വരയില്‍ വിസ്മയം തീര്‍ത്തവര്‍

കെ.സി സലീം കരിങ്ങനാട്
September 2021
കോഴികള്‍ തെളിച്ച വര  മുഖ്യമന്ത്രിക്കൊരു സമ്മാനം ചായപ്പൊടിയില്‍ വിരിയുന്ന കൗതുകം വിരലാലെ വര ചാര്‍ത്തി

കോഴികള്‍ തെളിച്ച വര 
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സ്വന്തം കഴിവും പ്രാപ്തിയും തെളിയിക്കാന്‍ ആരെയും ആശ്രയിക്കേണ്ട. അര്‍ഹതക്കുള്ള അംഗീകാരം തേടിയെത്താന്‍ നിമിഷങ്ങളേ വേണ്ടി വരൂ. ജീവന്‍ തുടിക്കുന്ന രണ്ടു കോഴികള്‍ മതിലില്‍ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം ഉപ്പുവള്ളി വട്ടപ്പറമ്പില്‍ ഇസ്ഹാഖിന്റെയും നജ്മാബിയുടെയും മകള്‍ ആരിഫ ഷഫീഖ കാഴ്ചക്കാരുടെ മനം കവര്‍ന്നത്. അക്ഷരങ്ങള്‍ എഴുതിപ്പഠിക്കുന്നതിനു മുമ്പേ ആരിഫ ചിത്രംവരയിലേക്ക് കാലെടുത്തുവെച്ചിട്ടുണ്ട്. ആരിഫയുടേത് ഒരു ചിത്രകലാ കുടുംബമാണ്. ഉപ്പയെ കണ്ടാണ് മക്കള്‍ രണ്ട് പേരും വരയിലെത്തുന്നത്. ഉമ്മ നജ്മാബി ചിത്രം വരയോടൊപ്പം ക്രാഫ്റ്റും ചെയ്യും. ഉപ്പയും മക്കളും വരക്കുന്ന ചിത്രങ്ങളെല്ലാം വിലയിരുത്തുന്നത് ഉമ്മയാണ്.  വീടും വീട്ടിലെ വിരിപ്പുകളും മറ്റും ഇവര്‍ക്ക് ചിത്രങ്ങള്‍ വരച്ച് അലങ്കരിക്കാനുള്ളതു കൂടിയാണ്.
പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍കളറിലുമായിരുന്നു വരയുടെ ആദ്യ പരീക്ഷണങ്ങള്‍. ഹൈസ്‌കൂള്‍ തലത്തിലെത്തിയതോടെ  ഓയില്‍ പെയിന്റിംഗിലേക്ക് മാറി. അങ്ങനെ പതിനാറ് വര്‍ഷത്തിനകം ഇരുപത്തഞ്ചിലധികം റിയലിസ്റ്റിക് ചിത്രങ്ങള്‍  ആരിഫ വരച്ച് കൂട്ടിയിട്ടുണ്ട്. വൈറലായ ചിത്രങ്ങളോടൊപ്പം  റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളവും, വെള്ളം നിറഞ്ഞ നെല്‍വയലും പെടും. വൈറല്‍ ചിത്രങ്ങളെല്ലാം നമ്മില്‍ ഗൃഹാതുരത്വം നിറക്കും. മതിലില്‍ കോഴി ഇരിക്കുന്ന ചിത്രം പതിനഞ്ച് ദിവസമെടുത്താണ് തീര്‍ത്തത്. ആര്‍ട്ടിസ്റ്റുകള്‍ സ്വന്തം പോര്‍ട്രെയ്റ്റുകള്‍ വരക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ 2014-ല്‍ സ്വന്തം പടം വരച്ചും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആരിഫ. വരയുടെ വിവിധ ഘട്ടങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്താണ് തന്റെ വരയില്‍ സംശയമുന്നയിക്കുന്നവര്‍ക്ക് ആരിഫ മറുപടി നല്‍കുന്നത്.
