ശുദ്ധപ്രകൃതിയുടെ സുഗന്ധം വമിക്കുന്ന അനുഭവങ്ങളാണ് സോനാമാര്‍ഗില്‍ നമ്മെ കാത്തിരിക്കുന്നത്
കശ്മീരില്‍ പ്രണയ സൗകുമാര്യങ്ങള്‍ മൊട്ടിടുന്ന ഉത്തുംഗ ശൃംഗം ഏതെന്ന് ചോദിച്ചാല്‍ ഹൃദയ താഴ് വരയില്‍ ഉദിച്ചുയരുന്ന ഒരിടമുണ്ട്, അതാണ് മിനി സ്വിറ്റ്സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസറന്‍ വാലി. ഇടയ ഗ്രാമം എന്നര്‍ഥം വരുന്ന, പഹല്‍ഗാമിലുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി പകരുന്ന ഭൂമികയാണ് ഈ താഴ് വര. ശ്രീനഗറില്‍നിന്ന് 93 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നെല്പാടങ്ങളെ അതിരിട്ട് ധാരാളം സഫേദ മരങ്ങള്‍. ഇടക്കിടെ ചോളവും സീസണ് മാറുമ്പോള്‍ ഇവിടെ മനോഹരമായ കുങ്കുമപ്പാടങ്ങളും കടുകുപാടങ്ങളും ഇവിടെ നമ്മെ വരവേല്ക്കാനുണ്ടാകും.
പഹല്‍ഗാമില്‍ എത്തി കുതിരപ്പുറത്തു കയറുമ്പോള്‍ ഇത്ര ഹൃദയഹാരിയായ അനുഭൂതിയാണ് കാത്തിരിക്കുന്നതെന്നറിഞ്ഞില്ല. ആഗസ്റ്റ് പതിനഞ്ചായതിനാല് ഞങ്ങള്‍ അഞ്ച് പേരും വെള്ള വസ്ത്രങ്ങളണിഞ്ഞാണ് റൈഡിന് കയറിയത്. കുതിരപ്പുറത്ത് കയറിയിരുന്ന് പടച്ചവനെ സ്മരിച്ചു. പിന്നെ ഓരോ ചളിക്കുണ്ടും വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കുത്തനെയുള്ള കാട്ടുപാതകളും താണ്ടുമ്പോഴും ഉള്ളില്‍ ധൈര്യം വീണ്ടെടുക്കുന്നേരം ഝാന്സിറാണിയും പഴശ്ശിരാജയിലെ മമ്മൂട്ടിയും ഒക്കെ മനസ്സിലേക്ക് ഓടി വന്നു. കുറേ മുമ്പോട്ടു പോകുമ്പോഴാണ് എന്റെ രാജു മുന്നിലോടുന്ന ബാദുഷയുമായി സ്നേഹം പങ്കിടാന്‍ പോക്കു തുടങ്ങിയത്. ബാദുഷയെ പറ്റിച്ചേരാനും മുഖമുരയ്ക്കാനും ഓരോ പ്രാവശ്യവും പോകുമ്പോള്‍ അവന്റെ വാലില്‍ നിന്നും കാലില്‍ നിന്നുമൊക്കെയായി എന്റെ വസ്ത്രത്തില്‍ ചളിയും കുതിരച്ചാണകവും തെറിക്കാന്‍ തുടങ്ങി. മിട്ടുവിന്റെയും മോത്തിയുടെയുമൊക്കെ ഇണക്കവും വൈഭവവും കണ്ടാലറിയാം, അവ നന്നായി പരിശീലിക്കപ്പെടുന്നവയും സ്നേഹിക്കപ്പെടുന്നവയും ആണെന്ന്.
കുതിരക്കാരന് ഹാരിസ് അതിനോട് എന്തൊക്കെയോ പറയുന്നു. അവര്‍ പരസ്പരം ആശയം കൈമാറുന്നതിനിടയില്‍ ഇടക്കിടെ കുതിരയുടേതെന്ന പോലെ ഹാരിസിന്റെയും കൂട്ടുകാരന്റെയും കാലുകള്‍ ചളിയിലേക്ക് പൂണ്ടു പോകുന്നുണ്ടായിരുന്നു. അവയുടെ കാലുകള്‍ വല്ലാതെ വഴുതുമ്പോള്‍ അവന് പറന്നു വന്ന് എന്നെ വീഴാതെ നോക്കുന്നുണ്ടായിരുന്നു.
