പെണ്ണിന് കൂട്ട് മാപ്പിളകലകള്‍
വി. മൈമൂന മാവൂര്‍
മാര്‍ച്ച് 2021
അന്യംനിന്നുപോകുന്ന കലകള്‍ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സര്‍ക്കാറിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഫോക്ലോര് അക്കാദമി.
അന്യംനിന്നുപോകുന്ന കലകള്‍ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സര്‍ക്കാറിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഫോക്ലോര് അക്കാദമി. ഇത്തവണ ഫോക്ലോര് അക്കാദമിയുടെ അംഗീകാരത്തിന് അര്‍ഹയായ മാപ്പിള കലകളുടെ ഉറ്റതോഴിയാണ് കൊളത്തറ സ്വദേശിനി കെ.ടി.പി മുനീറ.
മാപ്പിളപ്പാട്ട് ആലാപനം, ഒപ്പന, ഒപ്പന പരിശീലനം, അഭിനയം, കൊറിയോഗ്രാഫി തുടങ്ങി കലയുടെ വിവിധ തലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി മുനീറ വേറിട്ട വഴി വെട്ടിത്തുറന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം നേടിയത്. ഒപ്പന പരിശീലനത്തിലെ പുരുഷാധിപത്യത്തെ വകഞ്ഞ് കേരളത്തിലെ വനിതാ പരിശീലക എന്ന ബഹുമതിയും മുനീറക്ക് സ്വന്തം. താന്‍ പരിശീലിപ്പിക്കുന്ന കലകളില്‍ അംഗീകാരങ്ങള്‍ ഏറെ സ്വന്തമാക്കിയാണ് മുനീറ പരിശീലനക്കളരിയിലെത്തുന്നത്.
കോഴിക്കോട്ടെ കുറ്റിച്ചിറ ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പ്രദേശത്തെ കല്യാണ വീടുകളില്‍ മൈലാഞ്ചിപ്പാട്ടുകളും ഒപ്പന ഗ്രൂപ്പുകളുമായി മൊയ്തീന്‍കോയ ആന്റ് ബാബു ടീമിനൊപ്പം കല്യാണ രാവുകളെ മാപ്പിളപ്പാട്ടിന്റെ ഇശലുകളാല്‍ കുളിരണിയിപ്പിച്ച കൊച്ചു കലാകാരിയായാണ് തുടക്കം. പിന്നീട് 'ചുവന്നതാര' ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ വിശേഷ ദിനങ്ങളിലെ കലാപരിപാടികളില്‍ പങ്കാളിയായി.
1998-ല്‍ യുവജനക്ഷേമ ബോര്‍ഡും നെഹ്റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ മാപ്പിളപ്പാട്ട് പഠന ശിബിരത്തില്‍ 15 ദിവസം മാപ്പിള കലകളുടെ കുലപതികളായ വി.എം കുട്ടി, രാഘവന് മാസ്റ്റര്‍ തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തില്‍ മാപ്പിള കലകളുടെ ആധികാരിക പഠനം നടത്തിയ ക്യാമ്പില്‍ പങ്കെടുത്തതാണ് മുനീറക്ക് വഴിത്തിരിവായത്. മാപ്പിള കലകളോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ജീവിതത്തെ കലക്കു വേണ്ടി മാറ്റിവെക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
1998 മുതല്‍ ഒമ്പത് തവണ കേരളോത്സവത്തില്‍ കോഴിക്കോട് ജില്ലയെ ഒപ്പന മത്സരത്തില്‍ ഒന്നാമതെത്തിച്ചത് മുനീറയായിരുന്നു. മലബാര്‍ മഹോത്സവം പോലുള്ള സാംസ്കാരിക പരിപാടികളില്‍ കോഴിക്കോടിന്റെ പ്രധാന വേദികളെ ഒപ്പനയും മാപ്പിളപ്പാട്ടുമൊരുക്കി ദീപ്തമാക്കിയത് ഈ കലാകാരിയാണ്. മാപ്പിള സോംഗ് ലവേഴ്സ് അസോസിയേഷന്റെ മികച്ച ഗായികക്കുള്ള സ്വര്‍ണ പതക്കവും ഈ സ്വരമാധുരിയെ തേടിയെത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച ലോക് തരംഗ് ഫെസ്റ്റിവലിലും ലക്ഷദ്വീപിലെ മിക്ക സ്ഥലങ്ങളിലും ഇവര്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാല് നൂറ്റാണ്ടോളമായി റേഡിയോ ആര്‍ട്ടിസ്റ്റ് കൂടിയാണ്.
'സൂഫി പറഞ്ഞ കഥ' എന്ന സിനിമയിലെ ഒപ്പനയുടെ മികവുറ്റ കൊറിയോഗ്രാഫര്‍ മുനീറയാണ്. 'മരണത്തിന് നേരത്ത്', 'എന്റെ ഉമ്മാന്റെ പേര്' തുടങ്ങിയ ആല്‍ബങ്ങളില്‍ മുനീറ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 'അഴകുള്ള ഫര്‍ഹാന', 'കരിവള കൈകളില്‍ മൈലാഞ്ചി' തുടങ്ങിയ ആല്‍ബങ്ങളിലും പങ്കാളിത്തമുണ്ട്.
ഉബൈദ് ഇശല്‍രാവ് മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരത്തിലെ വിജയി, തിരുവനന്തപുരം ഫര്‍ഹ അവാര്‍ഡ്, ദുബൈ റേഡിയോ മാംഗോയിലെ സംകൃതപമഗിരി എന്ന പരിപാടിയില്‍ മികച്ച പ്രകടനം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ ഈ കലാകാരിക്ക് വഴികാട്ടിയായത് അബൂബക്കര്‍ വെള്ളയില്‍, ആദം നെടിയനാട്, കബീര്‍ നല്ലളം തുടങ്ങിയവരാണ്. മാപ്പിള കലാരംഗത്ത് നിറസാന്നിധ്യമായ മുനീറ, സ്കൂള്‍ കലോത്സവം മുതല്‍ യൂനിവേഴ്സിറ്റി കലോത്സവമായ ഇന്റര്‍സോണ്‍ വരെയുള്ള മത്സരാര്‍ഥികളുടെ പരിശീലകയും കലോത്സവങ്ങളിലെ വിധികര്‍ത്താവുമാണ്. മാപ്പിളകല ഇന്‍സ്ട്രക്ടര്‍ അസോസിയേഷന് വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. കലാവഴിയിലേക്കുള്ള കുതിപ്പില്‍ തുടര്‍ വിദ്യാഭ്യാസം വഴിമുട്ടിയ ഈ അനുഗൃഹീത കലാകാരി സര്‍ക്കാറിന്റെ തുല്യതാ കോഴ്സിന്റെ പഠിതാവാണ്. കൊളത്തറയിലെ പരേതനായ ഹസന്റെയും ആഇശബിയുടെയും മകളാണ്.