തോട്ടത്തില്‍ ഒരു രാത്രി
തോട്ടത്തില്‍ ഒരു രാത്രി
'ഡാ, ഫഹദ്.... തോട്ടത്തില്‍ പോയി കുറച്ചു പഴങ്ങള്‍ പറിച്ചുകൊണ്ടു വാ......''
അവന്റെ കണ്ണില്‍നിന്ന് വരുന്ന ആരെയും കൂസാത്ത ആ നോട്ടം. കുന്തം നാട്ടി നിര്‍ത്തിയതു പോലുള്ള ശരീര വടിവ്. അവന് ആരെയും വകവെക്കുകയോ അനുസരിക്കുകയോ ചെയ്യില്ലെന്ന് തോന്നും. പക്ഷേ, അടിമയായിപ്പോയില്ലേ. അനുസരിച്ചേ പറ്റൂ. അതുകൊണ്ട് അനുസരിക്കുന്നു. അവന്റെ സംശയത്തോടെയുള്ള തുറിച്ചുനോട്ടം സൈനബിനെ അങ്കലാപ്പിലാക്കാറുണ്ട്. അത് കാണുമ്പോള്‍ പേടിയും അവളുടെ ശരീരത്തില്‍ അരിച്ചു കയറും....
ഫഹദ് വന്നു, പഴങ്ങളുമായി. ഒന്നും മിണ്ടാതെ പഴങ്ങള്‍ അവളുടെ മുമ്പില്‍ വെച്ചു, പോകാനൊരുങ്ങി.
''ഫഹദ്.... നല്ലവനായ ചെറുക്കാ... നീ ശരിക്ക് ഞങ്ങളുടെയൊക്കെ ആദരം അര്‍ഹിക്കുന്ന ആളാണ്.... ശരി... നീ പോയി ഒരു സ്വര്‍ണപ്പണിക്കാരനെ വിളിച്ചുകൊണ്ടു വാ.... എനിക്ക് ഭംഗിയുള്ള ഒരു വള പണിയിക്കണം.''
അടിമപ്പെണ്ണുങ്ങള്‍ ചുറ്റും കൂടി നില്‍പ്പുണ്ട്. അവര്‍ കാര്യമറിയാതെ അന്തം വിട്ട് പരസ്പരം നോക്കി. നമ്മുടെ യജമാനത്തിക്ക് ഇതെന്ത് പറ്റി! കുറച്ചിടയായി യജമാനത്തി ഫഹദിനെ മാത്രമേ വിളിക്കുന്നുള്ളൂ. അവന്റെ കാര്യങ്ങളേ പറയുന്നുള്ളൂ. അവനെ പ്രശംസകൊണ്ട് മൂടുന്നു. എന്റെ കുളിമുറി വൃത്തിയാക്ക്, പട്ടു വസ്ത്രങ്ങള്‍ ചുളിവ് നിവര്‍ത്തി വെക്ക് എന്നേ ഇനി അവനോട് പറയാന്‍ ബാക്കിയുള്ളൂ.
''ഫഹദ്! നീ അടിമയാക്കപ്പെട്ടത് വല്ലാത്ത അതിക്രമമായിപ്പോയി. യജമാനന്മാരെക്കാള് തലയെടുപ്പും ബുദ്ധിയും ശൗര്യവുമുള്ള എത്രയെത്ര അടിമകളുണ്ട്!''
സൈനബിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഫഹദിന്റെ കണ്ണുകള്‍ ആര്‍ദ്രമായി. അവ നിറഞ്ഞുതുളുമ്പി. മനസ്സ് വേദനയാല്‍ പിടഞ്ഞു. അവന് ചോദിക്കാതിരിക്കാനായില്ല:
''യജമാനത്തി എന്നെ കളിയാക്കുകയാണോ?''
''ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നത് ഞാനായിരുന്നെങ്കില്‍ ആളുകള്‍ ആദരവോടെ ചൂണ്ടിക്കാട്ടുന്ന നേതാവായി ഞാന്‍ നിന്നെ മാറ്റിയെടുക്കുമായിരുന്നു.''
''പക്ഷേ, എന്റെ വിധി ഇതാണല്ലോ.''
അവന് ശബ്ദമുയര്‍ത്തി.
''ഏ, കഴിവുകെട്ടവനേ....''
അത്ഭുതം വിടരുന്ന കണ്ണുകളോടെ അവന് നോക്കി. ''ഞാന്‍ എന്ത് ചെയ്യണമെന്നാണ് പറയുന്നത്?''
''നീ സ്വാതന്ത്ര്യം സ്വപ്നം കാണണം.''
''സ്വപ്നങ്ങള്‍ ദുഃഖവും നിരാശയും കൂട്ടുകയേ ഉള്ളൂ യജമാനത്തീ...''
''നീ നിനക്ക് വേണ്ടി ഒരു ഭാവനാലോകം ഉണ്ടാക്കണം. എല്ലാവരും ആദരിക്കുന്ന നേതാവായി നീ സ്വയം സങ്കല്പിക്കണം. ആ ഭാവനാ ലോകത്ത് ഇരുന്നുവേണം എല്ലാം ചെയ്യാന്‍.''
അവന് ദുഃഖം കലര്‍ന്ന ഒരു ചിരി ചിരിച്ചു.
''അങ്ങനെ ചെയ്താല്‍ ചാട്ട കൊണ്ട് എന്റെ നടുപുറം പൊളിക്കുന്നതും തീകൊണ്ട് പൊള്ളിക്കുന്നതും ആദ്യം യജമാനത്തി തന്നെ ആയിരിക്കുമല്ലോ.''
സൈനബ് വികാരഭരിതയായി പറഞ്ഞു:
''ഫഹദ്, കേള്‍ക്ക്. നീയൊരു മനുഷ്യനാണ്.''
''എന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എനിക്കെന്തെങ്കിലും അധികാരമുണ്ടോ? എന്റെ പേര് തന്നെ അവര്‍ ഒന്നിലധികം തവണ മാറ്റിയിരിക്കുന്നു. ഞാന്‍ ഒന്നുമല്ല. ഒരു ഒട്ടകം വഴിതെറ്റി നഷ്ടപ്പെട്ടുപോയാല്‍, ആടിനെ ചെന്നായ പിടിച്ചാല്‍ നിങ്ങള്‍ ദുഃഖിക്കും. എന്റെ കാര്യം...''
''മിണ്ടാതിരുന്ന് കേള്‍ക്ക്.... നീയൊരു മനുഷ്യനാണ്.''
അവളുടെ നിറഞ്ഞ മുഖത്തേക്കും ഉത്കണ്ഠ തുടിക്കുന്ന കണ്ണുകളിലേക്കും ഇടതൂര്‍ന്ന മുടിയിലേക്കും നേര്‍ത്ത ചുണ്ടുകളിലേക്കും അവന് നോക്കി. ശബ്ദം താഴ്ത്തിയാണ് അവന് പറഞ്ഞത്. ''യജമാനത്തീ, ഞാന്‍ സത്യം പറയാം. ജീവിതത്തിന്റെ മുഴുവന്‍ സൗഭാഗ്യങ്ങളും നിഷേധിക്കപ്പെട്ട ഒരാളാണ് ഞാന്‍. എല്ലാം എല്ലാം നിഷേധിക്കപ്പെട്ട ഒരാള്‍. എന്റെ മനസ്സില്‍ നിറഞ്ഞുതുളുമ്പുന്നത് എനിക്ക് പറയാന്‍ കഴിയുന്നില്ല. എനിക്കതിന് ധൈര്യമില്ല. മനസ്സിലായോ? അസംഭവ്യം. യജമാനത്തി എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.''
