ഡോക്ടര്‍മാര്‍ കളയാന്‍ പറഞ്ഞു; ഞാന്‍ സമ്മതിച്ചില്ല''

റയ്ഹാം അല്‍ ഇറാഖി
ജനുവരി 2023
2022 ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ അംബാസിഡര്‍ ഗാനിം അല്‍മുഫ്താഹിന്റെ മാതാവുമായി കൂടിക്കാഴ്ച

 

 

   അംഗപരിമിതിയെ വെല്ലുവിളിച്ച്, വീല്‍ ചെയറില്‍ കയറാന്‍ വിസമ്മതിച്ച് സ്വന്തം കൈക്കരുത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ച് കാല്‍പന്ത്കളിയുടെ ലോകകപ്പു മേള വിശുദ്ധ ഖുര്‍ആനിലെ മാനവിക വിളംബരം ഏറ്റ് ചൊല്ലി ഉദ്ഘാടനം ചെയ്ത ഖത്തരി യൗവന വിസ്മയമായ ഗാനിം അല്‍ മുഫ്താഹ് മാധ്യമ ലോകമെങ്ങും സംസാരവിഷയമാവുകയുണ്ടായി. മോണ്‍ഡിയാല്‍ ചരിത്രത്തിലെ അനന്യമായൊരു ദൃശ്യാദ്ഭുതമായിരുന്നു അത്.
2002 മേയ് 5നാണ് ഖത്തര്‍ ആസ്ഥാനമായ ദോഹയില്‍ ഗാനിമിന്റെ ജനനം. അപൂര്‍വ രോഗവുമായാണ് ആ കുഞ്ഞ് ഭൂമിയില്‍ പിറന്നുവീണത്. കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന രോഗം. നട്ടെല്ലിന്റെ താഴ്ഭാഗം പൂര്‍ണമായും നഷ്ടപ്പെട്ടതിന്റെ ഫലമായുള്ള അംഗപരിമിതി.
ലോകത്ത് കാല്‍ ലക്ഷത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന അപൂര്‍വ വൈകല്യം. ഇങ്ങനെ അസ്ഥിയുടെ ഗണ്യമായൊരു ഭാഗത്തിന്റെ അഭാവത്തില്‍ അര്‍ധശരീരനായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനായിരുന്നു ഗാനിം.
ഗര്‍ഭസ്ഥയായിരിക്കെ തന്നെ ഗാനിമിന്റെ ഉമ്മക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ രൂപത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. ആ കുഞ്ഞിനോടുകൂടി ചെയ്യുന്ന കരുണയാണതെന്നായിരുന്നു ഭിഷഗ്വര ഭാഷ്യം. പക്ഷേ, മാതൃസ്‌നേഹത്തിന്റെ തരളവികാരത്തിന് വൈദ്യശാസ്ത്രത്തിന്റെ 'യാഥാര്‍ഥ്യബോധം' ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കേട്ട മാത്രയില്‍ തന്നെ ആ ഉപദേശം അവര്‍ തള്ളിക്കളഞ്ഞു. കുഞ്ഞിനെ കളയാന്‍ വിസമ്മതിച്ചുകൊണ്ട് അവര്‍ പറഞ്ഞു: 'എന്തു കാരുണ്യത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. എന്റെ നാഥന്‍ നിങ്ങളെക്കാള്‍ എന്റെ കുഞ്ഞിനോടു കരുണയുള്ളവനാണ്.'
പത്ത് മാസം തികയും മുമ്പ് ആറാം മാസത്തിലായിരുന്നു പ്രസവം. അകാലത്തിലുള്ള ആ പ്രസവം അതികഠിനമായൊരു പരീക്ഷണം തന്നെയായിരുന്നു.
ഇപ്പോള്‍ ഇരുപത് വയസ്സ് തികഞ്ഞ ഗാനിമിനെ പോറ്റിവളര്‍ത്തി വിദ്യാഭ്യാസം നല്‍കുന്നതില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെയും വെല്ലുവിളികളെയും കുറിച്ചു ഉമ്മു ഗാനിം മനസ്സ് തുറക്കുന്നു:
ചോദ്യം: ഗാനിമിനെ പ്രസവിച്ചതിന്റെയും ഗര്‍ഭഛിദ്രം നടത്താനുള്ള ഡോക്ടര്‍മാരുടെ ഉപദേശം നിരാകരിച്ചതിന്റെയും കഥ പറയൂ.
ഉത്തരം: അല്ലാഹുവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എനിക്കറിയാത്തതും അവന് മാത്രം അറിയുന്നതുമായ കാരണത്താലാണ് അവന്‍ എനിക്ക് ഈ കുഞ്ഞിനെ തന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നാഥന്‍ അവന്റെ ജീവന്‍ ബാക്കിവെക്കുകയാണെങ്കില്‍ അതില്‍ എന്തെങ്കിലും നന്മ കാണാതിരിക്കില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അല്ലാഹു തെരഞ്ഞെടുത്തതാണ് ഞാനും തെരഞ്ഞെടുത്തത്.
ചോദ്യം: എങ്ങനെയാണ് അവനെ ഒരു പ്രചോദന കഥയാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിച്ചത്?
