താന്‍സാനിയയുടെ നായിക
സൈഫുദ്ദീന്‍ കുഞ്ഞ്
ജൂണ്‍ 2021
ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിംകളുടെ സ്വാധീനം ഉണ്ടായ പ്രദേശമാണ് താന്‍സാനിയ. സഞ്ചിബാര്‍ തീരപ്രദേശങ്ങള്‍ അറബികളുടെ വാണിജ്യകേന്ദ്രങ്ങള്‍ കൂടിയായിരുന്നു.
ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിംകളുടെ സ്വാധീനം ഉണ്ടായ പ്രദേശമാണ് താന്‍സാനിയ. സഞ്ചിബാര്‍ തീരപ്രദേശങ്ങള്‍ അറബികളുടെ വാണിജ്യകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇന്ത്യന്‍ സമുദ്രം, അറേബ്യന്‍ ഉപദ്വീപ്, ഇന്ത്യ തുടങ്ങി ഭാഗങ്ങളില്‍ നിന്നുമാണ് പൂര്‍വ്വാഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഇസ്‌ലാമിക സാന്നിധ്യമുണ്ടായത്. സമുദ്ര വ്യാപാരം ഈ പ്രദേശങ്ങളില്‍ ഇസ്‌ലാം വ്യാപനത്തിനു ചരിത്രപരമായി ഏറെ സഹായകമായിട്ടുണ്ട്. താന്‍സാനിയന്‍ ഭാഷയായ സാഹിലിയില്‍ അറബി ഭാഷയുടെ സ്വാധീനം പ്രകടമാണ്. സാഹില്‍ (തീരപ്രദേശം) എന്നതു തന്നെ അറബി പദമാണ്. 957-ല്‍ അലി ബ്‌നു അല്‍ ഹസന്‍ അല്‍ ശീറാസി സ്ഥാപിച്ച കില്‍വ സല്‍തനത് 1505 വരെ നിലനിന്നിരുന്നു. ഹദ്‌റമികളുടെ സ്വാധീനം സഞ്ചിബാറിന്റെ വളര്‍ച്ചക്ക് ഏറെ മുതല്‍കൂട്ടായി മാറിയിരുന്നു. 1840-ല്‍ ഒമാന്‍ സുല്‍ത്താന്‍ സയിദ് സഈദ് സഞ്ചിബാറിനെ ഭരണസിരാകേന്ദ്രമാക്കി മാറ്റി. ഈ രാഷ്ട്രീയ നീക്കം അറബ് ഇസ്‌ലാമിക ലോകവുമായി താന്‍സാനിയയെ അടുപ്പിക്കാനും മുസ്‌ലിം സാന്നിധ്യം വര്‍ധിക്കാനും കാരണമായി. താന്‍സാനിയയില്‍ തീരപ്രദേശങ്ങളിലും മെട്രോ നഗര പ്രദേശങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. സഞ്ജിബാര്‍ 99 ശതമാനം മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ്. താന്‍സാനിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഷാഫി മദ്ഹബിനാണ് കൂടുതല്‍ സ്വീകാര്യതയുള്ളത്. ശീഈ മുസ്‌ലിംകളും ഖാദിയാനികളും ഗണ്യമായ തോതില്‍ ഈ രാജ്യത്തുണ്ട്.
വിവിധ സംഘടനകള്‍ താന്‍സാനിയന്‍ മുസ്‌ലിംകളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ രാജ്യത്തെ സ്ത്രീ ശാക്തീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
2016-ല്‍ ഖദീജ ഒമരീ കയാന്ദ (khadija Omari kayanda‑) സ്ഥാപിച്ച The Pink Initiatives, സല്‍മ മൗലൂദിയുടെ ടമവശയമ Sahiba sisters foundation തുടങ്ങിയവ താന്‍സാനിയയില്‍ സ്ത്രീ ശാക്തീകരണത്തിന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ചിലതാണ്.
ഇപ്പോള്‍ താന്‍സാനിയ വാര്‍ത്തയില്‍ ഇടം നേടിയത് ആഫ്രിക്കന്‍ വന്‍കരയിലെ ഏക വനിതാ പ്രസിഡന്റായി ഒരു മുസ്‌ലിം വനിത സ്ഥാനമേറ്റെടുത്തതോടെയാണ്.