മറുപടി പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
''ഫഹദ്, നീ പറയ്. തുറന്ന് പറയ്. നിന്റെ മനസ്സിലുള്ളതെല്ലാം എനിക്കറിയണം.''
''അത് മരണമാണ്.''
''എന്റെ മാനംതൊട്ട് സത്യം ചെയ്യാം, ധൈര്യമായി പറഞ്ഞോ.''
''മറ്റാരോടെങ്കിലും പറഞ്ഞ് പ്രശ്നമാക്കുമോ?''
''വാക്ക് തന്നതല്ലേ, എന്റെ മാനമാണ...''
അവന് മുറിയുടെ നാല് ഭാഗത്തേക്കും നോക്കി. പിന്നെ അവന്റെ ആ ഉറച്ച നോട്ടം അവളുടെ കണ്ണുകളില്‍ തങ്ങി നിന്നു. ഇരുണ്ട ദേഹം വിയര്ത്തൊലിക്കുന്നുണ്ടായിരുന്നെങ്കിലും വളരെ ശാന്തനായാണ് അവന് ആ വാക്കുകള്‍ ഉരുവിട്ടത്.
''ഞാന്‍ യജമാനത്തിയെ സ്നേഹിക്കുന്നു.''
അവള് ചുണ്ടുകള്‍ കടിച്ചു പിടിച്ച്, ഭയങ്കര ആഘാതമേറ്റു എന്ന് തോന്നിപ്പിക്കും മട്ടില്‍ അലറി.
''എന്ത്?''
''എല്ലാം എനിക്കുറപ്പാണ്. ചാട്ടവാര്‍, തീപൊള്ളിക്കല്‍. ചിലപ്പോള്‍ മരണം തന്നെ. കാരണം, ഞാന്‍ അടിമയാണല്ലോ. നിങ്ങള്‍ സല്ലാമുബ്നു മശ്കമിന്റെ ഭാര്യയും.''
അവള് അലറി
''കീടമേ, വൃത്തികെട്ടവനേ....''
''ശരിയാണ്, ഞാന്‍ സ്നേഹിക്കുന്നു എന്ന വാക്ക് പ്രമാണിമാരില്‍ ആരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കില്‍ പുഞ്ചിരിയോടെ അല്ലെങ്കില്‍ നീരസത്തോടെ അതിനെ കാണും. ഞാന്‍ പറഞ്ഞപ്പോള്‍ അത് വൃത്തികെട്ടതായി...''
''വേഗം പൊയ്ക്കോ ഇവിടേന്ന്.''
''എന്റെ അന്ത്യമാണ്. എന്തൊരു മണ്ടത്തരമാണ് കാണിച്ചത്. ഇതൊരു പരീക്ഷണമാണോ, എന്തൊരു പരീക്ഷണം....''
''തെണ്ടീ, പോ പുറത്ത്.''
''പുറത്ത് പോയിക്കഴിഞ്ഞാല്‍ മരണമുറപ്പ്. യജമാനത്തീ, ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരട്ടെ. ആ പാദങ്ങളിലും പാദുകങ്ങളിലും ഒന്ന് ചുംബിച്ചോട്ടെ... ആ കാല്പാദങ്ങള് ചവിട്ടി നില്ക്കുന്ന മണ്ണ് ചുംബിച്ചാലും മതി. ഈ ഒഴുകുന്നത് ഖേദത്തിന്റെ കണ്ണുനീരാണ്. ഈ നിര്‍ഭാഗ്യവാനായ അടിമയോട് കനിവുണ്ടാകണം.''
ഫഹദ് പേടിച്ച് പേടിച്ച് സൈനബിനോടടുത്തു. അവളുടെ കാല്‍പാദങ്ങള്‍ക്കടുത്ത് കുനിഞ്ഞു നിന്നു. പെട്ടെന്ന് അവള് അവന്റെ കൈത്തണ്ടയില്‍ പിടിച്ചു. ആര്‍ത്തി എരിയുന്ന കണ്ണുകളോടെ അവനെ നോക്കി. പിന്നെ ഭ്രാന്തമായി ഫഹദിനെ അടക്കിപ്പിടിച്ചു.