തിരിച്ചു വരുന്ന സംഘങ്ങളിലെ മധ്യവയസ്കരുടെ മുഖമായിരുന്നു എനിക്ക് കാണേണ്ടിയിരുന്നത്. അവര്‍ ഉന്മേഷത്തോടിരിക്കുന്നത് കാണാനായിരുന്നു എനിക്കിഷ്ടം. ഓരോന്ന് ഓര്‍ത്തും തമാശകള്‍ പറഞ്ഞും മുന്നോട്ടു പോകുന്നതിനിടയില്‍ ചില വ്യൂ പോയിന്റുകളില്‍ കുതിരകളെ നിര്‍ത്തി അവര്‍ ഞങ്ങള്‍ക്ക് ഫോട്ടോ എടുത്തു തന്നു. ഇടയന്മാരുടെ കൊച്ചുവീടുകളുള്ള ഒരു പ്രദേശം കണ്ടു. അവരുടെ ശാദി (കല്യാണം) സമയത്താണ് അവര്‍ എല്ലാവരും ഒന്നിച്ച് ഇവിടെ വരിക. മലയുടെ ഏറ്റവും ഉയരത്തിലേക്ക് കുതിരകളും ഒപ്പം കുതിരക്കാരും ചേര്‍ന്ന് ഞങ്ങളെ എത്തിച്ചു. അവിടെ നിന്ന് നോക്കിയാല്‍ കശ്മീര്‍ വാലി കാണാമായിരുന്നു.
തിരിഞ്ഞു വരുമ്പോള്‍ ഹൃദയം കവരുന്ന സ്വപ്ന വൃന്ദാവനത്തിന്റെ ഗെയ്റ്റിന് പുറത്ത് ധാരാളം കുതിരകള്‍ നിന്നിരുന്നു. ഞങ്ങളെ അവിടെയിറങ്ങാന്‍ കുതിരക്കാര്‍ സഹായിച്ചു. 'നാട്ടിലാണെങ്കില്‍ ഈ ചളിയിലിരുന്ന് നമ്മള് ചായ കുടിക്കുമോ?' ഞങ്ങള്‍ ആ നിസ്സഹായാവസ്ഥയോര്‍ത്ത് ചിരിച്ചു.
എത്തിച്ചേര്‍ന്നിരിക്കുന്നത് മനസ്സിനെ മറ്റെവിടേക്കോ കൂട്ടിക്കൊണ്ടുപോകുന്ന മാന്ത്രികലോകത്താണ്. അതിവിശാലമായ ആ പച്ചപ്പുല്‍ താഴ്വരയെ അതിരിട്ടിരുന്ന ദേവതാരുക്കള് ദേവതമാരായിത്തന്നെ വിലസി നില്ക്കുന്നുണ്ടായിരുന്നു. ഇളം മഞ്ഞില്‍ കുളിച്ചുനില്ക്കുന്ന കാവല്‍ മലനിരകള്‍! രാജാവും റാണിയുമായി കശ്മീര്‍ വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫര്‍ കാണിച്ചു തന്ന ഭാവ പ്രകടനങ്ങളോടെ തന്നെ ഫോട്ടോകള്‍ എടുത്തു. അഞ്ച് മാസം പ്രായമായ ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെ എടുക്കാനയത് നല്ല അനുഭവമായിരുന്നു. രണ്ട് ഇടയബാലികമാരെ ചേര്‍ത്തുപിടിച്ച് ഫോട്ടോ എടുക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു സങ്കടം കടന്നുകൂടി. അത് മറ്റൊന്നുമല്ല, വയലറ്റ് നിറമുള്ള കുഞ്ഞുടുപ്പുകാരി, ജമ്മുവിലെ കത്വയില്‍ ക്ഷേത്രത്തില്‍ വച്ച് ദാരുണമായി പീഡിപ്പിക്കപ്പെട്ട ആസിഫാ ബാനുവിന്റെ ഓര്മ. ആ വിങ്ങല്‍ അറിയാതെ അവരിലേക്കും പകര്‍ന്നോ? കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ആ പെണ്‍കുട്ടികളുടെ മുഖം ദയനീയമായിരുന്നു! ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ട ജനവിഭാഗമാണ് ഇവിടെയുള്ളത്. കാലിമേയ്ക്കലാണ് ഇവരുടെ പ്രധാന തൊഴില്‍.
