നല്ല മാതൃകയുണ്ടോ, സ്വീകാര്യതയുണ്ട്
കാലത്തോടും ലോകത്തോടും സാധ്യതകളോടും സംവദിക്കുമ്പോള്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൂടേ, അതിനോടൊപ്പം സഞ്ചരിക്കുമ്പോഴല്ലേ മറ്റുള്ളവര്‍ അംഗീകരിക്കൂ..
തന്റെ അനുസരണയുള്ള ദാസന്മാരെക്കുറിച്ച ദൈവത്തിന്റെ വചനം, അവര്‍ മിതത്വം പാലിക്കുന്നവരാണ് എന്നാണ്. ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും ആനന്ദത്തിനും ആഘോഷത്തിനും ആഹ്ളാദത്തിനും ഒന്നും ദൈവത്തോടുള്ള സമര്‍പ്പണം തടസ്സമല്ല. അന്യന് അലോസരമുണ്ടാക്കാത്തതെല്ലാം മനസ്സറിഞ്ഞനുഭവിക്കാന് അനുവാദമുണ്ട്. ദൈവത്തിലേക്കടുക്കുന്ന ആരാധനപോലും അതിരുകടക്കേണ്ടതില്ലെന്നാണല്ലോ.
കാലത്തോടും ലോകത്തോടും സാധ്യതകളോടും സംവദിക്കുമ്പോള്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്തുകൂടേ, അതിനോടൊപ്പം സഞ്ചരിക്കുമ്പോഴല്ലേ മറ്റുള്ളവര്‍ അംഗീകരിക്കൂ... എന്ന ചോദ്യം ചിലപ്പോള്‍ മനസ്സിലുയരാം. അതിരുകള്‍ നിര്‍ണയിക്കപ്പെട്ട സൗഹൃദങ്ങളുടെ അതിരുകള്‍ ഭേദിക്കാന്‍ മനസ്സൊന്നു വെമ്പും. അടുക്കുക പോലും ചെയ്യരുതെന്നു കല്‍പ്പിച്ച അധര്മങ്ങളിലേക്കൊന്നു എത്തിനോക്കാന്‍ കൊതിവരും. വേണ്ടായെന്നു പറഞ്ഞ ഇടപാടുകള്‍ നടത്താനും കൊടുക്കാനും വാങ്ങാനും കൈയൊന്നു നീട്ടും. ഇതൊന്നുമില്ലെങ്കില്‍ പുരോഗമനക്കാരുടെ കൂട്ടത്തില്‍ നിന്ന് പുറന്തള്ളപ്പെടുമോ എന്നൊരു ശങ്കയുണ്ടാകും. പക്ഷേ, അതു വേണ്ട, കളിയും ചിരിയും ആനന്ദവും ആഘോഷവും അനുഭവിക്കാന്‍ അവസരം തന്നൊരു നാഥനുണ്ട്; അവനെ മറക്കണ്ടായെന്ന് മനസ്സിനൊരുറപ്പു കൊടുത്താല്‍ പിന്നൊന്നും പ്രശ്നമല്ല. കൂടെയുണ്ടാവും അവനെന്നും.
അതിനു നാം സാക്ഷിയായി. വംശീയതക്കും വിഭാഗീയതക്കും സ്ഥാനമില്ലെന്നും, ഒരൊറ്റ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് ലോകജനതയൊന്നാകെ സൃഷ്ടിക്കപ്പെട്ടതെന്നുമുള്ള ഉജ്ജ്വല ദൈവിക സന്ദേശം കൈമാറിക്കൊണ്ടായിരുന്നു രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന കാല്‍പ്പന്തുകളിക്ക് ആരവമുയര്‍ന്നത്. സന്തോഷത്തിനു അകമ്പടി മദ്യമാണെന്നും ലൈംഗിക അരാജകത്വമാണ് സൗഹൃദത്തിന്റെ അളവുകോലെന്നും നിനച്ചവരോട് മണിക്കൂറുകള്‍ മാത്രം അതുപേക്ഷിക്കൂ എന്ന് ദൈവത്തെ മുന്‍നിറുത്തി പറഞ്ഞപ്പോള്‍ അനുസരണയോടെ കേള്‍ക്കേണ്ടി വന്നു. ആരവങ്ങളുയരുന്നിടത്ത് ഭയമില്ലാതെ പെണ്ണിനും കുടുംബത്തിനുമൊപ്പം ഇരിക്കാന്‍ കഴിഞ്ഞു. മദ്യത്തിലും മദിരാക്ഷിയിലും ആറാടിയ ആറാം നൂറ്റാണ്ടിന്റെ അറേബ്യയെ മാറ്റിപ്പണിത അതേ സാംസ്കാരിക മൂല്യബോധം തന്നെയായിരുന്നു അത്. നാടോടുമ്പോള്‍ കൂടെ ഓടാതെ ദൈവിക മൂല്യബോധത്തെ മുറുകെ പിടിക്കാന്‍ ധൈര്യപ്പെടുന്നവന് ഒന്നും ഭയക്കേണ്ടതില്ലെന്നു സാരം. ആണാകട്ടെ പെണ്ണാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്ക്കര്മമനുഷ്ഠിക്കുന്നവന് വിജയം എന്നാണല്ലോ ദൈവിക വചനം. അതുകൊണ്ട് ഇടപെടുന്ന മേഖല ഏതുമാവട്ടെ, അവിടെ ദൈവികമായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവട്ടെ.