ആര്‍ഭാടങ്ങളോട് ബൈ പറയാം
നദീറ മനാഫ്, ശാന്തപുരം
മാര്‍ച്ച് 2021
രണ്ടായിരത്തി ഇരുപത് നമുക്ക് സമ്മാനിച്ചത് കൂടുതലും പ്രയാസങ്ങളും പ്രതിസന്ധികളും ആയിരുന്നു.
രണ്ടായിരത്തി ഇരുപത് നമുക്ക് സമ്മാനിച്ചത് കൂടുതലും പ്രയാസങ്ങളും പ്രതിസന്ധികളും ആയിരുന്നു. ലോകമാകെ വരിഞ്ഞുമുറുക്കിയ കൊറോണയെന്ന ഇത്തിരിക്കുഞ്ഞന്റെ മുന്നില്‍ ചികിത്സാ സംവിധാനങ്ങളുള്ള വന്‍കിട രാജ്യങ്ങള്‍ പോലും ഫലപ്രദമായ ചികിത്സ നല്കാനാവാതെ തോറ്റുപോവുകയായിരുന്നു.
ഇന്നുവരെ നമ്മുടെ ജീവിതത്തില്‍ കേുകേള്വി പോലും ഇല്ലാത്തത്രയും അനുഭവങ്ങള്‍ ഈ രോഗം ഉണ്ടാക്കി. നമ്മുടെ കുഞ്ഞുങ്ങള്‍ വിദ്യ നുകരുന്ന വിദ്യാലയങ്ങള്‍ താഴിട്ട്പൂട്ടി, ആരാധനാലയങ്ങളുടെ വാതിലുകള്‍ ഭക്തജനങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു, കളിസ്ഥലങ്ങള്‍ക്കും മറ്റും കൂച്ചുവിലങ്ങിട്ടു, മരണ വീടുകളിലേക്ക് ആളുകള്‍ പോകാന്‍ അറച്ചു. ഏതൊരു കാര്യത്തിലും നിയന്ത്രണങ്ങള്‍ വന്നു. പല ബന്ധങ്ങളും ബന്ധനങ്ങളായി, മാസ്ക് ഇട്ടവരെ തുറിച്ചുനോക്കിയിരുന്ന നമ്മള് മാസ്ക് ഇടാത്ത വരെ തുറിച്ചു നോക്കാന്‍ തുടങ്ങി, ഹസ്തദാനം കൂപ്പുകൈയായി. പരസ്പരം അകല്ച്ചയിലേക്ക് നീങ്ങി.
ഏതൊരു സംഗതിക്കും രണ്ടു വശങ്ങള് ഉള്ളതുപോലെ കൊറോണയും നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നുതന്നു.
കൊറോണ മൂലം വലിയൊരു മാറ്റം സംഭവിച്ചത് വിവാഹച്ചടങ്ങുകളിലാണ്. വിവാഹങ്ങള്‍ എങ്ങനെ ചെലവു ചുരുക്കി നടത്താന്‍ പറ്റും എന്ന വലിയൊരു പാഠം നമുക്ക് കാണിച്ചുതന്നു. ഇസ്ലാമില്‍ വിവാഹം ലളിതമായ ചടങ്ങാണ്. വരനും രക്ഷാധികാരിയും രണ്ട് സാക്ഷികളും ചേര്‍ന്ന് വളരെ ലളിതമായി നടത്താവുന്ന ഒരു ചടങ്ങാണിന്ന് ഭീമമായ തുകകള്‍ ചെലവിട്ട് നടത്തപ്പെടുന്നത്. വിഭവങ്ങളുടെ കൂമ്പാരമില്ലാതെ, വാഹനങ്ങളുടെ ഘോഷയാത്രയില്ലാതെ, ആഘോഷങ്ങളുടെ പെരുമ്പറ മുഴക്കാതെ വിവാഹങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു കാര്യങ്ങള്‍.