പ്രാവുകളും മുയലുകളുമൊക്കെ കൈയില്‍ വച്ചു തന്ന് ചെറിയ സഹായം പ്രതീക്ഷിച്ച് വരുന്ന സ്ത്രീകളെയും വൃദ്ധരെയും കുട്ടികളെയും ഇവിടെ കാണാം. ഷാള്‍ വില്പനക്കാരനും വിടാതെ പിന്തുടര്ന്നിരുന്നു. ഒടുവില്‍ ചെറിയ ഡിസ്കൗണ്ടില്‍ 1800 രൂപക്ക് രണ്ട് പശ്മീന ഷാളുകള്‍ വാങ്ങിപ്പിച്ചിട്ടേ അയാള്‍ ഞങ്ങളെ വിട്ടു മാറിയുള്ളൂ.
മറക്കാനാവാത്ത ബൈസറന്‍ താഴ്വരയെ ആത്മാക്കളുടെ പ്രണയതാഴ്വരയായി കണക്കാക്കാനാണ് എനിക്കിഷ്ടം. പ്രകൃതി ഇവിടെ ഹൃദയത്തോട് അത്രമേല്‍ ചേര്‍ന്നതായി അനുഭവപ്പെട്ടു.
ശ്രീ നഗറിലേക്ക് തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ലിഡ്ഡര്‍ നദിയിലിറങ്ങി. ജലം ഇറങ്ങിപ്പോയ ഭാഗങ്ങളില്‍ നീല ഉരുളന്‍ കല്ലുകള്‍ ചെറുതും വലുതുമായി ചിതറിത്തെറിച്ച് കിടക്കുന്നത് പുഴയുടെ അഴക് വര്‍ധിപ്പിച്ചു.
ഞങ്ങളുടെ ഡ്രൈവറുടെയും പരിചയപ്പെട്ട മറ്റ് ചിലരുടെയും പേരില്‍ 'ധര്' എന്ന സര്‍നെയിം കണ്ടു. അതേപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പേരില്‍ മാത്രമേ അതൊക്കെ ഉള്ളൂ, വിവാഹത്തിനോ മറ്റ് ഇടപാടുകള്‍ക്കോ ഈ രണ്ടാം പേര് തടസ്സമല്ല എന്നാണ്. കശ്മീര്‍ ജനതയുടെ ഘടനയെക്കുറിച്ചറിയാന് ശ്രമിക്കവെ ചില കാര്യങ്ങള്‍ കേരള മുസ്ലിംകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അവരില്‍ അറബ്, തുര്‍ക്കി, പേര്‍ഷ്യന്‍, അഫ്ഗാന് പാരമ്പര്യമുള്ളവരുണ്ട്. പതിനാലാം നൂറ്റാണ്ടോടെ വിവിധ തൊഴില്‍ മേഖലയില്‍ പണി ചെയ്യാനായി ഇവിടെയെത്തിയവരുടെ പിന്മുറക്കാര്. അന്ന് ഇവിടെയെത്തിയ മഹാന്മാരായ സൂഫികളുടെയും പണ്ഡിതന്മാരുടെയും ജീവിത രീതിയില്‍ ആകൃഷ്ടരായ ബ്രാഹ്മണര്‍ ക്രമേണ ഇസ്ലാം സ്വീകരിച്ചു. ചില രാജാക്കന്മാരും ഇക്കൂട്ടത്തില്‍ പെടും.
