ചര്‍മം നമ്മുടെ ശരീരത്തിന്റെ രക്ഷാകവചമാണ്. ചര്‍മത്തിന്റെ പങ്ക് ഇങ്ങനെ ഒറ്റവാക്കില്‍ പറയാമെങ്കിലും അതിന്റെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണവും അത്ഭുതകരവുമാണ്. നമ്മുടെ പ്രതിരോധശേഷിയില്‍ ചര്‍മം വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. അതോടൊപ്പം അപകടകരമായ സൂര്യരശ്മിയില്‍നിന്ന് സംരക്ഷണവും നല്‍കുന്നു. ഇതുകൊണ്ടൊക്കെ തന്നെ ചര്‍മസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.
ആരോഗ്യമുള്ള ചര്‍മത്തിന്
- ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. സാധാരണ സോപ്പുകള്‍ ചര്‍മം കൂടുതല്‍ വരണ്ടതാക്കും. മോയിസ്ചറൈസര്‍ അടങ്ങിയിട്ടുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരം ഉരക്കാന്‍ ചകിരി, സ്‌ക്രബ്ബര്‍ എന്നിവ ഉപയോഗിക്കരുത്.
- കുളിച്ചു കഴിഞ്ഞതിനു ശേഷം വെള്ളം ഒപ്പിയെടുത്താല്‍ മതി. ഉരച്ചു തുടക്കുന്നത് ഒഴിവാക്കുക. മടക്കില്‍ വെള്ളം നന്നായി തുടച്ചെടുക്കണം.
- കുളികഴിഞ്ഞ് രണ്ടുമൂന്ന് മിനിറ്റിനുള്ളില്‍ ശരീരത്തിന് യോജിച്ച നല്ല ഒരു മോയിസ്ചുറൈസര്‍ തേക്കുക.
- പുറത്തിറങ്ങുമ്പോള്‍ ഒരു സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മം ഹാനികരമായ സൂര്യരശ്മിയില്‍നിന്ന് സംരക്ഷണം നല്‍കുമെങ്കിലും കുറച്ചു രശ്മികള്‍ ചര്‍മത്തില്‍ പ്രവേശിക്കും. ഇത് ചുളിവുകള്‍ നേരത്തേ ഉണ്ടാകാനും അധികമായി ഉണ്ടാകാനും കാരണമാകും. സൂര്യരശ്മികള്‍ ഉണ്ടാക്കുന്ന സ്‌കിന്‍ കാന്‍സര്‍ ആസ്‌ത്രേലിയ പോലുള്ള നാട്ടില്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അപൂര്‍വമാണ്. ഇതുകൂടാതെ സൂര്യരശ്മികള്‍ തൊലിപ്പുറത്ത് ചില ആളുകളില്‍ റിയാക്ഷന്‍സ് ഉണ്ടാക്കുകയും കരിമംഗലം പോലുള്ളവ അധികമാകാനും കാരണമാകാം.
- സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
- ധാരാളം വെള്ളം കുടിക്കുന്നതും ഇലക്കറികളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നതും ശീലമാക്കുക.
- ആവശ്യത്തിന് ഉറക്കവും ഡ്രസ്സ് ഒഴിവാക്കുന്നതും നല്ലതാണ്.
ചര്‍മവും രോഗങ്ങളും
ഫംഗസ്ബാധ
ഇന്ന് ഏറ്റവും കൂടുതല്‍ കാണുന്നത് ഫംഗസ്ബാധയാണ്. അധികമാളുകളും ശരീരത്തിലാകെ വ്യാപിച്ച അവസ്ഥയിലായിരിക്കും വരിക.
പേഴ്‌സണല്‍ കെയര്‍: ഏറ്റവും പ്രധാനപ്പെട്ടതാണ്. മരുന്നുകളോടൊപ്പം ഇതും തുടരണം. ഫംഗസ്ബാധ തടയുന്നതിനും ഇത് വളരെ ആവശ്യമാണ്.
ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- രണ്ടു നേരം മേല്‍ കഴുകുക.
- സോപ്പ്, തോര്‍ത്ത് ഓരോരുത്തര്‍ക്കും വേറെ വെക്കുക.
- ഓരോരുത്തരുടെയും വസ്ത്രം പ്രത്യേകമായി അലക്കുക. ചൂടുവെള്ളത്തില്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ച്(ഡെറ്റോള്‍ അല്ല) നന്നായി അലക്കിയതിനുശേഷം വസ്ത്രത്തിന്റെ ഉള്‍ഭാഗം വെയിലില്‍ നന്നായി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കുക. അടിവസ്ത്രങ്ങള്‍ ഇങ്ങനെ ചെയ്യുക.
ചൂടുവെള്ളം, ഡെറ്റോള്‍ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതുകൊണ്ട് പ്രയോജനമില്ല.
ജീന്‍സ്, ഇടുങ്ങിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കഴിയുന്നതും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
ഫംഗസ്ബാധ കണ്ടുതുടങ്ങിയാല്‍ എത്രയും നേരത്തേ ശരിയായ ചികിത്സ തേടുക. സ്റ്റിറോയ്ഡ് അടങ്ങിയിട്ടുള്ള ക്രീമുകള്‍ പുറത്തുനിന്നും വാങ്ങി തേച്ചാല്‍ ഇത്തരം അസുഖങ്ങള്‍ അധികമാവുകയും ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.
