അടുക്കളയില്‍ പൂക്കുന്ന സ്‌നേഹം
കെ.ടി സൈദലവി വിളയൂര്‍
നവംബര്‍ 2019
ഏതു മേഖലയിലും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പുരുഷന്മാര്‍. എന്നാല്‍ എന്തുകൊണ്ട് അടുക്കളയില്‍
ഏതു മേഖലയിലും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പുരുഷന്മാര്‍. എന്നാല്‍ എന്തുകൊണ്ട് അടുക്കളയില്‍ അത്തരമൊരു ആധിപത്യത്തിനു അവര്‍ ശ്രമിക്കുന്നില്ല? ഉത്തരം ലളിതമാണ്. ഇസ്തിരി ചുളിയാതെ ആദര്‍ശം പ്രസംഗിച്ചു നടക്കുന്നതിന്റെ സുഖം അടുക്കളയില്‍ കിട്ടില്ല. ഒന്നുമറിയാതെ കൈ കഴുകി വന്നിരുന്ന് ഭക്ഷണവും കഴിച്ച് രണ്ട് കുറ്റവും പറഞ്ഞ് എഴുന്നേറ്റു പോകുന്ന രസം അതിനുണ്ടാവില്ല. അടുക്കള ജോലി വലിയ ജോലിയൊന്നുമല്ലെന്ന നിസ്സാര ഭാവത്തില്‍ പാവപ്പെട്ട പെണ്ണിന്റെ കഷ്ടപ്പാടുകളെ കൊച്ചാക്കി നെഗളിച്ചു നടക്കുന്ന പുരുഷന് ഒരു ചെയ്ഞ്ചിന് ഭാര്യമാര്‍ അവസരം വാഗ്ദാനം ചെയ്യുക. അടുക്കള അത്ര മോശം ഇടമല്ല എന്ന് പുരുഷനെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റിയില്‍നിന്ന് ലഭിക്കുന്ന അറിവിന്റെയും അനുഭവത്തിന്റെയും അപ്പുറമാണ് അടുക്കള നല്‍കുന്ന പാഠങ്ങള്‍. പെണ്ണ് അവിടെനിന്ന് സ്വായത്തമാക്കുന്നത് മറ്റെവിടെനിന്നും ലഭ്യമാവാത്ത അനുഭവങ്ങളാണ്. ഒരിക്കലെങ്കിലും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ ഈ സത്യം തിരിച്ചറിയാനാകൂ. ഒരു പ്രദേശത്തെയോ സംസ്ഥാനത്തെയോ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നതിനേക്കാള്‍ കഴിവും അനുഭവജ്ഞാനവും ജാഗ്രതയും വേണം അടുക്കള കൈകാര്യം ചെയ്യാന്‍ എന്ന് അല്‍പസമയം അവിടെ ചെലവഴിക്കാന്‍ തയാറെങ്കില്‍ ആര്‍ക്കും ബോധ്യപ്പെടും. അടുക്കള ഒരു സ്റ്റേറ്റാണ്, സംസ്‌കാരമാണ്. വീട്ടിലെ ആണ്‍പെണ്‍ ഭേദമന്യേയുള്ള എല്ലാ അംഗങ്ങളും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്.
