അരക്ഷിതാവസ്ഥയിലും പൊരുതുന്ന മുസ്‌ലിം സ്ത്രീകള്‍
ഷമീമ സക്കീര്‍ (ജി.ഐ.ഒ ശൂറ അംഗം)
നവംബര്‍ 2019
ജി.ഐ.ഒ കേരള നടത്തുന്ന ടാര്‍ഗറ്റിംഗ് കമ്യൂണിറ്റി വിക്ടിമൈസിംഗ് വുമണ്‍ (റെസിസ്റ്റ് മീന്‍സ് ഓഫ് റഷ്യല്‍
ജി.ഐ.ഒ കേരള നടത്തുന്ന ടാര്‍ഗറ്റിംഗ് കമ്യൂണിറ്റി വിക്ടിമൈസിംഗ് വുമണ്‍ (റെസിസ്റ്റ് മീന്‍സ് ഓഫ് റഷ്യല്‍ അനിഹിലേഷന്‍) എന്ന കാമ്പയിനോടനുബനധിച്ച് തയാറാക്കിയത്.
വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും എളുപ്പമാര്‍ഗമാണ് കൃത്യമായ ആസൂത്രണത്തോടെ വംശീയ വിരുദ്ധത സൃഷ്ടിക്കുക എന്നത്. അത് പ്രചരിക്കുന്നതോടെ രാജ്യത്ത് ടാര്‍ഗറ്റ് ചെയ്യപ്പെട്ട ജനവിഭാഗത്തെ വേട്ടയാടല്‍ എളുപ്പമാകുന്നു. ഇരയാക്കപ്പെടുന്നവര്‍ അതര്‍ഹിക്കുന്നവര്‍ തന്നെയാണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു. അതോടെ ആ വേട്ട നിരന്തരം ആവര്‍ത്തിക്കപ്പെടും. ഇന്ത്യയടക്കം ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ ഈ വംശീയ പ്രചാരണങ്ങളുടെ ഇരകളാണ്.
ചരിത്രപരമായി ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പില്‍ വേരുന്നിയ ഇസ്‌ലാമോഫോബിയയാണ് മുസ്‌ലിം വിരുദ്ധ വംശീയതയുടെയും അതിന്റെ മറവിലെ വംശ ഉന്മൂലനത്തിന്റെയും മുഖ്യ കാരണം. ഈ മുസ്‌ലിംപേടി സ്വാതന്ത്ര്യത്തിന് മുമ്പേ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ തിരികൊളുത്തിയ മുസ്‌ലിംപേടി പിന്നീട് വ്യത്യസ്ത കലാപങ്ങളിലൂടെ ഇന്ത്യയില്‍ ശക്തിപ്പെട്ടിരുന്നു. 1964-ല്‍ കൊല്‍ക്കത്ത, 1983-ല്‍ അസമിലെ നെല്ലി കൂട്ടക്കൊല, 2002-ല്‍ ഗുജറാത്ത്, 2007-ല്‍ ഖോരഖ്പൂര്‍, 2013-ല്‍ യു.പിയിലെ മുസാഫര്‍നഗര്‍ തുടങ്ങി ഇന്ത്യയില്‍ അരങ്ങേറിയ ഭൂരിപക്ഷം കലാപങ്ങളും മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളതായിരുന്നു.