മുഖക്കുരു
ടീനേജ് പ്രായത്തില്‍ മുഖക്കുരു സാധാരണമാണ്. നമ്മുടെ ഹോര്‍മോണുകള്‍ക്ക് ഇതില്‍ പങ്കുണ്ട്.
മുഖക്കുരു ചികിത്സിക്കേണ്ടത് ഉണ്ടോ?
ചികിത്സിക്കുന്നതാണ് നല്ലത്. ചികിത്സിക്കാതെ മുഖക്കുരു വലിയ കലകളായി മാറാം. കലകള്‍ പോകാന്‍ ക്രീം കൊണ്ട് കഴിയണമെന്നില്ല. അതിനെ ലേസര്‍, പീല്‍ എന്നിവ ഉപയോഗിക്കേണ്ടിവരും.
ശ്രദ്ധിക്കേണ്ടത്
- ഭക്ഷണത്തിന് മുഖക്കുരു ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാല്, ഉയര്‍ന്ന ഗ്ലൈസമിക് കോണ്‍ടാക്ട് ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
- ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അധികമാകുന്നു എന്നു കണ്ടാല്‍ അത് ഒഴിവാക്കുക.
- രണ്ടോ മൂന്നോ വട്ടം മുഖം കഴുകുക. മുഖക്കുരുവിന് പറ്റിയ സോപ്പ്, ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.
- 25 - 30 വയസ്സിനു മേലെ മുഖക്കുരു വരുന്നത് സാധാരണമല്ല. അത് അഡള്‍ട്ട് കീ എന്നാണ് പറയുക. അങ്ങനെ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധനയും ചികിത്സയും നടത്തുക.
മുടികൊഴിച്ചില്‍
- ഒരു ദിവസം 100 മുടിവരെ പോകുന്നത് സാധാരണമാണ്. ഇതില്‍ കൂടുതല്‍ പോകുന്നുണ്ടെങ്കില്‍ മാത്രമാണ് അത് യഥാര്‍ഥ മുടികൊഴിച്ചിലാകുന്നത്.
- ഇതുകൂടാതെ വട്ടത്തില്‍ ഒരു ഭാഗത്ത് മുടി പോകുന്നതും കഷണ്ടിയും ചികിത്സ തേടാവുന്നതാണ്.
- പ്രസവം, രോഗങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവക്കു ശേഷം മുടികൊഴിച്ചില്‍ ഉണ്ടാകാം. ഇതിനു ചികിത്സ ആവശ്യമില്ല. മൂന്നുനാലു മാസം കഴിഞ്ഞാല്‍ താനേ സാധാരണനിലയിലാകും.
- ആഴ്ചയില്‍ മൂന്നോ നാലോ തവണ എണ്ണ ഇട്ടാല്‍ മതി.
- എണ്ണ തേക്കുകയാണെങ്കില്‍ അത് തലയോട്ടിയില്‍ മസാജ് ചെയ്ത് കുറച്ചുനേരം വെക്കുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
- തലയില്‍ സോപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
- മുടിയുടെ ആരോഗ്യത്തിന് നല്ല പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുക.
മറ്റു രോഗങ്ങള്‍
സോറിയാസിസ്, എക്‌സിമ, വെള്ളപ്പാണ്ട് എന്നിവ പോലെയുള്ള ഒരുപാട് അസുഖങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ചികിത്സ ലഭ്യമാണ്. ഇത് പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. നേരത്തേ ചികിത്സ തുടങ്ങിയാല്‍ ഇതില്‍ നല്ല ഫലങ്ങള്‍ കാണുന്നുണ്ട്.
ചര്‍മം ഒരു കണ്ണാടി
- നമ്മുടെ ആന്തരികാവയവങ്ങളില്‍ ഉള്ള മാറ്റങ്ങള്‍, അല്ലെങ്കില്‍ അസുഖങ്ങള്‍ ചിലതൊക്കെ തൊലിപ്പുറത്ത് മാറ്റങ്ങളുണ്ടാക്കും.
- സ്തനാര്‍ബുദം, വയറിന്റെ അര്‍ബുദം തുടങ്ങിയ ചില അര്‍ബുദങ്ങള്‍ ചിലപ്പോള്‍ തൊലിപ്പുറത്ത് മാറ്റങ്ങളുണ്ടാക്കാം.
- അതുകൊണ്ടുതന്നെ പെട്ടെന്നുള്ള ധാരാളം കെടുമ്പുകള്‍, മറുകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ സമീപിക്കുക.
- അതുപോലെ പ്രമേഹം, തൈറോയ്ഡ്, കരള്‍-കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഇവയെല്ലാം ചിലപ്പോള്‍ തൊലിയില്‍ മാറ്റങ്ങളുണ്ടാക്കുന്നു.
സ്വയം ചികിത്സിക്കാതിരിക്കുക
- ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ വാങ്ങി തേക്കരുത്.
- ഇതില്‍ ചിലപ്പോള്‍ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുള്ള ക്രീമുകള്‍ ഉണ്ടാകാം. ഇത് തൊലി നേര്‍മയുള്ളതും, കലകള്‍ വരാനും കാരണമാകാം. കൂടാതെ പിന്നീടുള്ള ചികിത്സ കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.
- ഇത്തരം മരുന്നുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.
- അതുകൊണ്ട് തൊലിപ്പുറത്ത് അസുഖങ്ങള്‍ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടുക.