വീട്ടു മുറ്റത്ത് കൃഷി ചെയ്ത് അതില്‍ സന്തോഷം കണ്ടെത്തുന്ന ഫാത്തിമ മൂസ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
ഞാനൊരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഉപ്പ നല്ല കര്‍ഷകനായിരുന്നു. വീട്ടിലേക്ക് ആവശ്യമായ കിഴങ്ങ് വര്‍ഗങ്ങളും വാഴയുമെല്ലാം ഉപ്പയും രണ്ട് തൊഴിലാളികളും കൂടി കൃഷി ചെയ്തിരുന്നു. നെല്ല്, കുരുമുളക്, കമുങ്ങ്, തെങ്ങ് മുതലായവയും ഉണ്ടായിരുന്നു. രണ്ട് വലിയ കാളകളും പശു, ആട്, കോഴി എന്നിവയും വളത്തിനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി വളര്‍ത്തിയിരുന്നു. തോട്ടത്തിന്റെ നടുവില്‍ വലിയ ഒരു കുളവും അതില്‍ നിറയെ മീനുകളും. അതുകൊണ്ടുതന്നെ നാട്ടില്‍ പൊതുവെ ദാരിദ്ര്യമുണ്ടായിരുന്നിട്ടും ഞങ്ങളുടെ വീട്ടില്‍ അതനുഭവപ്പെട്ടിരുന്നില്ല. പണിക്കാരും മറ്റുമായി എപ്പോഴും വീട്ടില്‍ ആളുണ്ടാവും. ഉച്ചക്കഞ്ഞിക്ക് പച്ചക്കറി കൊണ്ട് പുഴുക്കോ ഉപ്പേരിയോ ഇല്ലാതിരിക്കില്ല. ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ അതിനോടൊന്നും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ വന്നപ്പോള്‍ ഇവിടെയും ഏതാണ്ട് അങ്ങനെതന്നെ.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും പ്രസ്ഥാന നേതൃത്വത്തില്‍നിന്നും മാറി മക്കളും പേരക്കുട്ടികളുമായി കുടുംബത്തിലേക്ക് ഒതുങ്ങിക്കഴിഞ്ഞ ഞാന്‍ ഓരോ വീട്ടിലും അടുക്കളത്തോട്ടം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നത് എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. സാധാരണ അല്ലറ ചില്ലറ പച്ചക്കറികളൊക്കെ വീട്ടില്‍ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥ അനുസരിച്ച് ചിലതുണ്ടാകും. ചിലത് നശിക്കും.
എന്നാല്‍ ഈ ഗ്രൂപ്പിലൂടെ ജൈവകൃഷിയുടെ പ്രാധാന്യം, വിത്ത്, വളം, മണ്ണ്, കൃഷിരീതി എന്നിവ സംബന്ധിച്ച് അറിവുകള്‍ ലഭിച്ചു തുടങ്ങിയതോടെ ഒരു കൈ നോക്കാം എന്നായി. കൃഷി ഓഫീസര്‍മാരും വലിയ വലിയ കര്‍ഷക സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പലതരം അറിവുകള്‍ സമ്പാദിച്ചു. സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി കിട്ടി.
കൃഷിക്കാവശ്യമായ വിത്തുകള്‍ പോസ്റ്റല്‍ വഴി പല കര്‍ഷകരില്‍നിന്നും ശേഖരിച്ചു. സ്ഥലപരിമിതിയുള്ളവര്‍ ഗ്രോ ബാഗിലും ചട്ടിയിലും കൃഷി ചെയ്യുന്ന രീതി പഠിപ്പിച്ചു തന്നു. വിത്ത്, വളം, കൃഷിക്കാവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ ലഭിക്കുന്ന സ്ഥാപനങ്ങളും കടകളും പരിചയപ്പെട്ടു. സ്ഥല പരിമിതിയുള്ളവര്‍ക്ക് ടെറസ് കൃഷിക്ക് വേണ്ട നിര്‍ദേശങ്ങള്‍ ലഭിച്ചു. പ്രോത്സാഹനവുമായി ഗവണ്‍മെന്റ് കൃഷിഭവനുകളും ജൈവ കര്‍ഷക സംഘങ്ങളും രംഗത്തുവന്നു.
