'ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ്' എന്ന മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന്റെ
'ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ്' എന്ന മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന്റെ ഭാവതരളമായ വിശേഷണമാണ് കശ്മീരിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നും മനസ്സില്‍ കടന്നുവരിക. മുമ്പ് രണ്ടുതവണ കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോഴും ആ വാക്കുകള്‍ ഒട്ടും അതിഭാവുകത്വം കലര്‍ന്നതല്ലെന്നും ദൈവം തന്റെ കരവിരുതിനാലും മനുഷ്യര്‍ തങ്ങളുടെ നിഷ്‌കളങ്കതയാലും തീര്‍ത്ത ഭൂമിയിലെ സ്വര്‍ഗം തന്നെയാണാ താഴ്‌വാരം എന്നത് അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് മൂന്നാമതൊരവസരം ലഭിച്ചപ്പോള്‍ വ്യക്തിപരമായ പ്രതിസന്ധികള്‍ മുന്നില്‍ ഉണ്ടായിട്ടും ലഡാക് അടക്കമുള്ള ലോക വിസ്മയങ്ങള്‍ ദര്‍ശിക്കാന്‍ വീണ്ടും നല്ലപാതി ടി.പി ഇല്‍യാസിനോടൊപ്പം സഹോദരന്‍ പി.ബി.എം ഫര്‍മീസ് നയിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന യാത്രാസംഘത്തില്‍ കയറിപ്പറ്റിയത്. എന്നാല്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അതിമനോഹര ചിത്രത്തിന് മങ്ങലേല്‍പിക്കാന്‍ പോന്നതായിരുന്നു തുടര്‍ന്ന് ഞങ്ങളെ തേടിയെത്തിയ വാര്‍ത്തകള്‍.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നകലുഷിതമാണ് താഴ്‌വര എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിളിച്ചുപറയുമ്പോഴും തീര്‍ത്തും സമാധാനപൂര്‍ണവും സാധാരണഗതിയിലുമാണ് കശ്മീര്‍ എന്ന് ഭരണകൂടം ആവര്‍ത്തിച്ചു. യാഥാര്‍ഥ്യമെന്തെന്ന് നേരിട്ട് അറിയാനും ഓരോ കശ്മീരിയെയും ചേര്‍ത്തണച്ച് ശിലാഹൃദയരായിട്ടില്ലാത്ത മനുഷ്യര്‍ ഈ രാജ്യത്ത് ഇനിയും ബാക്കിയുണ്ട് എന്നറിയിച്ച് ഐക്യദാര്‍ഢ്യമറിയിക്കാനും മനസ്സ് വെമ്പി. ദേശീയ നേതാക്കള്‍ക്കടക്കം സന്ദര്‍ശനത്തിന് അനുമതി നല്‍കാതെ തിരിച്ചയക്കപ്പെട്ടും മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മറ്റും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ റദ്ദു ചെയ്തും അതിഭീകരമായ ഒരു മനുഷ്യ ഉപരോധത്തിന് വിധിക്കപ്പെട്ടിരിക്കുകയായിരുന്നു കശ്മീര്‍ താഴ്‌വാരമപ്പോള്‍. ജീവിത വ്യവഹാരങ്ങളില്‍ നിന്നും നഷ്ടപ്പെട്ട അധ്യയനങ്ങളും കച്ചവടങ്ങളും കൃഷിയും വിവാഹാഘോഷങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളുമൊക്കെ ഇല്ലാതാക്കിയത് എത്രമാത്രം ആഴത്തില്‍ ആ ജനതയെ ബാധിച്ചിട്ടുണ്ടാവുമെന്ന് അല്‍പമെങ്കിലും നേരില്‍ കണ്ടറിയണമെന്ന് തോന്നി.
പ്രശ്‌നകലുഷിതമായതിനാല്‍ ദല്‍ഹിയില്‍ നിന്നും ജമ്മു- ബാനിഹാള്‍ മാര്‍ഗം ശ്രീനഗറിലൂടെ ആരംഭിക്കേണ്ടിയിരുന്ന യാത്ര ദല്‍ഹിയില്‍നിന്നും മണാലി വഴി ലേയില്‍ പ്രവേശിക്കാനും ലഡാക് പ്രദേശത്തെ സന്ദര്‍ശനത്തിനു ശേഷം അനുമതി ലഭിക്കുകയാണെങ്കില്‍ ശ്രീനഗറിലേക്ക് പ്രവേശിച്ച് ജമ്മു മാര്‍ഗം ദല്‍ഹിയിലെത്തുന്ന രീതിയിലും യാത്ര പുനഃക്രമീകരിക്കേണ്ടിവന്നു. ജമ്മു & കശ്മീര്‍ എന്ന സംസ്ഥാനം വിഭജിക്കപ്പെട്ട് ജമ്മു & കശ്മീര്‍, ലഡാക്ക് എന്ന പേരില്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ രൂപപ്പെട്ടതിനാലും തീര്‍ത്തും ചരിത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ ഈ രണ്ടു പ്രദേശങ്ങള്‍ തമ്മില്‍ അന്തരം നിലനില്‍ക്കുന്നതിനാലും കാര്യങ്ങളെ രണ്ടു പ്രദേശങ്ങള്‍ എന്നുള്ള നിലയില്‍തന്നെ നോക്കിക്കാണേണ്ടിവരും എന്നുറപ്പായിരുന്നു. പ്രളയം പിടിച്ചുലച്ച ഹിമാചല്‍ പ്രദേശിന്റെ ഭൂമികയിലൂടെ നിറയെ കായ്ച്ചുനില്‍ക്കുന്ന ആപ്പിള്‍തോട്ടങ്ങളുള്ള മണാലിയും റോതംഗ് പാസ്സും കടന്നു കീലോംഗ് മാര്‍ഗം ലേയില്‍ എത്തുമ്പോഴേക്കും ഒട്ടേറെ സങ്കീര്‍ണതകള്‍ തരണം ചെയ്യേണ്ടി വന്നിരുന്നു.
