റസൂല്‍ (സ): സമൂഹ സംസ്‌കരണത്തിെന്റ ഉത്തമമാതൃക
സി.ടി സുഹൈബ്
നവംബര്‍ 2019
ശ്രേഷ്ഠഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന്
ശ്രേഷ്ഠഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് റസൂല്‍ (സ) തന്റെ ദൗത്യത്തെക്കുറിച്ച് പറയുന്നുണ്ട്. മഹിതമായ സ്വഭാവ ഗുണങ്ങള്‍ക്ക് ഉടമയായിരിക്കുന്നതോടൊപ്പം അത്തരം ഉന്നതമൂല്യങ്ങള്‍ മറ്റുള്ളവരിലേക്ക് കൂടി പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജനതക്ക് നേര്‍മാര്‍ഗം പഠിപ്പിച്ചു കൊടുക്കുക എന്നത് മാത്രമല്ല, ആ മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംസ്‌കരിച്ചെടുക്കുക എന്നതും അദ്ദേഹത്തില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തമായിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങളും അശ്ലീലതയും വിദ്വേഷവും വൈരവും നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തില്‍നിന്നും മാറി നന്മയിലും നീതിയിലും അധിഷ്ഠിതമായ മാതൃകാ സമൂഹത്തെ നിര്‍മിച്ചെടുക്കാന്‍ കഴിഞ്ഞതിലൂടെ സമൂഹസംസ്‌കരണത്തില്‍ അദ്ദേഹം പുലര്‍ത്തിയ രീതിശാസ്ത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം.
ദീന്‍ പഠിക്കാനെത്തുന്നവരെയും കണ്ടുമുട്ടുന്നവരെയും ഹൃദ്യമായ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആരെയും അവഗണിക്കില്ലെന്ന് മാത്രമല്ല ഓരോരുത്തരെയും പരിഗണിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സ്വഫ്‌വാനുബ്‌നു അസ്വാല്‍(റ) പറയുന്നു. ഞാന്‍ റസൂലിന്റെ സദസ്സില്‍ ചെന്ന് പഠിക്കാനായി വന്നതാണെന്ന് പറഞ്ഞു. അന്നേരം റസൂല്‍(സ) പുഞ്ചിരിച്ച് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു: 'അറിവു നേടിയെത്തിയവന് സ്വാഗതം. അറിവ് തേടി ഇറങ്ങിയവന്റെ വഴിയില്‍ മലക്കുകള്‍ കൂട്ടു വരും.' ഇത്തരമൊരു പ്രതികരണം ആരെയും ആകര്‍ഷിക്കും. പറയുന്ന വാക്കുകള്‍ ബുദ്ധികൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഉള്‍ക്കൊള്ളും. അബൂറഫാഅ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അപരിചിതനായൊരാള്‍ ഇസ്‌ലാം പഠിക്കാനായി വന്നു. അത് റസൂലിന്റെ അടുത്ത് അറിയിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിഷയം പറഞ്ഞപ്പോള്‍ പ്രസംഗം നിര്‍ത്തുകയും ആഗതന്റെ അടുത്തെത്തി സംസാരിച്ചശേഷം പ്രസംഗം തുടരുകയും ചെയ്തു. റസൂലിന്റെ(സ)ഈ പ്രവൃത്തി എത്രമാത്രം സ്വാധീനമാണ് അയാളില്‍ ചെലുത്തിയിട്ടുണ്ടാവുക.
ആളുകളുടെ കഴിവുകളും ഗുണങ്ങളും എടുത്തു പറഞ്ഞ് പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. യമനില്‍നിന്നൊരു സംഘം വന്നപ്പോള്‍ അവരെ സ്വാഗതം ചെയ്തുകൊണ്ട് റസൂല്‍(സ) അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: 'ഹൃദയനൈര്‍മല്യമുള്ളൊരു സംഘം ഇതാ വന്നിരിക്കുന്നു. ഈമാന്‍ എന്നാല്‍ അത് യമനികളുടെ ഈമാനാണ്. തത്ത്വജ്ഞാനമെന്നതും അവരുടേതു തന്നെ.'