അങ്ങനെ, അഞ്ചാറു വര്‍ഷമായി ഞാന്‍ ഗ്രോ ബാഗിലും ചട്ടിയിലും പറമ്പിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും ഫല വൃക്ഷങ്ങളും ഉണ്ടാക്കിയെടുക്കുന്നു. ഹൈബ്രിഡ് വിത്തും തൈകളും നല്ല ക്വാളിറ്റിയുള്ള കടകളില്‍നിന്ന് വാങ്ങിയാണ് കൃഷി ചെയ്യുന്നത്. ഗ്രൂപ്പുകള്‍ മുഖേനയും പോസ്റ്റലും ആയി കിട്ടിയിരുന്നത് പലതും മുളക്കാതായതോടെ അത് നിര്‍ത്തി. വല്ലപ്പോഴും മണ്ണ് കോരാനും ചെടികള്‍ക്ക് മണ്ണ് കയറ്റി ക്കൊടുക്കാനും ഒരു കൂലിക്കാരനെ വിളിക്കും. ബാക്കിയുള്ള കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. വളമിടല്‍, മരുന്ന് തളിക്കല്‍, നനച്ചു കൊടുക്കല്‍ എല്ലാം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. മനസ്സിന് സമാധാനവും.
എന്റെ തോട്ടത്തില്‍ മുളക്, തക്കാളി ,വഴുതന, ചോളം, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളുണ്ട്. ഇതില്‍ തന്നെ മുളകും വഴുതനയും വ്യത്യസ്ത തരത്തിലുണ്ട്. പച്ചക്കറികള്‍ക്കിടയില്‍ പൂച്ചെടികളും വെക്കാറുണ്ട്. ഇത് കായ പിടിത്തത്തിനും പരാഗണത്തിനും സഹായകമാണ്. മത്തന്‍, കുമ്പളം, ചുരക്ക എന്നിവക്ക് പുറമെ ഒരുപാട് വിദേശയിനം ഫലവൃക്ഷങ്ങളും വെച്ചിട്ടുണ്ട്. റംബൂട്ടാന്‍, മാതളം, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, വിവിധയിനം ചാമ്പക്കകള്‍, മാവുകള്‍, പ്ലാവുകള്‍, സീതപ്പഴം, ആത്തപ്പഴം, മുള്ളന്‍ചക്ക, മധുര അമ്പഴങ്ങ, സ്‌ട്രോബറി, പേര, കിളി ഞാവല്‍, സപ്പോര്‍ട്ട തുടങ്ങി പേരറിയുന്നതും അല്ലാത്തവയും നട്ടിട്ടുണ്ട്.
*വളപ്രയോഗം *
പുതിയ സ്ഥലം കിളച്ച് കുമ്മായം വിതറും. നാലഞ്ച് ദിവസത്തിന് ശേഷം ആട്ടിന്‍കാഷ്ഠം, കോഴിവളം, ചാണകപ്പൊടി എന്നിവ മിക്‌സ് ചെയ്ത് മണ്ണിട്ട് മൂടും. ഹൈബ്രിഡ് തൈകള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കും. ചെടികള്‍ വേരുപിടിച്ച് വളരുന്നതിന് അനുസരിച്ച് ജൈവകീടനാശിനി പ്രയോഗങ്ങള്‍ നടത്തും. അത് കടകളില്‍നിന്ന് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. ചില വളങ്ങളും പ്രതിരോധ മരുന്നുകളും വീട്ടില്‍ ഉണ്ടാക്കാറുണ്ട്. ഡബ്ലിയു.ഡി.സി (wdc), ഫിഷ് അമിനോ, മണ്ണിര കമ്പോസ്റ്റ്, വെളുത്തുള്ളി മിശ്രിതം തുടങ്ങി പലതും. ഇവയൊക്കെയാണ് ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ പ്രതിരോധിക്കുന്നതിനുപയോഗിക്കുന്നത്. പെന്‍ഷന്‍ വിഹിതം കൈയില്‍ കിട്ടിയാല്‍ തൈകള്‍, വളങ്ങള്‍, കവറുകള്‍ മുതലായവ വാങ്ങും.
