ഖുല്‍അ് വിധി, വ്യക്തിനിയമം, മൗദൂദി
ഷഹ്‌നാസ് ബീഗം
September 2021
ഭര്‍ത്താവിന്റെ സമ്മതത്തെയോ ഖാദിയുടെ വിധിയെയോ ആസ്പദിച്ചു നില്‍ക്കുന്ന ഒന്നായി ഖുല്‍ഇനെ നാം പരിഗണിക്കുന്നത് തീര്‍ച്ചയായും ശരീഅത്തിനെ പരിഹാസമാക്കലാണ്. ഈ വിഷയകമായി മുസ്‌ലിം സ്ത്രീയുടെ അവകാശം ഹനിക്കപ്പെടുന്നതില്‍ ശരീഅത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല.
1935-ല്‍ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന രൂപീകരിക്കുന്നതിന് മുമ്പ് മൗദൂദി എഴുതിയ സുദീര്‍ഘമായ ലേഖന പരമ്പരയാണ് 'ഹുഖൂഖുസ്സൗജൈന്‍' അഥവാ 'ദാമ്പത്യാവകാശങ്ങള്‍'. പിന്നീടത് 1943-ല്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. അവിഭക്ത ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് മുതല്‍ നടപ്പിലുള്ള മുസ്‌ലിം വ്യക്തിനിയമങ്ങളും ഇസ്‌ലാമിക ശരീഅത്തും തമ്മിലുള്ള മൗലികമായ അന്തരങ്ങളും മുസ്‌ലിം വൈവാഹിക നിയമങ്ങള്‍ ആധുനിക നിയമ ഭാഷയില്‍ പുനഃക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലെ മുഖ്യ ഉള്ളടക്കം. പ്രധാനമായും മുസ്‌ലിം പണ്ഡിതന്മാരുടെ ശ്രദ്ധ ക്ഷണിക്കാനും സാധാരണക്കാരെ ബോധവല്‍ക്കരിക്കാനുമാണ് ഇതെഴുതിയിട്ടുള്ളതെന്ന് മൂലകൃതിയുടെ ആദ്യപതിപ്പിന്റെ ആമുഖത്തില്‍ മൗലാനാ സൂചിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിന് ഇപ്പോള്‍ 79 വയസ്സായി. അതിനിടക്ക് മുസ്‌ലിം വ്യക്തിനിയമം പലതവണ ഇന്ത്യയില്‍ സജീവ ചര്‍ച്ചക്ക് വിഷയമായി. വിവിധ സന്ദര്‍ഭങ്ങളില്‍ കോടതി ഇടപെടലുകളുണ്ടായി. മുസ്‌ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണാര്‍ഥം അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിലവില്‍ വന്നു. പക്ഷേ, ഈ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഒരാളുമുണ്ടായില്ല.
നിലവിലുള്ള വികല നിയമങ്ങള്‍ കാരണം മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് പുസ്തകത്തില്‍ സയ്യിദ് മൗദൂദി പരിതപിക്കുന്നുണ്ട്. ഫിഖ്ഹിന്റെ കെട്ടിക്കുടുക്കില്‍ പെട്ട മുസ്‌ലിം സ്ത്രീകള്‍ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നോ എന്ന് തീര്‍ച്ചയില്ലാതിരിക്കുക, മാറാരോഗിയാവുക, ഭ്രാന്താവുക തുടങ്ങിയ അനിവാര്യ സാഹചര്യങ്ങളില്‍ പോലും ഉത്തരേന്ത്യയില്‍ വിവാഹമോചനത്തിന് വഴിയില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഈ ഊരാക്കുടുക്കില്‍നിന്ന് ഊരിച്ചാടാന്‍ അവര്‍ക്ക് നിര്‍ദേശിച്ചുകൊടുത്ത ഹീലത്ത് (തന്ത്രം) മതപരിത്യാഗമായിരുന്നു. അതോടെ വിവാഹം ബാത്വില്‍ (അസാധു) ആകുമല്ലോ. അശ്‌റഫലി ഥാനവിയെ പോലുള്ള പണ്ഡിതന്മാര്‍ക്കല്ലാതെ മറ്റു പാരമ്പര്യ പണ്ഡിതന്മാര്‍ക്കൊന്നും അതില്‍ യാതൊരു ആധിയുമുണ്ടായിരുന്നില്ല. ശരീഅത്തില്‍ ഫസ്ഖ്, ഖുല്‍അ് എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ഈ ദുരവസ്ഥയെന്ന് ഓര്‍ക്കണം. ഈ നിയമങ്ങളുടെയൊക്കെ വിശദാംശങ്ങള്‍ സയ്യിദ് മൗദൂദി തന്റെ കൃതിയില്‍ വിവരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും അക്കാലത്തെ പണ്ഡിതന്മാര്‍ ഗൗരവത്തിലെടുക്കുകയുണ്ടായില്ല. അതിനെക്കുറിച്ച് 1952-ല്‍ പുറത്തിറങ്ങിയ നാലാം പതിപ്പിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നത് കാണുക:
''ഈ പുസ്തകം ലേഖന രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ട് പതിനേഴ് വര്‍ഷമായി. പത്ത് വര്‍ഷമായി പുസ്തക രൂപത്തിലും ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഹനഫീ ഫിഖ്ഹിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ഇതില്‍ പ്രകാശിപ്പിച്ച അഭിപ്രായങ്ങള്‍ ഫത്‌വകളല്ല എന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണ്ഡിതന്മാര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച കുറേ നിര്‍ദേശങ്ങളായിരുന്നു അവ. ശര്‍ഇന്റെയും യഥാര്‍ഥ തെളിവിന്റെയും അടിസ്ഥാനത്തില്‍ അവ ശരിയാണെന്ന് ബോധ്യപ്പെടുന്ന പക്ഷം അവര്‍ തങ്ങളുടെ ഫത്‌വകളില്‍ മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രസിദ്ധീകരിച്ചത് മുതല്‍ ഇത് വരെയും അവര്‍ ഇക്കാര്യം ഗൗരവപൂര്‍വം പഠിക്കാനോ ചിന്തിക്കാനോ മെനക്കെട്ടില്ല; വൈജ്ഞാനികമായ നിരൂപണം നടത്താനും മുതിര്‍ന്നില്ല. മറിച്ച്, എനിക്കെതിരെ കുഴപ്പം സൃഷ്ടിക്കാനാണ് അവര്‍ തുനിഞ്ഞത്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിനോട് മാത്രമാണ് എനിക്ക് എന്റെ ആവലാതി ബോധിപ്പിക്കാനുള്ളത്.''
എഴുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം അതിലേക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് കേരളത്തിലെ ഹൈക്കോടതിക്കാണ്. കോടതി ബാഹ്യമായി മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നടത്താനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഖുല്‍അ് വിധിയില്‍ അതിന് ഉപോദ്ബലമായി ഉദ്ധരിച്ച കൃതികളിലൊന്നില്‍ മൗദൂദിയുടെ ഈ പുസ്തകവും പെടും. കോടതി ഉദ്ധരിച്ച മൗദൂദിയുടെ വാചകം ഇങ്ങനെ വായിക്കാം. ''വിവാഹമോചനത്തിനുള്ള പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക നിയമം ചേതോഹരമായൊരു സന്തുലിതത്വം നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. സ്ത്രീകളില്‍നിന്ന് 'ഖുല്‍ഇ'നുള്ള അവകാശം കൃത്യമായി കവര്‍ന്നുകൊണ്ട് വലിയൊരു ബുദ്ധിമോശമാണ് നാം പ്രവര്‍ത്തിച്ചത്. ശരീഅത്ത് അവര്‍ക്ക് ത്വലാഖിന് പകരം നല്‍കിയ അവകാശമാണ് നാമവര്‍ക്ക് നിഷേധിക്കുന്നതെന്ന വസ്തുത ഒട്ടും നാം ശ്രദ്ധിക്കുകയുണ്ടായില്ല. ഭര്‍ത്താവിന്റെ സമ്മതത്തെയോ ഖാദിയുടെ വിധിയെയോ ആസ്പദിച്ചു നില്‍ക്കുന്ന ഒന്നായി ഖുല്‍ഇനെ നാം പരിഗണിക്കുന്നത് തീര്‍ച്ചയായും ശരീഅത്തിനെ പരിഹാസമാക്കലാണ്. ഈ വിഷയകമായി മുസ്‌ലിം സ്ത്രീയുടെ അവകാശം ഹനിക്കപ്പെടുന്നതില്‍ ശരീഅത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല.''