ബുദ്ധമത വിശ്വാസികളാണ് ലേയില്‍ ഭൂരിഭാഗവും. അതുമായി ബന്ധപ്പെട്ടാണ് അവിടത്തെ സംസ്‌കാരവും സാമൂഹിക ജീവിതവും വികസിച്ചിട്ടുള്ളത്. ലേയില്‍നിന്ന് ചൈനയിലേക്കും ടിബറ്റന്‍ പ്രദേശത്തും വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ പാങ്ങോംഗ് എന്ന ഉപ്പുതടാകതീരത്ത് ടെന്റുകളില്‍ താമസിക്കാന്‍ അവസരം ലഭിച്ചിരുന്നു. പീക്ക് സീസണായിട്ടുപോലും ലഡാക്ക് പ്രദേശത്തും സന്ദര്‍ശകര്‍ വളരെ കുറവായിരുന്നു. അതിനാല്‍തന്നെ സഞ്ചാരികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന പല ഹോട്ടലുകളും അടഞ്ഞുകിടക്കുകയായിരുന്നു.
ലേയില്‍നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാനായി ജെ.കെ.എസ്.ആര്‍.ടി.സിയുടെ ബസ് മുന്‍കൂട്ടി വാടകക്കെടുക്കാന്‍ ലേ ഡിപ്പോയെ സമീപിച്ചപ്പോള്‍ ഞങ്ങള്‍ക്കാവശ്യമായ ബസ് ശ്രീനഗര്‍ ഡിപ്പോയിലാണെന്നും അടുത്ത ബസ് എപ്പോഴാണ് വരിക എന്നറിയാന്‍ മാര്‍ഗമില്ല എന്നും അറിയിച്ചു. കാരണം ലാന്‍ഡ് ഫോണിലൂടെ അവിടേക്ക് ബന്ധപ്പെടാനാവില്ല. ജെ.കെ.എസ്. ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ സന്ദേശമെഴുതി അയച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുള്ള ബസ് ശ്രീനഗറില്‍നിന്നും ലേ ഡിപ്പോയില്‍ എത്തി.
'തുര്‍തുക്' എന്ന ആപ്രിക്കോട്ടിന്റെ താഴ്‌വര
അതിര്‍ത്തി ഗ്രാമമായ തുര്‍തുക് വാസികള്‍ ബല്‍തി, ലഡാക്കി ഭാഷകള്‍ക്കു പുറമെ നന്നായി ഉര്‍ദുവും സംസാരിക്കുന്നവരാണ്. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ ഗ്രാമം ഞങ്ങളെ അതിമധുരമൂറുന്ന ആപ്രിക്കോട്ടും നംകിന്‍ ചായയും നല്‍കി സ്വീകരിച്ചു. സുന്നി-ശീഈ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും മുസ്‌ലിംകള്‍ വസിക്കുന്ന ഗ്രാമത്തില്‍ 380-ഓളം കുടുംബങ്ങളാണുള്ളത്. ബല്‍തി സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഗ്രാമമായ ഇവിടം സഞ്ചാരികള്‍ക്കായി ഹോംസ്റ്റേകളും ഗസ്റ്റ് ഹൗസുകളും ഉണ്ട്. ഗ്രാമത്തിലെ ചില വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പോലുള്ള ഉന്നത പഠനത്തിനായി ശ്രീനഗറിനെയും ദല്‍ഹിയെയും മാത്രമല്ല കേരളത്തെയും ആശ്രയിക്കുന്നുണ്ട് എന്ന് ഹുസൈന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ മകന്‍ കേരളത്തിലെ ഒരു എന്‍ജിനീയറിങ് കോളേജിലാണ് പഠിക്കുന്നത്. മകള്‍ റാഹില ഉന്നതപഠനത്തിനായി ദല്‍ഹിയില്‍ പോകാനിരിക്കുകയാണ്.