സ്വഹാബിമാരില്‍ പലര്‍ക്കും റസൂല്‍ നല്‍കിയ ചില വിളിപ്പേരുകളുണ്ടായിരുന്നു. അവരുടെ കഴിവുകളെയും ഗുണങ്ങളെയും അംഗീകരിച്ചുകൊണ്ട് റസൂല്‍(സ) അവരെ ആ പേര് വിളിക്കുമ്പോള്‍ അത് എത്രമാത്രം അവരെ പ്രചോദിപ്പിച്ചിട്ടുണ്ടാകും! അബൂബക്‌റി (റ)നെ സിദ്ദീഖ് (സത്യപ്പെടുത്തുന്നവന്‍), ഉമറി (റ)നെ അല്‍ ഫാറൂഖ് (കാര്യങ്ങളെ വിവേചിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളയാള്‍), അബൂഉബൈദത്തുല്‍ ജറാഹിനെ അമീനു ഹാദിഹില്‍ ഉമ്മ (ഈ സമുദായത്തിന്റെ വിശ്വസ്തന്‍), ഖാലിദുബ്‌നു വലീദിനെ സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) എന്നെല്ലാം വിളിച്ചത് അതിനുദാഹരണങ്ങളാണ്. കുറ്റപ്പെടുത്തലുകളും കുറവുകളും അല്ല ഒരു നേതാവ് അനുയായികളെ കുറിച്ച് പറയേണ്ടത്, മറിച്ച് അവരിലെ ഗുണങ്ങളും നന്മകളുമാണ്. അത് അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കിമാറ്റും. അതായിരുന്നു പ്രവാചകമാതൃക.
കാരുണ്യവും അനുകമ്പയും റസൂലിന്റെ(സ)പെരുമാറ്റത്തിലും ഇടപഴകലിലും നിറഞ്ഞുനിന്ന ഗുണങ്ങളായിരുന്നു. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ വന്ന് പള്ളിയില്‍ മൂത്രമൊഴിച്ചു. അദ്ദേഹത്തെ ആട്ടിയകറ്റാനായി ആളുകള്‍ എഴുന്നേറ്റപ്പോള്‍ അവരെ തടഞ്ഞുകൊണ്ട് അത് പൂര്‍ത്തീകരിക്കാന്‍ അയാളെ റസൂല്‍(സ) അനുവദിച്ചു. ശേഷം സ്വഹാബിമാരോട് കുറച്ച് വെള്ളം കൊണ്ടുവന്ന് അതിലൊഴിക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് അയാളെ റസൂല്‍(സ) ഉപദേശിച്ചത്. പള്ളി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത സ്ഥലമാണെന്ന് വളരെ സൗമ്യമായി ഉപദേശിച്ചു. ആ സന്ദര്‍ഭത്തില്‍ ചീത്ത പറഞ്ഞും തല്ലിയുമൊക്കെയാണ് ആ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നതെങ്കില്‍ ഒരിക്കലും പിന്നീടുള്ള ഉപദേശവും ശിക്ഷണവും അയാളില്‍ ഒരു സ്വാധീനവും ചെലുത്തുകയില്ലെന്നുറപ്പാണ്.
ആളുകളുടെ സാഹചര്യങ്ങളും അവസ്ഥകളും പരിഗണിച്ചുള്ള ശിക്ഷണരീതിയായിരുന്നു റസൂലിന്റേത്. പല സന്ദര്‍ഭങ്ങളിലായി ഏറ്റവും നല്ലകര്‍മം ഏതാണെന്ന് ചോദിച്ചു വന്നവരോട് വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയതായി കാണാം. ചോദിച്ച ആളില്‍ പരിഹരിക്കപ്പെടേണ്ട വിഷയത്തെ പരിഗണിച്ചാകാം വിവിധ ഉത്തരങ്ങള്‍ നല്‍കിയത്. ചിലരോട് നമസ്‌കാരം സമയത്ത് നിര്‍വഹിക്കലാണെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചാണ് മറ്റ് ചിലരോട് പറയുന്നത്. ഇനിയും ചിലരോട് ജിഹാദാണെന്നും പറഞ്ഞതു കാണാം. എല്ലാ കാര്യങ്ങളും ഒന്നിച്ച് ഉപദേശിക്കുക എന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചില ആളുകളോട് മിനിമം കാര്യങ്ങള്‍ ചെയ്യാനും അതില്‍ കണിശത പാലിക്കാനും പറയും. സ്വാഭാവികമായും അക്കാര്യം സൂക്ഷ്മതയോടെ ചെയ്യുന്നയാളില്‍ മറ്റ് ഗുണങ്ങളും വളര്‍ന്നു വരും. മുആദുബ്‌നു ജബലി(റ)നെ യമനിലേക്കയച്ചപ്പോള്‍ റസൂല്‍(സ) പറയുന്നുണ്ട്; 'താങ്കള്‍ പോകുന്നത് വേദക്കാരായ ആളുകളിലേക്കാണ്. ആദ്യം അവരെ ശഹാദത്തിലേക്ക് ക്ഷണിക്കുക. അവരത് അംഗീകരിച്ച് അനുസരണയുള്ളവരാകുമ്പോള്‍ നമസ്‌കാരം നിര്‍ബന്ധമാക്കിയത് അറിയിക്കുക. അതും അംഗീകരിച്ചു കഴിഞ്ഞാല്‍ സമ്പത്തിലൊരു വിഹിതം നിര്‍ബന്ധദാനമായി നല്‍കണമെന്ന് അറിയിക്കൂ.' ഇത്തരത്തില്‍ ഘട്ടംഘട്ടമായി വിഷയങ്ങള്‍ അവതരിപ്പിച്ച് വളര്‍ത്തിയെടുക്കുന്ന രീതിയായിരുന്നു റസൂലിന്റേത്. ആളുകള്‍ക്ക് പ്രയാസമാകുന്ന വിധത്തില്‍ ഇമാം ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ വിമര്‍ശിച്ചത് ആളുകളുടെ അവസ്ഥകളെ പരിഗണിക്കേണ്ടതിന്റെ അനിവാര്യതയാണ് കാണിക്കുന്നത്.
