കാഴ്ചയില്ലായ്മയെ മറികടന്നു ഒട്ടേറെ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തിത്വമാണ് അബ്ദുല്ല മുഹമ്മദ് അന്‍വര്‍. 'ഉള്‍കാഴ്ച കൊണ്ട് ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന' എന്ന പോലുള്ള വിശേഷണമൊന്നും അബ്ദുല്ലക്കിഷ്ടമല്ല. കണ്ണുകളില്‍ വെളിച്ചമില്ല എന്നതൊഴിച്ചാല്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാള്‍ അവനും ചെയ്യുന്നുണ്ട്. നന്നായി പഠിക്കുന്നുണ്ട്. പോകാനുദ്ദേശിക്കുന്നിടത്തെല്ലാം പോകുന്നുണ്ട്. ഇഷ്ടപ്പെട്ടവരോടെല്ലാം കൂട്ടുകൂടുന്നുമുണ്ട്.
പ്രാഥമിക വിദ്യാഭ്യാസ കാലത്ത് സ്കൂളില്‍ (കേരള സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ്) പോവാനും വരാനും എല്ലാം സഹായം വേണ്ടിയിരുന്നു. കണ്ണു കാണാത്തവനല്ലേ എന്ന നിലയില്‍ പരിഗണിക്കപ്പെട്ടതിനാല്‍ അക്കാലത്ത് മത്സരിക്കാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമൊന്നും കഴിഞ്ഞിരുന്നില്ല. പ്ലസ് ടുവിന് മങ്കട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. അക്കാലത്ത് വിനോദയാത്ര പോവാന്‍ പറ്റാത്ത ഒരു അനുഭവം മനസ്സിലുണ്ട്. ആയിടെ ആദ്യമായി കോഴിക്കോട് തനിച്ച് പോയതിന് പിതാവ് വഴക്ക് പറഞ്ഞിരുന്നു. പക്ഷേ അന്നവനൊരു തീരുമാനമെടുത്തു, തന്റെ സ്വന്തം കാര്യങ്ങള്‍ മറ്റാരെയും പരമാവധി ആശ്രയിക്കാതെ തന്നെ ചെയ്യണമെന്ന്. അതിനുശേഷം ഫറോക്ക് കോളേജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി ബിരുദപഠനത്തിന് തെരഞ്ഞെടുത്തപ്പോഴാണ് പൂര്‍ണ്ണമായും ഒറ്റക്ക് എന്ന തീരുമാനത്തിലേക്ക് കൂടുതല്‍ അടുക്കാനായത്. എങ്കിലും പല പ്രതിസന്ധികളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീമില്‍ കാഴ്ച ഇല്ലാത്തതു കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ പാലിയേറ്റീവ്, ഹോംകെയര്‍ പോലുള്ള മറ്റു വഴികള്‍ തെരഞ്ഞെടുക്കുകയായിരുന്നു. തനിക്ക് ഇത്തിലൊക്കെ എന്ത് പ്രവര്‍ത്തിക്കാനാകും എന്ന് പറഞ്ഞ് പരിഹസിച്ചവരും ഉണ്ട്. അങ്ങനെ പൊതുരംഗത്ത് ചെയ്യാനാവുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലിയേറ്റീവിന് കീഴിലുള്ള രോഗികളെ സന്ദര്‍ശിച്ച് അവരുടെ രോഗവിവരം അന്വേഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൂട്ടിരിപ്പുകാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുന്നു. ഫാറൂഖ് കോളേജ് പഠനകാലത്താണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു നോക്കാനുള്ള അവസരവും ഊര്‍ജവും ലഭിച്ചത്. 'ഭിന്നശേഷിയുള്ളയാള്‍' എന്ന നിലയില്‍ താരതമ്യം ചെയ്യുന്ന രീതി അവിടെ ഇല്ലായിരുന്നു. അക്കാലത്ത് അറബികളുമായി ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടായി. ആ കൂട്ടുകെട്ട് വഴി വാട്സാപ്പില്‍ ഇപ്പോഴും ആക്ടിവിറ്റീസ് പരസ്പരം പങ്കുവെക്കുന്നു.