പശുത്തൊഴുത്തും അടുക്കളയും ഉറക്കവുമൊക്കെ ഒറ്റമുറിയിലുള്ള സിദ്ദീഖയുടെ വീടും മൂന്നു നിലകളിലായി സജ്ജീകരിച്ച ഹാജിറയുടെ വീടുമൊക്കെ സന്ദര്‍ശിച്ചു. സിദ്ദീഖയുടെ ഉമ്മ പശുവിനുള്ള പുല്ല് തരപ്പെടുത്തുകയും ഹാജിറ ആപ്രിക്കോട്ട് ശേഖരിച്ച് ഉണക്കാനിടുകയും ചെയ്യുന്നു. അധ്വാനശീലരും ഊര്‍ജസ്വലരുമാണ് തുര്‍തുകിലെ സ്ത്രീകളടക്കമുള്ളവര്‍. വഴിയില്‍ വെച്ച് പരിചയപ്പെട്ട നഈമക്ക് അവളുടെ ഗ്രാമത്തിലെ നഫീസിനെയും സഹ്‌റയെയും പോലെ ഉന്നതപഠനത്തിനായി ശ്രീനഗറില്‍ പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ ഉപരോധം വിദ്യാഭ്യാസത്തെയും അവതാളത്തിലാക്കിയിരിക്കുകയാണെന്ന് നഈമ സങ്കടത്തോടെ പറഞ്ഞു. അവര്‍ മാത്രമല്ല ലഡാക്ക് പ്രദേശത്തെ ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ശ്രീനഗറിനെയാണ്. വഴിയില്‍വെച്ച് കൂടെ കൂടിയ റഹ്മാനിയ കരീം എന്ന സ്ത്രീ മകള്‍ സുമാന ഖാത്തൂനെയും പിറകില്‍ കെട്ടി ഒപ്പം വന്നു. അവരോടൊപ്പം ഗ്രാമത്തിലെ മ്യൂസിയവും പാടശേഖരങ്ങളും സന്ദര്‍ശിച്ചു.
കശ്മീര്‍ V/S ലഡാക്: ദേശീയതയും സാംസ്‌കാരികാന്തരങ്ങളും
കശ്മീര്‍- ലഡാക് പ്രദേശത്തെ ജനങ്ങളോട് മിലിറ്ററിയുടെ സമീപനം വ്യത്യസ്തമാണ് എന്ന് പ്രദേശവാസികളോടും ചില പട്ടാളക്കാരോടും സംസാരിച്ചതില്‍നിന്നും മനസ്സിലായി. തുര്‍തുക് ഗ്രാമത്തിലടക്കം ലഡാക്കി ജനവിഭാഗവും മിലിറ്ററിയും പരസ്പരം സഹായങ്ങള്‍ നല്‍കി സഹകരണത്തോടെ മുന്നോട്ടു പോകുന്നു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ പട്ടാളത്തില്‍നിന്നും നിരന്തരം ഉപരോധങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയും അവര്‍ തിരിച്ച് പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. തീര്‍ത്തും ചരിത്രപരവും സാംസ്‌കാരികവും നരവംശശാസ്ത്രപരവുമായ കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് പ്രദേശവാസികളുടെ സംസാരത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പലരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാവുന്നത് കശ്മീര്‍ പ്രദേശത്ത് കുടിയേറ്റം നടന്നത് അഫ്ഗാന്‍ ഭാഗത്തുനിന്നാണെന്നാണ്. അതുകൊണ്ടാവണം കശ്മീരികള്‍ കോക്കസോയിഡ് വിഭാഗത്തിലുള്ളവരായത്. ഇസ്‌ലാംമതവും ഇതേ രീതിയിലായിരിക്കണം പ്രദേശത്ത് എത്തിയത്. ലഡാക്കിലേക്കുള്ള കുടിയേറ്റം നടന്നത് പ്രധാനമായും ചൈന-ടിബറ്റന്‍ വിഭാഗങ്ങളില്‍നിന്നായതിനാലാവണം ജനങ്ങളില്‍ ഭൂരിഭാഗവും മംഗളോയിഡ് (മംഗോളിയന്‍) വിഭാഗക്കാരായത്. ബുദ്ധമതം പ്രദേശത്തെത്തിയതും ഇതേ പാരമ്പര്യത്തില്‍നിന്നാവാം.
ഇരുപ്രദേശത്തും രണ്ടിടത്തു നിന്നായി കുടിയേറ്റം നടന്നതിനാലും വ്യത്യസ്തതയുള്ള രണ്ടുവിഭാഗം ജനങ്ങള്‍ വസിക്കുന്നതിനാലും ലഡാക്ക് പ്രദേശത്തെ ചുരുക്കം ചില അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിച്ചാല്‍ സാംസ്‌കാരികമായി വലിയ അന്തരങ്ങള്‍ കാണാവുന്നതാണ്. അതിനാല്‍തന്നെ കശ്മീര്‍ സ്വത്വവാദ(കശ്മീരിയത്ത്)ത്തിനു പുറത്താണ് ലഡാക്ക് പ്രദേശവും ലഡാക്കികളും. ലഡാക്ക് വിഭജനത്തെ കശ്മീര്‍ സമരക്കാര്‍ എതിര്‍ക്കുന്നതായി എവിടെയും കാണാന്‍ സാധിക്കുകയുമില്ല. കശ്മീരികളുടെ ചരിത്രം കശ്മീരിയത്തില്‍ ഊന്നി നില്‍ക്കുന്നു. ഈ കശ്മീര്‍ സ്വത്വവാദത്തെ പലപ്പോഴും മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായാണ്. ലഡാക്ക് പ്രദേശത്തെ ജനങ്ങള്‍ക്കാകട്ടെ ഇന്ത്യയുമായി ചേര്‍ന്നുനില്‍ക്കുന്നതില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. അതിനാല്‍തന്നെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഇരുപ്രദേശങ്ങളെയും രണ്ടായി വിഭജിക്കാന്‍ അവര്‍ കാലങ്ങളായി ആവശ്യമുന്നയിക്കുന്നു. എന്നാല്‍ കശ്മീരികളോട് കൂടിയാലോചിക്കാതെയുള്ള ഇപ്പോഴത്തെ നടപടിയില്‍ പലരും അമര്‍ഷം കൊള്ളുന്നുമുണ്ട്.