കെട്ടിയ പെണ്ണിനെ അടുക്കളയുടെ നാലതിരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ഭര്‍ത്താക്കന്മാരും ഭര്‍തൃ വീട്ടുകാരുമുള്ള കാലമാണിത്. സൂര്യനുദിക്കും മുമ്പ് അവിടെ ചാര്‍ജെടുത്താല്‍ ഏറെ ഇരുട്ടിയും അവിടെനിന്നൊരു മോചനമില്ലെന്ന അവസ്ഥയാണ് പല പെണ്‍കുട്ടികള്‍ക്കും. അല്‍പം ഗൗരവമുള്ള അമ്മായിയമ്മയും വീട്ടുകാരുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരു തരം അടിമത്തത്തില്‍ അടുക്കളയില്‍ കരിപുരണ്ട് ഇഴയുമ്പോള്‍ തെളിച്ചമുള്ള ഒരു ജീവിതം കൂടിയാണ് അവിടെ കിടന്ന് വെന്തുരുകിത്തീരുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. മറ്റുള്ളവര്‍ സുഖമായും സ്വതന്ത്രമായും ഇരുന്ന് സൊറപറയുകയും കളിതമാശകളിലും മറ്റു ക്രിയാത്മകമായ കാര്യങ്ങളിലും വ്യാപൃതരാകുമ്പോള്‍ അടുക്കളയില്‍ കിടന്ന് വേവുന്ന സ്ത്രീജന്മങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. അടുക്കളയോട് ഏതൊരു സ്ത്രീക്കും അറുത്തുമാറ്റാനാവാത്ത ഒരാത്മബന്ധമുണ്ടായിരിക്കും എന്നത് നേരാണ്. എന്നു വെച്ച് അവള്‍ എന്നും അവിടെ കഴിയേണ്ടവളും പണിയെടുക്കേണ്ടവളുമാണെന്ന് കരുതുന്നത് നീതിയല്ലല്ലോ. ഒരു വിശ്രമവുമില്ലാതെ അവള്‍ അവിടെ കിടന്ന് നരകിക്കുന്നതും അടുക്കള അവളുടെ മുഴുസമയവും കവര്‍ന്നെടുക്കുന്നതും ന്യായമാണോ? ആത്മീയ-ഭൗതിക ഉന്നമനത്തിന് വിനിയോഗിക്കേണ്ട സമയം ഇങ്ങനെ അടുക്കളയില്‍ കളയുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥം തന്നെയാണ് നഷ്ടപ്പെടുന്നത്.
അടുക്കള ഏറെ ആസ്വാദ്യകരമാണ് ചിലര്‍ക്ക്. അവരെ സംബന്ധിച്ചേടത്തോളം ആത്മശാന്തിയുടെയും സമാധാനത്തിന്റെയും ഇടമാണ് ഓരോ അടുക്കളയും. അവിടെ ചെലവിടുന്ന ഓരോ നിമിഷവും ഏറെ പുണ്യകരമായി കരുതുന്നു അവര്‍. ജീവിതത്തിന്റെ സന്തോഷവും അവര്‍ അവിടെയാണ് പലപ്പോഴും കണ്ടെത്തുന്നത്. ഉമ്മയെന്ന പദത്തിന്റെ അര്‍ഥവ്യാപ്തി പോലും നീണ്ടുകിടക്കുന്നത് അടുക്കളയിലേക്കാണ്. എങ്കില്‍ പോലും അടുക്കള അരോചകമായി അനുഭവപ്പെടാത്ത സ്ത്രീജന്മമുണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ വെണ്ണീര്‍ അടുപ്പുകള്‍ പ്രാകിയും പറഞ്ഞും ഊതിക്കത്തിച്ച ജീവിതങ്ങള്‍ ഇന്ന് അന്യമെങ്കിലും അടുക്കളയുടെ അസ്വസ്ഥതകള്‍ക്ക് കാര്യമായ മാറ്റമില്ല. അതിനാല്‍തന്നെ മാറ്റങ്ങള്‍ കൊതിക്കുന്ന ആധുനിക ലോകത്ത് അടുക്കളയിലും ചെറുതെങ്കിലും ചില മാറ്റം അനിവാര്യമല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകം എത്ര മാറിയാലും വീട്ടുജോലി പെണ്ണ് മാത്രമേ ചെയ്യാവൂ എന്ന ചിന്താഗതിക്ക് മാറ്റം വരേണ്ടതുണ്ട്. അത് അവള്‍ മാത്രം ചെയ്യേണ്ടതാണ് എന്ന ധാരണ എക്കാലത്തും സമൂഹത്തില്‍ നിലനിന്നുപോന്നതാണ്. അടുത്ത കാലത്ത് നടന്ന ഒരു സര്‍വേ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പുരുഷന്മാരും തുണിയലക്കല്‍ സ്ത്രീകളുടെ ചുമതലയാണെന്ന് കരുതുന്നവരാണ്. 70 ശതമാനം വിവാഹിതരായ സ്ത്രീകളും പറയുന്നത് ഭര്‍ത്താവിനൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ സമയം വീട്ടുജോലികള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നു എന്നാണ്. അലക്കലിന്റെ കാര്യത്തിലാണ് പുരുഷന്മാര്‍ ഏറ്റവും പിറകിലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. അപൂര്‍വമായി അടുക്കളയില്‍ സഹായിക്കാനെത്തുന്ന പുരുഷന്മാര്‍ പോലും അലക്കലിന്റെ കാര്യം വരുമ്പോള്‍ അത് പൂര്‍ണമായും സ്ത്രീകള്‍ക്ക് വിടുകയാണെന്ന് പറയുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ സ്ത്രീ വിവേചനം നേരിടുന്നു എന്നു തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത മിക്ക സ്ത്രീകളുടെയും അഭിപ്രായം. എ. സി നീല്‍സെന്‍ ഇന്ത്യയും ഏരിയല്‍ ഇന്ത്യയുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. എന്നാല്‍ അടുക്കളജോലി തങ്ങളുടെ കുത്തകയാണെന്ന് വിശ്വസിക്കുകയും പുരുഷനെ അങ്ങോട്ട് അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളുമുണ്ട് എന്നത് വേറെ കാര്യം. പുരുഷന്‍ അടുക്കളയില്‍ കയറുന്നത് പുരുഷനോളം പോലും ചിന്തിക്കാനാവാത്തവരും ധാരാളം.
