ഖുല്‍ഇലെ കോടതി വിധി ധീരമായ ചുവട്വെപ്പ്
കെ.കെ ഫാത്തിമ സുഹറ
September 2021
മഹല്ല് നേതൃത്വം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നുെങ്കില്, അനിവാര്യസാഹചര്യങ്ങളില്‍ ഭാര്യയില്‍നിന്ന് മഹര്‍ തിരിച്ചുവാങ്ങി ഭാര്യക്ക് വിവാഹമോചനം നേടിക്കൊടുക്കാ
നും മഹല്ലിന് നേതൃത്വം കൊടുക്കാമല്ലോ.
നമ്മുടെ കാലത്തെ പോലും അതിശയിപ്പിക്കും വിധം പൗരാവകാശങ്ങള്‍ സ്ത്രീക്ക് നല്‍കിയിട്ടുണ്ട് ഇസ്ലാം. കേവലം മതപരമായ ചില അവകാശങ്ങളില്‍ പരിമിതമല്ല അവ. ആരാധനാസ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, ഇണയെ തെരഞ്ഞെടുക്കുവാനും ദാമ്പത്യജീവിതം ദുസ്സഹമാകുമ്പോള്‍ ഇണയില്‍നിന്ന് വിവാഹബന്ധം വേര്‍പെടുത്താനുമുള്ള സ്വാതന്ത്ര്യം, സ്വത്ത് സമ്പാദിക്കാനും ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം, ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം ഇങ്ങനെ ഒട്ടേറെ അവകാശങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പുരുഷനെ പോലെ സ്ത്രീകളും പ്രവാചക കാലഘട്ടത്തില്‍ അനുഭവിച്ചിരുന്നു.
പ്രവാചക കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്ര്യങ്ങളുടെ ഒട്ടനവധി മഹിത മാതൃകകള്‍ ചരിത്രത്തില്‍ കാണാം..
സാബിത്ത്ബ്നു ഖൈസിന്റെ ഭാര്യ നബിതിരുമേനിയുടെ മുന്നില്‍വന്ന് ഇപ്രകാരം ബോധിപ്പിച്ചു: 'തിരുദൂതരേ, അദ്ദേഹത്തിന്റെ മതബോധം, സ്വഭാവശീലങ്ങള്‍ ഒന്നിനെക്കുറിച്ചും എനിക്കൊരു ആക്ഷേപവും ഇല്ല. അദ്ദേഹത്തിന്റെ വൈരൂപ്യത്തെയാണ് ഞാന്‍ വെറുക്കുന്നത്. അല്ലാഹുവിനെ ഭയപ്പെടുന്നില്ലായിരുന്നെങ്കില് അദ്ദേഹം എന്റെ അടുത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ തുപ്പുമായിരുന്നു.' അവരുടെ ആവലാതി കേട്ട് നബി (സ) ചോദിച്ചു: 'നിന്റെ ഭര്‍ത്താവ് നിനക്ക് നല്കിയ തോട്ടം അദ്ദേഹത്തിന് നീ തിരിച്ചു നല്‍കുമോ?' അവര്‍ മറുപടി നല്കി: 'അതും അതിലപ്പുറവും നല്‍കാം.' നബിതിരുമേനി പറഞ്ഞു: 'ആ തോട്ടം മാത്രം നല്കിയാല് മതി. അതിനപ്പുറം ഒന്നും നല്‍കേണ്ട.' പിന്നീട് നബിതിരുമേനി അവരുടെ ഭര്‍ത്താവിനോട് കല്പിച്ചു: 'തോട്ടം തിരിച്ചു വാങ്ങുക. ഒരു ത്വലാഖ് ചൊല്ലുക.'
ഉമറി (റ)ന്റെ ഭരണകാലത്തും ഇതിനു സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവ് കാരണം അദ്ദേഹത്തോടൊന്നിച്ചുളള ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമായി. പരാതി ഉമറി (റ)ന്റെ മുമ്പിലെത്തി. ഭര്‍ത്താവിന്റെ കൂടെ തന്നെ കഴിയാന്‍ ഉമര്‍ ഉപദേശിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അപ്പോള്‍ അദ്ദേഹം വൃത്തിഹീനമായ ഒരു സ്ഥലത്ത് അന്തിയുറങ്ങാന്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുശേഷം അവരോട് കാര്യം തിരക്കിയപ്പോള്‍ അവരുടെ മറുപടി: 'ഭര്‍ത്താവിനൊപ്പം കഴിയുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇതാണ്.' അവര്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് എത്രത്തോളമാണെന്ന് മനസ്സിലാക്കിയ ഉമര്‍ (റ), സ്ത്രീയുടെ ഭര്‍ത്താവിനോട് പാരിതോഷികം വാങ്ങി വിവാഹമോചനം നല്കാന് ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെ ഇഷ്ടമില്ലാത്ത ബരീറ. അവള്‍ക്ക് പിന്നാലെ താടിയിലൂടെ കണ്ണീരൊലിപ്പിച്ച് വന്ന ഭര്‍ത്താവ് മുഗീസ്. ഇതുകണ്ട നബി(സ) അബ്ബാസിനോട് ചോദിച്ചു: 'മുഗീസിന് ബരീറയോടുള്ള സ്നേഹവും ബരീറക്ക് മുഗീസിനോടുള്ള വെറുപ്പും താങ്കളെ അത്ഭുതപ്പെടുത്തുന്നില്ലേ?'