''യജമാനത്തീ, എന്താണിക്കാണിക്കുന്നത്?''
''സ്നേഹം, അല്ലാതെന്ത്. അതിന് മതില്കെട്ടുകളെ അറിയില്ലല്ലോ. നിന്റെ നോട്ടം എനിക്ക് മനസ്സിലായിരുന്നു. അതെന്നെ നോവിച്ചുകൊണ്ടിരുന്നു. നീ സ്നേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു, സന്തോഷിച്ചു. പേടിയും സന്തോഷവും ഒരേ സമയം. ഞാന്‍ നിന്നെ സ്നേഹിച്ചു, നികൃഷ്ടനായി കാണുകയും ചെയ്തു.''
അവന്റെ ശരീരമാകെ വിറക്കാന്‍ തുടങ്ങിയിരുന്നു.
''അതെങ്ങനെ, യജമാനത്തീ?''
''ഞാന്‍ വിചാരിച്ചത് നീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമെന്നാണ്.''
''യജമാനത്തിയോടു എന്റെ ഹൃദയത്തിലുള്ള പ്രേമം മറ്റെല്ലാറ്റിനെക്കാളും ഉയരെയാണ്.''
''നീ സുന്ദരനായിരിക്കുന്നു. പക്ഷേ, അടിമയാണല്ലോ. നീ പറഞ്ഞ വാക്കുകളില്‍ ഒരൊറ്റ വാക്കും ഇക്കാലമത്രയും എന്റെ ഭര്‍ത്താവ് സല്ലാമില്നിന്ന് ഞാന്‍ കേട്ടിട്ടില്ല. അയാളത് പറഞ്ഞിരുന്നെങ്കില്‍ എന്റെ ആയുസ്സ് തന്നെ ഞാനയാള്‍ക്ക് ദാനമായി കൊടുത്തേനെ.''
അവന്റെ കൈകള്‍ താണു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടു.
''എന്താണ് സ്വാതന്ത്ര്യം? ചിലപ്പോള്‍ സ്നേഹമാണെന്ന് തോന്നും. ചിലപ്പോള്‍ പണമാണെന്ന് തോന്നും. പിന്നെ തോന്നും കൈകാലുകളില്‍ ചങ്ങലയുണ്ടെങ്കിലും മനസ്സിന് കൈവരുന്ന ശാന്തതയാണെന്ന്. ശരിക്കും എനിക്കറിയില്ല, എന്താണ് സ്വാതന്ത്ര്യം, എന്താണ് മോചനം.... എന്നോട് തന്നെയുള്ള സ്നേഹമായിട്ടാണ് തോന്നിയിട്ടുള്ളത്.''
അവളുടെ മൃദുലമായ കൈവിരലുകള്‍ അവന്റെ പരുക്കന്‍ താടിരോമങ്ങളെ തഴുകി.
''സ്വന്തത്തെ സ്നേഹിക്കുന്നവനേ, ഞാന്‍ എത്രയാണ് നിന്നെ സ്നേഹിച്ചത്...''
''എന്ത് പറയണമെന്ന് എനിക്കറിയില്ല.''
''നിന്നെ കാണാന്‍ എന്ത് ഭംഗിയാണ്.'' പിന്നെ ആമുഖമില്ലാതെ സൈനബ് പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് കടന്നു.
''നീ വഹ്ശി എന്നൊരാളെ കേട്ടിട്ടുണ്ടോ?''
''ഇല്ല, ആരാണത്?''