കശ്മീരിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്. 1991 ഫെബ്രുവരി 23-ന് രാത്രിയില്‍ ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനന്‍, പോഷ്‌പോറ ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിലെ 4 രജപുത്താന റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പുരുഷന്മാരെ മുഴുവന്‍ കലാപവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ബന്ദികളാക്കി കൊണ്ടുപോയി 40-ഓളം സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കുനാന്‍ പുഷ്‌പോറ സംഭവം ഇന്നും നമുക്കു മുന്നില്‍ വലിയ ചോദ്യചിഹ്നമാണ്. കസ്റ്റഡിയിലെടുക്കപ്പെടുന്ന തങ്ങളുടെ ഭര്‍ത്താക്കന്മാരുടെയും മക്കളുടെയും യാതൊരു വിവരവും ഇല്ലാതെ പതിറ്റാണ്ടുകളായി അര്‍ധ വിധവകളായി ജീവിക്കാന്‍ വിധിക്കപ്പെട്ട് തീ തിന്നു കഴിയുന്ന പതിനായിരക്കണക്കിന് സ്ത്രീകളുണ്ട് കശ്മീരില്‍.
തണുത്ത മരുഭൂമി പ്രദേശമായ ലഡാക്കിലെ ഹുന്ദെര്‍ സന്ദര്‍ശിച്ച് റോഡ് മാര്‍ഗം എത്തിപ്പെടാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കര്‍ദുങ്ങ്‌ല എത്തുമ്പോഴേക്കും സമുദ്രനിരപ്പില്‍ നിന്നും 18380 അടി ഉയരത്തിലെത്തിയിരുന്നു. താഴ്‌വാരങ്ങളില്‍ കുതിരയെ കാണുമ്പോള്‍ കശ്മീരില്‍ ഇരയാക്കപ്പെട്ട ആസിഫ തന്റെ കുതിരയെ തീറ്റിക്കാന്‍ ഉമ്മയോട് യാത്ര പറഞ്ഞിറങ്ങുന്ന രംഗം മനസ്സിലെത്തി. വീണ്ടും ലേ യില്‍ തിരിച്ചെത്തി. ദുര്‍ഘടമായ പാതയിലൂടെ അതീവ വൈദഗ്ധ്യത്തോടെ ബസ് ഓടിച്ച, സഹായസഹകരണങ്ങളുമായി കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ദുര്‍ജയ് നംഗ്യാലിനോട് യാത്രയും പറഞ്ഞ് നഗരത്തില്‍ മുഹര്‍റം ഒമ്പതിന്റെ ഒരുക്കങ്ങള്‍ കാണാന്‍ പുറപ്പെട്ടു. മാള്‍ റോഡില്‍ അന്നു രാത്രി ശീഈ വിശ്വാസികളുടെ ഭീമമായ വിലാപറാലി നേരില്‍ കാണാന്‍ സാധിച്ചു.
ശ്രീനഗറിലേക്ക് പുറപ്പെടാന്‍ പിറ്റേന്ന് പുലര്‍ച്ചെ ലേ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കണ്ടത് ശ്രീനഗറിലേക്കുള്ള വാഹനം തിരയുന്ന ശ്രീനഗറുകാരനായ അബ്ദുല്‍ ഖയ്യൂമിനെയാണ്. കിട്ടിയ വണ്ടികളില്‍ കറങ്ങിത്തിരിഞ്ഞ് ലേയില്‍ എത്തിയതായിരുന്നു അവന്‍. ബിസിനസുകാരനായ അവന്റെ വിവാഹം മലേഷ്യക്കാരിയായ സുഹൃത്തുമായി അടുത്ത മാസത്തേക്ക് ഉറപ്പിച്ചിരിക്കുകയാണ്. ഉപരോധത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി അവളെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാനും വേണ്ടി മാത്രം പതിനെട്ട് മണിക്കൂറോളം യാത്ര ചെയ്താണ് ലേ യിലെത്തിയത്. ശ്രീനഗര്‍ വരെ ഞങ്ങളുടെ ബസ്സില്‍ യാത്ര ചെയ്ത ഖയ്യൂമില്‍നിന്നും ഉപരോധത്തിന്റെ ഭീകരമുഖങ്ങള്‍ കേട്ടറിഞ്ഞു.
യാത്രാമധ്യേ കണ്ടുമുട്ടിയ ഞങ്ങളുടെ ഡ്രൈവര്‍ ഗുലാം മൊയ്തീന്റെ സുഹൃത്ത്, ഒരു വൈകുന്നേരം തൊട്ട് കാണാതാവുകയും പിന്നീട് ഇതുവരെ യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഹോദരനെയും മകനെയും കുറിച്ചു പറഞ്ഞു. ഒരു വര്‍ഷം മുഴുവനും ഉപരോധിച്ചാലും കൃഷി ചെയ്തും കന്നുകാലി വളര്‍ത്തിയും അധ്വാനിച്ചും തങ്ങള്‍ അതിജീവിക്കുമെന്ന തന്റെ ഉമ്മയുടെ വാക്കുകള്‍ അവന്‍ ഉദ്ധരിച്ചപ്പോള്‍ നെഞ്ചില്‍ കനല്‍ കോരിയിട്ട പോലെയാണ് അനുഭവപ്പെട്ടത്. റേഷന്‍ സാധനങ്ങള്‍ അടക്കം സൈന്യം മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ നടുവില്‍ നിന്നുകൊണ്ട് എങ്ങനെ ആ ജനതക്ക് ഇത്ര നിശ്ചയദാര്‍ഢ്യത്തോടെ സംസാരിക്കാന്‍ സാധിക്കുന്നു എന്ന് അത്ഭുതപ്പെട്ടുപോയി.
