കശ്മീരില്‍ ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് സ്ത്രീകളാണ്.
കശ്മീരില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും പഠിക്കാന്‍ വേി അവിടെ സന്ദര്‍ശനം നടത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ശിവാനിയുമായി 'മാധ്യമം' ദല്‍ഹി ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ ഹസനുല്‍ ബന്ന നടത്തിയ അഭിമുഖം.
കശ്മീരില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ എന്താണ്?
കശ്മീരില്‍ ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് സ്ത്രീകളാണ്. അവര്‍ക്ക് നേരെ മാത്രമല്ല, കുടുംബങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍നിന്നും അവര്‍ക്ക് പുറത്തു കടക്കാനാവുന്നില്ല. എന്നിട്ടും കശ്മീരിനെ കുറിച്ചുള്ള വികാരത്തില്‍ അവര്‍ ഇന്നും ശക്തരാണെന്നതാണ് സത്യം. ഭരണകൂടത്തില്‍നിന്ന് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു ആശയക്കുഴപ്പവുമില്ല. ഞാന്‍ കണ്ട സ്ത്രീകളുടെ മുഖങ്ങളിലൊന്നും ആശങ്കയല്ല, രോഷമാണ്. കശ്മീരിനും കശ്മീരികള്‍ക്കും എന്താണ് വേണ്ടതെന്ന് ഓരോ കൊച്ചു പെണ്‍കുട്ടിക്കും അറിയാം. ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളെ കാണാന്‍ പോയ ആളാണ് ഞാന്‍. അവിടെയാന്നും രാഷ്ട്രീയമായി ഇത്രയും സാക്ഷരത നേടിയ ഒരു സ്ത്രീസമൂഹത്തെ ഞാന്‍ കണ്ടിട്ടില്ല. വിദൂര ഗ്രാമങ്ങളിലെ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ പോലും ആ രാഷ്ട്രീയ ബോധ്യം കേട്ടാല്‍ ആശ്ചര്യപ്പെട്ടുപോകും.
ഹിന്ദിയും ഉര്‍ദുവും ഒരുപോലെയാണ് പലര്‍ക്കും. ഹിന്ദിയില്‍ ചോദ്യമുന്നയിച്ചപ്പോള്‍ എന്തുകൊണ്ടാണ് അവരുടെ ഭാഷയില്‍ ചോദിക്കാത്തതെന്ന് ഒരു സ്ത്രീ ചോദിച്ചു. തങ്ങളുടെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കശ്മീരി സ്ത്രീകള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല.
കയറ്റിയയക്കാന്‍ കഴിയാതെ ഇത്തവണത്തെ ആപ്പിള്‍ സീസണ്‍ കഴിഞ്ഞത് വലിയ നഷ്ടമല്ലേ കശ്മീരികള്‍ക്കുണ്ടാക്കിയത്?
ആപ്പിള്‍ സീസണ്‍ കഴിഞ്ഞു തുടങ്ങി. പലയിടങ്ങളിലും മരങ്ങളില്‍ അവ പറിക്കാതെയങ്ങനെ നില്‍ക്കുകയാണ്. ആപ്പിളുകള്‍ മരങ്ങളില്‍നിന്ന് വീണ് ചിതറി കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. പലരും അവ കൊത്തി നുറുക്കി തങ്ങളുടെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്നു. എന്നാലും ഈ നഷ്ടം തങ്ങള്‍ സഹിക്കുമെന്നാണവര്‍ പറയുന്നത്. തങ്ങളുടെ ചെറുത്തുനില്‍പില്‍ എന്തെങ്കിലുമൊക്കെ നല്ലത് ഭവിക്കുമെന്ന പ്രതീക്ഷ ആ സ്ത്രീകളൊക്കെ പ്രകടിപ്പിക്കുന്നുണ്ട്. ചെറുത്തുനില്‍പുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം. അതിനെന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്ന് ഉമ്മമാര്‍ പറയുന്നു.
സൈനിക അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകളുടെ ഭാഗത്തുനിന്ന് പരാതികളുയരുന്നതായി വിദേശ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിന്റെ നിജഃസ്ഥിതി എന്താണ്?