സ്ത്രീകള്‍ മാത്രം ചെയ്തുവരുന്ന ഇത്തരം ജോലികള്‍ എന്തുകൊണ്ട് പുരുഷന് ചെയ്തുകൂടാ? അങ്ങനെ ചെയ്തുവെന്നു വെച്ച് പുരുഷന്റെ പൗരുഷത്തിന് വല്ല കുറവും സംഭവിച്ചുപോകുമോ? ഒരിക്കലുമില്ല. അത്തരം ധാരണകള്‍ പിഴച്ചതും മാറ്റിയെടുക്കേണ്ടതുമാണ്. പുറംകാര്യങ്ങള്‍ പുരുഷനും അകക്കാര്യങ്ങള്‍ സ്ത്രീകളും എന്ന വിവേചനം മാറ്റിവെച്ച് പുരുഷന്‍ ഒന്ന് വേഷം മാറി വരട്ടെ. എന്തെല്ലാം ജോലികള്‍ അവന് വീട്ടില്‍ ചെയ്യാനാവും? ഭക്ഷണം പാകം ചെയ്യാം. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാം. നിലം തുടച്ചു ക്ലീനാക്കാം. മുറ്റം അടിച്ചുവാരാം. ഭാര്യയുടെയും കുട്ടികളുടെയും തന്റെയുമെല്ലാം വസ്ത്രങ്ങള്‍ അലക്കാം. കുഞ്ഞുങ്ങളുടെ തലയിലും മേനിയിലും എണ്ണ തേച്ചു പിടിപ്പിക്കാം. അവരെ കുളിപ്പിച്ച് വസ്ത്രമണിയിക്കാം. അവരുടെ മലമൂത്ര വിസര്‍ജനങ്ങള്‍ വൃത്തിയാക്കാം. സന്താനങ്ങള്‍ക്ക് സ്‌നേഹലാളനകള്‍ നല്‍കി, കഥകള്‍ പറഞ്ഞ് കിടത്തിയുറക്കാം. അങ്ങനെ എത്രയെത്ര തൊഴിലവസരങ്ങള്‍.