എവിടെ കലാപങ്ങളുണ്ടായാലും അവിടെയെല്ലാം അരക്ഷിതാവസ്ഥയുടെ പടുകുഴിയിലേക്ക് എറിയപ്പെടുക സ്ത്രീകളാണ്. ഏത് കലാപങ്ങളെയും തങ്ങളുടെ പോരാട്ടം കൊണ്ട് അതിജീവിക്കുന്ന ചിലരുണ്ടാകും. ബില്‍ക്കീസ് ബാനു ആ അതിജീവന പോരാട്ടത്തിനായി സഹിച്ച ത്യാഗം അടയാളപ്പെടുത്തുക അസാധ്യമാണ്. 2002-ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ 19 വയസ്സാണ് ബില്‍ക്കീസ് ബാനുവിന്റെ പ്രായം. അഞ്ചുമാസം ഗര്‍ഭിണിയായ അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കുടുംബത്തിലെ പതിനാലു പേരുടെ കൊലപാതകത്തിനവര്‍ സാക്ഷിയായി. മരിച്ചെന്നു കരുതി കലാപകാരികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ബില്‍ക്കീസ് ബാനു രണ്ടു ദിവസത്തെ ഒറ്റപ്പെടലിനു ശേഷം ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരു കോളനിയില്‍ അഭയം തേടുന്നത്. പിന്നീടങ്ങോട്ട് നീണ്ട പതിനാറ് വര്‍ഷം അവര്‍ നിയമപോരാട്ടങ്ങളിലായിരുന്നു. അതിനിടയില്‍ നേരിട്ട ഭീഷണികള്‍ക്കും പ്രകോപനങ്ങള്‍ക്കുമൊന്നും അവരെ തളര്‍ത്താന്‍ കഴിഞ്ഞില്ല. ബില്‍ക്കീസ് ബാനുവിനെ പോലെ ക്രൂരമായി ഇരയാക്കപ്പെട്ട എത്രയോ പേര്‍ വേറെയുമുണ്ടായിരുന്നു. പക്ഷേ അതിജീവന പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് സ്വയം സമര്‍പ്പിക്കാന്‍ സാധിച്ചത് ബില്‍ക്കീസിന് മാത്രമായിരുന്നു.
2004-ല്‍ ഗുജറാത്തിലെ പോലീസുമായുള്ള വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ട ഇശ്‌റത്ത് ജഹാന്‍ കേസ് മറ്റൊരു നിയമ പോരാട്ടത്തിന്റെ ഇനിയും അവസാനിക്കാത്ത അധ്യായമാണ്. 2002-ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗില്‍ കോണ്‍ഗ്രസ് എം.പി ആയിരുന്ന ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 68 പേരെ കൊന്നൊടുക്കിയ കലാപത്തില്‍ 36 പ്രതികളെ വെറുതെവിട്ടു. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി നടത്തിയ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടമാണ് സുപ്രീം കോടതിയില്‍ വരെ എത്തിയ ഈ കേസിന് ശക്തി പകര്‍ന്നത്.
നിയമ പോരാട്ടത്തിന് ശക്തി പകര്‍ന്ന മറ്റൊരു ധീരവനിതയാണ് റാണാ അയ്യൂബ്. സിനിമാ പ്രവര്‍ത്തക എന്ന വ്യാജേന ഗുജറാത്തിലെ വംശഹത്യയെ കുറിച്ച് അന്വേഷിച്ച് തെഹല്‍ക മാഗസിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഈ പത്രപ്രവര്‍ത്തക തന്റെ 'ഗുജറാത്ത് ഫയല്‍സ്' എന്ന പുസ്തകത്തിലൂടെ അവയെല്ലാം പുറംലോകത്തേക്ക് കൊണ്ടുവന്നു. ഇന്നും ഏതു നിമിഷവും ഇരയാക്കപ്പെടാവുന്ന ഭീഷണിയുടെ നിഴലിലാണ് അവരുള്ളത്. ഹാദിയ, ഷാഹിസ്ത, റോവിനൊ വരെ നീണ്ടു നില്‍ക്കുന്ന നിരവധി പോരാട്ടത്തിലൂടെ ജീവിതം അടയാളപ്പെടുത്തിയവരുടെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. വിശ്വാസിയായി നിലനില്‍ക്കാന്‍ ഹാദിയ സഹിച്ച ത്യാഗങ്ങളുടെയും ആകത്തുകയാണ് നിയമ പോരാട്ടത്തിലെ അവളുടെ വിജയം. ഫാത്വിമ നഫീസ് എന്ന ഉമ്മ വര്‍ഷങ്ങളായി അവരുടെ മകന്‍ നജീബിനെ കണ്ടെത്തുന്നതിനുള്ള പോരാട്ടങ്ങളിലാണ്. അവരുടെ മകന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനു പോലും ഉത്തരം പറയാന്‍ ഭരണകൂടം തയാറായിട്ടില്ല.
ചെയ്ത തെറ്റെന്തെന്നു പോലും അറിയാതെ പത്തു വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ മാതാവ് ബീയ്യമ്മ മുട്ടാത്ത വാതിലുകളില്ല. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി... അങ്ങനെ പോരാട്ട ജീവിതങ്ങളുടെ പട്ടിക നീളുകയാണ്.