''മക്കയിലെ ഒരു അടിമയാണ്. മുഹമ്മദിന്റെ പിതൃസഹോദരന് ഹംസയെ കൊന്നയാള്‍. ആ ധീര പ്രവൃത്തിയുടെ പ്രതിഫലമായി അവനെ അടിമത്വത്തില്‍നിന്ന് മോചിപ്പിച്ചു.''
''ങാ, ശരിയാണ്. അങ്ങനെയൊരു വര്‍ത്തമാനം കേട്ടിട്ടുണ്ട്.''
''വേണമെങ്കില്‍... നിനക്കും അവനെപ്പോലെയാകാം.''
''യജമാനത്തീ... എനിക്കതിലൊന്നും താല്പര്യമില്ല.''
അവള് ശബ്ദമുയര്‍ത്തി.
''മാറിപ്പോ... എനിക്ക് ഭീരുക്കളെ ഇഷ്ടമല്ല.''
''ഞാന്‍ എന്താണ് ചെയ്യേണ്ടത്?''
''നീ സ്വതന്ത്രനാകണം.''
''എങ്ങനെ?''
''എന്ത് വിലകൊടുത്തും''
''യജമാനത്തിയോടുള്ള ആരുമറിയാത്ത ഇഷ്ടം കാരണം മറ്റൊന്നും എനിക്ക് ചിന്തിക്കാനാവുന്നില്ല. ഞാന്‍ ഇടക്ക് ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. ആ നോട്ടമായിരുന്നു എന്റെ സ്വപ്നങ്ങളെ നനച്ചു വളര്‍ത്തിയത്. മറ്റൊന്നും ചിന്തിക്കാന്‍ എനിക്ക് പറ്റുമായിരുന്നില്ല.''
''എനിക്ക് വേണ്ടത് പുരുഷനെയാണ്.''
''ഞാന്‍ പുരുഷനല്ലേ?''
''സ്വതന്ത്രനായ പുരുഷന്. എന്തിനും പോന്നവന്‍. വാനോളം പ്രതീക്ഷകളുള്ള ഒരാള്‍.''
''യജമാനത്തി ഇഛിക്കുന്നതെന്തോ അതായിത്തീരും ഞാന്‍.''
ദിനങ്ങള്‍ കടന്നുപോയി. താനൊരു മാന്ത്രിക ദേശത്ത് ചെന്നു പെട്ടതായി ഫഹദിന് തോന്നി. അവിടെ മനം മയക്കുന്ന പച്ചപ്പ്, പൂക്കള്‍, കളകളാരവം പൊഴിക്കുന്ന അരുവികള്‍. സൈനബിനെ കണ്ടാല്‍ മതി, ആ നീരുറവ അവന്റെ ദാഹം ശമിപ്പിക്കുന്നു. സൈനബിനും ചില മാറ്റങ്ങള്‍ കാണാനുണ്ട്. അവള് ഭര്‍ത്താവുമായി അത്ര പൊരുത്തത്തിലായിരുന്നില്ല. വീട്ടിന് പുറത്തിറങ്ങുമ്പോഴാണ് അവള് സന്തോഷവതിയാകുന്നത്. അടിമകളായി ആണുങ്ങളും പെണ്ണുങ്ങളും കുറെയധികമുണ്ടെങ്കിലും ഫഹദിനെയല്ലാതെ അവള് കാണുന്നില്ല. ഈ മാറ്റം സൈനബിനെ തന്നെ ഞെട്ടിച്ചു. ഈ നിസ്സാരനും വൃത്തികെട്ടവനുമായ അടിമയെ താന്‍ യഥാര്‍ഥത്തില്‍ സ്നേഹിച്ചു തുടങ്ങിയോ? അസംഭവ്യം. പക്ഷെ, സത്യം അവളെ നോക്കി പല്ലിളിക്കുന്നു. അവനെ കാണുമ്പോഴാണ് മനം കുളിര്‍ക്കുന്നത്, മുഖം തുടുക്കുന്നത്. വഴിതെറ്റലിന്റെയും മണ്ടത്തരത്തിന്റെയും അങ്ങേയറ്റം വരെ സ്വപ്നങ്ങളില്‍ കടന്നുവരുന്നു. എന്തൊരു ദുരന്തമാണിത്!