ആരിഫയുടെ അനുജത്തി ജുമാനയാവട്ടെ വി.എഫ്.എക്സ് പൂര്‍ത്തിയാക്കിയിട്ടു്. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ആരിഫയെപ്പോലെ ഏത് തരം ചിത്രങ്ങളും ജുമാനക്കും വഴങ്ങും. ഭര്‍ത്താവ് പോത്തുകല്ല് വെളുമ്പിയമ്പാടത്തെ കാരാട്ടുതൊടിക ശഫീഖലി. ജിദ്ദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. മക്കള്‍ അഞ്ച് വയസ്സുകാരി അരീജ ഫാത്തിമയും നാല് വയസുകാരന്‍ മുഹമ്മദ് യസീദും. രണ്ടാളും ചിത്രലോകത്തേക്ക് കാലെടുത്തുവെച്ചിട്ടുണ്ട്. മകളുടെ വരയെ പുനരുജ്ജീവിപ്പിക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുപ്പത്തിയാറ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇക്കഴിഞ്ഞ നവംബറില്‍ ഉപ്പ ഇസ്ഹാഖ് നാടണഞ്ഞു. ഭര്‍ത്താവ് ഷഫീഖലിയുടെ പിന്തുണ വരയില്‍ ആരിഫക്ക് ആവോളമുണ്ട്. ലോക്ക് ഡൗണെല്ലാം കഴിഞ്ഞ് തന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനവും ആരിഫ ആഗ്രഹിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കൊരു സമ്മാനം
കൊറോണ വൈറസ് ജീവിതത്തെ ലോക്ക് ഡൗണാക്കിയ കാലത്ത് സര്‍ഗാത്മക മുന്നേറ്റങ്ങള്‍ കൊണ്ട് പുതുവഴികള്‍ വെട്ടിത്തെളിക്കുകയായിരുന്നു ഐഷ സാദ്. ഏറെ വ്യത്യസ്തമായ പൈറോഗ്രഫിയിലൂടെയാണ് (വട്ടത്തില്‍ മരങ്ങള്‍ മുറിച്ചെടുത്ത് മരപ്പലകകളില്‍ തീ കൊണ്ട് കരിയിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കല) മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി സാദ്-സല്‍മ ദമ്പതികളുടെ മകള്‍ ഐഷ സാദ് ശ്രദ്ധേയയാവുന്നത്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ഈ രംഗത്തേക്ക് കടന്നു വരുന്നവരുടെ എണ്ണം തുലോം വിരളമാണ്. അതിനാല്‍ കിട്ടിയ അവസരം മുതലെടുത്ത് പൈറോഗ്രഫി പഠിച്ചെടുത്തു. ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍കിടെക്ചറില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഐഷക്ക്, പഠിക്കുന്നത് പ്രയോഗത്തില്‍ വരുത്താനും പൈറോഗ്രഫി സഹായിക്കുന്നുണ്ട്. ചിത്രകലാ ആര്‍ട്ടിസ്റ്റായ ഉപ്പയുടെയും കരകൗശല നിര്‍മാണ വിദഗ്ധയും അധ്യാപികയുമായ ഉമ്മയുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമാണ് ഐഷക്കെന്നും ഊര്‍ജമായിട്ടുള്ളത്. സ്‌കൂള്‍ പഠനക്കാലത്തെ പെന്‍സില്‍ ഡ്രോയിംഗും എംബ്രോയിഡറി വര്‍ക്കുകളും പിന്നീട് പൈറോഗ്രഫിയില്‍ കൂടുതല്‍ താല്‍പര്യം ജനിപ്പിച്ചുവെന്ന് ഐഷ സാദ് പറയുന്നു. അക്കാലത്ത് തന്നെ സംസ്ഥാനതലത്തില്‍ കഴിവ് തെളിയിച്ചിട്ടുമുണ്ട്. പ്രഗത്ഭ വ്യക്തികളുടെയും സ്വന്തം കുടുംബാംഗങ്ങളുടേതുമടക്കം അമ്പതോളം ചിത്രങ്ങള്‍ ഐഷ മരത്തടിയില്‍ കോറിയിട്ടിട്ടുണ്ട്. സാധാരണ പൈറോഗ്രഫിക്ക് ഉപയോഗിക്കാറുള്ള വിള്ളല്‍ വീഴാത്തതും, മിനുസമുള്ളതും വേഗത്തില്‍ തീയേറ്റ് കരിയുന്നതുമായ മേപ്പിള്‍, പൈന്‍, ഓക്ക് തുടങ്ങിയ മരത്തിന്റെ പലകകള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ വെള്ളത്തടിയാണ് ഐഷ ഉപയോഗിക്കുന്നത്. ഐഷയുടെ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ആവശ്യക്കാരേറെയാണ്. താന്‍ വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നേരിട്ട് സമര്‍പ്പിക്കണമെന്ന ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണിപ്പോള്‍ ഐഷ.