തുറന്ന മനഃസ്ഥിതിയോടെ പെരുമാറുന്ന ഏതൊരു പുരുഷനും ഈയൊരു ചെയ്ഞ്ച് നന്നായി ചേരുകയും ആസ്വദിക്കുകയും ചെയ്യാം. സ്വയം വീര്‍പ്പിച്ചു നടക്കുന്ന വല്യേട്ടന്‍ മനോഭാവം മാറ്റിയാല്‍ അടുക്കള നന്നായി ഇണങ്ങും. ജോലിത്തിരക്കിന്റെയും ജീവിത പ്രാരാബ്ദങ്ങളുടെയും ഇടയില്‍ വീണുകിട്ടുന്ന ഈ പുതിയ ജോലി തീര്‍ച്ചയായും ഒരു ആശ്വാസം പകരും. ഭാരം പേറി നടക്കുന്ന മനസ്സിന് ഒരു ആയാസവും ആനന്ദവും അതുവഴി പകര്‍ന്നു കിട്ടും. പങ്കാളിയോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും ഭാഗം തന്നെയാണ് ഇതെന്ന് മനസ്സിലാക്കുമ്പോള്‍ കര്‍ത്തവ്യനിര്‍വഹണമെന്ന നിലക്ക് ആത്മാനുഭൂതിയും കരഗതമാകും. ഉപ്പ് കൂടിയെന്നും കുറഞ്ഞെന്നും പറഞ്ഞ് എപ്പോഴും ഭാര്യക്കു നേരെ ആക്ഷേപവും പരിഹാസവും അഴിച്ചുവിടുന്നവര്‍ക്ക് എന്തുമാത്രം കഷ്ടപ്പാടിന്റെയും അവിരാമ പരിശ്രമത്തിന്റെയും തീച്ചൂളയിലാണ് തന്റെ മുന്നിലിരിക്കുന്ന ഭക്ഷണങ്ങള്‍ വേവുന്നതെന്ന് തിരിച്ചറിയാനും അത് ഉപകരിക്കും. അതുവഴി അത്തരം മോശം പെരുമാറ്റങ്ങളെ നിയന്ത്രിച്ച് അവളുടെ കൈപ്പുണ്യത്തെ അറിയാനും സ്തുതിക്കാനും ആവുന്ന തരത്തിലേക്ക് മാനസിക വളര്‍ച്ച നേടാനും സാധിക്കും.
അടുക്കള എന്നും വലിയ കൂട്ടായ്മകളുടെയും സ്‌നേഹബന്ധങ്ങളുടെയും വിളനിലം കൂടിയാണ്. അവിടെ വിരിഞ്ഞ സൗഹൃദങ്ങള്‍ക്കും ആത്മബന്ധങ്ങള്‍ക്കും കൈയും കണക്കുമില്ല. ഒരു കല്യാണമോ സല്‍ക്കാരമോ മരണമോ ഒക്കെ ഉണ്ടാവുമ്പോഴാണ് അടുക്കളയുടെ പ്രാധാന്യവും മഹത്വവും ബോധ്യമാകുന്നത്. അവിടെയപ്പോള്‍ പെണ്ണുങ്ങള്‍ക്കിടയില്‍ നിമിഷനേരത്തിനിടയില്‍ രൂപപ്പെട്ടുണ്ടാകുന്ന കൂട്ടായ്മകള്‍ക്ക് വലിയ സുഖവും സുഗന്ധവുമാണ്. ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം അവിടെ ഉടലെടുക്കുന്നത് ഈടുറ്റ ബന്ധങ്ങളാണ്. അകലെനിന്നെത്തിയവരും അയലത്തുള്ളവരും വിവിധ കുടുംബാംഗങ്ങളുമായി അടുക്കള വൈവിധ്യങ്ങളുടെ സംഗമസ്ഥലം കൂടിയാവുന്നു. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ പല വഴികളായി പിരിഞ്ഞുപോകുമ്പോഴേക്ക് അവിടെ സ്‌നേഹത്തിന്റെ വിത്തുകള്‍ പാകി മുളപ്പിച്ചു വിളവെടുപ്പ് വരെ കഴിഞ്ഞിട്ടുണ്ടാവും. നാനാത്വത്തില്‍ ഏകത്വം ഏറ്റവും കൂടുതല്‍ അനുഭവവേദ്യമാകുന്ന ഇടം അടുക്കളയാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സംഗതിയാണ്.