'നിങ്ങള്‍ പ്രയാസമുണ്ടാക്കുന്നവരായിട്ടല്ല, എളുപ്പമുണ്ടാക്കുന്നവരായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതെ'ന്ന് സ്വഹാബികളോട് റസൂല്‍(സ) പറയാറുണ്ടായിരുന്നു.
സംഭവങ്ങളെയും സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ പഠിപ്പിക്കുന്ന രീതി ധാരാളമായി റസൂല്‍(സ) ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ നടന്നുപോകുമ്പോള്‍ വഴിയരികില്‍ ചത്തു കിടക്കുന്ന ഒരു കഴുതയെ കണ്ടപ്പോള്‍ സ്വഹാബിമാരോട് ചോദിക്കുന്നുണ്ട്; 'ഈ ചീഞ്ഞളിഞ്ഞ കഴുതയെ ആരാണ് ഒരു ദിര്‍ഹം കൊടുത്ത് വാങ്ങുക?' 'വെറുതെ തന്നാല്‍ പോലും ആരും സ്വീകരിക്കാത്ത ഈ ശവത്തെ ആരാണ് റസൂലേ പണം കൊടുത്ത് വാങ്ങുക'യെന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു; 'ദുന്‍യാവ് അല്ലാഹുവിന്റെ അടുക്കല്‍ ഇതിനേക്കാള്‍ വിലകുറഞ്ഞതാണ്.'
യുദ്ധത്തടവുകാരുടെ കൂട്ടത്തില്‍ കുട്ടിയെ തെരയുന്ന മാതാവിനെയും അവര്‍ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷത്തെയും കാരുണ്യത്തെയും എടുത്തുകാണിച്ചുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന റസൂല്‍ (സ) പൂര്‍ണചന്ദ്രനെ കണ്ട ഒരു രാത്രി അത് ചൂണ്ടിക്കാണിച്ച് ഇതിലും പ്രഭയോടെ പരലോകത്ത് അല്ലാഹുവിനെ കാണുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്തരം ഉപദേശങ്ങളും അധ്യാപനങ്ങളും മനസ്സില്‍ പതിഞ്ഞുനില്‍ക്കും.
റസൂലും നേതാവും ഗുരുനാഥനുമൊക്കെ ആയിരിക്കുമ്പോഴും അനുയായികള്‍ക്കിടയില്‍ അവരെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അനുയായികളില്‍നിന്ന് മാറിനിന്ന് അകലം കാത്തുസൂക്ഷിച്ച നേതാവായിരുന്നില്ല. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ ഉപദേശങ്ങളും അധ്യാപനങ്ങളും പൂര്‍ണ മനസ്സോടെ ആളുകള്‍ ഉള്‍ക്കൊള്ളുകയും ഏറ്റെടുക്കുകയും ചെയ്തു. യാത്ര പോകുന്ന വേളയില്‍ ഒട്ടകപ്പുറത്ത് ഊഴമിട്ട് കയറിയും ഭക്ഷണം പാകം ചെയ്യുമ്പോള്‍ കൂട്ടത്തില്‍ സഹായിയായും യുദ്ധത്തില്‍ മൈതാനത്തിറങ്ങിയും കിടങ്ങ് കുഴിക്കുമ്പോഴും പള്ളി നിര്‍മിക്കുമ്പോഴും കൂടെ അധ്വാനിച്ചും റസൂല്‍ (സ) അവരിലൊരാളായി. അതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവരില്‍ കൂടുതല്‍ സ്വാധീനമുണ്ടായിത്തീര്‍ന്നു.