പ്രവാചകന് ബരീറയോട്: 'നീ ഒരു പുനര്‍വിചിന്തനം നടത്തിയെങ്കില്‍!'
ബരീറ: 'തിരുദൂതരേ, കല്പനയാണോ?'
റസൂല്‍: 'അല്ല, ശുപാര്‍ശ മാത്രമാണ്.'
ബരീറ: 'അതെനിക്കാവശ്യമില്ല.'
ആദ്യ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു രണ്ടാം ഭര്‍ത്താവുമായി ജീവിക്കുമ്പോള്‍ ആദ്യഭര്ത്താവിലേക്കുതന്നെ തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നബിതിരുമേനിയെ സമീപിച്ച കൗതുകകരമായ സംഭവങ്ങളും നാം ചരിത്രത്തില്‍ നാം കാണുന്നു. അനിവാര്യ ഘട്ടങ്ങളില്‍ അവകാശം വിനിയോഗിക്കുവാന്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല.
എന്നാല്‍ ഇന്ന് മുസ്ലിം സ്ത്രീക്ക് വര്‍ഷങ്ങളോളം കോടതി വരാന്തകളില്‍ കയറിയിറങ്ങിയിട്ടാണ് പലപ്പോഴും വിവാഹമോചനം നേടാനാവുന്നത്. ഇങ്ങനെ കാലതാമസം നേരിടുന്നത് ഇസ്ലാമിക ശരീരത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ.് വൈകിക്കിട്ടുന്ന നീതി ലഭിക്കാത്ത നീതിക്ക് തുല്യമാണ്. ഇങ്ങനെയൊരു വിവാഹമോചന സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ടെങ്കിലും അതിന്റെ ഫലം സ്ത്രീ സമൂഹത്തിന് ശരിയാംവണ്ണം ലഭ്യമാകുന്നില്ല എന്നതാണ് സത്യം. ഈ പ്രശ്നത്തില്‍ പരിഹാരമുായേ മതിയാവൂ.
ഇസ്ലാമില്‍ വിവാഹം വളരെ പവിത്രവും സുദൃഢവുമായ കരാറാണ്. 'അവര്‍ (ഭാര്യമാര്‍) നിങ്ങളില്‍നിന്ന് (പുരുഷന്മാരില്)നിന്ന് ബലിഷ്ഠമായ കരാര്‍ വാങ്ങിയിരിക്കുന്നു' എന്ന ഖുര്‍ആന്‍ സൂക്തം വിവാഹബന്ധത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. സ്ത്രീയെ അവളുടെ രക്ഷിതാവ് മഹല്ലിലെ ഉത്തരവാദപ്പെട്ടവരുടെ കാര്‍മികത്വത്തില്‍ അവളുടെ ഇഷ്ടം കൂടി കണക്കിലെടുത്ത് വരനെ സംരക്ഷണച്ചുമതല ഏല്പിക്കുന്ന വളരെ ഗൗരവപ്പെട്ട ഉടമ്പടിയാണിത്. അത് സ്നേഹ കാരുണ്യ വികാരങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതായിരിക്കണം എന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. എത്ര ശ്രമിച്ചാലും ശ്രദ്ധിച്ചാലും ചിലപ്പോഴെങ്കിലും ദാമ്പത്യജീവിതം പ്രതീക്ഷിച്ചപോലെ സന്തോഷം നിറഞ്ഞതായിക്കൊള്ളണമെന്നില്ല. ദമ്പതികള്‍ക്കിടയില്‍ പൊട്ടലും ചീറ്റലും ഉായെന്ന് വരും. അനുരഞ്ജന ശ്രമങ്ങള്‍ ഫലപ്പെടാതെയുമിരിക്കാം. അനുരഞ്ജനത്തിന് തയാറാകാത്തത് പുരുഷനാകാം, സ്ത്രീയാകാം. ഇത് പുരുഷന്റെയോ സ്ത്രീയുടെയോ ഭാഗത്തുനിന്നുമാവാം. അത്തരം അനിവാര്യ സാഹചര്യങ്ങളില്‍ പുരുഷന് വിവാഹമോചന അവകാശമുളളതുപോലെ സ്ത്രീക്കുമുണ്ട്.