സൈന്യത്തിന്റെ ഭാഗത്തു നിന്ന് സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെയും മോശമായ പെരുമാറ്റങ്ങളെയും കുറിച്ച് പലയിടങ്ങളിലും കേട്ടുവെങ്കിലും അത്തരം അനുഭവമുണ്ടായ സ്ത്രീകളെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറിയെന്നു വരെ പറഞ്ഞുകേട്ടു. ഇത് കേള്‍ക്കുമ്പോള്‍ ആ ജില്ലയില്‍നിന്ന് തിരിച്ചുപോന്നിരുന്നു. ലൈംഗികാതിക്രമങ്ങള്‍ നടന്ന ഗ്രാമങ്ങളുടെ പേര് പറഞ്ഞുവെങ്കിലും ഇരകളെ കാണാന്‍ അവസരം ലഭിച്ചില്ല. ശാരീരികമായ അതിക്രമങ്ങളും പീഡനങ്ങളും കസ്റ്റഡിയും ഭീഷണികളും തെറികളും സൈന്യത്തില്‍ നിന്ന് നേരിട്ട സ്ത്രീകളെ കണ്ടു. മാനഭംഗപ്പെടുത്തുമെന്ന് സൈന്യം വന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീകളെയും കണ്ടു. പോഷ്‌പോറയില്‍ സൈന്യം സ്ത്രീകളെ മാനഭംഗപ്പെടുത്തിയത് ഓര്‍മിപ്പിച്ച് അതു പോലെ തങ്ങളിവിടെയും ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവരെയൊക്കെ നേരില്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ സൈന്യത്തിന്റെ മാനഭംഗത്തിനിരയായ ഒരു സ്ത്രീയെയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല.
വീടുകളിലേക്ക് അതിക്രമിച്ചുകയറുന്ന സൈന്യം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലും പൊക്കികൊണ്ടുപോവുകയാണ്. അത്തരം നിരവധി വീടുകളില്‍ ഞങ്ങള്‍ കയറി. ആ വീടുകളിലെല്ലാം ഭീതി തടംകെട്ടി നില്‍ക്കുകയാണ്. ഒരു വീട്ടില്‍ ചെന്നപ്പോള്‍ ജനലിലേക്ക് ചൂണ്ടി സൈന്യം അടിച്ചുതകര്‍ത്തതുകൊണ്ട് മൂന്നാം തവണയാണ് ഈ ജനല്‍ചില്ല് മാറ്റിവെക്കുന്നതെന്ന് ആ ഉമ്മ പറഞ്ഞു. വീട്ടിലുള്ള ആണ്‍കൂട്ടികളെയും പുരുഷന്മാരെയും പ്രകോപിപ്പിച്ച് പുറത്തിറക്കാന്‍ സ്ത്രീകളുടെ ദുപ്പട്ടയില്‍ സൈനികര്‍ കയറിപ്പിടിക്കും. ഈ വികാരങ്ങളൊക്കെ അവര്‍ക്കുള്ളില്‍ നൊമ്പരമായി വിങ്ങി നില്‍ക്കുന്നത് ആ വാക്കുകളില്‍നിന്നറിയാം. കശ്മീരീ വീടുകളില്‍ ചെന്ന് സൈനികര്‍ പെണ്‍കുട്ടികളോട് ഞങ്ങള്‍ നിങ്ങളെ വിവാഹം കഴിക്കുമെന്ന് പറയുന്നുണ്ട്. ഇത്രയും മോശമായ ഭാഷയിലാണ് സൈനികര്‍ കശ്മീരികളോട് പെരുമാറുന്നതും സംസാരിക്കുന്നതും. സൈനികരില്‍നിന്ന് വഷളത്തരങ്ങള്‍ കേള്‍ക്കേിവന്ന നിരവധി കശ്മീരി സ്ത്രീകളെ കണ്ടു. സൈനികരുടെ പതിവു തമാശയായി അത് മാറിയിരിക്കുന്നു. ഇത്തരമൊരു അനുഭവം സൈനികരില്‍നിന്ന് ജീവിതത്തില്‍ ഒരിക്കലുമുണ്ടാകാത്തതാണെന്ന് ഉമ്മമാരും പെണ്‍മക്കളും പറയുന്നു. തങ്ങള്‍ സംഭവിക്കില്ലെന്ന് കരുതിയതല്ല ഈ സംഭവിച്ചതൊക്കെയും എന്ന് അവര്‍ ചേര്‍ത്തുപറയുന്നു. ഒരാണ്‍കുട്ടിയെ കണ്ടു. സൈന്യം പിടിച്ചുകൊണ്ടുപോയി ശാരീരികമായി പീഡനമേറ്റ നിലയില്‍ ആശുപത്രിയില്‍നിന്നാണ് അവനെ വീട്ടുകാര്‍ കെണ്ടത്തിയത്.
