'ഇനി മലയാളം മാത്രം'
ഫുട്ബോള്‍ ഭ്രാന്തന്മാരായ മലയാളികള്‍ ഭാഷാ ഭ്രാന്തന്മാര് കൂടിയാകുന്ന മുറക്ക് നമ്മുടെ ഫുട്ബോള്‍ കമന്ററികള്‍ എങ്ങനെയൊക്കെ മാറാം.
കേരള ഭരണരംഗത്ത് വിവിധ മേഖലകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ ഭ്രാന്തന്മാരായ മലയാളികള്‍ ഭാഷാഭ്രാന്തന്മാര്‍ കൂടിയാകുന്ന മുറക്ക് നമ്മുടെ ഫുട്ബോള്‍ കമന്ററികള്‍ എങ്ങനെയൊക്കെ മാറും എന്ന് നോക്കാം.ഫുട്ബോളിന് കാല്‍പ്പന്ത് എന്ന ശുദ്ധമലയാളം നിലവിലുണ്ട്, ആശ്വാസം. ഫുട്ബോള്‍ ടൂര്‍ണമെന്റിന്? കാല്‍പ്പന്ത് മത്സരപരമ്പര? കമന്ററിക്ക് കളിപറച്ചില്‍ എന്നാവാമെങ്കിലും അത് വെറും കളിപറച്ചിലായി ചിലര്‍ ധരിക്കാനിടയുള്ളതുകൊണ്ട് മത്സര വിവരണം എന്നാക്കാം.ഒരു സാങ്കല്‍പ്പിക കാല്‍പ്പന്ത് വിവരണത്തില്‍നിന്ന് അല്പം:
അര്‍ജന്റീന സംഘത്തിന്റെ അരപ്പിന്നാക്കക്കാരന് (മധ്യമൈതാനി) അടിച്ചു വിട്ട ഒരു മനോഹരമായ കുരിശ് വലതു ചിറകിലൂടെ പാഞ്ഞടുത്ത മധ്യമുന്നാക്കക്കാരന്റെ പാദരക്ഷയില്‍ തട്ടിയതോടെ പന്ത് മൈതാനത്തിന് പുറത്തുകടന്നു. മധ്യസ്ഥന്‍ അകത്തെറിയല് ഉത്തരവ് വിളിച്ചു. അകത്തേറ് ചെയ്ത ബ്രസീലിന്റെ പൂര്‍ണ പിന്നാക്കക്കാരന് അത് വല സൂക്ഷിപ്പുകാരന് വീശിയെറിഞ്ഞ് കൊടുത്തു.
ഇത് കാല്‍പ്പന്ത് കളിയും മലയാളവും അറിയുന്ന ആര്‍ക്കും മനസ്സിലാകേണ്ടതാണ്. എങ്കിലും സാക്ഷരത കുറഞ്ഞവര്‍ക്കു വേണ്ടി അതിന്റെ നാടന്‍ രൂപം താഴെ:
അര്‍ജന്റീന ടീമിന്റെ ഹാഫ് ബാക്ക് (മിഡ്ഫീല്‍ഡര്‍) കിക്ക് ചെയ്ത ഒരു ക്രോസ് റൈറ്റ് വിങ്ങിലൂടെ പാഞ്ഞടുത്ത സെന്റര്‍ ഫോര്‍വേഡിന്റെ ബൂട്ടില്‍ തട്ടി ഔട്ടായി. റഫറി ത്രോഇന്നിന് വിസിലടിച്ചു. ത്രോ ചെയ്ത ബ്രസീല്‍ ഫുള്‍ബാക്ക് അത് ഗോള്‍കീപ്പര്‍ക്ക് ലോബ് ചെയ്തുകൊടുത്തു.
ചില വാക്കുകളുടെ അര്‍ഥം കിട്ടാന്‍ നിഘണ്ടു നോക്കേണ്ടിവരാം. പക്ഷേ, ഇത് എപ്പോഴും ശരിയാകില്ല; 'അര നേരത്തിന് ചൂളം വിളിച്ചപ്പോള്‍ പൊരുത്തം വരച്ചിരുന്നു' എന്ന വിവരണം കേട്ടപ്പോള്‍ ബോധ്യപ്പെട്ടതാണിത്. ചില വാക്കുകള്‍ക്ക് അര്‍ഥം നോക്കിയാണത്രെ വിവരണക്കാരന് 'ഹാഫ് ടൈമിന് വിസിലടിച്ചപ്പോള്‍ മാച്ച് ഡ്രോയിലായിരുന്നു' എന്നതിന് ഈ മലയാളം കണ്ടെത്തിയത്.