മൗദൂദിയെ കൂടാതെ കോടതി ഉദ്ധരിച്ച മറ്റ് രണ്ട് പേര്‍ പ്രമുഖ ഇസ്‌ലാമിക നിയമവിശാരദനായ താഹിര്‍ മഹ്മൂദും മഹ്മൂദ് റിദാ മുറാദുമാണ്. ഖുര്‍ആനിലും മുസ്‌ലിം പേഴ്‌സണല്‍ ലോ ആക്ടിലും വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും കുടുംബകോടതികളും മുന്‍ ഹൈക്കോടതി വിധിയും തള്ളിക്കളഞ്ഞ ഒരവകാശമാണ് പുതിയ വിധിയിലൂടെ പുനഃസ്ഥാപിതമായിരിക്കുന്നത്. കോടതി കയറിയിറങ്ങി വര്‍ഷങ്ങള്‍ പാഴാക്കാതെ മുസ്‌ലിം സ്ത്രീക്ക് പുരുഷന്റെ ത്വലാഖിനു സമമായി വിവാഹമോചനം നേടാനുള്ള സൗകര്യമാണ് ഇപ്പോള്‍ സാധിതമായിരിക്കുന്നത്. ദാറുല്‍ ഖദാ, മഹല്ല് കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ക്ക് ഈ വിധിയെ ആസ്പദമാക്കി ദാമ്പത്യ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ത്വലാഖാകട്ടെ, ഖുല്‍ആകട്ടെ ഖുര്‍ആന്‍ നിര്‍ദേശിച്ച അനുരഞ്ജന ചര്‍ച്ച ദാമ്പത്യ തര്‍ക്കങ്ങളില്‍ നടന്നിരിക്കണമെന്നുകൂടി ഈ വിധിയില്‍ കോടതി മുന്നുപാധി വെച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
ഖുല്‍ഇന്റെ അവകാശം ഫലത്തില്‍ സ്ത്രീയില്‍നിന്ന് എടുത്തുകളയാനുള്ള കാരണം ഖുല്‍അ് ദമ്പതികള്‍ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമാണെന്നും ന്യായാധിപന് അതില്‍ ഇടപെടാനുള്ള അധികാരമില്ലെന്നുമുള്ള തെറ്റായ ധാരണയാണെന്ന് മൗദൂദി ചൂണ്ടികാണിക്കുന്നുണ്ട്; ''അങ്ങനെ ഫലത്തില്‍, ഖുല്‍അ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും പുരുഷന്റെ ഇഷ്ടത്തെ മാത്രം ആശ്രയിച്ചായിത്തീര്‍ന്നു. സ്ത്രീ ഖുല്‍ഇന് ആവശ്യപ്പെടുകയും പുരുഷന്‍ തന്റെ ദുഷ്ടത കൊണ്ടോ സ്വാര്‍ഥം മൂലമോ അതിന് സമ്മതിക്കാതിരിക്കുകയും ചെയ്താല്‍ പിന്നെ, സ്ത്രീക്ക് ഒരു രക്ഷയുമില്ല. ഇത് ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കാരണം, വൈവാഹിക ബന്ധത്തിലെ ഒരു കക്ഷിയെ തികച്ചും നിസ്സഹായാവസ്ഥയില്‍ മറുകക്ഷിയുടെ കൈയിലേല്‍പിക്കുക എന്നത് ഒരിക്കലും ശരീഅത്തിന്റെ ലക്ഷ്യമല്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം വൈവാഹിക ജീവിതത്തിന്റെ നാഗരികവും സദാചാരപരവുമായ ഉത്തമ താല്‍പര്യങ്ങള്‍ നഷ്ടപ്പെടുകയാകും ഫലം'' (ദാമ്പത്യ നിയമങ്ങള്‍ പേ: 51, 5-ാം പതിപ്പ്).
