മൗനം
തസ്നി സുല്‍ഫിക്കര്‍ കല്‍പ്പറ്റ
മാര്‍ച്ച് 2021
അന്ന് പതിവിനു വിപരീതമായി ആകാശത്തിന് ചുവപ്പ് കൂടുതലായിരുന്നു. കാറും കോളും നിറഞ്ഞ
അന്ന് പതിവിനു വിപരീതമായി ആകാശത്തിന് ചുവപ്പ് കൂടുതലായിരുന്നു. കാറും കോളും നിറഞ്ഞ സംഭവബഹുലമായ ജീവിതം ഇന്ന് ഒഴിഞ്ഞ കിളിക്കൂടുപോലെ ശാന്തമായി തോന്നി. ഓര്‍മയിലേക്ക് വീണ നിമിഷം ആകാശം അറിയാതെ പുഞ്ചിരിച്ചു.
ആകെ മാറിത്തുടങ്ങിയത് സൂര്യന്റെ വലിയ വായിലുള്ള പ്രസ്താവന വന്നതു മുതലാണ്. ചന്ദ്രനെ പോലുള്ള മുഴുവന്‍ ദേശദ്രോഹികളെയും നാട് കടത്തണം. പ്രപഞ്ചത്തിലെ ഭൂരിഭാഗം പേരും ആദ്യം എതിര്‍ത്തുവെങ്കിലും അഗ്നിഗോളത്തില്നിന്നുള്ള നീണ്ട രശ്മികളില്‍ തട്ടി ചിലര്‍ക്ക് കൈപൊള്ളി. തീരുമാനം മാറ്റി. ഗ്രഹങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. മേഘങ്ങള്‍ പ്രതിഷേധത്താല്‍ പെയ്തിറങ്ങി കണ്ണീര് വാര്‍ത്തു. നക്ഷത്രങ്ങള്‍ പൂര്‍ണമായി നിശ്ശബ്ദത പാലിച്ചു. ഒടുവില്‍ തീരുമാനം നടപ്പിലാക്കിയ സൂര്യന് പിന്നീട് സംഘര്‍ഷങ്ങളിലേക്ക് തിരിയാതെ ക്ഷേമരാജ്യത്തിനായി വാദിച്ചു.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഗ്രഹങ്ങളുമായി സൂര്യന് അകന്നു. ഉടന്‍ അടുത്ത പ്രസ്താവന വന്നു; 'ഗ്രഹങ്ങള്‍ കൂടുതല്‍ വര്‍ഗീയമാകുന്നു. ഏകപക്ഷീയമായ ധിക്കാര സ്വഭാവം അവരെ രാജ്യദ്രോഹികളാക്കി. ഇനി ഇവരിവിടെ നില്‍ക്കരുത്. തുരത്തണം.' നക്ഷത്രങ്ങള്‍ വീണ്ടും നിശ്ശബ്ദതയില്‍ ഒളിച്ചു. നീണ്ട മൗനം. മേഘങ്ങള്‍ ശക്തിയായി ഇടിമിന്നലോടെ കുത്തി പെയ്തു. പക്ഷേ ഒന്നും സംഭവിക്കാതെ ആ തീരുമാനവും നടപ്പിലായി.
പിന്നീട് അല്‍പ്പകാലം സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളായിരുന്നു. സൂര്യവംശത്തില്‍ പിറന്ന ബോധം നക്ഷത്രങ്ങളെ അഭിമാനിതരും ഉന്മേഷവാന്മാരുമാക്കി. കാലം കടന്നുപോയി. സൂര്യവിളംബരം വീണ്ടുമെത്തി. ഇക്കുറി അത് നക്ഷത്രങ്ങള്ക്കെതിരാണ്. ആര്‍ത്തനാദങ്ങളോടെ അവര്‍ പരക്കം പാഞ്ഞെങ്കിലും കേള്‍ക്കാന്‍ ആരുമുണ്ടായില്ല.
'അല്ലയോ മഹാ വാനമേ.. ഇത് അനീതിയല്ലേ.. ധിക്കാരമല്ലേ.. പാവങ്ങള്‍ ഞങ്ങള്‍ നക്ഷത്രക്കൂട്ടം എങ്ങോട്ട് പോകണം?'
രക്ഷിക്കാന്‍ വിലപിച്ചുകൊണ്ടിരിക്കെ ആകാശം പറഞ്ഞു: 'എനിക്കിതില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളില്‍ ഏറ്റവും ശക്തനും സത്യസന്ധനുമാണ് ചിലരുടെ ക്രൂരമായ മൗനത്തിനിടെ ആദ്യം ഇല്ലാതായത്. അന്നതിനെ തടഞ്ഞിരുന്നുവെങ്കില്‍ ഈ ഗതിയേ ഉണ്ടാവുമായിരുന്നില്ല. ഇന്ന് നീതി ഇല്ലാതായിരിക്കുന്നു. സത്യവും. അതിനാല്‍ വിധി നടപ്പിലാവട്ടെ!'
സൂര്യന് വളരെ എളുപ്പത്തില്‍ വിധി നടപ്പിലാക്കി.
ഒരു തുള്ളി ശേഷിക്കാതെ മേഘങ്ങള്‍ പെയ്തു വറ്റിയിരിക്കുന്നു. ചുവന്നു കലങ്ങിയ കണ്ണുകളോടെ നെഞ്ചില്‍ നെരിപ്പോട് തീര്‍ത്ത് ആകാശം കണ്ണുമുറുക്കിയടച്ചു.
അവസാന മരുപ്പച്ചയും വറ്റിച്ച് സൂര്യന് കത്തിജ്ജ്വലിച്ച് ഒടുവില്‍ പൂര്‍ണ നരകമായി.....