എന്നാല്‍ ഈ പറഞ്ഞതെല്ലാം പെണ്‍വര്‍ഗങ്ങളുടെ കാര്യം മാത്രമാണ്. അഥവാ അടുക്കളക്കാര്യമെന്നാല്‍ പെണ്ണുങ്ങളുടെ മാത്രം കാര്യമാണല്ലോ. അവിടെ പുരുഷന്‍ കൂടി കടന്നുവരുമ്പോഴേ ഈ സാംസ്‌കാരിക വൈവിധ്യം അതിന്റെ പരിപൂര്‍ണതയിലെത്തുകയുള്ളൂ. പുരുഷന്‍ അടുക്കളയിലെത്തുന്നതോടെ സ്‌നേഹത്തിന്റെ വലിയ ലോകമാണ് അവിടെ രൂപപ്പെടുന്നത്. ഭാര്യാഭര്‍ത്താക്കള്‍, കുടുംബാംഗങ്ങള്‍, സന്താനങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ തമ്മിലുള്ള ബന്ധങ്ങളെ അത് സുന്ദരവും സുദൃഢവുമാക്കുന്നു. കളിച്ചും ചിരിച്ചും സൗഹൃദങ്ങള്‍ പങ്കിട്ടും തമാശകള്‍ പൊട്ടിച്ചും ഒത്തുകൂടുമ്പോള്‍ അടുക്കള സത്യത്തില്‍ സ്വര്‍ഗമാവുകയാണ്. ഭാര്യയിലേക്കും കുട്ടികളിലേക്കും കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അടുത്തിടപഴകാനും അടുക്കള വേദിയാകുമെന്നതില്‍ സംശയമില്ല. ഭാര്യയും ഭര്‍ത്താവും കുട്ടികളും എല്ലാവരും കൂടി അടുക്കളയിലെത്തുമ്പോള്‍ ആ അനുഭവം ഒന്നു വേറെത്തന്നെയായിരിക്കും. ഏറ്റവുമധികം ചെയ്ഞ്ചുകള്‍ പരീക്ഷിക്കാവുന്ന ഇടം അടുക്കളയാണെന്ന് തോന്നുന്നു. ഓരോരുത്തരുടെ അഭിരുചിക്കും താല്‍പര്യത്തിനും കഴിവിനുമൊക്കെ അനുസരിച്ച് ഈ ചെയ്ഞ്ച് സെലക്ട് ചെയ്യുകയും രൂപപ്പെടുത്തിയെടുക്കുകയും ആവാം. എന്നും അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുന്ന ഭാര്യയെ ഒരു ദിവസം അടുക്കള ജോലിയില്‍നിന്നും പിരിച്ചുവിടാം; പരിപൂര്‍ണമായിത്തന്നെ. പകരം ഭര്‍ത്താവാകുന്ന പുരുഷന്‍ അവിടെ മുഴുസമയ ചാര്‍ജെടുക്കട്ടെ. പാര്‍ട്ട്‌ടൈം ആയി മക്കളെയും വേണമെങ്കില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ ചേര്‍ക്കാതിരിക്കാം. മറ്റൊരിക്കല്‍ മുതിര്‍ന്ന മക്കള്‍ക്ക് മാത്രം അവിടെ ഡ്യൂട്ടി നല്‍കി ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് സൊറ പറഞ്ഞ് അടുത്തിരിക്കട്ടെ. ജോലിത്തിരക്കിനിടയില്‍ ലഭിക്കുന്ന ഏതെങ്കിലും ഒഴിവുദിനങ്ങളില്‍ ഇതുപോലെയുള്ള പരീക്ഷണം നടത്തുന്നത് ദാമ്പത്യബന്ധങ്ങള്‍ ഏറെ ആസ്വാദ്യകരമാക്കും. അക്കാര്യം തീര്‍ച്ചയാണ്. അതുവഴി താന്‍ വീട്ടിലെ അടിമയല്ലെന്നും പരിഗണന ലഭിക്കുന്നുണ്ടെന്നും പെണ്ണിന് ബോധ്യപ്പെടും. അടുക്കളയില്‍ മാത്രമല്ല, വീട്ടിലെ ഏതു ജോലികളിലും ഈ രീതി നടപ്പാക്കിയാല്‍ ഈടുറ്റ ബന്ധം ഉണ്ടായിത്തീരും. എന്നും ഭാര്യ വീട്ടുജോലിയും ഭര്‍ത്താവ് പുറംജോലിയും ചെയ്ത് മുന്നോട്ട് പോകുമ്പോഴുണ്ടാവുന്ന വിരസത അതോടെ പൂര്‍ണമായും മാറിക്കിട്ടും. ഇത് ജീവിതത്തില്‍ ഏറെ സന്തോഷവും ഉന്മേഷവും പകരും.
