നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ കുറ്റിച്ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല, വേര്, തണ്ട്, തൊലി എന്നിവയെല്ലാം തന്നെ ഔഷധത്തിനായി ഉപയോഗിച്ചുവരുന്നു.
നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ കുറ്റിച്ചെടിയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല, വേര്, തണ്ട്, തൊലി എന്നിവയെല്ലാം തന്നെ ഔഷധത്തിനായി ഉപയോഗിച്ചുവരുന്നു. ചെമ്പരത്തിയെ ചില സ്ഥലങ്ങളില്‍ ചെമ്പരുത്തി എന്നും പറഞ്ഞുവരുന്നു. ചുവപ്പുപൂവുള്ളതുകൊണ്ടായിരിക്കണം ചെമ്പരുത്തി എന്ന പേരു വരാന്‍ കാരണം. എന്നാല്‍ ഇന്ന് വെള്ളപ്പൂവുള്ളതും മഞ്ഞപ്പൂവുള്ളതും ഇളം മഞ്ഞനിറത്തിലുള്ള പൂവുള്ളതും ധാരാളമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഇല, തോല്, വേര്, പുഷ്പം ഇവയെല്ലാം തന്നെ ഔഷധത്തിനുപയോഗിച്ചുവരുന്നു.
ചികിത്സാ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കുട്ടികള്‍ക്ക് കരപ്പന്, ചിരങ്ങുകള്‍ എന്നിവക്ക് വൈദ്യനിര്‍ദേശമില്ലാതെ തന്നെ ഉപയോഗിച്ചിരുന്നത് ചെമ്പരുത്യാദി വെളിച്ചെണ്ണയായിരുന്നു. അതു ദേഹത്ത് പുരട്ടി മച്ചിങ്ങ അരച്ചു മെഴുക്ക് കളയും. തെച്ചിവേര്, വെന്ത വെള്ളത്തിലും ചെമ്പരത്തി വെളിച്ചെണ്ണ തേച്ചതിനു ശേഷം കുളിക്കുമായിരുന്നു. പണ്ട് ഉപയോഗിച്ചതായിരുന്നുവെന്നു പറഞ്ഞു നിസ്സാരമായി തള്ളിക്കളയേണ്ടതല്ല ഈ ചികിത്സ. പല രൂപത്തില്‍ ഉപയോഗിക്കുന്ന ചെമ്പരുത്യാദി വെളിച്ചെണ്ണയെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ആരുമുണ്ടായിരിക്കില്ല. അതിന്റെ ഗുണം അനുഭവിച്ചറിയാത്തവര്‍ വിരളവുമായിരിക്കും.
ശാഖകളായി വളരുന്ന ഈ ചെടിയില്‍ ഒരേ സമയത്തു തന്നെ മൊട്ടുകളും പൂവുകളും ഉണ്ടാകുന്നു. പുഷ്പങ്ങള്‍ നേരത്തേ സൂചിപ്പിച്ച ചുവപ്പ്, മഞ്ഞ, വെള്ള, തവിട്ട് നിറത്തിലുണ്ടാകുമെങ്കിലും അതിന്റെയെല്ലാം ഇലകള്‍ പച്ചനിറത്തിലായിരിക്കും. ഔഷധത്തിനുപയോഗിച്ചു വരുന്നത് ചുവപ്പു പൂവുള്ള ചെമ്പരത്തിയാണ്. ഇതിന്റെ പൂവ് അലങ്കാര വസ്തുക്കള്‍ക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചിലതരം ത്വക്രോഗങ്ങളില്‍ ലേപനൗഷധമായും ഉപയോഗിച്ചു വരുന്നുണ്ട്.
കമ്പുകള്‍ മുറിച്ചു നട്ടാണ് ചെമ്പരത്തി വളര്‍ത്തുന്നത്. ഇന്ന് ഔഷധത്തിനുവേണ്ടി മാത്രമല്ല, അലങ്കാരത്തിനുവേണ്ടിയും ഇവയെ നട്ടു വളര്‍ത്തുന്നു. വെള്ളമോ വളപ്രയോഗമോ കാര്യമായ ശുശ്രൂഷയോ ആവശ്യമില്ലാതെ ഇവ സമൃദ്ധിയായി വളരുന്നു എന്നതാണിതിന്റെ പ്രത്യേകത. അതേസമയം ആവശ്യത്തിനു ചാണകപ്പൊടിയും മറ്റു വളങ്ങളും അല്പം എല്ലുപൊടിയും ചേര്‍ത്താല്‍ വലിപ്പത്തിലും കൂടുതല്‍ നിറത്തിലുമുള്ള പുഷ്പങ്ങള്‍ ഉണ്ടാകും.
മുടി വളരാനും മുടിക്ക് നിറം കിട്ടാനും പ്രമേഹം എന്നീ രോഗങ്ങള്‍ക്കും ചെമ്പരത്തി പൂവ് ഉപയോഗിച്ചുവരുന്നു.
പച്ചനിറത്തിലുള്ള ചെടി തലങ്ങും വിലങ്ങും വളരാന്‍ മടികാണിക്കാറില്ല. ഇലകള്ക്കടിയില് നേരിയ രോമങ്ങള്‍ കാണാം. ഇത് അരുചി ചുമ, ഗുഹ്യരോഗങ്ങള്‍, താരന് എന്നിവക്കും ഉപയോഗിക്കുന്നു. ശുക്ലക്ഷയം, കുഷ്ഠം, ചുമ, മലബന്ധം, മൂത്രതടസ്സം എന്നീ രോഗങ്ങള്‍ക്കും സാധാരണ ചെമ്പരത്തി ഉപയോഗിച്ചുവരുന്നു. ഒന്നാംതരം ബുദ്ധിവര്ധക ഔഷധമായും ഹൃദയം, മൂത്രസംബന്ധ രോഗങ്ങള്‍, നീര്, അപസ്മാരം, അതിസാരം, പക്ഷാഘാതം എന്നിവക്കെല്ലാം കഷായ, ചൂര്‍ണ, ലേഹ്യം തുടങ്ങിയ ആയുര്‍വേദ മരുന്നിലും ചെമ്പരത്തി ധാരാളമായി ഉപയോഗിക്കുന്നു.