പ്രസിദ്ധീകരിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്തായെങ്കിലും ഇന്നും പ്രസക്തമാണ് മൗദൂദിയുടെ 'ദാമ്പത്യ നിയമങ്ങള്‍.' ഇന്ത്യയിലെ മുഹമ്മദന്‍ ലാ പൊളിച്ചെഴുതണമെന്നും മുസ്‌ലിം വ്യക്തിനിയമം ആധുനിക ഭാഷയില്‍ പുനഃക്രോഡീകരിക്കണമെന്നുംകൂടി ഈ പുസ്തകത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം എഴുതുന്നത് കാണുക: ''ഈജിപ്തില്‍ മിക്‌സഡ് ട്രിബ്യൂണലുകള്‍ നടപ്പാക്കിയപ്പോള്‍, വളരെ ആധികാരികമായ ഗ്രന്ഥങ്ങളില്‍നിന്ന് ആവശ്യമായ എല്ലാ നിയമങ്ങളും ഒരിടത്ത് ക്രോഡീകരിച്ചുകൊണ്ടുള്ള നിയമസമാഹാരത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനാല്‍ അന്നത്തെ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് പ്രകാരം ഖദ്‌രി പാഷയുടെ നേതൃത്വത്തില്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ആ കൃത്യം നിര്‍വഹിച്ചു. പ്രസ്തുത സമിതി ക്രോഡീകരിച്ച നിയമങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുകയും കോടതികളില്‍ സ്വീകാര്യത നേടുകയും ചെയ്തു. ഇന്ത്യയിലും ഇത്തരം ഒരു സമിതി ആവശ്യമാണ്. എല്ലാ വിഭാഗങ്ങളിലും പെട്ട പണ്ഡിതന്മാരും ഏതാനും നിയമജ്ഞന്മാരും ഉള്‍ക്കൊള്ളുന്നതായിരിക്കണം ആ സമിതി. അവര്‍ ഒന്നിച്ചിരുന്ന് വിശദമായ ചട്ടങ്ങള്‍ അത്യാവശ്യ വിശദീകരണ സഹിതം ക്രോഡീകരിക്കണം. ഈ ചട്ടങ്ങള്‍ ആദ്യം കരട് രൂപത്തില്‍ പ്രസിദ്ധീകരിച്ച് വ്യത്യസ്ത സംഘടനകളിലെ പണ്ഡിതന്മാരുടെ അഭിപ്രായമാരായേണ്ടതാണ്. തുടര്‍ന്ന് അവരുടെ അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും ഉചിത പരിഗണന നല്‍കി അത് പുനഃപരിശോധിക്കണം. അങ്ങനെ ഈ നിയമാവലിക്ക് അന്തിമ രൂപം നല്‍കപ്പെട്ടു കഴിഞ്ഞാല്‍ ശരീഅത്ത് വിധിയുടെ ആധികാരിക സമാഹാരമായി അതിനെ അംഗീകരിക്കണം. അനന്തരം ഭാവിയില്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അതിനെ അവലംബമാക്കാനും, വിശ്വാസവും മതബോധവുമില്ലാത്ത ഇംഗ്ലീഷ് കോടതികളിലെ ന്യായാധിപന്മാരുടെ വിശദീകരണങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട മുഹമ്മദന്‍ ലാ ദുര്‍ബലപ്പെടുത്താ
നും തീരുമാനിക്കണം'' (ദാമ്പത്യ നിയമങ്ങള്‍, പേ: 62). മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള വേദികളിലെ ആലിമുകളുടെ ബധിരകര്‍ണങ്ങളില്‍ ഈ വാക്കുകള്‍ എന്തെങ്കിലും പ്രതിഫലനമുണ്ടാക്കുമോ?