ഒരു ദിവസം വൈകുന്നേരം സൈനബ് പറഞ്ഞു.
''പ്രിയനേ, ഫഹദേ. എന്റെ ഭര്‍ത്താവ് സല്ലാം ദൂരെ എങ്ങോ പോയിരിക്കുകയാണ്. ഗത്വഫാന്കാരുടെ ദേശത്തേക്കായിരിക്കാം. അഞ്ച് ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. ഫഹദേ, നമ്മുടെ തോട്ടത്തില്‍ ഭംഗിയുള്ള ഒരു പുല്‍ക്കൂട് ഇല്ലേ; അവിടെ ആരുടെയും കണ്ണ് പതിയില്ല. ഒരാണിനും പെണ്ണിനും ഒന്നിച്ചിരിക്കാം. ചന്ദ്രന് അസ്തമിക്കുമ്പോള്‍ ഞാന്‍ അവിടെ എത്തും. നീയും എത്തണം. അറിയുമല്ലോ, കാത്തിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇക്കാര്യം ഒരാളോടും പറയരുത്. പറഞ്ഞുപോയാല്‍ പിന്നെ നീ ഇല്ല.''
പൂന്തോട്ടത്തിലെ രാത്രി കടന്നുപോയി....
ആഹ്.... എല്ലാം തകര്‍ന്നുവീഴുകയാണ്. എന്തൊരു കാളരാത്രി... വിശന്ന ഹിംസ്രജന്തുക്കളെപ്പോലെ. ഇതെങ്ങാന്‍ സല്ലാം അറിഞ്ഞാല്‍ എല്ലാം തീര്‍ന്നു. ഞാന്‍ എന്നെ പിശാചിന് വിറ്റുവെന്നത് ശരി. പക്ഷേ, അത് മുഹമ്മദിനെ പിടികൂടാനാണ്.... ദൂരെയെങ്ങുനിന്നോ ഒരു പരിഹാസച്ചിരി മുഴങ്ങുന്നതായി സൈനബിന് തോന്നി.
ഇല്ല, ഞാന്‍ സ്വയം വഞ്ചിക്കില്ല. ഞാനൊരു അടിമക്ക് വഴങ്ങിയിട്ടുണ്ടെങ്കില് അത് വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ്. അവള് ചുറ്റും നോക്കി. ഇല്ല, ആരുമില്ല. ശരിയാണ് ഞാന്‍ അവനെ കാമിച്ചിരുന്നു. ഒറ്റക്കല്ലുകൊണ്ട് രണ്ട് കുരുവികളെയാണ് വീഴ്ത്തിയത്. എന്റെ ദാഹമടങ്ങി. ഒപ്പം അറേബ്യയെ മുഴുവന്‍ പിടിച്ചുകുലുക്കാന്‍ പോകുന്ന ആ വലിയ പാതകത്തിനും അരങ്ങൊരുങ്ങി. മുഹമ്മദിനെ കൊല്ലാന്‍ താന്‍ പോകാമെന്ന് ഫഹദ് സമ്മതിച്ചിരിക്കുകയാണ്. അവന് മടങ്ങിവന്നാല്‍ അവനെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കും. എന്നിട്ട് ഞങ്ങള്‍ രണ്ട് പേരും കൂടി എന്റെ ഭര്‍ത്താവ് സല്ലാമിനെ കൊല്ലും. പിന്നെ ഞങ്ങള്‍ ഒളിച്ചോടും.... വിവാഹം കഴിക്കും..... ഇങ്ങനെയൊക്കെയാണ് പറഞ്ഞുവെച്ചിരിക്കുന്നത്. പക്ഷേ, കരാറിന്റെ രണ്ടാമത്തെ ഭാഗം ഞാന്‍ ചെയ്യില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനെ കൊല്ലില്ല.
