ റമദാന്‍ കടന്നുപോകുന്നു.''
ഒരു സത്യവിശ്വാസിക്ക് എല്ലാ കാര്യങ്ങളിലും തര്‍ബിയത്ത് ആവശ്യമുള്ളതുപോലെ ഭക്ഷണ കാര്യത്തിലും സവിശേഷമായ തര്‍ബിയത്ത് ആവശ്യമാണ്. ഖുര്‍ആനിന്റെയും തിരുവചനങ്ങളുടെയും ശാസനകള്‍ ഉള്‍ക്കൊണ്ട് ഈ പരിശുദ്ധ റമദാനില്‍ ഭക്ഷണ ക്രമത്തിലുള്ള ഒരു തര്‍ബിയത്ത് നേടിയെടുക്കാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അത് നിലനിര്‍ത്തുവാനും നാം തയാറാവുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media