പക്ഷേ, നിഘണ്ടു ഉണ്ടായാലും ഇല്ലെങ്കിലും ഈ 'മലയാള കമന്ററി' എളുപ്പമല്ല. 'സെക്കന്‍ഡ് ഹാഫിന് കിക്കോഫായി' എന്നത് 'രണ്ടാം പകുതിക്ക് ചവിട്ടേറായി' എന്ന് പറയാം. പക്ഷേ, 'പോസ്റ്റിലേക്കടിച്ച ബോള്‍ ക്രോസ്ബാറില്‍ തട്ടി ബൗണ്‍സ് ചെയ്തു' എന്ന് പറയേണ്ടിടത്ത് 'കാലിലേക്കടിച്ച പന്ത് കുറുകെ തടിയില്‍ തട്ടി ഉത്പതിച്ചു' എന്ന് പറയണോ?
'ബ്രസീല്‍ സ്ട്രൈക്കര്‍ ഹെഡ് ചെയ്ത ബോള്‍ ലൈന്‍ കടന്ന് കോര്‍ണറായി' എന്നത് എങ്ങനെ മലയാളമാക്കും? 'ബ്രസീല്‍ ഇടിയന് തലക്കിടിച്ച പന്ത് വര കടന്ന് മൂലയായി' എന്നോ?
'കിക്കെടുത്തത് ഇംഗ്ലണ്ട് ടീം ക്യാപ്റ്റനാണ്' എന്നതോ? 'ചവിട്ട് എടുത്തത് ആംഗലേയ സംഘം തലവനാണെ'ന്നോ? 'പെനല്‍റ്റി ബോക്സിനുള്ളില്‍നിന്ന് ഇറ്റലിയുടെ വിങ് ബാക്ക് ബോള്‍ ടാക്ക്ള്‍ ചെയ്തകറ്റി സേവ് ചെയ്താ'ല്‍ അതിനെ 'പിഴപ്പെട്ടിയില് ഇറ്റലിയുടെ പിന്‍ചിറക് പന്ത് കൈകാര്യം ചെയ്തകറ്റി രക്ഷിച്ചു' എന്നു പറയാന്‍ പറ്റില്ല. ഒന്നുമില്ലെങ്കില്‍, 'കൈകാര്യം' ചെയ്തപ്പോള്‍ റഫറി എന്തേ ഫൗള്‍ വിളിച്ചില്ല എന്ന് ആരെങ്കിലും ചോദിക്കും.
'ഫ്രീ കിക്കെടുത്ത ഗോള്‍കീപ്പര്‍ സെന്റര്‍ ലൈനിനടുത്തേക്കടിച്ചത് മിഡ്ഫീല്‍ഡര്‍ വോളി ചെയ്യാനോങ്ങിയെങ്കിലും മിസ്സായി' ഇത് മനസ്സിലാകാത്തവര്‍ക്ക് മലയാളം മനസ്സിലാകുമോ? 'സൗജന്യ ചവിട്ടുകൊണ്ട വലസൂക്ഷിപ്പുകാരന്‍ തൊടുക്കാനോങ്ങിയെങ്കിലും കൈവിട്ടു എന്നത് മനസ്സിലാകുമോ? 'കൈവിട്ടു' എന്നിടത്തെ ഫൗള്‍ മാത്രം മനസ്സിലായെന്നു വരും.
'ബ്രസീല്‍ വീണ്ടും എതിര് ബോക്സില്‍ ആശങ്ക സൃഷ്ടിക്കുന്ന'തും 'റഫറി ഓഫ് സൈഡ് വിളിച്ച'തുമെല്ലാം മലയാളത്തിലാക്കാന്‍ ശ്രമിച്ചുനോക്കൂ.
പറഞ്ഞു വരുന്നത് ഇതാണ്: മലയാള ഭാഷാ പ്രേമം മൂത്ത് സര്‍ക്കാറടക്കം നമ്മുടെ നിത്യോപയോഗ പദങ്ങള്‍ക്ക് മലയാളം നിര്‍മിക്കാനായി കഷ്ടപ്പെടുന്നു. ഇത് വെറുതെയാണ്. വാക്കുകള്‍ എത്ര വേണമെങ്കിലും ഏത് ഭാഷയില്‍ നിന്നുമെടുക്കാം. അത് സ്വീകരിക്കാനുള്ള ശേഷി മലയാളത്തിനുണ്ട്. വാചക ഘടനയാണ്, വാക്കുകളല്ല ഭാഷയെ നിര്‍ണയിക്കുന്നത്.
ബോധ്യമായില്ലെങ്കില്‍, കഴിഞ്ഞ മേയ് 28ന് മലയാള പത്രത്തില്‍ 'ഇനി മലയാളം മാത്രം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍നിന്ന് ഒരെണ്ണം നോക്കാം: 'ക്ലാര്ക്ക്അസിസ്റ്റന്റ് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രബേഷന്‍ പൂര്‍ത്തിയാക്കും മുമ്പ് മലയാളം ടൈപ്പിംഗ് പരീക്ഷ കൂടി പാസാകണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും.''
നല്ല മലയാളം വാചകമാണിത്. അത്തരം മലയാളത്തിനാണ് എന്റെ വോട്ട്.