ആ ജാരസന്തതിയുടെ കൂടെ പൂന്തോട്ടത്തില്‍ കഴിച്ചുകൂട്ടിയ ആ രാത്രി. എന്തൊരു നാശമാണ് ഞാന്‍ അവന് വഴങ്ങി, അവന് എനിക്കും വഴങ്ങി. അതിലെന്ത് തെറ്റ്? ഖൈബര്‍ മുഴുക്കെ അങ്ങനെയല്ലേ? കുറ്റകൃത്യങ്ങള്‍, കാപട്യം, കള്ളമൊഴികള്‍, ജാരസംസര്ഗങ്ങള്... തോട്ടങ്ങള്‍ക്കും വീടുകള്‍ക്കും വഴികള്‍ക്കും മീതെ തിന്മ ചിറകു വിരിച്ചു പറക്കുന്നു. ജീവിതം ആഗ്രഹങ്ങളല്ലേ, ഹൃദയത്തില്‍ വിങ്ങുന്ന ആഗ്രഹങ്ങള്‍ നിവര്ത്തിക്കുകയല്ലാതെ മറ്റെന്ത് വഴി....
സൈനബ് കിടക്കയില്‍ കരഞ്ഞു കലങ്ങി കിടപ്പാണ്. തേങ്ങിയത് ഇടക്ക് ഉച്ചത്തിലായിപ്പോയി. അപ്പോള്‍ ആരൊക്കെയോ പേടിയോടെ അടുത്ത് വന്നു.
''എനിക്കാരെയും കാണണ്ട.''
ഒരു അടിമ സ്ത്രീയാണ്.
''യജമാനന് തിരിച്ചെത്തിയിരിക്കുന്നു.''
അവള് അമ്പരപ്പോടെ തലയുയര്‍ത്തി. കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു.
''അതെങ്ങനെ?''
''യാത്ര വേണ്ടെന്ന് വെച്ചു. വലിയൊരു സംഘം മുസ്ലിംകള് വരുന്നുണ്ടെന്ന വിവരം കിട്ടി. ഏത് ദിശയില്‍ നിന്നാണെന്ന് അറിയില്ല.''
സൈനബ് ചുറ്റുപാടും കണ്ണോടിച്ചു. ദൂരെയൊരിടത്ത് ഫഹദ് പതുങ്ങി നില്‍ക്കുന്നത് കണ്ടു. കണ്ണുതുടച്ചു ഔദ്ധത്യത്തോടെ അവള് അലറി
''ഫഹദ്...''
''അടിയന്.''
''നീ പോയി യജമാനനോട് അദ്ദേഹത്തെ എനിക്ക് ഇപ്പോള്‍ തന്നെ കാണണം എന്ന് പറയ്.''
ശരീരമാസകലം വിറച്ച്, അവന് ഓടി. അവന്റെ മുഖം പറ്റെ വിളറിപ്പോയിരുന്നു. തല കറങ്ങുന്നു. മുന്നിലുള്ളതൊന്നും കാണുന്നില്ല. എതിരെ വരുന്ന ഒരാളുമായി കൂട്ടിയിടിക്കുകയും ചെയ്തു. അടച്ചു പിടിച്ച കണ്ണ് തുറന്നത് അടുത്തെത്തിയപ്പോള്‍. നിലവിളിപോലെ ആ വാക്കുകള്‍ ഫഹദില്‍ നിന്ന് പുറത്തു ചാടി.
''യജമാനരേ.... യജമാനത്തി വിളിക്കുന്നു.''
''നിനക്കെന്ത് പറ്റിയെടോ?'' സല്ലാം ശാന്തനായി ചോദിച്ചു.
പിന്നെ ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ട് നടന്നു.
(തുടരും)