തടങ്കലിലായ നേതാക്കളെയൊക്കെ വിട്ടയച്ചാല്‍ കശ്മീരില്‍ എന്ത് സംഭവിക്കുമെന്നാണ് കരുതുന്നത്?
കശ്മീരികള്‍ രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. 'ഹിന്ദുസ്താന്റെ ഏജന്റാ'യിരുന്നില്ലേ ഫാറുഖ് അബ്ദുല്ല എന്ന് അവര്‍ പരിഹാസത്തോടെ ചോദിക്കുന്നു. 'ഓരോ ശ്വാസത്തിലും ഹിന്ദുസ്താന്‍, ഹിന്ദുസ്താന്‍ എന്ന് പറഞ്ഞുകൊണ്ടിരുന്ന ഫാറൂഖ് അബ്ദുല്ലക്ക് ഇപ്പോള്‍ അവരുടെ തടവറയില്‍ കിടക്കേണ്ടി വന്നില്ലേ? അദ്ദേഹത്തിന്റെ പിതാവ് കൊണ്ടുവന്ന കിരാത നിയമത്തിനു കീഴില്‍ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ലേ, ബി.ജെ.പിയെന്ന് കേള്‍ക്കാത്ത കശ്മീരിലേക്ക് അവരെ കൊണ്ടുവന്ന മഹ്ബൂബ മുഫ്തിയെയും അവര്‍ തടങ്കലിലിട്ട് കഴുതയാക്കിയില്ലേ' എന്നൊക്കെ വീടുകളില്‍നിന്ന് സ്ത്രീകള്‍ ചോദിക്കുകയാണ്. ഇനി രാഷ്ട്രീയക്കാരെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും ഞങ്ങളുടെ കാര്യം ഞങ്ങള്‍ തന്നെ നോക്കിക്കോളുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പറയുന്നു.
അസമിലെ പൗരത്വ പ്രശ്‌നത്തില്‍ കൈക്കൂലി കൊടുത്തില്ലെങ്കില്‍ വിദേശിമുദ്ര കുത്തുമെന്ന് സൈനികര്‍ ഭീഷണിപ്പെടുത്തുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ നേരില്‍ പറഞ്ഞിരുന്നു. അതുപൊലെ ഇപ്പോള്‍ കശ്മീരില്‍ കസ്റ്റഡിയിലെടുക്കാതിരിക്കാന്‍ സൈനികര്‍ കൈക്കൂലി ചോദിക്കുന്നുവെന്ന് കശ്മീരികള്‍ പരാതിപ്പെടുന്നതായി താങ്കളോടൊപ്പം വസ്തുതാന്വേഷണ സംഘത്തിലുളളവര്‍ ഉന്നയിച്ചിരുന്നു. യാഥാര്‍ഥ്യമെന്താണ്?
അറസ്റ്റ് ചെയ്യാതിരിക്കാന്‍ 6000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ സൈനികര്‍ക്ക് കൈക്കുലി കൊടുത്തവരുണ്ട് കശ്മീരില്‍. ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് അവര്‍ ചോദിച്ചത്. നിങ്ങളോട് ഇതെല്ലാം പറഞ്ഞിട്ട് ഇതൊക്കെ അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നവര്‍ ചോദിക്കുമ്പോള്‍ അവരെ തൃപ്തിപ്പെടുത്തുന്ന ഉത്തരം പറയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
ചെറുത്തുനില്‍പിന്റെയും പോരാട്ടത്തിന്റെയും സംസാരം സ്ത്രീകളിലുമുണ്ടോ?