മക്കളുടെ കാര്യത്തിലും ഇങ്ങനെയൊരു ചെയ്ഞ്ച് പരീക്ഷിക്കാം. ഒരു ദിവസം പുരുഷന് ഭാര്യയെ മാറ്റിനിര്‍ത്തി ചെറിയ മക്കളുടെ മുഴുകാര്യങ്ങളും ഏറ്റെടുത്ത് അവരെ പരിപാലിക്കാം. കുളിപ്പിച്ച് മുടി ചീകിയൊതുക്കി വസ്ത്രമണിയിപ്പിച്ച് ഭക്ഷണം നല്‍കി കിടത്തിയുറക്കുന്നതു വരെ ആകാം. ദിവസവും മാതാവില്‍നിന്ന് മാത്രം കിട്ടുന്ന ഈ പരിലാളന ഇടക്കെല്ലാം പിതാവില്‍നിന്ന് പരിപൂര്‍ണമായി ലഭിക്കുമ്പോള്‍ അവര്‍ക്കും ഉണ്ടാകുന്ന അനുഭൂതി അനിര്‍വചനീയമാകും. തിരക്കിനിടയില്‍ മക്കളെ വേണ്ടത്ര ലാളിക്കാനും ഓമനിക്കാനും അവസരം ലഭിക്കാത്ത പിതാക്കന്മാര്‍ക്ക് അത് വലിയ കാര്യമാകും. താല്‍പര്യവും ശ്രദ്ധയും ഉണ്ടെങ്കില്‍ വിരസമായ ഏതുജീവിതവും സന്തോഷകരമാക്കിമാറ്റാന്‍ സാധിക്കും. ഒന്ന് പരീക്ഷിച്ചുനോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്.
ചെയ്ഞ്ച് തീരുമാനിക്കുന്നതില്‍ പോലും ചെയ്ഞ്ച് ഉണ്ടാക്കാനാവും. വീട്ടിലെ എല്ലാവരെയും വിളിച്ചുകൂട്ടി കാര്യങ്ങള്‍ സരസമായും രസകരമായും അവതരിപ്പിച്ചാവാം തുടക്കം. നറുക്കിട്ടുമാവാം ഡ്യൂട്ടിക്കാരെ നിശ്ചയിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളടക്കമുള്ളവര്‍ക്ക് വലിയ ആഹ്ലാദവും ആവേശവും പകരും. മാത്രമല്ല, ഇത്തരം ചര്‍ച്ചാ സംഗമങ്ങള്‍ സുപ്രധാന കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന കുടുംബത്തിലെ വാരാന്ത സംഗമങ്ങളായും മാറ്റിയെടുക്കാനാവും. കുടുംബ ജീവിതം ഹൃദ്യവും ആഹ്ലാദകരവുമാകണം എന്നാഗ്രഹിക്കുന്നവര്‍ക്കേ ഇത്തരം മാറ്റങ്ങള്‍ വീടകങ്ങളില്‍ കൊണ്ടുവരാനാകൂ എന്നതില്‍ സംശയമില്ല. ഇത്രയുമായില്ലേ, ഇനിയിപ്പോള്‍ ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതിയെന്ന് തീരുമാനിച്ചുറച്ചവര്‍ക്ക് അത് ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും ആവില്ല.
