മഹാമാരിയിലും വിദ്യാഭ്യാസം വഴിമുട്ടാതിരിക്കാന്‍
പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്
ജൂണ്‍ 2021
കോവിഡ് വ്യാപനം ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചതോടെ അതുളവാക്കിക്കൊണ്ടിരിക്കുന്ന
കോവിഡ് വ്യാപനം ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചതോടെ അതുളവാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ആരോഗ്യ രംഗത്തോടൊപ്പം സാമ്പത്തിക-വ്യാവസായിക-തൊഴില്‍ മേഖലകളെ കോവിഡ് ഭീഷണി വല്ലാതെ തളര്‍ത്തിയിരിക്കുന്നു. അതിലും ഭയാനകമാണ് വിദ്യാഭ്യാസ രംഗത്തെ പ്രത്യാഘാതം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിട്ട് മാസങ്ങളേറെയായി. ചില സംസ്ഥാനങ്ങളില്‍ അടച്ചിട്ട വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ ഈ വര്‍ഷം പ്രവര്‍ത്തിച്ചിട്ടേയില്ല. ഈ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന ശ്രേണിയിലേക്ക് പൂര്‍ണമായും പ്രമോഷന് നല്‍കാനാണ് തീരുമാനം. കേരളത്തില്‍ പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷകള്‍ പ്രതിസന്ധികള്‍ക്കിടയിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍ (സി.ബി.എസ്.ഇ) അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ചുള്ള തീരുമാനം അടുത്ത ജൂണ്‍ മാസത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. യഥാര്‍ഥത്തില്‍ വിദ്യാഭ്യാസ മേഖല ഒരു സ്തംഭനാവസ്ഥ നേരിടുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരുന്നു ശരണം. പ്രൈമറി ക്ലാസുകളിലും നഴ്സറി സ്കൂളുകളില്‍ പോലും ഓണ്‍ലൈന്‍ അരങ്ങുതകര്‍ത്തെങ്കിലും പ്രയോജനം വേണ്ടത്ര ശുഭകരമായിരുന്നില്ലെന്നാണ് നിഗമനം.
വിദ്യാഭ്യാസ രംഗത്തെ ഒരു വര്‍ഷം നീണ്ടുനിന്ന ഈ വിടവ് എങ്ങനെ നികത്തുമെന്നതാണ് ഇപ്പോള്‍ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം. കോവിഡ് മാറിമറയുന്നതുവരെ വിദ്യാലയങ്ങളെ മാത്രം ആശ്രയിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയ ഫലപ്രദമാകാന്‍ സാധ്യത വളരെ കുറവാണ്. ഈ ഘട്ടത്തില്‍ വീടകങ്ങള്‍ എങ്ങനെ വിദ്യാലയങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന ആശയത്തിലേക്ക് നമ്മുടെ ചിന്ത വളരെ വേഗം പുരോഗമിക്കേണ്ടതുണ്ട്. ഇതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വളരെ സുപ്രധാനമാണ്. കുട്ടിയുടെ ആദ്യ സ്കൂള്‍ വീടാണെന്ന സങ്കല്പം ഇപ്പോള്‍ ആവര്‍ത്തിക്കേണ്ടി വന്നിരിക്കുന്നു. സര്‍ക്കാര്‍ തയാറാക്കുന്ന പാഠ്യപദ്ധതി അനുസരിച്ചുള്ള അധ്യയന ക്രമവും പരീക്ഷകളും നടത്താന്‍ കഴിയാതെ വന്നതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍, ഈ ആശങ്ക തികച്ചും സ്വാഭാവികമാണ്. ആശങ്കയും ഭീതിയും തുടര്‍ന്നു പോകുന്നതു കൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകുന്നില്ല. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും പ്രായോഗിക സമീപനവും അനിവാര്യമായ ഒരു സന്ദിഗ്ധ ഘട്ടമാണിത്. വീടകങ്ങള്‍ വിദ്യാലയങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഈ വിഷയകമായി ചെയ്യേണ്ടത്.
ഏകദേശം അര നൂറ്റാണ്ടു മുമ്പുവരെ അത്രയൊന്നും സാര്‍വത്രികമല്ലാതിരുന്ന നവീന പഠനരീതികള്‍ ഇന്ന് മാധ്യമങ്ങളിലൂടെ ലഭ്യമാണ്. കുട്ടികളുടെ പഠനത്തിന് സഹായകമാകുന്ന പംക്തികള്‍ പത്രമാധ്യമങ്ങളില്‍ ധാരാളമായി ലഭിക്കുന്നുണ്ട്. ബാലമാസികകളും ആഴ്ചപ്പതിപ്പുകളും സചിത്രവാരികകളും വേറെയും. ഇതൊക്കെ ഉപയോഗപ്പെടുത്താനുള്ള നീക്കം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിലൊക്കെ കുട്ടികളുടെ താല്പര്യം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ കൈവരുത്താന്‍ കഴിയും.
കോവിഡ് കാലത്തിനു മുമ്പുതന്നെ സ്കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വന്ന ഒരു റിപ്പോര്‍ട്ടില്‍ അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ പോലുമറിയാത്തവര്‍ വര്‍ധിച്ചുവരുന്നതായാണ് കാണാന്‍ കഴിഞ്ഞത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്‍ ക്ലാസില്‍ അഡ്മിഷന് തേടിയെത്തുന്ന ഒരു വലിയ വിഭാഗം കുട്ടികളില്‍ ഈ ന്യൂനത ഇന്നും പ്രകടമാണ്. ദിനപത്രങ്ങളും വാരികകളും മാസികകളും ബാലപ്രസിദ്ധീകരണങ്ങളും നിഷ്ഠയോടു കൂടി വായിക്കുന്ന കുട്ടികളില്‍ ഈ കുറവ് ഒരു വലിയ പരിധിയോളം നികത്താന്‍ കഴിയും. രക്ഷിതാക്കളുടെ മേല്‍നോട്ടം കൂടിയാകുമ്പോള്‍ ഈ രംഗത്ത് അത്ഭുതങ്ങള്‍ കൈവരുത്താന്‍ സാധിക്കും.