മക്കളുടെ വിവാഹം നടത്തണമെങ്കില്‍ ഭീമമായ തുക കടം വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് പലര്‍ക്കും. ദിവസങ്ങളോളം നീളുന്ന കല്യാണങ്ങള്‍. മഞ്ഞള്‍ കല്യാണം, മൈലാഞ്ചി കല്യാണം, സൂഫി കല്യാണം, ചുവപ്പു, മഞ്ഞ തുടങ്ങി വര്‍ണശബളമായ കല്യാണങ്ങള്‍. പലതരം മാമൂലുകളില്‍ അധിഷ്ഠിതമാ യിട്ടുള്ള വിവിധതരം ആചാരങ്ങളും അനാചാരങ്ങളും അടങ്ങിയ പൊങ്ങച്ചങ്ങള്‍ കൊണ്ട് അലംകൃതമായ കല്യാണങ്ങള്‍. ഇത്തരം കല്യാണ മാമാങ്കങ്ങള്‍ കൂടുതലും കാണപ്പെടുന്നത് മുസ്ലിം സമൂഹത്തിലാണെന്നതാണ് ഖേദകരം. നാലാളെ വിളിച്ചുവരുത്താതെ വിവാഹം നടത്തിയാല്‍ ആളുകള്‍ എന്ത് വിചാരിക്കും, ബന്ധുമിത്രാദികള്‍ പരിഭവിക്കില്ലേ എന്നൊക്കെയുള്ള ചിന്തയാണ് പലരെയും കടംവാങ്ങിയും ആളുകളോട് ഇരന്നും ഇത്തരം കല്യാണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. സൗന്ദര്യം കുറഞ്ഞുപോയതിന്റെ പേരിലും അത്യാവശ്യമായി തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും, സ്വര്‍ണ രൂപത്തിലോ മറ്റോ കൊടുത്ത് അവരെ പറഞ്ഞയക്കാന്‍ കഴിയാത്തതിന്റെ പേരിലും ഒരുപാട് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഇന്ന് വിവാഹം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ക്ഷണിച്ചവര്‍ക്ക് മിതമായ രീതിയിലുള്ള ഭക്ഷണം നല്‍കുന്നതിനോട് ഇസ്ലാം എതിരല്ല. അതിനെ ഇവിടെ ആരും വിമര്‍ശിക്കുന്നുമില്ല. മറിച്ച് വിഭവങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഭക്ഷണത്തളികകളാല് തീന്മേശകള് നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആര്‍ഭാടപൂര്‍ണവും ആഭാസകരവുമായ വിവാഹമേളകള്‍ എതിര്ക്കപ്പെടേതു തന്നെയാണ്. മൂടികള്‍ തുറക്കപ്പെടാത്ത പാത്രങ്ങളിലെ ഭക്ഷണങ്ങള്‍ അപ്പടി കുഴിച്ചുമൂടപ്പെട്ട അവസ്ഥയിലേക്കു വരെ ചില കല്യാണ മാമാങ്കങ്ങള്‍ പോയിട്ടു്. വിവാഹത്തിന്റെ പേരില്‍ ഇത്രത്തോളം ധൂര്‍ത്ത് കാണിക്കാന്‍ ആരാണ് നമ്മെ പഠിപ്പിച്ചത്? എവിടെ നിന്നാണ് നമുക്ക് ഇത്തരം മാതൃകകള്‍ ലഭിച്ചത്? ചെലവ് ചുരുങ്ങിയ വിവാഹമാണ് ഏറ്റവും അനുഗൃഹീതമായത് എന്ന് പഠിപ്പിച്ച പ്രവാചകനോ? ഇസ്ലാമിന്റെ നെടുംതൂണായ നമസ്കാരം നിര്‍ബന്ധമാക്കും മുമ്പ് ധൂര്‍ത്തിനെ നിരോധിച്ച ഇസ്ലാമോ? സന്തതസഹചാരിയുടെ വിവാഹം, വിവാഹനാളില്‍ പൂശിയ സുഗന്ധദ്രവ്യത്തിന്റെ മണം അനുഭവപ്പെട്ടപ്പോള്‍ മാത്രം മനസ്സിലാക്കിയ സ്വഹാബത്തിന്റെ ചരിത്രമോ..? ഇസ്ലാമിന്റെ വിലപ്പെട്ട അധ്യാപനങ്ങള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തപ്പെടുന്ന ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഇസ്ലാമിന് അന്യമാണ്. 'നിങ്ങള്‍ ധൂര്‍ത്ത് കാണിക്കരുത്, ധൂര്ത്തന്മാര് പിശാചുക്കളുടെ കൂട്ടുകാരാണ്' എന്ന് വളരെ വ്യക്തമായി ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട് .