യുദ്ധസ്മരണകള്‍ക്കപ്പുറത്തെ കാര്‍ഗില്‍
ലോകത്തെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ പ്രദേശമായ ദ്രാസ്സില്‍ സ്ഥിതിചെയ്യുന്ന കാര്‍ഗില്‍ യുദ്ധ സ്മാരകവും സന്ദര്‍ശിച്ച് കാര്‍ഗില്‍ ടൗണിലെത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. അവിടെ ബസ് സ്റ്റാന്റില്‍ വെച്ച് പരിചയപ്പെട്ട ശ്രീനഗറിലെ ഒരു കോളേജ് അധ്യാപകന്‍ കുടുംബസമേതം ഏഴു മണിക്കൂര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്താണ് കാര്‍ഗിലില്‍ എത്തിയതെന്ന് പറഞ്ഞു. ബാംഗ്ലൂരില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ നടപടികള്‍ക്കുവേണ്ടി മാത്രമായിരുന്നു അത്രയും ദൂരം യാത്രചെയ്‌തെത്തിയത്. വിദ്യാഭ്യാസവും വാഹന സൗകര്യങ്ങളുമൊക്കെയുള്ള ഒരു കുടുംബം ഇത്രമാത്രം കഷ്ടപ്പെടുന്നുവെങ്കില്‍ ഉപരിപഠനമടക്കം സകലവിധ സ്വപ്‌നങ്ങളും ബലികഴിക്കേണ്ടി വന്ന എത്ര വിദ്യാര്‍ഥികള്‍ ആ താഴ്‌വാരങ്ങളില്‍ ഉണ്ടായിരിക്കണം!
താമസിക്കേണ്ട ഹോട്ടലിലേക്കുള്ള വഴിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ മുഹര്‍റം ആശൂറാ റാലി നടക്കുന്നു എന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. വണ്ടിയില്‍നിന്നിറങ്ങി കാല്‍നടയായി ഹോട്ടലിലേക്ക്. കാര്‍ഗില്‍ എന്നുകേട്ടാല്‍ യുദ്ധം എന്നു മാത്രം പൂരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഞങ്ങളുടെ മുന്നില്‍ മുഹര്‍റം നാളില്‍ കര്‍ബലയില്‍ നടന്ന ഹുസൈന്‍(റ) രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ നടത്തുന്ന ശീഈകളുടെ വിലാപയാത്ര നീണ്ടു പരന്നുകിടക്കുന്നുണ്ടായിരുന്നു. കറുത്ത ഒരു പുഴ കൃത്യമായ താളത്തില്‍ ഒഴുകും പോലെ കറുത്തവസ്ത്രധാരികളായ കുട്ടികളും മുതിര്‍ന്നവരും ചങ്ങല കൊണ്ടടിച്ചു സ്വയം നെഞ്ചും മുതുകും തലയും മുറിപ്പെടുത്തി ചോരയൊലിപ്പിക്കുന്നു. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നടുക്കുന്ന കാഴ്ച. ഹുസൈന്റെ(റ) വിയോഗം കാണിക്കാന്‍ ആളൊഴിഞ്ഞ വെളുത്ത കുതിരയെയും ശവമഞ്ചത്തെയുമൊക്കെ ഗാനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടുവരുന്നു. ഇതിനേക്കാളൊക്കെയേറെ എന്നെ സ്വാധീനിച്ചത് ഉമവി ഭരണകൂടത്തിന്റെ കടുത്ത ഉപരോധത്തില്‍ കുടിവെള്ളംപോലും കിട്ടാതെ കര്‍ബലയില്‍ വലഞ്ഞ ഹുസൈന്റെ(റ) പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള സംഘം നേരിട്ട പരീക്ഷണങ്ങളെ സ്മരിപ്പിക്കാനായി നടത്തുന്ന ശുദ്ധജലവിതരണമായിരുന്നു. ഭരണകൂടത്താല്‍ തന്നെ കടുത്ത ഉപരോധത്തിലായ കശ്മീരി ജനതയെയും അതിജീവനത്തിനായി അവര്‍ നേരിടുന്ന കടുത്ത പരീക്ഷണങ്ങളെയും പ്രതീകാത്മകമായി അവതരിപ്പിക്കാന്‍ ആശൂറാ ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെയാണ് അനുഭവപ്പെട്ടത്.