കോളേജിലെ ഒരുപാട് നല്ല കൂട്ടുകാരാണ് പത്രം വായിച്ച് തന്നിരുന്നത്. പിന്നീട് പ്രാപ്യമായ ചില സോഫ്റ്റ്വെയറുകളെക്കുറിച്ച് മനസ്സിലാക്കി അതിലായി വായന. ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്. ന്യൂസ് ചാനലുകളും ശ്രദ്ധിക്കാറുണ്ട്. ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ പഠിച്ചതും അക്കാലത്താണ്.
പിന്നീട് ഓരോ പുതിയ സോഫ്റ്റ്വെയറുകള് കണ്ടെത്തുകയും അതിനെപ്പറ്റി കൂടുതല്‍ പഠിക്കുകയും ചെയ്തു. കണ്ണ് കാണാത്തവര്‍ വീട്ടിലെ നാല് ചുമരിനുള്ളില്‍ വിധിയെ പഴിച്ച് ഒതുങ്ങി
നില്‍ക്കേണ്ടവരല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം എന്നതാണ് എക്കാലത്തെയും ആഗ്രഹം. കണ്ണില്‍ വെളിച്ചമില്ലാത്തവര്‍ക്ക് കൃത്യതയോടെ ഒന്നും ചെയ്യാന്‍ കഴിയില്ല, അവര്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാവില്ല, വിവാഹ ജീവിതം സാധ്യമല്ല... തുടങ്ങി നിരന്തരം തളര്‍ത്തുന്ന മനോഭാവമാണ് സമൂഹത്തിലെ ഭൂരിഭാഗത്തിനും. അത്തരം ചിന്താഗതി മാറ്റിയെടുത്തേ പറ്റൂ.
വൈറ്റ് കെയ്നിന്റെ സഹായത്തോടെ ബസ്സിലും ട്രെയിനിലും എല്ലാം ദീര്‍ഘയാത്ര ചെയ്യാറുണ്ട്. ഫാറൂഖ് കോളേജിന് ശേഷം അലിഗഡില്‍ എത്താനുണ്ടായ കാരണം ഡോക്ടര്‍ സനാഉള്ള അലി നദ്വി ആയിരുന്നു. 2018 ഡിസംബര്‍ 18-ന് അറബിക് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലാസെടുക്കാന്‍ കോളേജില്‍ വന്ന അദ്ദേഹമാണ് അലിഗഡിനേക്കുറിച്ച് പറഞ്ഞുതന്നത്. 'താല്പര്യമുണ്ടെങ്കില് വരാ'മെന്ന അദ്ദേഹത്തിന്റെ വാക്കാണ് പ്രചോദനമായത്.
ഡല്‍ഹിയിലേക്ക് പോകുന്നതിനുമുമ്പ് കുടുംബക്കാരില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നോടുള്ള സ്നേഹം കാരണം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ വരെ ശ്രമിച്ചു. ഉമ്മാന്റെ മോന് ഫാറൂഖ് കോളേജില്‍ തന്നെ ബിരുദാനന്തര ബിരുദവും ചെയ്തോളൂ എന്ന് ഉമ്മയും സ്നേഹത്തോടെ പറഞ്ഞെങ്കിലും ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. കേരളത്തിലെവിടെയും പിജി അഡ്മിഷനു വേണ്ടി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലായിരുന്നു.
അലിഗഡിലെ പ്രൊഫസര്‍മാരെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും അവരുടെ സഹകരണം ലഭിക്കുന്നുണ്ട്. മൂത്താപ്പ മരിച്ചപ്പോള്‍ ചെയര്മാന് നേരിട്ട് വിളിച്ച് ''കൊറോണ കഴിഞ്ഞ് വരാം. എന്താവശ്യമുണ്ടെങ്കിലും വിളിക്കാം'' തുടങ്ങിയ സ്നേഹ വാക്കുകള്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള റൂം മേറ്റ്സും ക്ലാസ്സ്മേറ്റ്സും എന്നോട് നന്നായി സഹകരിക്കുന്നുണ്ട്.
