കോഴിയിറച്ചി - 1 കിലോ
കുരുമുളക് തരുതരിപ്പായി ചതച്ചത്
(പൊടിക്കരുത്) - 2 ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് - രണ്ട് ടീ സ്പൂണ്‍
സവാള - 3, നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
തക്കാളി - 1, നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് - 2, നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചതച്ചെടുത്തത്
വെളുത്തുള്ളി - 5 അല്ലി ചതച്ചെടുത്തത്
കറിവേപ്പില - രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍
ഗരം മസാല / ചിക്കന്‍ മസാല - ഒരു ടീ സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടീ സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - കാല്‍ ടീ സ്പൂണ്‍
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈ കഷ്ണങ്ങളിലേക്ക് ചതച്ച കുരുമുളകും മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും ചേര്‍ത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ ഇത് റെഫ്രിജറേറ്ററില്‍ വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയ ശേഷം കറിവേപ്പിലയും അരിഞ്ഞെടുത്ത സവാളയും കൂടി ചേര്‍ത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടെന്ന് വഴന്നു കിട്ടും. സവാള ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ തീ കുറച്ച് ഗരം മസാലയും മല്ലിപ്പൊടിയും പെരുംജീരകവും ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക. കൂടെ തക്കാളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി കുറച്ചു നേരം ഇളക്കി മസാല ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി ആവരണം ചെയ്‌തെന്നു ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് ഇളക്കാന്‍ മറക്കരുത്. ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി കരിയാതെ ഇളക്കുക. ചാറു കുറുകുമ്പോള്‍ തീ അണക്കുക. സ്വാദിഷ്ടമായ ഈ പെപ്പര്‍ ചിക്കന്‍ ചപ്പാത്തി, അപ്പം, ചോറ് ഇവയുടെ കൂടെ നല്ലതാണ്.
************************************************************************************
മത്തങ്ങ പ്രഥമന്‍
മത്തന്‍ - 200 ഗ്രാം
നെയ്യ് - 5 ടീസ്പൂണ്‍
ശര്‍ക്കര - 400 ഗ്രാം
തേങ്ങാപ്പാല്‍ - ഒരുതേങ്ങയുടേത്
ജീരകം - കാല്‍ ടീസ്പൂണ്‍
ചുക്കുപൊടി - കാല്‍ ടീസ്പൂണ്‍
ഏലക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍
തേങ്ങാക്കൊത്ത് - ഒരു ടേബ്ള്‍ ടീസ്പൂണ്‍
കശുവി - ഒരു ടേബ്ള്‍ ടീസ്പൂണ്‍
മുന്തിരി - ഒരു ടേബ്ള്‍ ടീസ്പൂണ്‍
പഞ്ചസാര - ഒരു കപ്പ്
200 ഗ്രാം മത്തങ്ങ തൊലി കളഞ്ഞ് വേവിച്ച ശേഷം തരുതരിപ്പായി അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നാലു വലിയ സ്പൂണ്‍ നെയ്യ് ചൂടാക്കി മത്തങ്ങ വഴറ്റണം. പാതി വഴന്ന ശേഷം 400 ഗ്രാം/പാകത്തിന് ശര്‍ക്കര ഉരുക്കിയതു ചേര്‍ത്ത് തീ കുറച്ചു വെച്ച് അടിക്കു പിടിക്കാതെ ഇളക്കി കൊടുക്കുക. കുറുകുമ്പോള്‍ ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാംപാല്‍ ഒരു കപ്പ് ചേര്‍ക്കണം. നന്നായി ഇളക്കി കുറുകുമ്പോള്‍ ഒരു കപ്പ് രണ്ടാംപാല്‍ ചേര്‍ക്കുക. ഇത് തിളച്ച് കുറുകുമ്പോള്‍ ഒരു കപ്പ് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കണം.
തിളയ്ക്കും മുമ്പ് വാങ്ങി കാല്‍ ടീ സ്പൂണ്‍ വീതം ജീരകം പൊടി, ചുക്കുപൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പാനില്‍ രണ്ടു വലിയ സ്പൂണ്‍ നെയ്യ് ചൂടാക്കി ഓരോ വലിയ സ്പൂണ്‍ വീതം തേങ്ങാക്കൊത്ത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക. ഇത് പായസത്തില്‍ ചേര്‍ത്ത് ചൂടോടെ വിളമ്പാം.
************************************************************************************
കാരറ്റ് കോക്കനട്ട് ലഡു
കാരറ്റ് - നാലെണ്ണം
നെയ്യ് - രണ്ടര വലിയ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് - മൂന്നു വലിയ സ്പൂണ്‍
പാല്‍ - മൂന്നു വലിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത് - ഒന്നരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
ഏലയ്ക്കാപ്പൊടി - രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വെക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരി വെക്കുക. ഇതേ പാനില്‍ കാരറ്റ് ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം. ഇതിലേക്കു പാല്‍ ചേര്‍ത്തു മൂന്നു മിനിറ്റ് വഴറ്റിയ ശേഷം തേങ്ങ ചുരണ്ടിയതു ചേര്‍ത്തിളക്കുക. ഇനി കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടന്‍സ്ഡ് മില്‍ക്ക് വറ്റി വരുന്നതാണു പാകം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കുക. അടുപ്പില്‍നിന്നു വാങ്ങി ചൂടാറാന്‍ വെക്കുക. പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില്‍ പൊതിഞ്ഞു പാത്രത്തില്‍ നിരത്തിയോ പേപ്പര്‍ കപ്പില്‍ വെച്ചോ വിളമ്പാം.