മുസ്‌ലിം വിരുദ്ധരുടെ കൈയിലെ ചട്ടുകമാണ് മുസ്‌ലിം സ്ത്രീ ഇരവാദം. മുസ്‌ലിം പെണ്ണ് എല്ലാ വിധത്തിലും സമുദായത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഇരയാണവര്‍ക്കെന്നും. ഹിജാബ് പോലെ മുസ്‌ലിം അടയാളങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതേ മാതൃകയിലാണവര്‍ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ കാലങ്ങളായി ഇവര്‍ പുറന്തള്ളുന്ന ഇസ്‌ലാംഭീതിക്കും ഇരവാദങ്ങള്‍ക്കുമപ്പുറമാണിന്ന് ഫാഷിസ്റ്റുകളാല്‍ ഇരകളാക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനം. ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ മനുഷ്യത്വരഹിതമായ ഉന്മൂലന പ്രക്രിയകളും അടിച്ചമര്‍ത്തലുകളും ആസൂത്രിതമായി പ്രത്യക്ഷത്തില്‍ തന്നെ അരങ്ങേറുന്നു. അതിനോട് പക്ഷേ മുസ്ലിം സ്ത്രീ സമുദായത്തിന്റെ ഇരയാണെന്ന് നിരന്തരം കൊട്ടിപ്പാടുന്നവര്‍ മുഖം തിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇവരുടെ കപട ഇരവാദത്തിന്റെ മറവില്‍ അതീവ ഗുരുതരമായ ഇരവത്കരണ പ്രക്രിയയിലേക്കാണ് മുസ്‌ലിം സ്ത്രീകള്‍ എടുത്തെറിയപ്പെടുന്നത്. മുത്ത്വലാഖുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അതിനൊരു ഉദാഹരണം മാത്രമാണ്.
നിയമസംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയും മാറ്റിയെഴുതപ്പെടുകയും ചെയ്യുന്നു. ഡഅജഅ പോലെയുള്ള കരിനിയമങ്ങളുടെ മറവില്‍ വിചാരണ പോലും ഇല്ലാതെ ജയിലറകളില്‍ കഴിയുന്ന എത്രയോ പേരുണ്ട്. അസമില്‍ ദേശീയ പൗരത്വ ബില്ലിന്റെ മറവില്‍ പൗരത്വ നിഷേധമല്ല വംശീയ ഉന്മൂലനം തന്നെയാണ് നടക്കുന്നത്.
ആസൂത്രിതമായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നതിനുപോലും പ്രസക്തമല്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു.
ഭൂരിപക്ഷം കൊലപാതകങ്ങളും ഗോവധ നിരോധന നിയമത്തിന്റെ മറവില്‍ ഇരകള്‍ തന്നെ കുറ്റക്കാരായി മാറുന്ന അവസ്ഥയുണ്ടാക്കി. പല പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും വളരെ നിഷ്പ്രയാസം ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഈ കുരുതി ശക്തി പ്രാപിച്ചുകൊണ്ടേയിരിക്കുന്നു. മുസ്‌ലിം എന്ന വംശത്തെ ഉന്മൂലനം ചെയ്യാന്‍ കലാപങ്ങളും ആക്രമണങ്ങളും കരിനിയമങ്ങളും സൃഷ്ടിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ അരക്ഷിതരാക്കപ്പെടുന്നത് മുസ്‌ലിം സ്ത്രീകള്‍ തന്നെയാണെന്ന തിരിച്ചറിവില്‍നിന്നാണ് ഈ കാമ്പയിന് ജി.ഐ.ഒ തുടക്കം കുറിക്കുന്നത്. കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തത് ബില്‍ക്കീസ് ബാനുവാണ്. അഹ്മദാബാദിലെ അവരുടെ വീട്ടിലെത്തിയ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് ലോഗോ കൈമാറി. സംസ്ഥാന സമിതിയംഗങ്ങളായ നസ്‌റിന്‍ പി. നസീര്‍, സുഹാന അബ്ദുല്ലത്വീഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ ജി.ഐ.ഒ വിവിധ പോഗ്രാമുകള്‍ ഈ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.