സാധാരണക്കാരന്റെ ആപ്പിള്‍ എന്നറിയപ്പെടുന്ന കാരറ്റ് ഇന്ത്യയില്‍ ഏതാണ്ട് എല്ലായിടത്തും വളരുന്നു. ഓറഞ്ച് നിറത്തില്‍ മാത്രമല്ല കാരറ്റുള്ളത്. മഞ്ഞ, വെള്ള, ചുവപ്പ്, പര്‍പ്പ്ള്‍ എന്നീ നിറങ്ങളിലൊക്കെ കാരറ്റ് പലഭാഗത്തും ലഭ്യമാണ്. കാഴ്ചക്ക് ചന്തമുള്ള കാരറ്റ് കാഴ്ച കൂട്ടാനും നല്ലതാണ്, പ്രത്യേകിച്ചും രാത്രികാഴ്ച കൂട്ടാന്‍. ശരിയായ കാഴ്ചക്കും കരളിന്റെയും തൊലിയുടെയും ആരോഗ്യത്തിനും അത്യാവശ്യമായ ജീവകമാണ് ജീവകം 'എ'. ബീറ്റാ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് ജീവകം 'എ' ആയി രൂപാന്തരപ്പെടുന്നു. ജീവകം 'എ'യുടെ കുറവുകൊണ്ടുണ്ടാകുന്ന കാഴ്ചത്തകരാറ് പരിഹരിക്കാന്‍ കാരറ്റ് ഒരു മരുന്നായിത്തന്നെ ഉപയോഗിക്കാം. കണ്ണ്, തൊലി, എല്ല്, ഹൃദയം, പേശി എന്നിവക്ക് ഊര്‍ജം പകരുന്ന മരുന്നാണ് കാരറ്റ്. രക്തം ശുദ്ധീകരിക്കുന്നു, ദഹനമുണ്ടാക്കുന്നു. വായുവിനെ തടയുന്നു.
ഔഷധ ഗുണങ്ങള്‍
പൊതുവായ മരുന്ന്: ദിവസവും കാരറ്റ് വേവിക്കാതെ തിന്നുന്നതും അതിന്റെ നീര് കഴിക്കുന്നതും കണ്ണിനും തൊലിക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉത്തമം. ആരോഗ്യമില്ലാത്ത കുട്ടികള്‍ക്ക് 2-3 ടീ സ്പൂണ്‍ വീതം കാരറ്റ് നീര് നല്‍കുന്നത് ശരീരശക്തി വര്‍ധിപ്പിക്കും.
ഓര്‍മക്കുറവിന്: കാലത്ത് 5-6 ബദാം പരിപ്പ് തിന്ന ശേഷം രണ്ട് കപ്പ് പാലിന്റെ കൂടെ (പശുവിന്‍ പാല്‍ ഉത്തമം) കാരറ്റുനീര് കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കും.
രക്തക്കുറവിന്: കാരറ്റും ബീറ്റ്‌റൂട്ടും അരിഞ്ഞതിനു മീതെ ചെറുനാരങ്ങ നീര് തൂകിയത് കഴിക്കുകയാണെങ്കില്‍ രക്തക്കുറവ് പരിഹരിക്കാം. ചീരയില (Spinach) ജ്യൂസിന്റെ കൂടെ 250 ഗ്രാം കാരറ്റ് ജ്യൂസ് കഴിക്കുന്നത് ചുവന്ന രക്താണുക്കളെ വര്‍ധിപ്പിക്കും.
രക്തസ്രാവത്തിന്: കാരറ്റ് തിന്നാല്‍ രക്തസ്രാവം നില്‍ക്കും.
മൂക്കൊലിപ്പിന്: പറിച്ചെടുത്ത പാടേയുള്ള കുഴമ്പ് നെറ്റിയിലും നാസാരന്ധ്രത്തിനു മീതെയും തേക്കുക, മൂക്കൊലിപ്പ് നില്‍ക്കും. കാരറ്റ് ജ്യൂസ് കുടിക്കുന്നതും കൊള്ളാം.
തലവേദനക്ക്: കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക എന്നിവയുടെ ജ്യൂസ് കുടിക്കുന്നത് തലവേദന ഇല്ലായ്മ ചെയ്യും.
ദഹനക്കേടിനും ആമാശയത്തകരാറുകള്‍ക്കും: കാരറ്റിന്റെയും ചീരയിലയുടെയും ജ്യൂസ് ഭക്ഷണത്തിനു ശേഷം കഴിച്ചാല്‍ മലബന്ധം ശമിക്കും. കാരറ്റ് തിന്നുന്നതും ജ്യൂസാക്കി കഴിക്കുന്നതും ദഹനക്കേട്, അതിസാരം, അസിഡിറ്റി തുടങ്ങിയ ആമാശയത്തകരാറുകള്‍ പരിഹരിക്കും.
കണ്ണുരോഗങ്ങള്‍ക്ക്: കാരറ്റ്, ചീരയില നീരുകള്‍ തുല്യയളവില്‍ ഉപയോഗിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കും. കാരറ്റ്, അല്ലെങ്കില്‍ കാരറ്റ് നീര് പതിവായി കഴിക്കുന്നത് കണ്ണിന് നന്ന്. രാത്രികാല അന്ധത പരിഹരിക്കും. കാരറ്റ് തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണിനുണ്ടാകുന്ന വേദനയും ആയാസവും പരിഹരിക്കും.
ലയന സ്വഭാവമുള്ള ഭക്ഷ്യനാരുകള്‍ ധാരാളമുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റ് സഹായിക്കുന്നു.