മുന്‍ മന്ത്രിയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന തോമസ് ഐസക്ക് ആരാമത്തോട്
'ശാസ്ത്രം ജയിച്ചു, മനുഷ്യന് തോറ്റു' എന്ന പേരില്‍ ഒരു സിനിമ വന്നിരുന്നു, ഉദ്ദേശം മുപ്പത്തഞ്ച് കൊല്ലം മുമ്പ്. ആ സിനിമ കണ്ടവര്‍ 'മനുഷ്യനിര്‍മിതമാണ് ശാസ്ത്രം' എന്നുള്ളതിനാല്‍ ശാസ്ത്രീയ ഗവേഷണങ്ങളെക്കാളേറെ മനുഷ്യ വിഭവ സമാഹരണത്തിനാണ് അതായത്, മനുഷ്യന്നാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് വാദിക്കുകയുണ്ടായി. ഇതുകേട്ട് എന്നെപ്പോലുള്ളവര്‍ 'ശാശ്വതമെന്നുണ്ടെങ്കില് അത് ഈശ്വര ചിന്തയാണ്' എന്നും ആ അദൃശ്യശക്തി മുന്നോട്ട് നയിക്കുന്നതുകൊണ്ടാണ് ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങള്‍ വിജയിക്കുന്നതെന്നും വിശ്വസിച്ചു. ആ വിശ്വാസം അന്ധവിശ്വാസമല്ല. മറിച്ച്, ആത്മവിശ്വാസമാണ്. അവനവനെ വിശ്വാസമുള്ളയാള്‍ക്കേ മറ്റുള്ളവരെ വിശ്വസിക്കാനാവൂ. പ്രസ്തുത ചിന്ത ഒരു വ്യക്തിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു എന്നതൊരു യാഥാര്‍ഥ്യം. എന്നാല്‍, നവ കേരളം സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന്റെ അകമ്പടി കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഇക്കണോമിസ്റ്റായ തോമസ് ഐസക്ക്.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ജനങ്ങള്‍ കാലക്രമേണ മറന്നുപോയോ എന്ന ശങ്ക, സ്വാഭാവികമായും ഭരണത്തിന്റെ പോക്ക് കണ്ടാല്‍ തോന്നും എന്ന എന്റെ വിമര്‍ശനം സദുദ്ദേശ്യത്തോടെ എടുക്കണമെന്ന ആമുഖത്തോടെയാണ് സംസാരം ആരംഭിച്ചത്.
*കേരള വികസനമെന്നാല്‍ കേരള ജനതയുടെ ധാര്‍മികവും മാനസികവുമായ ഉന്നമനം കൂടി ലക്ഷ്യമാക്കേണ്ടതാണ്. കേരളത്തിനൊരു നവ നിര്‍മാണം വേണമെന്ന ശാഠ്യം ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരള ജനതക്ക് എത്രത്തോളം ഉപകരിക്കും? ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ എത്തിക്കുന്നതില്‍ വിജയം വരിച്ച ഡോ. തോമസ് ഐസക്കിന് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ട്? *
ഇന്ത്യ ഒരു ഫെഡറല്‍ അടിത്തറയുള്ള രാജ്യമാണ്. കേരളമാകട്ടെ ജനാധിപത്യ സംവിധാനത്തിന് പ്രസിദ്ധവും. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പ്രധാനി. ഫെഡറല്‍ സംവിധാനത്തിന് 'സുപ്പീരിയര്‍ ഓഫീസേഴ്സ്' ഇല്ല. ഭൗതികനേട്ടം മാത്രമല്ല ഈ ഫെഡറല്‍ സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതായത്, ഫെഡറല്‍ സംവിധാനത്തിന്റെ വികസനത്തിന് കേവലം ഭൗതിക നേട്ടങ്ങള്‍ ചര്‍ച്ച ചെയ്തതുകൊണ്ടായില്ല. 'ഏട്ടിലെ പശു പുല്ല് തിന്നില്ല' എന്നൊരു ചൊല്ലില്ലേ? അതുതന്നെയാണ് ഇന്നത്തെ കേരളത്തിന്റെ ശോചനീയാവസ്ഥക്ക് കാരണം.