നമ്മുടെ വല്യേട്ടന്‍ മനോഭാവവും ഈഗോയുമൊന്നും കാണിക്കേണ്ട ഇടമല്ലല്ലോ വീടും അടുക്കളയും. ഏത് ഉന്നത തസ്തികകളില്‍ ജോലിയെടുക്കുന്നവനാകട്ടെ വീട്, കുടുംബം, മക്കള്‍ എന്നിവയൊക്കെ അതിന്റേതായ രൂപത്തില്‍ തന്നെ കാണുകയും സമീപിക്കുകയും വേണം. അവക്ക് പകരംവെക്കാന്‍ മറ്റൊന്നില്ലല്ലോ. ഉദ്യോഗരംഗത്തെ പെരുമാറ്റങ്ങളും ശീലങ്ങളുമൊന്നുമല്ല വീട്ടില്‍ നടപ്പാക്കേണ്ടത്. പോലീസാണെന്ന് കരുതി മീശ പിരിച്ച് മക്കളെ വിരട്ടുന്ന സ്വഭാവം സ്വീകരിച്ചാല്‍ കുടുംബം മുന്നോട്ടു പോകില്ല. ഇത്തരം ഉദ്യോഗങ്ങളിലുള്ളവര്‍ക്കാണ് വീട്ടില്‍ വരുത്തുന്ന ചെയ്ഞ്ച് ഏറ്റവും കൂടുതല്‍ ഹൃദ്യമാവുക. ഉമ്മ ഒരു ജോലിക്കാരിയെന്ന മക്കളുടെ മനോഗതം മാറാനും പിതാവിന്റെ ഇടപെടലിലൂടെ തീര്‍ച്ചയായും സാധിക്കും. മാതാവും നമ്മെ പോലെ ഒഴിഞ്ഞിരിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടവരാണ് എന്ന ബോധം മക്കളില്‍ വളരണം. അതിലൂടെയാണ് സ്‌നേഹത്തിന്റെ സുന്ദരസൂനങ്ങള്‍ വിടരുക. ഭാര്യയോടുള്ള ആജ്ഞാശീലം മാറ്റി സ്വയം അടുക്കള വേഷമണിഞ്ഞ് ഓരോ കാര്യവും മുന്നിട്ടിറങ്ങി ചെയ്യുമ്പോള്‍ ഭാര്യയില്‍ അതുണ്ടാക്കുന്ന മതിപ്പും സന്തോഷവും ചെറുതല്ല. മസില്‍ പിടിച്ച്, ശ്വാസം വിടാതെ വീര്‍പ്പിച്ചു നടന്നാല്‍ മാത്രമേ ഒരു ഒന്നാന്തരം കുടുംബനാഥനും ഭര്‍ത്താവുമാകൂ എന്ന മിഥ്യാധാരണ പുരുഷന്‍ പൊളിച്ചെഴുതിയേ മതിയാകൂ. അത് എന്ന് ചെയ്യുന്നുവോ അന്നു മുതല്‍ കുടുംബം സന്തുഷ്ടമാവും. എന്നും കോട്ടും സ്യൂട്ടുമണിഞ്ഞ് നടക്കേണ്ടവനാണ് താനെന്നും വൈറ്റ് കോളര്‍ ജോലിക്കാരനായ താന്‍ അടുക്കളയിലേക്ക് കടന്നുചെല്ലുന്നത് സ്റ്റാറ്റസിന് നിരക്കുന്നതല്ലെന്നുമുള്ള ചിന്ത പുരുഷന്മാര്‍ തിരുത്തണം.
ഭാര്യയെ വീട്ടുജോലിയില്‍ സഹായിക്കല്‍ നല്ല പെരുമാറ്റത്തിന്റെയും അവളോടുള്ള സ്‌നേഹപ്രകടനത്തിന്റെയും അടയാളമായാണ് വിശുദ്ധ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഏറ്റവും ഉന്നതനായ ഭര്‍ത്താവും പുരുഷനും പ്രവാചക തിരുമേനിയാണല്ലോ. തിരുനബി(സ) ഗൃഹജോലികള്‍ ഒരു മടിയും കൂടാതെ ചെയ്തിരുന്നതായി കാണാം. 'നബി(സ) സ്വന്തം വസ്ത്രം തുന്നുകയും ചെരുപ്പ് കുത്തുകയും ചെയ്തിരുന്നു. വീട്ടില്‍ സാധാരണ പുരുഷന്മാരെ പോലെ ജോലി ചെയ്യാറുമുണ്ടായിരുന്നു' (ഇമാം അഹ്മദ്, മുസ്‌നദ്). നബി(സ) വീട്ടില്‍ ചെയ്യാറുള്ള ജോലിയെ കുറിച്ച് ആഇശ ബീവി(റ)യോട് ചിലര്‍ ചോദിച്ചു. അവര്‍ പറഞ്ഞു: 'റസൂല്‍(സ) ഒരു സാധാരണക്കാരനെ പോലെ സ്വന്തം വസ്ത്രം അലക്കാറുണ്ടായിരുന്നു. ആടിനെ കറക്കാറുണ്ടായിരുന്നു. വീട്ടില്‍ തന്റെ ആവശ്യങ്ങള്‍ സ്വയം ചെയ്യാറുണ്ടായിരുന്നു' (അഹ്മദ്).