എനിക്കിനി വിദേശത്ത് പോയി തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം. അവിടെ ജോലി ചെയ്യാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കണം.
കൊറോണക്കാലം എന്റെ അടിയന്തരാവസ്ഥക്കാലമായിരുന്നു. ഒന്നാം ഘട്ടത്തിനുശേഷം ബന്ധുക്കളുടെയും സഹോദരങ്ങളുടെയും കൂടെ മൂന്നാര്‍, ഇടുക്കി, വട്ടവട, രാമക്കല്‍മേട്, ഇരവികുളം നാഷണല്‍പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. പഠിക്കുന്ന കാലത്ത് വിനോദയാത്ര പോയിട്ടെന്താ എന്നുപറഞ്ഞ് കളിയാക്കി മാറ്റിനിര്‍ത്തപ്പെട്ട ഓര്‍മ്മകളോടുള്ള മധുരപ്രതികാരമായിരുന്നു ആ യാത്രകള്‍.
പുതിയ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നതിനു മുമ്പ് അതിനെക്കുറിച്ച് ഒരുപാട് വായിക്കാറുണ്ട്. ഡിഗ്രി രണ്ടാം വര്‍ഷ പഠനം കഴിഞ്ഞാണ് UAE യില്‍ പോയത്. പല നാടുകളില്‍ സഞ്ചരിച്ചെങ്കിലും ഇഷ്ടപ്പെട്ട സ്ഥലം UAE ആണ്.
ഹൈദരാബാദില്‍ പോയിട്ടുണ്ട്. മുസൗരി, പഞ്ചാബ്, ആഗ്ര തുടങ്ങിയ ഇടങ്ങളിലും പോയിരുന്നു. മുസൗരി യാത്രക്കിടെ പ്രശസ്ത എഴുത്തുകാരന് റസ്കിന് ബോണ്ടുമായി ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. നിയമ സഭയും പാര്‍ലമെന്റ് മന്ദിരവും സന്ദര്‍ശിക്കുകയും പല നേതാക്കളുമായും ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സലിം ഹമദാനിയുടെ 'മൂന്നാമൂഴം' എന്ന പുസ്തകത്തില്‍ എന്നെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
അലിഗഢിലെ ചേരി പ്രദേശങ്ങളിലൂടെ ഒരുപാട് സഞ്ചരിച്ചു. ഭക്ഷണവും വിദ്യാഭ്യാസവുമില്ലാത്ത അവരുടെ അവസ്ഥയില്‍ സങ്കടം വന്നു. അവര്‍ക്കൊരു സ്കൂള്‍ തുടങ്ങണമെന്നാണ് എന്റെ വലിയ ആഗ്രഹം. അതിനെനിക്ക് ജോലി വേണം. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ എന്റെ മനസ്സില്‍ വന്ന ഇത്തരം ആഗ്രഹങ്ങളെല്ലാം നിറവേറ്റുക തന്നെ ചെയ്യും.
കണ്ണു കാണാത്തവന് ആണെന്ന് പറഞ്ഞ് ഒരു ഭാഗത്ത് ഒതുങ്ങിക്കൂടാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഏത് ജോലി കിട്ടിയാലും അത് ചെയ്യും.
നന്മ കെയര്‍ ഫൗണ്ടേഷന് മെമ്പേഴ്സ് ആയ ഷാജി പുകയൂർ, യൂസഫ് ചേളാരി, നാസര്‍ പടിക്കല്‍ തുടങ്ങിയവരുടെ കൂടെയാണ് റോഹിങ്ക്യന്‍ ക്യാമ്പില്‍ പോവാനായത്. ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തു. കിറ്റുകള്‍ കൈമാറി. അവരോടൊപ്പം പാട്ടുകള്‍ പാടി സന്തോഷം പങ്കിട്ടു. അഭയാര്‍ത്ഥി ക്യാമ്പിലെ ആ ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാവാത്തതാണ്.
