(ഇവിടം നടൂളന്‍ ചൂളം വിളിക്കുന്നു - 7)
പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ അടച്ചെന്ന് ഒരിക്കല്‍കൂടി ഉറപ്പു വരുത്തി. തളത്തിലെ സീറോ ബള്‍ബ് ഇട്ടു. ഗേറ്റിലെ ലേറ്റ് ഓഫ് ചെയ്യാറില്ല. കാദര്‍ക്ക രാവിലെ എണീറ്റ് പള്ളിയില്‍ പോകുന്നതാണ്. ഇരുട്ടില്‍ തപ്പിത്തടയണ്ട. സുലൈ ഉറങ്ങിക്കഴിഞ്ഞെന്ന് തോന്നുന്നു. സാധാരണ ഈ നേരത്ത് ഉറങ്ങാറില്ല. ആമിനൈത്തായുടെ കൂര്‍ക്കംവലി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ സുലൈ ഫോണ്‍ വിളിയായിരിക്കും. പണ്ടാണെങ്കില്‍ ഇതൊന്നും സമ്മതിക്കില്ല. പ്രസവവും 40 കുളിയും 90 കഴിഞ്ഞ് പുതിയാപ്പിളയുടെ വീട്ടിലേക്ക് കുഞ്ഞുമായി പോയി വീണ്ടും അറ കേറുമ്പളേ പുതിയാപ്പിളയുടെ മുഖം കാണുന്നുള്ളൂ. സുലൈയും പുതിയാപ്പിളയും നല്ല സ്നേഹത്തിലാണ്. പടച്ചവന് അത് മരിക്കുന്നതുവരെ നിലനിര്‍ത്തിക്കൊടുക്കട്ടെ.
തനിക്ക് ഇതൊന്നും വിധിച്ചിട്ടില്ല. കുറഞ്ഞ കാലംകൊണ്ട് പഴയ ആളടുത്തുനിന്ന് സ്നേഹം വാരിക്കോരി കിട്ടിയതുകൊണ്ടാണോ. ഒരേ മുറിയിലാണ് ഉറങ്ങുന്നതെങ്കിലും പകല്‍വെളിച്ചത്തില്‍ ഈ ആളുടെ മുഖം കണ്ടിട്ടെത്ര നാളായി. ആഹാരം വിളമ്പി കാത്തിരുന്നാലും ഞാന്‍ ആ പരിസരത്തു നിന്ന് മാറിക്കഴിഞ്ഞാലേ കഴിക്കാന്‍ വരൂ. ചിലപ്പോള്‍ മൂടിവെച്ച പാത്രം തന്നെ തുറന്നുനോക്കാറില്ല. ചായ മാത്രം കുടിച്ചെണീറ്റ് പോവും. സംസാരിക്കാതെ ആയി. അകലം കൂടിക്കൂടി വരുന്നു. ചില രാത്രികളില്‍ വരാറേയില്ല. മൂടിവെച്ച ഭക്ഷണം രാവിലെ എടുത്തു കളയാറാണ് പതിവ്...
ഓരോന്ന് ആലോചിച്ച് കിടക്കുന്നതുകൊണ്ട് ഈയിടെയായി ഉറക്കവും കുറവ്. ഉറങ്ങാതിരുന്നാല്‍ മനസ്സിന് ബുദ്ധിമുട്ട് ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളു. അല്ലാതെ തന്നെ ആള് തിരിഞ്ഞു നോക്കാറില്ല. പിന്നെ എന്തിനാണ് തന്നെ കല്യാണം കഴിച്ചത്. ഇത്ര അകല്‍ച്ച തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഇല്ലാഞ്ഞിട്ടാവുമോ? അതിന് തനിക്കല്ലേ ഇല്ലാതുള്ളു. അയാള്‍ക്ക് കുട്ടികളുണ്ടല്ലോ? ആമിനൈത്താ ഇടക്കിടക്ക് അര്‍ഥം വെച്ച് ഓരോന്ന് പറയാറുണ്ട്. ശ്രദ്ധിക്കാറില്ലെങ്കിലും ആളുടെ പെരുമാറ്റം കാണുമ്പോള്‍ അതൊക്കെ ശരിയാണെന്ന് മനസ്സ് പറയുന്നു. തന്റെ ശരീരത്തിന് ഒരു ഉടവ് പോലും പറ്റിയിട്ടില്ല. ചുവപ്പ് ദിനങ്ങളും ചില മാസങ്ങളില്‍ കടന്നുവരാതായിരിക്കുന്നു. കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷ കുറഞ്ഞുവരുന്നു. പതുക്കെ പതുക്കെ ഇടക്ക് കടന്നുവരുന്ന ചുവന്ന ദിനങ്ങള്‍ കൂടി ഇല്ലാതായാല്‍ താന്‍ വെറുമൊരു പാഴ്വൃക്ഷമാവും. പാഴ്മരമായാലും പലര്‍ക്കും ഞാന്‍ തണല്‍ നല്കുന്നില്ലേ? അതിന്റെ തെളിവല്ലേ നിറഞ്ഞ മനസ്സോടെ കുഞ്ഞുമായി കിടന്നുറങ്ങുന്നവള്‍.