വീട്ടില്‍നിന്ന് 200 മീറ്റര്‍ ദൂരെയുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് കൃഷി. ചെടികളുടെ പരിചരണം ശാരീരിക അവശതകള്‍ മറന്ന് മാനസികമായി നമ്മെ വളരെ ഉന്മേഷവാന്‍മാരായി നിര്‍ത്തുന്നു. വീട്ടുകാരൊന്നും കൃഷിയോട് വലിയ താല്‍പര്യം കാണിക്കാറില്ല. ലഭിക്കുന്ന ഫലങ്ങള്‍ മക്കള്‍, കൂട്ടുകാര്‍, അയല്‍വാസികള്‍, വീട്ടില്‍ വരുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും പങ്കുവെച്ചുകൊടുക്കും. വിത്തുകള്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കും. കൃഷി ഗ്രൂപ്പുകളുടെ സംഗമങ്ങള്‍ നടക്കുമ്പോഴും വിത്തുകള്‍ കൈമാറ്റം ചെയ്യാറുണ്ട്. പുതു തലമുറയെ അത്യാവശ്യം ഒരു അടുക്കളത്തോട്ടത്തിനെങ്കിലും താല്‍പര്യമുള്ളവരാക്കുക എന്നതാണ് ലക്ഷ്യം .
വീട്ടില്‍ കുറച്ചു കോഴികളും ഉണ്ട്. മുമ്പ് 60 ഓളം കോഴികള്‍ ഉണ്ടായിരുന്നു. അത്യാവശ്യത്തിന് മുട്ട ലഭിക്കുന്നുണ്ട്.
കോവിഡ് കാലത്ത് കുറേയേറെ കൃഷികള്‍ ചെയ്യുകയും കുറേ കോഴികളെ വളര്‍ത്തുകയും ചെയ്തു. വീടിനകത്ത് പല ജാറുകളിലായി അലങ്കാരമത്സ്യങ്ങളും ഉണ്ടായിരുന്നു. അടുക്കളത്തോട്ടത്തിലും ഗ്രോ ബാഗിലും കൃഷി ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത കുറച്ചു പേരെ 2016 ഇല്‍ ഹരിതം ജീവനം എന്ന സംഘടന ആദരിക്കുകയുണ്ടായി കൂട്ടത്തില്‍ ഈ എളിയവളെയും .
അന്നത്തെ കൃഷി മന്ത്രി സുനില്‍ കുമാര്‍ സാറില്‍ നിന്നും ആദ്യമായി അവാര്‍ഡ് ലഭിച്ചത് സന്തോഷകരമായ അനുഭവം. പിന്നീട് പല ഗ്രൂപ്പില്‍ നിന്നും പല സംഘടനകളില്‍ നിന്നും പാരിതോഷികം ലഭിക്കുകയുണ്ടായി. പ്രായം മറന്ന് കൃഷിയെ സ്‌നേഹിക്കുകയും പരമാവധി പ്രയോഗവല്‍ക്കരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഈ പുരസ്‌കാരങ്ങള്‍.
നമ്മുടെ അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ചീര, മുളക്, വെണ്ട, വഴുതന, കൈപ്പ തുടങ്ങിയവയൊക്കെ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും കവറിലെങ്കിലും നട്ട് ഒന്ന് ശ്രമിച്ചു നേക്കാം. വലിയ ആദായം കിട്ടിയില്ലെങ്കിലും രാവിലെ ചുറ്റിനടന്ന് അവയൊന്നു കണ്ടാലുണ്ടാകുന്ന മാനസിക സന്തോഷം ഏത് പിരിമുറുക്കത്തെയും അലിയിച്ചില്ലാതാക്കും, തീര്‍ച്ച. സ്വന്തം അനുഭവം വെച്ചാണ് ഞാനിത് പറയുന്നത്.