ചായപ്പൊടിയില്‍ വിരിയുന്ന കൗതുകം
ചിത്രകലയില്‍ പലരും പലവിധ പരീക്ഷണങ്ങളാണ് നടത്തുക. ഓയില്‍ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ്, പൈറോഗ്രഫി, ഫിംഗര്‍ പെയിന്റിംഗ്... എന്നിങ്ങനെ ഓരോരുത്തരും അവരുടെ അഭിരുചിക്കനുസരിച്ച് പരീക്ഷണങ്ങളുടെ പിന്നാലെ പോകും. തങ്ങള്‍ തെരഞ്ഞെടുത്ത രീതിയില്‍ ഓരോരുത്തരും മികവും തെളിയിക്കുന്നുമുണ്ട്. എന്നാല്‍ ആരും അത്രയൊന്നും പരീക്ഷിക്കാത്ത  മേഖലയിലാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ലത്തീഫിന്റെയും സുമയ്യയുടെയും മകളായ റിസ്വാന ഹസന്‍. ചായപ്പൊടി ഉപയോഗിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി റെക്കോര്‍ഡ് നേടിയിരിക്കുകയാണവള്‍. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ള പതിനഞ്ച് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളാണ് ചായപ്പൊടി കൊണ്ട് ഇതിനകം വരച്ചുതീര്‍ത്തത്. അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഇരുപത്തിനാലുകാരി ഇടം പിടിച്ചിട്ടുണ്ട്. എവിടെയും പോയി പഠിച്ചല്ല ഈ മികവെന്നതാണ് അവളെ ഏറെ ശ്രദ്ധേയയാക്കുന്നത്. ചെറുപ്പം മുതലേ വരയോട് അതീവ താല്‍പര്യമുണ്ടായിരുന്നു. ആദ്യമൊക്കെ മണ്ണ് ഉപയോഗിച്ചാണ് വരച്ചിരുന്നത്. അതിലും കൂടുതല്‍ വ്യക്തത ചായപ്പൊടിക്കായിരിക്കുമെന്ന് കരുതി അതിലേക്ക് തിരിഞ്ഞു. അ3 പേപ്പറില്‍ ആദ്യം സ്‌കെച്ചിട്ട് പിന്നെ പശയും തേച്ച്  അതിന് മേലെ ചായപ്പൊടി വിതറിയിട്ട് പേപ്പറൊന്ന് പൊന്തിച്ചാല്‍ ചിത്രം തെളിഞ്ഞ് വരും. അതോടെ പണി പൂര്‍ത്തിയായെന്നാണ് ചിത്രം വരയെക്കുറിച്ച് ചോദിച്ചാല്‍ റിസ്വാനയുടെ മറുപടി. കായിക താരങ്ങളെ വരക്കാനായിരുന്നു ആദ്യ പ്ലാന്‍. ഒടുവിലത് പ്രധാനമന്ത്രിമാരെ തന്നെ വരച്ചുകളയാം  എന്ന തീരുമാനത്തിലെത്തി. ഇപ്പോള്‍ സി.എ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയാണ്. ചാര്‍ട്ടേഡ് അകൗണ്ടന്റ് എന്ന പ്രൊഫഷനോടൊപ്പം തന്നെ വരയും മുന്നോട്ടു കൊണ്ടുപോകാനാണ് റിസ്വാനക്കു താല്‍പര്യം. 

വിരലാലെ വര ചാര്‍ത്തി
വിരല്‍ത്തുമ്പാലെ ചിത്രം വരച്ചാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി കടുങ്ങപുരം അബ്ദുല്‍ അസീസിന്റെയും സെറാബാനുവിന്റെയും മകള്‍ ഷിറിന്‍ ഷഹാന വിസ്മയം തീര്‍ത്തത്. രണ്ട് കൈകൊണ്ടും ഒരേ സമയം ചിത്രം വരച്ചും കാപ്പിപ്പൊടി കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ത്തുമാണ് ഷിറിന്‍ ചിത്രരചനയില്‍ മികവ് തെളിയിക്കുന്നത്. വരയിലങ്ങനെ മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു, ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ഷിറിനെ തേടിവരാന്‍ അധിക സമയം വേണ്ടിവന്നില്ല. ബിരുദ പഠനം വരെ ചിത്രരചനയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വരക്കാന്‍ തോന്നിയപ്പോള്‍ പെയിന്റിംഗ്സ് ട്യൂട്ടോറിയല്‍സ് നോക്കി ബ്രഷ് വെച്ച് തുടങ്ങി.  വലതുകൈയിലെ വിരല്‍ത്തുമ്പു കൊണ്ടായി ആദ്യപരീക്ഷണം. പിന്നെയത് ഇടതു കൈയിലേക്കും മാറ്റി. അങ്ങനെ ഒരേ സമയം രണ്ടു കൈ കൊണ്ടും ബ്രഷുപിടിച്ചു. വീട്ടിലെ പഴയ ടൈല്‍സും മറ്റും വരക്കുള്ള പ്രതലങ്ങളായി മാറിയതങ്ങനെയാണ്. ചിത്രരചനയില്‍ പുതിയ പരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നു. ഹരിയാന സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ എം.എ സൈക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഷിറിന്‍ ഷഹാനക്ക് പഠനത്തോടൊപ്പം പെയിന്റിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യം. അവയില്‍ തന്നെ അക്രിലിക് പെയിന്റിംഗിനോടാണ് കൂടുതല്‍ ഇഷ്ടം. ചിത്രരചന മാത്രമല്ല, ഗാനാലാപനവും ഷിറിന് വഴങ്ങും. ഭാവിയില്‍ സൈക്കോളജിസ്റ്റാവുകയെന്ന ആഗ്രഹത്തോടൊപ്പം വരയും ഗാനാലാപനവുമെല്ലാം കൂടെ നിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ വരച്ചുകൊണ്ടേയിരിക്കുകയാണ് ഷിറിന്‍.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media