ഇത്രയൊക്കെ പീഡനങ്ങളും അതിക്രമങ്ങളുമേറ്റുവാങ്ങിയിട്ടും പോരാട്ടത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്നത് നമ്മെ ശരിക്കും അത്ഭുതപ്പെടുത്തും. നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനായി മരിക്കാന്‍ തയാറാണെന്ന് പറയുന്നത് ഈ സ്ത്രീകളാണ്. തങ്ങള്‍ മരിക്കാന്‍ തയാറാണെന്ന അവരുടെ വാക്കുകള്‍ ഏതര്‍ഥത്തിലെടുക്കണമെന്ന് എനിക്കറിയില്ല. അതെങ്ങനെ നിങ്ങളോട് പരിഭാഷപ്പെടുത്തണമെന്നും എനിക്കറിയില്ല. 'ഒരിക്കലവര്‍ വെടിവെച്ചുകൊല്ലട്ടെ, എന്നുമെന്നും മരിച്ചുകൊണ്ടിരിക്കേണ്ടല്ലോ' എന്നാണ് ആ സ്ത്രീകളെല്ലാം പറയുന്നത്. തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ തീരുമാനമാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനമെന്നും അത് തിരിച്ചുകൊണ്ടുവരാതെ കശ്മീരില്‍ ഇനി തങ്ങള്‍ക്ക് സൈ്വര ജീവിതം സാധ്യമല്ലെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ആണ്‍കുട്ടികളെയെല്ലാം അടങ്ങാത്ത രോഷത്തിലും കോപത്തിലുമെത്തിച്ച ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് തെറ്റ് ബോധ്യമായില്ലെങ്കില്‍, കശ്മീരിലെ സ്ഥിതി ഇനി കൂടുതല്‍ മോശമാവുകയേ ഉള്ളൂ എന്നും ഈ തരത്തിലാണെങ്കില്‍ ഇന്ത്യയുടെ പരമാധികാരം തങ്ങള്‍ക്ക് വേണ്ടായെന്നുമാണ് അവര്‍ പറയുന്നത്. എല്ലാ ബസ്തികളിലും ഗ്രാമങ്ങളിലും കേള്‍ക്കുന്ന സ്ത്രീശബ്ദം ഇതു തന്നെയാണ്.
കശ്മീരിലെയും ഗുജറാത്തിലെയും മുസ്‌ലിം സ്ത്രീകളെ താരതമ്യം ചെയ്യുമ്പോള്‍ എന്താണ് തോന്നുന്നത്?
ഒരു കാര്യം പറയാം. കശ്മീരിലെ സ്ത്രീകളുടെ ശാക്തീകരണത്തിനാണ് പ്രത്യേക അവകാശം എടുത്തുകളഞ്ഞത് എന്ന് പറയുന്ന പ്രധാനമന്ത്രി മോദിക്കുള്ള മറുപടിയാണ് അവിടത്തെ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യം. അവരെ പോലെ കരുത്തുള്ള സ്ത്രീകള്‍ ഇന്ത്യയിലൊരു സംസ്ഥാനത്തുമില്ല. എത്രയോ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോയിട്ടും ഇത്രയും കരുത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിടുന്ന സ്ത്രീകളെ കണ്ടില്ല. ഗുജറാത്ത് കലാപത്തിനു ശേഷം ഇരകളായ സ്ത്രീകളെ കണ്ടപ്പോള്‍ എന്തൊരു നിസ്സഹായാവസ്ഥയിലായിരുന്നു അവരൊക്കെ സംസാരിച്ചിരുന്നത്. ആ നിസ്സഹായതയല്ല, അതിനു പകരം രോഷമാണ് കശ്മീരി സ്ത്രീകളില്‍ നമുക്ക് കാണാന്‍ കഴിയുക. പോരാടാന്‍ സ്ത്രീകള്‍ തന്നെ തയാറാണ്. അവസാന ശ്വാസം വരെ തങ്ങള്‍ കീഴടങ്ങില്ലെന്നും വിട്ടുകൊടുക്കില്ലെന്നുമുള്ള ഒരു ബോധം അവരിലുണ്ട്. തങ്ങളുടെ പരമാധികാരം ഏറ്റെടുക്കാന്‍ അനുവദിക്കില്ല എന്ന് ഇപ്പോള്‍ അവര്‍ പറയുന്നുണ്ട്. കുറച്ചുകൂടി കഴിയുമ്പോള്‍ ഇതെന്താകുമെന്ന് എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും. തങ്ങളുടെ മക്കള്‍ക്ക് അതിനായി ജീവന്‍ നല്‍കേണ്ടി വന്നാലും ചെറുത്തുനില്‍ക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റൊരു വഴിയില്ലെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്.