ആശൂറായോടനുബന്ധിച്ച് രണ്ടു ദിവസം പ്രദേശമാകെ അവധിയായതിനാല്‍ ഭക്ഷണം കിട്ടാതായ ഞങ്ങള്‍ റാലിയോടൊപ്പം നടന്നെത്തിയത് ഒരു കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭക്ഷണത്തിനായി പൗരപ്രമുഖനായ അബ്ബാസലി മസ്താന്റെ വീട്ടിലേക്ക് ഒരു വാഹനത്തില്‍ ഞങ്ങളെ കൊണ്ടുപോയി. വിവിധ ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമായ വീട്ടിലേക്ക് പ്രവേശിച്ചതും അബ്ബാസലി മസ്താന്‍ പുരുഷന്മാരെ മുകളിലെ നിലയിലെ മജ്‌ലിസിലേക്കും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് സ്ത്രീകളെ മറ്റൊരു മജ്‌ലിസിലേക്കും സ്വീകരിച്ചിരുത്തി. പരമ്പരാഗത രീതിയില്‍ കിണ്ടിയും കോളാമ്പിയും ഉപയോഗിച്ച് ഞങ്ങളുടെ കൈകഴുകിച്ച് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കി വിശന്നുവലഞ്ഞ ഞങ്ങളുടെ വയറും മനസ്സും നിറച്ചു ആ കുടുംബം. ഭക്ഷണശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ തൊട്ടടുത്ത വഴി വരെ അനുഗമിക്കാന്‍ തങ്ങളുടെ പെണ്‍മക്കളെ അയച്ചുതന്ന അവര്‍ മറ്റു കശ്മീരികളെ പോലെ ആതിഥേയത്വത്തിന്റെ ഊഷ്മളത കൊണ്ട് ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു.
പിറ്റേന്ന് രാവിലെ വീണ്ടും യാത്ര തിരിച്ചു. ശ്രീനഗര്‍ ഭാഗത്തോട് അടുക്കുംതോറും ഉപരോധത്തിന് തീവ്രത കൂടിവരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. കര്‍ഫ്യു എടുത്തുകളഞ്ഞ ടൗണുകളില്‍ പോലും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.
സോനാമാര്‍ഗ്: ഉറക്കത്തിലാണ്ട സ്വര്‍ഗീയ താഴ്‌വര
ശ്രീനഗറില്‍നിന്നും എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള സോനാമാര്‍ഗ് എത്തുമ്പോള്‍ വൈകുന്നേരമായിരുന്നു. കടുത്ത ശൈത്യത്തിലും ധാരാളം ടൂറിസ്റ്റുകളും കച്ചവടക്കാരും കുതിരകളും കൊണ്ട് സജീവമായിരുന്ന അവിടം ഇന്ന് ചെമ്മരിയാടുകളും ഏതാനും ആട്ടിടയന്മാരും മാത്രമുള്ള, അസമയത്ത് ഉറക്കത്തിലേക്ക് വഴുതിവീണ താഴ്‌വാരമായി മാറിയിരിക്കുന്നു. സന്ദര്‍ശകരായി ഞങ്ങള്‍ മാത്രം. ഹോട്ടലുകളൊക്കെയും അടഞ്ഞുകിടക്കുന്ന ദയനീയാവസ്ഥ. ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലിലെ ഉടമക്ക് അതിയായ സന്തോഷം. കഴിഞ്ഞ നാല്‍പതു ദിവസങ്ങളായി കച്ചവടം മുടങ്ങിക്കിടക്കുകയാണ്. കിട്ടുന്ന വാടകക്ക് ഹോട്ടല്‍ മുറികള്‍ നല്‍കാന്‍ തയാറായി ഹോട്ടല്‍ ഉടമകളും. ഈ അവസ്ഥയെ ഇപ്പോള്‍ അതിജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും സാധ്യമാവില്ല എന്ന ആശങ്ക ആ പാവങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചു. ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് ശ്രീനഗര്‍കാരനായ ബിലാല്‍ ഹുസൈനെ കണ്ടത്. ഡിഗ്രി വിദ്യാര്‍ഥിയായ ബിലാലിനോട് സംസാരിച്ചപ്പോള്‍ അവന്‍ തന്റെ കോളേജ് എന്ന് തുറക്കുമെന്നോ, തുറന്നാല്‍ തന്നെ എന്ന് പോകാന്‍ സാധിക്കുമെന്നോ അറിയാത്തതിലുള്ള ആശങ്ക പ്രകടിപ്പിച്ചു. ജെ & കെ.ടി.ഡി.സിയുടെ ഗസ്റ്റ്ഹൗസില്‍ തങ്ങി. രാത്രി ഫോണ്‍ നെറ്റ്‌വര്‍ക് ഇല്ലാത്തതിനാല്‍ ബോറടി മാറ്റാന്‍ ടി.വി തുറന്നപ്പോള്‍ കണക്ഷന്‍ ഇല്ലെന്ന സന്ദേശം. പുലര്‍ച്ചെ ശ്രീനഗറിലേക്ക് യാത്രതിരിച്ചു.
കൂട്ടിലടക്കപ്പെട്ട ശ്രീനഗര്‍
പുലര്‍ച്ചെ നിരത്തുകളില്‍ സാമാന്യം ജനങ്ങളെ കാണാന്‍ സാധിച്ചു. രാവിലെ ഒരു മണിക്കൂര്‍ വരെകടകള്‍ തുറന്ന് അത്യാവശ്യ വില്‍പ്പന നടത്തുന്നു. ശേഷം ഹര്‍ത്താല്‍ പ്രതീതിയോടെ കടകള്‍ അടഞ്ഞു കിടക്കുന്നു. ഒരു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ എത്തിയ ചായക്കടക്ക് മുന്നില്‍ വന്‍തിരക്ക്. തിരക്കിനിടയില്‍ ചായയും ബ്രെഡും കഴിച്ചു തിരിച്ചു നടക്കുമ്പോള്‍ കേരളത്തില്‍ പഠിക്കുന്ന തന്റെ മകന്റെ വിവരം അന്വേഷിച്ച് ഒരു പിതാവ് അടുത്തെത്തി. അവന്റെ കൈയില്‍ കാശ് തീര്‍ന്നിട്ട് ഉണ്ടാകുമെന്ന് ആകുലപ്പെട്ട അദ്ദേഹം ഞങ്ങള്‍ മടങ്ങുമ്പോള്‍ അവനു വേണ്ടി കുറച്ച് സാധനം തരട്ടെയോ എന്ന് പ്രതീക്ഷയോടെ ചോദിച്ചെങ്കിലും പരസ്പരം ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പിന്നീട് കണ്ടുമുട്ടാതെ മടങ്ങേണ്ടിവന്നു.
ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ക്കിടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ നടന്നത്. ബസുകളൊക്കെയും കണ്ടാല്‍ ആഴ്ചകളായി നിരത്തിലിറങ്ങിയില്ല എന്ന് മനസ്സിലാവും. പുറമെനിന്ന് നോക്കിക്കാണുമ്പോള്‍ സാധാരണഗതി തോന്നിക്കാനായിരിക്കാം ടൂറിസ്റ്റുകള്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നത്. ഫോണ്‍ കണക്ഷന്‍ അടക്കം യാതൊരു സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ നാട്ടിലെ വിവരങ്ങള്‍ ഒന്നും അറിയാതെ ബുദ്ധിമുട്ടി. നാല്‍പതു ദിവസങ്ങളിലധികമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സംസ്ഥാനത്തിനു പുറത്തുള്ള പ്രിയപ്പെട്ടവരുമായി ഒരു തരത്തിലുള്ള ആശയവിനിമയവും സാധ്യമാവാതെ, വീടു വിട്ട് പോയവര്‍ തിരിച്ചുവരുമോ എന്ന് പോലും അറിയാതെ, ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയില്‍ ജീവിതം തള്ളിനീക്കുകയാണ് ആ ജനത. എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ വീടിനോ സ്‌കൂളിനോ മുകളില്‍ ഒരു ബോംബോ ഷെല്ലോ പതിക്കാമെന്നും പട്ടാള തോക്കിനു മുമ്പില്‍ അതിക്രൂരമായി കൊല്ലപ്പെട്ടേക്കാം എന്നുമുള്ള ഭീതിയാല്‍ അസ്വസ്ഥ മനസ്സുമായി ജീവിക്കുന്ന കശ്മീരിലെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം അതിദാരുണമാംവിധം തകര്‍ന്നിരിക്കണം.
ഉപരോധം ടൂറിസം മേഖലയെയും പ്രഫഷണല്‍ മേഖലയെയും തകര്‍ത്തിരിക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ സാമാന്യം നിരത്തിലിറങ്ങുന്നുണ്ടെങ്കിലും ദാല്‍ ഗേറ്റിലും ലാല്‍ ചൗക്കിലുമൊന്നും സാധാരണ തിരക്കിന്റെ നാലിലൊന്ന് പോലുമില്ല. സഞ്ചാരികളാല്‍ സമൃദ്ധമായ മുഗള്‍ ഗാര്‍ഡന്‍ അടഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍നില വിരളം. ജനത്തിരക്കില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍. കേരളത്തില്‍നിന്നുള്ള ഒറ്റപ്പെട്ട സഞ്ചാരികളെയും വളരെ ചുരുക്കം വരുന്ന മലേഷ്യന്‍ ടൂറിസ്റ്റുകളെയും ഒഴിച്ചുനിര്‍ത്തിയാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ശുഷ്‌കം. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലാണ്. കേരളത്തില്‍നിന്നും ഏതാനും സഞ്ചാരികള്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ചിലര്‍ ദാല്‍ തടാകത്തില്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന 'ഷിക്കാറ' എന്ന ചെറു വഞ്ചികളുമായി ഓടിയടുത്തു. മുമ്പ് വളരെ സജീവമായിരുന്ന അത്യധികം മനോഹരമായ തടാകത്തില്‍ നന്നായി അലങ്കരിച്ച ഷിക്കാറകളില്‍ യാത്ര ചെയ്തിരുന്നുവെങ്കിലും ആ പാവങ്ങളുടെ ഓടിയടുക്കലിനു പിന്നിലെ യാഥാര്‍ഥ്യം മനസ്സിലാക്കിയ ഞങ്ങള്‍ മുഴുവന്‍ പേരും ഷിക്കാറയില്‍ കയറി തടാകത്തില്‍ സഞ്ചരിച്ചു.
ഒഴുകുന്ന മാര്‍ക്കറ്റും (ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്) തോട്ടങ്ങളു(ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍)മൊക്കെയായി സജീവമായിരുന്ന ദാല്‍ തടാകം തീര്‍ത്തും നിര്‍ജീവമായി കണ്ടു. ചെറു വഞ്ചികളിലായി കച്ചവടക്കാര്‍ തങ്ങളുടെ കൈയിലുള്ള കച്ചവട വസ്തുക്കളുമായി പ്രതീക്ഷയോടെ സമീപിച്ചു. മുമ്പ് അതിമനോഹരമായി തോന്നിച്ച വസ്തുക്കള്‍ക്ക് പോലും അതിന്റെ പൊലിമ നഷ്ടപ്പെട്ടിരിക്കുന്നു. കശ്മീരി ഷാളുകളും കശ്മീരി കുങ്കുമവും കശ്മീരി ആപ്പിളും കശ്മീരി ആഭരണങ്ങളുമൊക്കെ വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിലും വലിയ ഒരു രാഷ്ട്രീയമുണ്ട് എന്ന് മനസ്സിലാക്കി അത്യാവശ്യത്തിനുള്ള പണം മാത്രം കൈയില്‍ ഉണ്ടായിരുന്നിട്ടും പല വസ്തുക്കളും വാങ്ങിക്കൂട്ടി. അല്‍പമെങ്കിലും കച്ചവടം നടന്നപ്പോള്‍ ആ പാവങ്ങളുടെ കണ്ണുകളിലുണ്ടായ തിളക്കം അവരനുഭവിക്കുന്ന പ്രതിസന്ധികള്‍ വിളിച്ചു പറയുന്നതായിരുന്നു.