ഈ നിയമാവകാശം നല്‍കിയത് നിയമദാതാവായ അല്ലാഹു തന്നെയാണ്. പരസ്പരം വെറുത്ത് കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം താങ്ങാനാവാത്ത ബാധ്യതയായി മാറും. ജീവിതാന്ത്യം വരെ ആ മുള്‍ക്കിരീടവും പേറി ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഭേദം മോചനം നേടലായിരിക്കും. അല്ലാഹു പറയുന്നു: ''ത്വലാഖ് രണ്ടുവട്ടം ആകുന്നു. അനന്തരം ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ ഭംഗിയായി പിരിച്ച് അയക്കുകയോ ചെയ്യാം. നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍നിന്ന് ഒന്നും തന്നെ പിരിച്ചയയക്കുമ്പോള് തിരിച്ചെടുക്കുന്നത് അനുവദനീയമല്ല. ദമ്പതികളില്‍ ഇരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിച്ചാല്‍ ഒഴികെ. ദമ്പതികള്‍ ഇരുവരും നിയമങ്ങള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അപ്പോള്‍ സ്ത്രീ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്കി മോചനം നേടുന്നതിന് ഇരുവര്‍ക്കും കുറ്റമില്ല.'' (അല്‍ബഖറ: 229)
പുരുഷന് നടത്തുന്ന വിവാഹമോചനം പറയുന്നിടത്ത് തന്നെ സ്ത്രീ വിവാഹമോചനം നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരാമര്‍ശിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീയുടെ ഈ അവകാശമാണ് സാങ്കേതിക ഭാഷയില്‍ ഖുല്‍അ്. എന്നാല്‍ സ്ത്രീ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുന്നത് അദ്ദേഹം നല്കിയ മഹറോ മറ്റ് പാരിതോഷികമോ പ്രതിഫലമായി നല്‍കികൊണ്ടായിരിക്കണം. നിര്‍ബന്ധിത സാഹചര്യത്തില്‍ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ മഹര്‍ തിരിച്ചുവാങ്ങി അവള്‍ക്ക് വിവാഹമോചനം നല്കാന് പുരുഷന് ബാധ്യസ്ഥനാണ്. വിവാഹമോചനം നല്‍കാതെ സ്ത്രീയെ പ്രയാസപ്പെടുത്താന്‍ പാടുള്ളതല്ല. മുമ്പ് പറഞ്ഞ സാബിത്ത് സംഭവത്തില്‍ നബി(സ) അദ്ദേഹത്തോട് ഭാര്യക്ക് നല്കിയ തോട്ടം തിരിച്ചുവാങ്ങി അവളെ ഒരു ത്വലാഖ് ചൊല്ലാന്‍ കല്പിക്കുകയാണ്. അദ്ദേഹം അത് അനുസരിക്കുകയും ചെയ്യുന്നു.
എന്നാലിന്ന് ഒരുപാട് കടമ്പകള്‍ മറികടന്ന് വേണം വിവാഹ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍. ഈ കുരുക്ക് അഴിക്കുന്ന ആശ്വാസകരമായ നടപടിയായി, ക്രിയാത്മകമായ ചുവടുവെപ്പായി ഖുല്‍ഉമായി ബന്ധപ്പെട്ടുവന്ന കോടതിവിധിയെ കാണാനാവും. ഈ വിധി പ്രകാരം മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാന്‍ കോടതിയെ സമീപിക്കേണ്ടതില്ല. ഈ വിഷയത്തില്‍ കാലതാമസം ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാവും. സ്ത്രീ സ്വയം വിവാഹമോചിതയാവുക എന്ന ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ ഒരു വശം ഈ വിധിയിലുണ്ട് എന്ന് പണ്ഡിതന്മാര് ചൂണ്ടിക്കാണിക്കുന്നു. അത് ശരിയാണ്. പക്ഷേ, കോടതിക്കു പകരം മഹല്ല് സംവിധാനങ്ങളെ ഉപയോഗപ്പെടുത്താമല്ലോ. മഹല്ല് നേതൃത്വം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നുെങ്കില്, അനിവാര്യസാഹചര്യങ്ങളില്‍ ഭാര്യയില്‍നിന്ന് മഹര്‍ തിരിച്ചുവാങ്ങി ഭാര്യക്ക് വിവാഹമോചനം നേടിക്കൊടുക്കാ
നും മഹല്ലിന് നേതൃത്വം കൊടുക്കാമല്ലോ. അതിന് മഹല്ല് നേതൃത്വം തയാറായാല്‍ മുസ്ലിം സ്ത്രീക്ക് വലിയ ആശ്വാസമാകും. അവള്‍ക്ക് നീതി നേടിക്കൊടുക്കുവാന്‍ അതുവഴി സാധ്യമാകും. ത്വലാഖ് കൂടി മഹല്ല് നേതൃത്വം കൈകാര്യം ചെയ്താല്‍ ഈ രംഗത്തുള്ള ദുരുപയോഗം തടയാനും അത് വഴിയൊരുക്കും. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവരോടൊപ്പമാണ് ദൈവം എന്ന കാര്യം മറക്കരുത്.