ഓള്
ഐ.സി.യുവിന്റെ പച്ച കര്‍ട്ടണ്‍ നീങ്ങുന്നതും കാത്ത് അവളിരുന്നു....
മൗനമായുതിര്‍ന്ന യാസീനുകള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന തട്ടത്തിനുമിടയില്‍നിന്ന് ഇടക്കിടെ പ്രാര്‍ഥനകള്‍ തേങ്ങി.....
'നാഥാ..... എന്റെ ഇക്കാനെ ഒരു കുഴപ്പവും കൂടാണ്ട് തിരിച്ചുതരണേ.....'
കളിചിരികള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ 'ഐഷൂ.......' എന്നൊരു നേര്‍ത്ത വിളിയോടെ കുഴഞ്ഞ് വീണ ഇക്കാക്കു ചുറ്റും നിലവിളിയോടെ അവളും മക്കളും പകച്ചിരുന്നപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചതാണ്.
ഒടുവില്‍....... പ്രതീക്ഷയും പ്രാര്‍ഥനകളും ബാക്കിയാക്കി അയാള്‍ വെള്ളപുതച്ചുറങ്ങി........
ഖബ്‌റടക്കം കഴിഞ്ഞ് ബന്ധുക്കള്‍ പിരിയാന്‍ നേരം അകത്തെ മുറിയില്‍നിന്നുയര്‍ന്ന അവളുടെ തേങ്ങലുകള്‍ക്കിടയില്‍ ആളുകള്‍ അടക്കം പറഞ്ഞു; 'ഓള് പാവം...... ചെറുപ്പം...... എന്ത് ചെയ്യാനാ.... അതിന്റൊരു വിധി..... ഇത്ര ചെറുപ്പത്തിലേ........'
സങ്കടങ്ങളെ ഒതുക്കിപ്പിടിക്കാനാവാതെ കുഴഞ്ഞ അവള്‍ നമസ്‌കാരപ്പായയില്‍ മക്കളെ ചേര്‍ത്തു പിടിച്ച് ദിക്‌റുകളുതിര്‍ക്കുമ്പോള്‍ ആരോ തോളില്‍ തട്ടി ആശ്വസിപ്പിച്ചു:
'ഒക്കെ വിധ്യാന്ന് കരുതി സമാധാനിക്ക്.....
ഇയ്യ് ഒറ്റക്കല്ലല്ലോ...... അനക്ക് രണ്ട് മക്കളേം തന്നിട്ടല്ലേ ഓന്‍ പോയത്....... ഓറ്റീങ്ങളെ നോക്കി വളര്‍ത്ത്.'
നിറങ്ങള്‍ കെട്ടുപോയ അവളുടെ കണ്‍കളില്‍നിന്ന് മുന്നിലെ ഇരുട്ടിലേക്ക് നിലക്കാത്ത കണ്ണുനീര്‍ പെയ്തുകൊണ്ടേയിരുന്നു..........?
ഓന്
'ഇക്കാ.......വേദന സഹിക്കാന്‍ കഴിയണില്ല ..... എനിക്ക് വയ്യ ഇക്കാ........' അവളുടെ നെഞ്ച് പൊള്ളുന്ന സങ്കടപ്പെയ്ത്തില്‍ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ഫോണിന്റെ മറുതലക്കല്‍ അവന്‍ പിടഞ്ഞു.......
'സാരമില്ല നൈലൂ......ഒക്കെ ഭേദമാവും. ഒന്നു രണ്ട് കീമോ കൂടി കഴിഞ്ഞാല്‍ വേദനയൊക്കെ മാറും മോളൂ..........' തൊണ്ടയില്‍ കനംവെച്ച സങ്കടങ്ങളില്‍ വാക്കുകള്‍ക്കായി അവന്‍ പരതി.
'എനിക്കിനി മരുന്നും കീമോയും ഒന്നും വേണ്ട നിങ്ങളൊന്ന് വന്നാമതി.... ഒന്ന് കണ്ടാമതി.......' അവള്‍ പിന്നെയും നിര്‍ത്താതെ തേങ്ങി.
രോഗം നൈലുവിനെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു..... എത്ര പെട്ടെന്നാണ് എല്ലാം........
ആദ്യമാദ്യം അവള്‍ വയറുവേദനയെ പറ്റി പറയുമ്പോള്‍ കളിയാക്കി.
പിന്നെ ഡോക്ടറെ കാണിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
കേള്‍ക്കാതെയായപ്പോള്‍ ഇത്തിരി ദേഷ്യപ്പെട്ടു.
പക്ഷേ അപ്പോഴൊക്കെയും അവള്‍ ചിണുങ്ങി; 'ഇത് നിങ്ങള് വന്നാമതി, താനേ മാറിക്കോളും.... ന്റെ പൊന്നിക്കാ'
പക്ഷേ.......
അവധിക്ക് നൈലുവിനെയും കൂട്ടി ഡോക്ടറെ കണ്ടപ്പോള്‍ അവന്‍ തളര്‍ന്നു.
നീണ്ട ടെസ്റ്റുകള്‍ക്കൊടുവില്‍ ഓങ്കോളജി വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ കീമോയുടെ തളര്‍ച്ചയില്‍ അവന്‍ അവള്‍ക്കായ് കൂട്ടിരുന്നു.
ചികിത്സകള്‍ തുടരാന്‍ പണം തികയാതെ അവന്‍ വീണ്ടും വിമാനം കയറി.
നീണ്ട ചികിത്സകള്‍ക്കിടയില്‍ അവള്‍ ശോഷിച്ചു വന്നു...... ചികിത്സിച്ച ഡോക്ടര്‍ക്ക് പോലും പ്രതീക്ഷ കെട്ടിട്ടും അവന്‍ അവള്‍ക്കായ് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി.
ഒടുവില്‍.........
അവസാനമായി ഒരു നോക്കു കാണാന്‍ പോലുമാകാതെ അവള്‍ പള്ളിക്കാട്ടിലെ ഒരു കുഞ്ഞു മൈലാഞ്ചിച്ചെടിക്കടിയില്‍ ഓര്‍മയായി........
മൂന്നാം നാള്‍ നാട്ടിലെത്തിയ അവന്‍ മക്കളെ ചേര്‍ത്തു പിടിച്ച് വിതുമ്പി.....
കണ്ടു നിന്നവര്‍ക്കിടയില്‍ ആരോ പറഞ്ഞു:
'ഓന്‍ പാവം...... ഒരു ഒറ്റാന്‍ തടി...... ഓളില്ലാണ്ട് ആ കുട്ടികളെയും കൊണ്ട് ഓന്‍ ഒറ്റക്കെങ്ങനെ.....?'
ഓള്‍ടെ മണം മാറാത്ത അറയിലേക്ക് വൈകാതെ മുല്ലപ്പൂ മണവുമായ് പുതിയ മണവാട്ടിയെത്തി.
ഓള് പോയ നാല്‍പ്പതാം നാള്‍ പുതുക്കപ്പെണ്ണുണ്ടാക്കിയ നെയ്പ്പത്തിരിയും കോഴിക്കറിയും കഴിച്ച് പള്ളിയിലെ മുക്രിയും ഓനും യാസീനോതി പിരിഞ്ഞു...... ട