പാടശേഖരങ്ങള്‍ പോലും പട്ടാളം കൈയടക്കിയ സ്ഥിതിവിശേഷം ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. റോഡുകളില്‍ ഓരോ നൂറു മീറ്ററിലും ആയുധമേന്തിയ പട്ടാളക്കാരുടെ സ്റ്റേഷനുകള്‍. ശ്രീനഗര്‍ മുതല്‍ ബാനിഹാള്‍ വരെ നൂറുകണക്കിന് പട്ടാള വാഹനങ്ങള്‍ താഴ്‌വരയിലേക്ക് നീങ്ങുന്നതായി കണ്ടു. സംശയം തോന്നുന്ന വാഹനങ്ങള്‍ പരക്കെ പരിശോധിക്കുന്നുമുണ്ട്. യാതൊരു കാരണവശാലും പട്ടാളക്കാരെയോ പട്ടാള വാഹനങ്ങളെയോ ഫോട്ടോ എടുക്കരുതെന്നും അവര്‍ക്ക് നേരിയ സംശയം പോലും തോന്നിയാല്‍ ഫോണും ക്യാമറയുമടക്കം സറണ്ടര്‍ ചെയ്യേണ്ടി വരുമെന്നും ടീം ലീഡര്‍ ഫര്‍മീസ്‌ക്ക കര്‍ശനമായ താക്കീതു നല്‍കി. ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനമടക്കം നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റാത്ത നിലയില്‍ മണിക്കൂറുകള്‍ തടഞ്ഞുവെക്കപ്പെട്ടു. ജമ്മുവില്‍നിന്ന് വൈകീട്ട് ചണ്ഡീഗഢിലേക്കും തുടര്‍ന്ന് ട്രെയിനിലും ഫ്‌ളൈറ്റിലുമായി നാട്ടിലേക്കും പുറപ്പെടേണ്ടിയിരുന്നതിനാല്‍ പലരും അസ്വസ്ഥരാവാന്‍ തുടങ്ങി. തുടരെത്തുടരെ ആയുധമേന്തിയ പട്ടാളക്കാരെയും വഹിച്ച നൂറിലധികം ട്രക്കുകള്‍ കടന്നുപോയതിനു ശേഷമാണ് വഴിതുറന്നുകിട്ടിയത്.
ദേശീയ മാധ്യമങ്ങളില്‍നിന്നും ഭരണകൂടഭാഷ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് കശ്മീരില്‍ ഞങ്ങള്‍ക്കുണ്ടായത്. യാത്രയിലുടനീളം പരമാവധി നാട്ടുകാരോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭരണകൂട ഉപരോധത്തിനെതിരെ കടുത്ത അമര്‍ഷത്തിലാണ് അവരില്‍ ഓരോരുത്തരും. മോഡിഭരണകൂടം തങ്ങളെ തുറന്ന ജയിലിലിട്ടിരിക്കുകയാണ് എന്ന് അവര്‍ വാദിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരടക്കം വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീരില്‍ സാധാരണ ജനങ്ങളുടെ യാതനകള്‍ ഭീകരമായിരിക്കുമെന്നതില്‍ സംശയമില്ല. നേതാക്കള്‍ തടവിലായതിനാലും ആശയവിനിമയം തടസ്സപ്പെട്ടതിനാലും വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നില്ല. വെള്ളിയാഴ്ച ജുമുഅക്കു ശേഷം പ്രാദേശിക പ്രകടനങ്ങള്‍ നടക്കുന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ മീഡിയകള്‍ ഇല്ല. ഉള്ള ദേശീയ മീഡിയ സ്ഥിതിഗതികള്‍ ശാന്തമാണ് എന്ന് പുറംലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. കലുഷിതമാവാറുള്ള നഗരഹൃദയത്തിലെ ജാമിഅ മസ്ജിദ് പരിസരത്തുള്ള മിക്ക വഴികളും പലയിടത്തായി മുള്‍വേലികള്‍ കൊണ്ട് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ചെറുപ്പക്കാര്‍ അന്യായമായി തടവിലാക്കപ്പെട്ടിരിക്കുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ വീടുകളും പരിസരങ്ങളും കടന്നുപോകുമ്പോഴും നാഥനില്ലാതെ പട്ടിണിയിലകപ്പെട്ട കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ കരച്ചിലും മക്കള്‍ എവിടെയെന്നറിയാത്ത അമ്മമാരുടെ വിലാപവും വിധവയാക്കപ്പെട്ട പെണ്ണിന്റെ വിതുമ്പലുകളും കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപ്പെട്ടു.