ദൃശ്യമാധ്യമങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന കുട്ടികള്‍ക്ക് വൈജ്ഞാനിക മണ്ഡലത്തിലേക്ക് കുതിച്ചുകയറാന്‍ പറ്റിയ ധാരാളം പരിപാടികള്‍ കണ്ടെത്താന്‍ പ്രയാസമില്ല. ഇവ കണ്ടറിഞ്ഞ് കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള കാഴ്ചപ്പാട് രക്ഷിതാക്കള്‍ക്കുണ്ടാകണം. കുട്ടികളുടെ ബഹുമുഖ വളര്‍ച്ചക്ക് ഉപകരിക്കുന്ന ഇത്തരം അവസരങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ പഠനവിഷയങ്ങള്‍ക്കൊപ്പം മത്സരപ്പരീക്ഷകള്‍ക്ക് കൂടി പങ്കെടുക്കാനുള്ള അറിവും വൈദഗ്ധ്യവും നേടിയെടുക്കാന്‍ കഴിയും. വിവിധ ഭാഷകളിലുള്ള കാര്‍ട്ടൂണ്‍ ചാനലുകള്‍ സ്ഥിരമായി കാണുന്ന കുട്ടികളില്‍ ഭാഷാ നൈപുണിയും സര്‍ഗവാസനകളും വളര്‍ത്തിയെടുക്കാന്‍ അനായാസേന സാധിക്കുന്നതായി അധ്യാപകര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
പുസ്തക വായനയിലും കുട്ടികളുടെ അഭിരുചി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ ഏതു ശാഖകളിലേക്കും ഇറങ്ങിച്ചെന്ന് അറിവിന്റെ മുത്തും പവിഴവും വാരിയെടുക്കാന്‍ പുസ്തകങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. പുസ്തക വായനാ രംഗത്ത് പിന്നോട്ടു പോയാല്‍ അത് ഭാവി തലമുറയെ വൈജ്ഞാനിക-ബൗദ്ധിക രംഗങ്ങളില്‍ പിന്നോട്ടടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുസ്തക വായനാ രംഗത്ത് രക്ഷിതാക്കളും കൂടുതല്‍ താല്പര്യമെടുക്കേണ്ടതുണ്ട്. സ്വന്തം വളര്‍ച്ചയോടൊപ്പം മക്കള്‍ക്ക് വായനയില്‍ മാര്‍ഗദര്‍ശനം നല്‍കാനും ഇതാവശ്യമാണ്. ക്ലാസ് റൂം പഠനത്തിനപ്പുറം വൈജ്ഞാനിക-ചിന്താ രംഗങ്ങളില്‍ വളരുന്ന തലമുറയെ ഉയിര്ത്തെഴുന്നേല്പിക്കാന് പുസ്തകത്തോളം ഉപകരിക്കുന്ന മറ്റൊന്നുമില്ല.
കോവിഡ് കാലത്ത് തുടങ്ങിവെച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ പോരായ്മകള്‍ എന്തൊക്കെയാണെങ്കിലും നമ്മുടെ രക്ഷിതാക്കളില്‍, വിശിഷ്യാ അമ്മമാരില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയതായി അനുഭവങ്ങള്‍ തെളിയിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കിയ പല അമ്മമാരും അധ്യാപകരായി മാറിയ സംഭവങ്ങളുമുണ്ട്. ഇതിലൂടെ അധ്യാപന രീതി ഉള്‍ക്കൊള്ളുകയും തങ്ങളുടെയും അയല്പക്കത്തെയും കുട്ടികള്‍ക്ക് വളരെ മനോഹരമായി ക്ലാസെടുക്കുകയും ചെയ്ത ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. സി.ബി.എസ്.ഇ സ്കൂളുകളിലെ പല അമ്മമാരും ഈ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി അറിയപ്പെടുന്ന ഗണിത ശാസ്ത്രാധ്യാപിക പി.എം അനിത ഒരു ചര്‍ച്ചയില്‍ അഭിപ്രായപ്പെടുകയുണ്ടായി. അമ്മമാരുടെ ഇത്തരത്തിലുള്ള ആത്മാര്‍ഥമായ ശ്രമഫലമായി പുറത്ത് ട്യൂഷനു പോലും പോകാതെ കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
സ്കൂളുകളും കോളേജുകളും ഇനി എപ്പോള്‍ തുറക്കുമെന്ന ആശങ്കയും വേവലാതിയുമായി കഴിയുന്നതിനുപകരം ലഭ്യമായ അനുകൂല സാഹചര്യങ്ങളുപയോഗപ്പെടുത്തി വിദ്യാഭ്യാസ പുരോഗതിയിലേക്ക് കുട്ടികളെ കൈ
പിടിച്ചാനയിക്കാനുള്ള ഊര്‍ജസ്വലവും ബുദ്ധിപൂര്‍വകവുമായ ശ്രമങ്ങളാണ് രക്ഷിതാക്കളില്നിന്നുണ്ടാകേണ്ടത്. മഹാമാരിയുടെ വ്യാപ്തി അതാണ് നമ്മോടാവശ്യപ്പെടുന്നത്.