സയ്യിദ് / പീര്‍ വിഭാഗത്തില്‍പ്പെട്ട ജീലാനി, ബുഖാരി, ഖാദ്രി തുടങ്ങിയ വിഭാഗക്കാര്‍ പഴയ ചാതുര്‍വര്‍ണ്യത്തിലെ ബ്രാഹ്മണ വിഭാഗത്തിനു തുല്യമായ സ്ഥാനങ്ങള്‍ ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഇസ്ലാം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും മാര്ഗമാണെന്നിരിക്കിലും പഴയ ഹൈന്ദവ സമൂഹത്തിലെ ചില ഘടനാവിശേഷങ്ങള്‍ ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. ഖബറിടങ്ങള്‍ നിശ്ചയിക്കുന്നിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടത്രെ. പോട്ടര്‍ കാസ്റ്റില്‍ പെട്ട കുമാര്‍ എന്ന വിഭാഗക്കാരെ പ്രത്യേക വിഭാഗക്കാരായി കണക്കാക്കുന്നു. ദളിതരും ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ പെട്ടവരും ഉണ്ട്. പണ്ഡിറ്റ് വിഭാഗക്കാരുടെ മുസ്ലിം തലമുറ പത്താന് മുസ്ലിംകളായാണ് അറിയപ്പെടുന്നത്. തൊഴിലടിസ്ഥാനത്തിലും വിഭാഗങ്ങളുണ്ട്. വാനി, സര്‍ഗാര്‍, ലോണ്‍ തുടങ്ങിയവര്‍ മധ്യ വിഭാഗക്കാരാകുമ്പോള്‍ വാസ, ചോ പന്, ഗാനൈ, ധോബി തുടങ്ങിയവര്‍ താണ തൊഴില്‍ ജാതി വിഭാഗങ്ങളാണ്. പ്രവാചകന്റെ പിന്മുറക്കാര് എന്നവകാശപ്പെടുന്ന അഷ്റഫികളും ഉണ്ട്.
വില്യം വേഡ്സ്വര്‍ത്ത് 'ഡാഫോഡില്സി'നെക്കുറിച്ച് എഴുതിയ വരികളാണ് ശ്രീനഗറില്‍നിന്ന് ഗുല്‍മാര്‍ഗിലേക്കുള്ള യാത്രാമധ്യെ ഓര്‍മവന്നത്. പച്ചക്കുന്നുകളെ അലങ്കരിച്ച് നില്ക്കുന്ന നക്ഷത്രങ്ങള്‍ കണ്ട് അവയുടെ പേരന്വേഷിച്ചപ്പോള് വെറും കാട്ടുപൂക്കള്‍ (ജംഗ്ലിഫൂല്) എന്നാണ് മറുപടി കിട്ടിയത്. കശ്മീര്‍ സന്ദര്‍ശന വേളയില്‍ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാണ് ഗുല്മാര്ഗിലുള്ളത്. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലും പ്രകൃതിയുടെ അലങ്കാരങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ദൂരെ നിന്ന് കാണുമ്പോള്‍ ഒരു ഫ്ളവര്‍ പാര്‍ക്ക് ഒരുക്കി വച്ചിരിക്കുകയാണെന്നേ തോന്നൂ.
സ്കൈ കാറിലൂടെ യാത്ര ചെയ്താല്‍ പ്രകൃതി രമണീയതയുടെ കുളിരു കോരിയെടുക്കാം. മുകളില്‍നിന്ന് താഴോട്ടുള്ള കാഴ്ചയില്‍ കശ്മീരിന്റെ മാത്രം കാഴ്ചകളായിത്തീരുന്ന ഈ ഫോട്ടോ പീസിനെ എന്ത് വിളിക്കാനാണ് മലഞ്ചെരിവുകളിലെ പൈന്‍ മരങ്ങള്‍ക്കിടയില്‍ തടിയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച ഈ ലാവണങ്ങളുടെ മേല്‍ക്കൂരക്കു മേലെ മണ്ണിട്ട് ഉറപ്പിച്ചിരിക്കുന്നു. അതില്‍ പുല്ലും പൂക്കളും മുളച്ചുപൊന്തിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ അത് നട്ടുപിടിപ്പിച്ചതാണെന്നേ തോന്നൂ. അവക്കു പുറത്ത് താമസക്കാരെ ആരെയും കണ്ടില്ല. രണ്ടു ഘട്ടങ്ങളിലായുള്ള ആകാശ യാത്രയിലെ മുകള്ത്തട്ടുകളിലെത്തുമ്പോള് ഏതോ സ്വപ്നലോകത്ത് എത്തിച്ചേര്‍ന്ന പ്രതീതി. നീലപ്പച്ച നിറമുള്ള പാറക്കൂട്ടങ്ങളും പുല്‍ത്തകിടികളും താനേ വിരിഞ്ഞ സ്വര്‍ഗമാണ്.