*എന്താണ് താങ്കള്‍ മുന്നോട്ടു വെക്കുന്ന നവ കേരള സങ്കല്‍പ്പം?
സാധാരണ ജനങ്ങള്‍ക്ക് നല്ല കൂലിയിലൂടെ, മികച്ച സൗകര്യങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുക എന്നതാണ് നവ കേരള സങ്കല്പം. കേവലം നിര്‍ധനര്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുത്തതുകൊണ്ടോ വാഗ്ദാനം ചെയ്തതുകൊണ്ടോ ആയില്ല. *
ഉല്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിച്ചില്ലെങ്കില്‍ എങ്ങനെയാണ് നേട്ടങ്ങള്‍ ഉണ്ടാവുക? നമ്മുടെ കാര്‍ഷിക നിയമഭേദഗതി ശ്രദ്ധിച്ചപ്പോള്‍ ഒരു ഹരിത വിപ്ലവത്തിന്റെ ഭേദഗതിയാണ് ഓര്‍ത്തത്. റബര്‍ ബോര്‍ഡിന്റെ പ്രസക്തി ഏറി വരികയാണ്. വ്യവസായ പാര്‍ക്കുകളില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ (ഐ.ടി) മാറ്റിനിര്‍ത്തിയാല്‍ വെറും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് അല്ലേ?
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തദനുസൃതമായ ഉദ്യോഗം വേണം എന്ന് ആദ്യമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പറഞ്ഞത്. വിജ്ഞാനാധിഷ്ഠിത വികസനം സാധ്യമാവുന്നതിന് പ്രധാന പ്രശ്നം ജനങ്ങളെ അണിനിരത്തലാണ്. ഗ്രാമസഭ പ്രാവര്‍ത്തികമാകണമെങ്കില്‍ അയല്‍ക്കൂട്ടം കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പാടശേഖര സമിതിയുണ്ടല്ലോ, പ്രസ്തുത സമിതി വേണ്ടവിധം സജ്ജമാകണം. പാടശേഖരങ്ങളില്‍ ഉള്‍പ്പെട്ട കുന്നിന് ചെരിവുകള്‍ പരിപാലിക്കണം. എങ്കിലേ വെള്ളമുണ്ടാകൂ. അല്ലാതെ കൃഷി അസാധ്യമാണ്. 'യൂട്ടിലൈസേഷന്‍ ഓഫ് സ്പെയ്സ് ഈസ് എസ്സെന്‍ഷ്യല്‍.' ചില പഞ്ചായത്തുകള്‍ നന്നാവില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, കേരളം നന്നാവണമെന്നാഗ്രഹിക്കുന്ന നല്ലൊരു ശതമാനം ആളുകളുണ്ട്. അവരോടൊപ്പം നിന്ന് വര്‍ക്ക് ചെയ്യേണ്ടിയിരിക്കുന്നു. ഗ്രാമസഭയിലെ പ്രാതിനിധ്യം, വാര്‍ഡിലെ എല്ലാ വീടുകളില്‍ നിന്നുമുള്ള പ്രതിനിധികളുണ്ടോ എന്ന് ഉറപ്പ് വരുത്തുക മെമ്പറുടെ (കൗണ്‍സിലറുടെ) കര്‍ത്തവ്യമാണ്. സാമൂഹിക ഇടപെടലുകള്‍ ജനകീയാസൂത്രണത്തെ രൂപപ്പെടുത്തുന്നതില്‍ എങ്ങനെ പങ്കുവഹിച്ച് വിജയകരമായി പ്രവര്‍ത്തിക്കാമെന്ന് പരിശോധിക്കണം.
ഇന്നത്തെ കേരളത്തിന്റെ പാക്കേജില്‍ ഉദ്ദേശിച്ച കണക്കുകൂട്ടലുകള്‍ തെറ്റിയോ എന്ന് വിശ്വസിക്കുന്നവര്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും നവ കേരളത്തിന് ശാസ്ത്ര പുരോഗതി അനിവാര്യമാണെന്ന യാഥാര്‍ഥ്യവും അംഗീകരിക്കും എന്നതില്‍ സംശയമില്ല എന്നാണ് ഹ്രസ്വമായി പറഞ്ഞു നിര്‍ത്തിയ ആ സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്.