പുതുതായി റോഡ്, ബസ് സ്റ്റോപ്പ് എന്നിവ അത്യാവശ്യമായ ഇടങ്ങളില്‍ ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യമുന്നയിച്ച് ഞാന്‍ മുന്‍കൈയെടുത്ത് നിലവില്‍ വന്നിട്ടുണ്ട്. ചിലതെല്ലാം ഫേസ്ബുക്ക് ലൈവ് സ്റ്റോറി ആക്കി ചെയ്തു നല്ല പ്രതികരണം ലഭിച്ചതാണ്. എന്നെപ്പോലുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സമൂഹത്തിന്റെ ധാരണ മാറ്റിയെടുക്കുവാന്‍ കഴിയുവോളം സമര പോരാട്ടങ്ങളും എഴുത്തും മറ്റുള്ള കാര്യങ്ങളും തുടരുക തന്നെ ചെയ്യും.
നന്മ കെയര്‍ ഫൗണ്ടേഷന്, കെ.എഫ്.ബി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, എസ്.ഐ.ഒ എന്നിവയിലെല്ലാം അംഗത്വമുണ്ട്. ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ ഇന്‍സൈറ്റ് എക്സിക്യൂട്ടീവ് മെമ്പറും കോഡിനേറ്ററുമായിരുന്നു. ട്രോമാകെയര്‍ അപകട രക്ഷാസേനയുടെ ട്രെയിനിങ് നേടിയിട്ടുണ്ട്. ഐ.പി.എം കോഴ്സ് കഴിഞ്ഞ് അതിന്റെ വളണ്ടിയറാണ്.
ബിരുദ പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് വിജയാമൃതം അവാര്‍ഡ് കിട്ടിയിരുന്നു. ബാങ്ക് വിളിയിലും പല സമ്മാനങ്ങളും നേടാനായിട്ടുണ്ട്. ഷിയാ സുന്നി ഐക്യമുള്ള അലിഗഡിലെ സര്‍സയ്യിദ് ജുമാമസ്ജിദില്‍ ബാങ്ക് കൊടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാന്‍ സൗണ്ട് സോഫ്റ്റ്വെയര് ആണ് ഉപയോഗിക്കുന്നത്. ഇ സ്പീക്ക്, ഹിന്ദി അറബിക് വോയ്സ് വോക്കലൈസര്‍ പോലുള്ളവയെ കുറിച്ചെല്ലാം പരിചയപ്പെടുത്തിത്തന്നത് ശിഹാബ് കെ.ടി എന്ന സുഹൃത്താണ്. ബിരുദപഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയിട്ടുണ്ട്. കുറച്ചു മുന്‍പ് കൂട്ടുകാരോടൊപ്പം 'എം.എസ്.ഡി 7 ക്രിയേഷന്‍സ്' എന്ന ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി.
ഭിന്നശേഷിക്കാരെ അപമാനിക്കുന്ന ഇടപെടലുകള്‍ക്കെതിരെ, അവരുടെ പ്രത്യേക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരെ കഴിവിന്റെ പരമാവധി ഇടപെടലുകള്‍ നടത്തി. കൂടാതെ ഗ്രാമസഭകളിലും മറ്റു പലയിടങ്ങളിലും പ്രചോദന പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഖത്തര്‍ റേഡിയോയുടെ മോര്‍ണിങ് ഷോയില്‍ അതിഥിയായി പോയിട്ടുണ്ട്. മഞ്ചേരി ആകാശവാണിയില്‍ ഉള്‍കാഴ്ച, നേര്‍കാഴ്ച പോലുള്ള പരിപാടികള്‍ അവതരിപ്പിക്കാനായി.
തിരൂര്‍ക്കാട് സ്വദേശി മുഹമ്മദ് അന്‍വറിന്റെയും വി പി സഫിയ ടീച്ചറുടെയും മകനാണ് അബ്ദുല്ല മുഹമ്മദ് അന്‍വര്‍ എന്ന ഈ ഇരുപത്തിനാലുകാരന്. എം.എസ്.സി മറൈന്‍ ജിയോളജി പഠിക്കുന്ന അബ്ദുറഹ്മാന് ഇരട്ട സഹോദരനാണ്. മൂത്ത ജ്യേഷ്ഠന് അഹ്മദ്.