ഗുല്‍മാര്‍ഗില്‍ കുതിര സവാരിക്കായി വിടാതെ പിന്തുടരുന്ന കച്ചവടക്കാരുണ്ട്. വലിയ സംഖ്യയാണ് ഇവര്‍ ആദ്യം പറയുക. കുതിരപ്പുറത്തു കയറി ഇരുന്നിട്ടും സന്ധിയില്ലാതെ പിന്തുടരുന്ന ഹെല്‍പ്പര്‍മാരുമുണ്ട്. എത്ര നിരസിച്ചാലും ഇവര്‍ ദീര്‍ഘ ദൂരം പിന്തുടര്ന്ന് സഹായം വാഗ്ദാനം ചെയ്യും. ഒടുവില്‍ പിന്തിരിഞ്ഞ് പോകുമ്പോള്‍ അയാള്‍ക്ക് ഒരു പോക്കറ്റ് മണി കൊടുക്കാന്‍ പോലും കഴിഞ്ഞില്ല.
ഒരു കൊട്ടാരവും ക്ഷേത്രവുമൊക്കെ ദൂരക്കാഴ്ചയായി കണ്ടു. പ്രവേശനം ഇല്ലായിരുന്നു. കടും പച്ചയില്‍ ചുറ്റപ്പെട്ട സൈപ്രസ് മരക്കാടുകള്‍ക്കുള്ളില്‍ വിശാലമായ പുല്‍ത്തകിടിയിലൊരുക്കിയ കുട്ടികളുടെ പാര്‍ക്കുണ്ട്. അതിമനോഹരമായ കാട്ടുപൂക്കള്‍ ഇവിടെയുണ്ട്. അവയുടെ ഇടയില്‍ അല്പ സമയം ചെലവഴിച്ചു. മുമ്പൊന്നും അനുഭവിക്കാത്ത വിസ്മയക്കാഴ്ചയായി ആ പൂക്കള്‍ എന്നോട് സംവദിച്ചു. വിട്ടു പോകാനാകാത്തവിധം അതെന്നെ ചേര്‍ത്തുപിടിച്ചിരുന്നു.
ബരാമുള്ള ജില്ലയുടെ അതിര്‍ത്തിയിലാണ് ഗുല്‍മാര്‍ഗ്. വളരെ നിരീക്ഷിക്കപ്പെടുന്ന സ്ഥലം. സുഖകരമായ മഞ്ഞിന്റെ കാഴ്ചകള്‍ കാണാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന മലമ്പ്രദേശമാണ് സോനാമാര്‍ഗ്. കശ്മീരില്‍ ചൂട് കൂടിയ സമയത്തും ഈ പ്രദേശം തണുപ്പില്‍ കുളിച്ചു നില്ക്കും. മലമുകളേറുന്തോറും കാഴ്ചയുടെ ആഴവും ആകര്‍ഷണവും കൂടിക്കൂടി വരും. ശ്രീനഗറില്‍നിന്ന് സോനാ മാര്‍ഗിലേക്ക് റോഡുമാര്‍ഗം യാത്ര ചെയ്യുമ്പോഴുള്ള അരികു ദൃശ്യങ്ങള്‍ അതീവ സുന്ദരമാണ്. കശ്മീര്‍ താഴ്വര എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ കണ്ണിനു മുന്നിലെത്തുന്ന ഭൂപ്രകൃതി. സ്തൂപികാഗ്രിതമായ മരങ്ങള്‍ കാവല്‍ നില്ക്കുന്ന പര്‍വതക്കാഴ്ചകള്‍. മലമ്പ്രദേശങ്ങളിലേക്കടുക്കുന്തോറും ആകാശം മുട്ടെ കുത്തനെ നില്ക്കുന്ന പടുകൂറ്റന്‍ പര്‍വതങ്ങളും അതിനെ വണങ്ങുവാനെന്നവണ്ണം കീഴെ കീര്‍ത്തനങ്ങള്‍ മുഴക്കുന്ന പുഴയും കാണാം. തിരികെ വരുമ്പോള്‍ ഞങ്ങള്‍ ആ പുഴയുടെ അല്പം വിശാലതയുള്ള തീരത്ത് ഒന്നിറങ്ങി. വെള്ളത്തിന് നല്ല തണുപ്പാണ്. കൈ മുക്കി പുറത്തേക്കെടുക്കുമ്പോള്‍ ചേമ്പിലയില്‍ നിന്നെന്നപോലെ കൈയില്‍ പിടി തരാതെ തുള്ളികള്‍ ഊര്‍ന്നിറങ്ങും. പല പ്രാവശ്യം ക്യാമറ ഓഫാക്കിയിട്ടും വീണ്ടും വീണ്ടും തിരികെയെടുത്ത് കാഴ്ചകള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.