കുറച്ചു ദിവസം കഴിഞ്ഞാല്‍ സിദ്ദിയെ 40 കുളി അറിയിച്ച് അമീറിന്റെ വീട്ടിലേക്ക് പറഞ്ഞയക്കണം. വിവരം അറിയിച്ച് ചെല്ലുന്ന അളിയന് കുട്ടിക്കും ഡ്രസ്സ് കൊണ്ടുവരും. സിദ്ദി വലുതായി കഴിഞ്ഞതുകൊണ്ട് പോകാന്‍ മടികാണുമോ? ഉണ്ടാവില്ല, അവന് സുലൈഖയെ ജീവനാണ്. അവള്‍ക്കും അങ്ങനെത്തന്നെ.
സുലൈഖയുടെ ഉപ്പ മുറിയിലേക്ക് പതുക്കെ കടന്നുവരുന്ന ശബ്ദം. വാതില്‍ അടക്കുമ്പോഴൊന്നും വന്നത് താന്‍ അറിഞ്ഞിരുന്നില്ലല്ലോ? ഉറക്കം നടിച്ച് കിടന്നു. ഉറങ്ങുകയാണോ എന്നൊന്നും ശ്രദ്ധിക്കാതെ ബലിഷ്ഠമായ കരങ്ങള്‍ തന്റെ മേല്‍ അമരുന്നത് അവള് അറിഞ്ഞു.
*****
ഉറക്കപ്പായയില്‍നിന്ന് എണീറ്റയുടനെ കോന്തലയില്‍ കെട്ടിവെച്ച മുറിബീഡി തിരയുകയായിരുന്നു ആമിനൈത്ത. ''ആമിനൈത്താ, ഇനി നാല്‍പ്പാമര വെള്ളം വേണ്ടല്ലോ? നാളെ കഴിഞ്ഞ് 40 കുളിയ്ക്കല്ല്യേ? വല്യ ചെമ്പ് തേച്ച് കഴ്കി ഒണക്കി പത്തായത്തിലേക്ക് കയറ്റി വെച്ചേക്ക്. ഓക്ക് ഇനി ചെറിയ ചെമ്പ് വെള്ളം മതീല്ലോ? കുളിമുറീ പോവാനും കുഞ്ഞിനും പോരേ വെള്ളം. വേണ്ടാത്ത തുണിയൊക്കെ കത്തിച്ചേക്ക്. കൊയമ്പ് തേച്ച് കിടന്ന തുണീം കുപ്പായോം വേണ്ട. ബെഡ് ഷീറ്റും തലയണ കവറും മാറ്റണം. ഇനി പുതിയത് വിരിക്കാം. തൊട്ടില് തുണീം പുതിയതായിക്കോട്ടെ.'' ''പാത്തൈ; പുയ്യാപ്ലയ്ക്ക് പെങ്ങന്മാര് ഇല്ലാത്തതോണ്ട് കുളിക്കാന്‍ ഓരേം കാത്ത് നിക്കണ്ടല്ലോ? ഫോണ്‍ വിളിച്ച് സമ്മതം ചോയിച്ചാ പോരേ? ഉടുപ്പ് മാറ്റല്‍ ബാക്കിയുള്ളോര് വന്നിട്ടാക്കാം.'' ആമിനൈത്താ, ഇങ്ങള് വൈകീട്ട് ചെപ്പ് കൊടത്തില് കിണറ്റീന്ന് വെള്ളം മുക്കി നെറച്ച് കൊറച്ച് രാമച്ചോം അത്തറും ഒഴിച്ച് കുടത്തിന്റെ വായമൂടി കെട്ടണം. നന്നായി കുളിച്ച് കയറീട്ട് തലവഴി ഈ വെള്ളം ഒഴിക്കണം. നല്ല മണോം ചേലും ഉണ്ടാവും. ജാനു വന്നാല്‍ ഒന്നുരണ്ട് കൊട്ടത്തേങ്ങ ചെറുതാക്കി കൊത്തി അരീക്കണം. കുളിച്ച് കേറി വന്നാല്‍ അതിന്റെ കൂടെ കല്ക്കണ്ടീം ഈത്തപ്പഴോം വെച്ച് കൊടുക്കാലോ? ''മുടികളച്ചിലിന്റന്ന് അറവ് നടത്തീലല്ലോ? അതും കൂടി ഇതിന്റെ കൂടെയാണ്. എല്ലാം കൂടി നല്ല തെരക്കായിരിക്കും''. ഇനി ഈ ഒച്ചേം വിളിയും കൊറച്ചൂസം കൂടിയേ കാണൂ. ഓളും കുഞ്ഞനും പോയിക്കയിഞ്ഞാ പിന്നെ ഇവിടെ ആരാ ഉള്ളത്? ആമിനൈത്താടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ പാത്തൈ അകത്തേക്ക് നടന്നു. നാല്‍പ്പത് കുളിയായിട്ട് നല്ല പണിയുണ്ട്. എന്തൊക്കെയാ അവര്‍ക്ക് ഒരുക്കേണ്ടത്. അറവിന്റെ ഇറച്ചി എന്തായാലും വരട്ടണം. നെയ്ച്ചോറോ ബിരിയാണിയോ, ആമിനൈത്താട് ചോദിക്കണം. മധുരത്തിന് മുട്ടമാലേം മുട്ടസുറ്ക്കയും വേണം. ഒന്നില്ലെങ്കിലും ഓളെ ആദ്യത്തെ പേറും കുളിയും അല്ലേ? അവിടന്ന് വരുന്ന പെണ്ണുങ്ങള് കോള്‍ മോശമായീന്ന് പറയരുതല്ലോ. ആമിനൈത്താട് പറയാന്‍ മറന്നു. കൊറച്ച് മൈലാഞ്ചി അരച്ച് വാവ ഉറങ്ങുമ്പോ നെകത്തിലും കൈവെള്ളയിലും ഇട്ട് കൊടുക്കാന്‍ പറയണം. അതൊരു സുന്നത്താണല്ലോ? അന്ന് ഓള ദേഹം ശുദ്ധിയാണെങ്കില്‍ കുളിച്ചു കയറി വന്നിട്ട് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാന്‍ പറയണം. കുളിച്ച് കേറി പിന്നാമ്പുറത്തു കൂടെ ഇറങ്ങി നിറയെ കുലയുള്ള തെങ്ങും കാണിച്ച് കോലായിലൂടെ അകത്തേക്ക് കേറ്റണം. അതിനിടയില്‍ കണ്ണ് തട്ടാതിരിക്കാന്‍ അറിയാതെ കലം എറിഞ്ഞുടക്കണം. അതിലിട്ട മിഠായി പെറക്കാന്‍ പിന്നാലെ കുഞ്ഞുങ്ങളെ ഓടിക്കണം. ഓരോന്ന് ആലോചിച്ചാലോചിച്ച് നേരം പോയതറിഞ്ഞില്ല. വാവ ഇതുവരെ എണീറ്റില്ലല്ലോ? ഇനി സുലൈ കുളിക്കാന്‍ കയറിയാ തുടങ്ങും വല്ല്യ വായില്‍ കരയാന്‍.
സുലൈ പോവുന്നതിനെ പറ്റിയാ ആമിനൈത്താ നേരത്തേ സൂചിപ്പിച്ചത്. മറുപടി പറഞ്ഞില്ലെങ്കിലും തനിക്കറിയാം അവളിവിടന്ന് പോയാല്‍ പിന്നെ ഇവിടം ശൂന്യമാവും. ഇപ്പോ 24 മണിക്കൂറ് തികയാറില്ല. പിന്നെ 24 മണിക്കൂര്‍ ഉന്തിത്തള്ളിയാവും നീക്കുക. എത്രയെന്ന് വെച്ചാ നിസ്കാരവും ഓത്തുമായി കഴിയുക?
(തുടരും)