സഞ്ജിബാറിലെ ഒരു മുസ്‌ലിം വനിത താന്‍സാനിയയുടെ അധികാരിയായി മാറുന്നത് രാജ്യത്തെ മുസ്‌ലിം സമൂഹത്തെ സംമ്പന്ധിച്ചേടത്തോളം ഗൗരവമാര്‍ന്ന വസ്തുതയാണ്.
1960 ജനുവരിയില്‍ സഞ്ജിബാറിലാണ് സാമിയ ഹസന്റെ ജനനം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം വേണ്ടുവോളം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് സാമിയ ഹസന്‍ സാഹചര്യങ്ങളെ അതിജീവിച്ചു വിദ്യ നേടിയത്. താന്‍സാനിയയിലും യു.കെയിലുമായി വിദ്യാഭ്യാസം നേടി. 1978-ല്‍ കാര്‍ഷിക വിദഗ്ദനായ ഹാഫിദ് അമീറിനെ വിവാഹം കഴിച്ചു. സാമിയ ഹസനിന്റെ രാഷ്ട്രീയ നേതൃത്വം സഞ്ചിബാരീ മുസ്‌ലിംകളുടെ അവകാശ പോരാട്ടങ്ങള്‍ക്കു കൂടുതല്‍ പ്രതീക്ഷ നല്‍കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
2000-ത്തില്‍ സഞ്ചിബാര്‍ പ്രദേശത്തെ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട സാമിയ മന്ത്രിയായി അധികാരമേറ്റിരുന്നു.
2005-ല്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ പ്രസവാനന്തരം സ്‌കൂളിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ എതിര്‍ക്കുന്ന നിയമത്തെ റദ്ദാക്കി കൂടുതല്‍ ജനപ്രീതി കരസ്ഥമാക്കിയിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും സാമിയ ഹസനിനു വ്യക്തമായ സ്വീകാര്യത ഉണ്ടായിരുന്നു.
2010-ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ എണ്‍പത് ശതമാനത്തിലധികം വോട്ടോടുകൂടിയാണ് അവര്‍ ജയിച്ചത്. അന്നത്തെ പ്രസിഡന്റ് ജകായ കിക്വേതെ യൂണിയന്‍ അഫാര്‍സ് മന്ത്രിയായി സാമിയയെ നിയോഗിച്ചു. 2014-ല്‍ ഭരണഘടനാ സഭയുടെ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭരണഘടന പരിഷ്‌കാരത്തിനു നേതൃത്വം നല്‍കി. 2015-ല്‍ ജോണ്‍ മാഗ്ഫുലി ഭരണകക്ഷിയായ ചാമ ചാ മാപ്പിന്‍ഡ്‌സി പാര്‍ട്ടി (CCMP)യിലെ മറ്റു പല പ്രമുഖരെയും അവഗണിച്ചു സാമിയ ഹസനിനെയാണ് ഉപ രാഷ്ട്രപതിയായി തെരഞ്ഞെടുത്തത്.
ജോണ്‍ മാഗ്ഫുലിയുടെ രാഷ്ട്രീയ നയനിലപാടുകള്‍ക്കു വ്യത്യസ്ത സമീപനമാണ് സാമിയക്കുള്ളത്. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമുള്ള മാഗ്ഫുലിയേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ സൂക്ഷ്മത സൂക്ഷിക്കുന്ന വ്യക്തിയാണ് സാമിയ ഹസന്‍.
അഴിമതി വിരുദ്ധ നിലപാടുകളിലൂടെ രാജ്യത്തു ഹെരേരോ ആയി മാറിയ ജോണ്‍ മാഗ്ഫുലി പക്ഷെ അതിന്റെ മറവില്‍ ജനാധിപത്യ വിരുദ്ധ സമീപനവും ശക്തമാക്കി മാറ്റിയിരുന്നു. പ്രതിപക്ഷ ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ ഈ പ്രവര്‍ത്തന പരിപാടികള്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സാമിയ ഹസന്‍ ജോണ്‍ മാഗ്ഫുലി ബാക്കിവെച്ച ഈ ജനാധിപത്യ വിരുദ്ധ നയങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാജ്യവാസികള്‍ വീക്ഷിക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍, വിമത സ്വരങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ ജോണ്‍ മാഗ്ഫുലിയുടെ ഏകാധിപത്യ പ്രവണതകള്‍ താന്‍സാനിയയില്‍ ആഭ്യന്തര അസ്ഥിരതക്കു വഴിയൊരുക്കിയിരുന്നു.
2015-ല്‍ സൈബര്‍ കുറ്റങ്ങള്‍ നിയന്ത്രിക്കാന്‍ നടപ്പാക്കിയ കടുത്ത നിയമങ്ങള്‍ മുഖേന നിരവധി പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നു. മാഗ്ഫുലിയുടെ മര്‍ദക ഭരണംമൂലം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാകുകയും 2020-ലെ തെരഞ്ഞെടുപ്പില്‍ (CCMP)ക്കു 97 ശതമാനം വോട്ടു ലഭിക്കുകയുമാണ് ഉണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യവും സാമിയ ഹസന്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്.
സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ടാന്‍സാനിയ ഭരിക്കുന്ന CCMP-യിലെ ക്രിസ്ത്യന്‍ നേതാക്കളുടെ പിന്തുണയും ഉറപ്പു വരുത്തേണ്ടത് സാമിയ ഹസനിന്റെ ആവശ്യമാണ്.
മാഗ്ഫുലിയുടെ ദേശീയ നയങ്ങള്‍ തന്നെ അവര്‍ പിന്തുടരുമോ എന്നത് ഇനിയും വ്യക്തമാകാത്ത കാര്യമാണ്. കൊറോണ വൈറസ് അടക്കമുള്ള വിഷയങ്ങളില്‍ വിവാദ നിലപാട് സ്വീകരിച്ച മുന്‍ പ്രസിഡന്റിന്റെ നിലപാട് സാമിയ ഹസന്‍ പിന്തുടരുമോ എന്നാണു രാഷ്ട്രീയ നിരൂപകര്‍ ഉറ്റു നോക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖത കാട്ടിയ ജോണ്‍ മാഗ്ഫുലിയുടെ തീരുമാനം ഏറെ വിവാദപരമായിരുന്നു. ഗര്‍ഭിണിയായ വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ നിന്നും തടയുക, ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക തുടങ്ങി ക്രിസ്ത്യന്‍ വിശ്വസിയായ ജോണ്‍ മാഗ്ഫുലിയുടെ കടുത്ത പല നിലപാടുകളും സാമിയ ഹസനിനു പുന:പരിശോധിക്കേണ്ടി വരുന്നതാണ്.
പ്രമുഖ പ്രതിപക്ഷ നേതാവ് തുണ്ടു ലിസുവിനെതിരെ കൊലപാതക ശ്രമമുണ്ടായപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ എതിര്‍പ്പുണ്ടായിട്ടും അദ്ദേഹത്തെ സന്ദര്‍ശിച്ചത് കൂടുതല്‍ വിവാദം സൃഷ്ടിച്ചിരുന്നെങ്കിലും സാമിയ അതൊക്കെ അവഗണിക്കുകയാണ് ചെയ്തത്. മാഗ്ഫുലിയില്‍നിന്നും ഭിന്നമായി നിയമ നിര്‍മാണ മേഖലയിലും കൂടിയാലോചന രംഗത്തും ജനാധിപത്യബോധം നിലനിര്‍ത്തുന്ന സാമിയ ഹസനിന്റെ സാന്നിധ്യം പാര്‍ട്ടിക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ദുരീകരിക്കാനാണ് സാധ്യത.
താന്‍സാനിയന്‍ ഭരണഘടന എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മുസ്‌ലിംകളുടെ കാര്യത്തില്‍ അനീതി വ്യക്തമാണെന്നു സല്‍മ മൗലൂദി എഴുതുന്നുണ്ട്. നീണ്ട കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1995-ലാണ് പൊതു ഇടങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്‌ലിം സ്ത്രീകള്‍ക്കു ലഭിച്ചത്.
പ്രഡസിന്റ് ജോണ്‍ മാഗ്ഫുലിയുടെ മരണശേഷം രാഷ്ട്രസാരഥി ആയ സാമിയ സുലുഹു ഹസന്റെ രാഷ്ട്രീയ ചരിത്രം ആധുനിക മുസ്‌ലിം സമൂഹത്തിലെ സ്ത്രീ പ്രാധിനിധ്യം വ്യക്തമാക്കുന്നതാണ്. ഉപരാഷ്ട്രപതിയായിരുന്ന സാമിയ ഹസന് രാഷ്ട്ര നിയമ പ്രകാരമാണ് ജോണ്‍ മാഗ്ഫുലിയുടെ പിന്‍ഗാമിയാകാന്‍ കഴിഞ്ഞത്.
പൂര്‍വാഫ്രിക്കന്‍ രാഷ്ട്രമായ താന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനമാണ് സാമിയ ഹസനു ലഭിച്ചത്.