എന്നാല്‍ ഈ കൊറോണക്കാലം കൈവിരലുകളില്‍ ഒതുങ്ങുന്നത്രയും ആളുകളെ ക്ഷണിച്ചുകൊണ്ട് വളരെ ലളിതമായി കല്യാണം നടത്താം എന്ന് നമ്മളെ പഠിപ്പിച്ചു. സമ്പന്ന കുടുംബങ്ങള്‍ പോലും ഇത്തരത്തില്‍ ഒരുപാട് വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; ആര്‍ക്കും പറയപ്പെട്ട ആവലാതികളോ വേവലാതികളോ ഇല്ലാതെ.
എന്നാല്‍ ഈ മഹാമാരി നമ്മളില്‍നിന്ന് അകന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മള് പഴയ ആര്‍ഭാടങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു. രണ്ടുദിവസം മുമ്പ് എന്റെ സുഹൃത്ത് സംസാരിച്ചപ്പോള്‍ പറഞ്ഞത് അവരുടെ വീടിനടുത്ത് ഒരു കല്യാണം നടക്കുകയാണ്. ഗള്‍ഫില്‍ ബിസിനസ്സുകാരനായ ഒരു സമ്പന്നന്റെ ഏകമകളുടെ മേല്‍പ്പറഞ്ഞ എല്ലാ മാമാങ്കങ്ങളോടും കൂടിയ ഒരാഴ്ച നീളുന്ന വിവാഹം. ഇതൊക്കെ നമ്മെ ഓര്‍മിപ്പിക്കുന്നത് എത്ര കൊണ്ടാലും നാം പാഠം പഠിക്കില്ല എന്നതാണ്. ഒരു പരീക്ഷണം നേരിട്ടപ്പോള്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതിനു പകരം അതിനെ പാടേ അവഗണിച്ചുകൊണ്ട് വീണ്ടും പഴയപടി തന്നെ ആവര്‍ത്തിക്കുന്നത് സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഭൂഷണമല്ല. സത്യവിശ്വാസിയുടെ ഗുണമായി പറഞ്ഞിട്ടുള്ളത് അവര്‍ തെറ്റു ചെയ്താല്‍, അല്ലെങ്കില്‍ അവര്‍ സ്വന്തത്തോട് എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയും ആ തെറ്റില്‍ ഉറച്ചുനില്ക്കാതെ പാപത്തില്‍നിന്നും വേഗത്തില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യും എന്നാണ്. മഹാമാരികളെ അഭുമുഖീകരിക്കേി വരുന്നത് നമ്മളൊന്ന് പരിവര്‍ത്തിപ്പിക്കപ്പെടാന്‍ കൂടിയാവണം. സാമ്പത്തികമായി തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്നവര് പണം ധൂര്‍ത്തടിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ അക്രമമാണ്. പണം, അത് നല്കപ്പെട്ടവന് മാത്രം അവകാശപ്പെട്ടതല്ല. ആ പണത്തില്‍ പാവപ്പെട്ടവര്‍ക്കും ജീവിതമാര്ഗങ്ങള് തടയപ്പെട്ടവര്‍ക്കും ഒരു ഓഹരി ഉണ്ട്, അവര്‍ക്കു കൂടി അവകാശപ്പെട്ടതാണത് എന്ന വിശുദ്ധ ഖുര്‍ആനിലെ വചനം മറക്കാതിരിക്കുക. നമുക്ക് കിട്ടുന്നതു മുഴുവന്‍ ധൂര്‍ത്തടിച്ച് ചെലവഴിക്കാനുള്ളതല്ല എന്നുള്ള സത്യം നാം തിരിച്ചറിയണം. ഇത്തരത്തിലുള്ള മഹാമാരികളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തെ പരിവര്‍ത്തിപ്പിക്കാന്‍ നാം ശ്രമിക്കണം. ഈ രംഗത്ത് ഒരു മാറ്റം അനിവാര്യമാണ്. തുടങ്ങേണ്ടത് നാമോരോരുത്തരില്നിന്നുമാണ്.