സംതൃപ്തിയുടെ വഴി
ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും സംതൃപ്തിയുടെയും കാരണമെന്താണെന്നും അതിലേക്കുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും
ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും സംതൃപ്തിയുടെയും കാരണമെന്താണെന്നും അതിലേക്കുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. സമ്പത്തും സന്താനങ്ങളും സ്ഥാനമാനങ്ങളുമാണ് മനസ്സമാധാനത്തിനും സാമൂഹികാന്തസ്സിനും കാരണമെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ഇതൊക്കെ അനുഭവിക്കാനും നേടിയെടുക്കാനുമുള്ള മനുഷ്യവികാരത്തെ ദൈവം തടഞ്ഞിട്ടുമില്ല. ഭൂമിയില്‍ ദൈവം സംവിധാനിച്ചതിനെ അനുഭവിക്കാനാണ് അവന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍, ഭൗതിക ജീവിതം അനുഭവിക്കാനുള്ള ഈ ഇഛ പലപ്പോഴും അതിരുകവിഞ്ഞ് അത്യാഗ്രഹത്തിലേക്കും ആഡംബര ഭ്രമത്തിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുകയാണ്. ജീവിതവിഭവങ്ങളോടുള്ള ആര്‍ത്തിയും ഭോഗാസക്തിയും മനുഷ്യമനസ്സിനെ ദുഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
തുടരെത്തുടരെയുണ്ടാകുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമുക്കു മുമ്പില്‍ ചില ഓര്‍മപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ആര്‍ത്തിയാല്‍ ഉന്മാദത്തിലായ മനുഷ്യര്‍ ചുറ്റുമുള്ളതിനെ യാതൊരു കുറ്റബോധവുമില്ലാതെ നശിപ്പിച്ചുകൊണ്ട് സ്വന്തം ഇഛയെ തൃപ്തിപ്പെടുത്തുകയാണ്. താനാഗ്രഹിച്ചത് നേടുന്നതിനു വേണ്ടിയുള്ള ഓട്ടത്തില്‍ രക്തബന്ധമോ കുടുംബബന്ധമോ ദാമ്പത്യബന്ധമോ ഒന്നും പ്രശ്‌നമല്ലാതായി മാറുന്നു. പലിശയുടെ കെണിയിലകപ്പെട്ട് ഉഴലുന്നവരെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെയും കൊലപാതകങ്ങളും പരമ്പര കൊലപാതകങ്ങളും യാതൊരു മനഃപ്രയാസവും കുറ്റബോധവുമില്ലാതെ നടത്തുന്നവരുടെയും ജീവിതസാഹചര്യം അന്വേഷിച്ചാല്‍ അവരെ അതിലേക്ക് നയിക്കുന്നത് പലപ്പോഴും ഇത്തരം അമിതാസക്തികളും അത്യാര്‍ത്തികളുമാണ് എന്നു കാണാം. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള നിലയും വിലയും മറന്ന് ക്രൂരതകള്‍ നടത്താനും അത് മറച്ചുവെക്കാനും ശ്രമിക്കുന്നവര്‍ അവസാനം നിയമത്തിന്റെ വരുതിയിലോ സമൂഹ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്ന ഘട്ടത്തിലോ എത്തുമ്പോള്‍ ഇങ്ങനെ നേടിയതൊക്കെയും ഉപകാരപ്പെടാത്ത ഒരവസ്ഥയിലേക്കാണ് അവര്‍ പതിക്കുന്നത് എന്നു കാണാം. അതിരുവിട്ട ഭൗതികജീവിതാസ്വാദനത്തിനു പിന്നാലെ കുതിച്ചോടി അവസാനം ഈ ലോകത്തുപോലും ഒന്നും നേടിയെടുക്കാന്‍ കഴിയാതെ തീരാത്ത കുറ്റബോധത്തിലും തടവറയിലും ജീവിതം തള്ളിനീക്കേ ദുരവസ്ഥ.
'നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക, മുകളിലുള്ളവരിലേക്ക് നോക്കരുത്. ദൈവം നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ അതാണ് ഉത്തമം' എന്ന പ്രവാചകവചനത്തിന്റെ പൊരുള്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഭൗതികവിഭവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുമ്പോഴും ഈ മഹദ്‌വചനത്തിന്റെ കരുത്ത് ആത്മസംതൃപ്തിയുടെയും സമാധാനത്തിന്റെയും തണലില്‍ നമ്മെ എത്തിക്കും. പ്രവാചക വ്യക്തിത്വത്തെയും ചര്യയെയും കൂടുതലായി സ്മരിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ഈ അധ്യാപനങ്ങളുടെ വെളിച്ചം നമ്മെ കൂടുതല്‍ കരുത്തുറ്റതാക്കട്ടെ.