ഉത്തരം: അവന്റെ കാലിന്റെ ചുവപ്പ് മാറുന്നതിന് മുമ്പ് മുതല്‍ക്കേ എന്റെ ജീവിതം അവന്നും അവന്റെ സഹോദരന്മാര്‍ക്കും ഞാന്‍ ഉഴിഞ്ഞിട്ടു കഴിഞ്ഞിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അസാധാരണ കഴിവുകളിലൂടെ അവന്‍ എന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ചോദ്യം: കൂട്ടുകാര്‍ക്കിടയില്‍ അവന്‍ പരിഹാസത്തിനും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടോ? ആ പ്രതിസന്ധിയെ എങ്ങനെയാണ് അവന്‍ അതിജീവിച്ചത്?
ഉത്തരം: എന്റെ മകന്‍ പരിഹാസത്തിനും കളിയാക്കലുകള്‍ക്കും പാത്രമായിട്ടുണ്ട്. വിചിത്രമായ കണ്ണുകളോടെയും ജിജ്ഞാസയോടെയും സഹതാപത്തോടെയും അവനെ നോക്കിയവരുമുണ്ട്. അപ്പോഴൊക്കെ പരിഭവവുമായി അവന്‍ എന്റെ അടുത്ത് വരും. അപ്പോള്‍ ലോകത്തെയും അവരുടെ കാഴ്ചപ്പാടിനെയും മാറ്റിയെടുക്കാന്‍ എനിക്ക് സാധിക്കുകയില്ല എന്നായിരുന്നു ഞാനവനോടു പറയാറുണ്ടായിരുന്നത്. 'മറിച്ചു മാറേണ്ടത് നീയാണ്. നിന്റെ ഉള്ളില്‍നിന്നാണ് മാറ്റം ഉരുത്തിരിഞ്ഞു വരേണ്ടത്. നിന്നെ നീ തന്നെ ഉള്‍ക്കൊള്ളുക. എന്നിട്ട് ആളുകളെ അഭിമുഖീകരിക്കുക; സദാ തൂമന്ദഹാസത്തോടെ, ശാന്തമായി' ഇതാണ് ഞാന്‍ അവനോടു പറയാറുണ്ടായിരുന്നത്.
ചോദ്യം: നിങ്ങളുടെ പരിശ്രമ ഫലത്തെ ഇപ്പോള്‍ എങ്ങനെയാണ് കാണുന്നത്. ഗാനിം ലോകമെങ്ങും സംസാരവിഷയമായ ഈ സന്ദര്‍ഭത്തില്‍?
ഉത്തരം: എന്റെ കണ്ണിലുണ്ണി ലോകകപ്പ് മത്സരം ഉദ്ഘാടനം ചെയ്തപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ അല്ലാഹുവിന് നന്ദി പറഞ്ഞും അവനെ സ്തുതിച്ചും സുജൂദില്‍ വീണു. സ്വന്തം ജന്മനാടിന് സേവനമര്‍പ്പിച്ച് ലോകം മുഴുവന്‍ സംസാരവിഷയമായ അവന്‍ നാടിന് അഭിമാനമായി മാറിയല്ലോ. അല്ലാഹുവിന്റെ സഹായവും ഔദാര്യവും ഒന്ന്‌കൊണ്ട് മാത്രമാണ് അവന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. പിന്നെ, പറയാനുള്ളത് ഞങ്ങളുടെ പ്രിയനാട് അവന് നല്‍കിയ പിന്തുണയാണ്. എല്ലാ പ്രയാസങ്ങളും അവന് ലഘൂകരിച്ചുകൊടുത്തത് അവന്റെ തന്നെ നാടായ ഖത്തറാണ്. അവന് വേണ്ട എല്ലാ സഹായവും നല്‍കുന്നതില്‍ ഖത്തര്‍ ഒരു പിശുക്കും കാണിച്ചില്ല. അപാരവും സീമാതീതവുമാണ് ഗാനിന്റെ ദൃഢനിശ്ചയവും പ്രതിജ്ഞാബദ്ധതയും.
ചോദ്യം: ഇത്തരം കുഞ്ഞുങ്ങളുടെ മാതാക്കള്‍ക്ക് നല്‍കാനുള്ള സന്ദേശം?
ഉത്തരം: അംഗപരിമിതരായ കുട്ടികള്‍ മറ്റേതൊരു കുട്ടിയെയും പോലെ ശേഷിയുള്ളവര്‍ തന്നെയാണ്. അതിനാല്‍, അത്തരം എല്ലാ അമ്മമാരും വിശ്വാസത്തിന്റെയും ക്ഷമയുടെയും നിരന്തര പരിശ്രമത്തിന്റെയും ആഭരണമണിയട്ടെ. ആ കുട്ടികളുടെ ശക്തിസ്രോതസ്സ് അവരുടെ അമ്മമാര്‍ തന്നെയാണ്.
ചോദ്യം: ഗാനിമിനെ കുറിച്ചുള്ള സ്വപ്‌നം?
ഉത്തരം: പൊതുവെ പറഞ്ഞാല്‍ ലോകത്തിന് സൃഷ്ട്യുന്മുഖമായ സന്ദേശങ്ങളും പ്രചോദനവും നല്‍കി അവന്‍ അവന്റെ ജീവിതം തുടരട്ടെ. വ്യക്തിപരമായ മോഹം പറഞ്ഞാല്‍ ചെറുപ്പത്തിലേ അവന്‍ താലോലിക്കുന്ന ഒരു മോഹമുണ്ട്. നയതന്ത്ര മേഖലയില്‍ ഖത്തറിനെ ഉത്തമ മാതൃകയില്‍ പ്രതിനിധാനം ചെയ്യുന്ന അംബാസഡറാവുക എന്നതാണത്. അവന്റെ ഈ ആഗ്രഹം സഫലമാകട്ടെ എന്നതാണ് എന്റെ വ്യക്തിപരമായ സ്വപ്‌നം.
(മിസ്ര്! അല്‍ യൗം)
വിവ: ഷഹ്‌നാസ് ബീഗം

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media