ശുദ്ധപ്രകൃതിയുടെ സുഗന്ധം വമിക്കുന്ന അനുഭവങ്ങളാണ് സോനാമാര്‍ഗില്‍ നമ്മെ കാത്തിരിക്കുന്നത്. പര്‍വതശൃംഗങ്ങളില്‍ തിളക്കമുള്ള മഞ്ഞുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്പം മുകളിലേക്ക് പോയാല്‍ താഴ്വാരക്കാഴ്ചകളില് മലമടക്കുകളും നീര്‍ച്ചാലുകളും കട്ടിമേഘങ്ങളുടെ കേളീ മനോഹാരിതയും ചേര്‍ന്ന് അനിര്‍വചനീയമായ ഉന്മേഷമാണ് സമ്മാനിക്കുക. മുകളിലേക്ക് പോയാല്‍ കൂടുതല്‍ കാഴ്ചകള്‍ ഉണ്ട്. സീറോ പോയിന്റ്, താജ് വാസ് ഗ്ലേസിയര്‍ എന്നിവിടങ്ങളില്‍ കുതിരപ്പുറത്തോ ടാക്സിയിലോ പോകാം. മഞ്ഞു പൊതിഞ്ഞ പൈന്‍ മരങ്ങളുടെയും വെള്ളച്ചാട്ടത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ ഇവിടെയുണ്ട്.
ലഡാക്കിനടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തു നിന്നാണ് അമരാവതി ക്ഷേത്രത്തിലേക്കുള്ള വഴി ആരംഭിക്കുന്നത്. ആരോഗ്യകരമായ അന്തരീക്ഷവും മഞ്ഞും മലനിരകളിലെ കാഴ്ചകളും കൊണ്ടു തന്നെയാണ് ഈ സ്വര്‍ണ മാര്‍ഗം പ്രസിദ്ധിമായിട്ടുള്ളത്. പുരാതനമായ 'സില്‍ക്ക് പാത' ആരംഭിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്ന് സിന്ധു നദി 60 മൈലുകള്‍ ഒഴുകി ശ്രീനഗറില്‍ എത്തുമ്പോഴേക്കും ഝലം നദിയില്‍ ചേര്‍ന്നിട്ടുണ്ടാകും. ഈ നദി കശ്മീര്‍ താഴ്വരയിലൂടെ ഒഴുകി പാകിസ്താനിലേക്ക് ഗമനം തുടരുന്നു. ഇതുവരെ കാറിലിരുന്നു കണ്ട കാഴ്ചകള്‍ ഇന്ദ്രിയാനുഭവങ്ങളിലൂടെ കൂടുതല്‍ സുഖകരമാകണമെങ്കില്‍ ഇവിടെ ഇറങ്ങി നടക്കുക തന്നെ വേണം. കയറുന്തോറും പുതിയ പുതിയ ഭൂമികകള്‍ മുന്നില്‍ തെളിയുന്നു. മുകളില്‍ കണ്ട ഒരു വലിയ പാറ ലക്ഷ്യമാക്കി ഞങ്ങള്‍ മുന്നോട്ടു പോയി. അവിടെയിരുന്ന് കുറച്ച് ഫോട്ടോകള്‍ എടുത്തു. മുകളില്‍നിന്ന് നോക്കുമ്പോള്‍ മലമടക്കുകളും നീര്‍ച്ചാലുകളും വേനല്‍ പച്ചപ്പും മേഘസഞ്ചാരങ്ങളും ചേര്‍ന്നൊരുക്കുന്ന അനുഭൂതിയെ എങ്ങനെ വിവരിക്കണമെന്നറിയില്ല! വിവിധ രാജ്യങ്ങളില്‍ നിന്ന് കശ്മീര്‍ കാണാനെത്തിയവര്‍ പല ഭാഷകള്‍ സംസാരിച്ച് മല കയറുന്നുണ്ടായിരുന്നു.
ഇടക്കിടെ പാഞ്ഞുപോകുന്ന മിലിറ്ററി വാഹനങ്ങളും വഴിയില്‍ കാണുന്ന ബങ്കറുകളും തോക്കേന്തിയ പട്ടാളക്കാരുടെ നില്പും കഴിച്ചാല്‍ കശ്മീര്‍ ഒരു പ്രശ്നബാധിത പ്രദേശമായി തോന്നുകയേ ഇല്ല.