തെറ്റുകള്‍ തിരുത്തുമ്പോള്‍ തെറ്റു ചെയ്ത ആള്‍ക്ക് അത് ബോധ്യപ്പെടുക എന്നത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ആ തെറ്റില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രചോദനമാവുകയുള്ളൂ. റസൂലിന്റെ(സ) ശൈലി അത്തരത്തിലുള്ളതായിരുന്നു. തെറ്റുകാരോട് ദേഷ്യപ്പെട്ടും പരുഷമായും സംസാരിക്കുന്ന സന്ദര്‍ഭങ്ങള്‍ പ്രവാചകജീവിതത്തില്‍ നമുക്ക് കാണാനാകില്ല. എനിക്ക് വ്യഭിചരിക്കണം എന്ന് പറഞ്ഞു വന്ന ആളോട് നിന്റെ മാതാവിന്റെയോ സഹോദരിയുടെയോ കാര്യത്തില്‍ അത് ഇഷ്ടപ്പെടുമോ എന്ന് ചോദിക്കുന്നതിലൂടെ പ്രസ്തുത കര്‍മം എത്രമാത്രം ദുഷിച്ചതാണെന്ന് അയാള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ ആളുകളില്‍ മാനസിക പരിവര്‍ത്തനം സാധ്യമാക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് റസൂലിന്(സ) ജനങ്ങളില്‍ സ്വാധീനമുാക്കാന്‍ കാരണം.
കുട്ടികളെ ചേര്‍ത്തുപിടിച്ച് മോനേ എന്നു വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്ന ശൈലി പലപ്പോഴും പ്രവാചകനില്‍ കാണാന്‍ കഴിയും. അടിച്ചേല്‍പിക്കുന്ന ഉപദേശങ്ങളും ഉദ്‌ബോധനങ്ങളുമല്ല വാത്സല്യത്തോടെ പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ അവരുടെ മനസ്സില്‍ എന്നും തങ്ങിനിന്നു. അനസ് (റ) പറയുന്നു: റസൂല്‍(സ) എന്നോട് പറഞ്ഞു: 'മോനേ, നീ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ സലാം പറയണം. അത് നിനക്കും നിന്റെ വീട്ടുകാര്‍ക്കും ബറകത്താണ്.' കുട്ടിയായിരുന്ന ഇബ്‌നു അബ്ബാസി(റ)നോട് ഇത്തരത്തില്‍ സ്‌നേഹത്തോടും വാത്സല്യത്തോടും സംസാരിക്കുന്ന പല സന്ദര്‍ഭങ്ങളും കാണാന്‍ കഴിയും.
സമൂഹത്തിലുള്ള തെറ്റായ ബോധങ്ങളെ തിരുത്താനും ആളുകളുടെ മനസ്സിനെയും നിലപാടിനെയും മാറ്റിയെടുക്കാനും ചില സംഗതികള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി അദ്ദേഹത്തില്‍ കാണാന്‍ കഴിയും. പെണ്‍കുട്ടികള്‍ പിറക്കുന്നത് ദുശ്ശകുനമായും ദൗര്‍ഭാഗ്യമായും കണ്ടിരുന്ന ആളുകള്‍ ആ സമൂഹത്തിലുണ്ടായിരുന്നു. ആ ധാരണയെയും നിലപാടിനെയും റസൂല്‍(സ) തിരുത്തുന്നത് പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് സൗഭാഗ്യമായും സ്വര്‍ഗത്തിലേക്കുള്ള മാതാപിതാക്കളുടെ വഴി എളുപ്പമാക്കുമെന്നും പഠിപ്പിച്ചുകൊാണ്.
ഔഫുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: 'ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ടാവുകയും അവരെ നല്ലതുപോലെ വളര്‍ത്തുകയും ചെയ്താല്‍ നരകത്തില്‍നിന്നുള്ള മറയായിത്തീരും.' അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു; 'രു പെണ്‍കുട്ടികളാണെങ്കിലോ പ്രവാചകരേ?' രണ്ടു പേരാണെങ്കിലും അങ്ങനെത്തന്നെ' (ത്വബറാനി).
ഒരു സമൂഹത്തെ തിരുത്താനും ഉത്തമമായ സ്വഭാവഗുണങ്ങളോടു കൂടി വാര്‍ത്തെടുക്കാനും റസൂലിന്(സ) സാധിച്ചത് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്വഭാവമഹിമയും മാതൃകാപരമായ ശിക്ഷണരീതിയുമായിരുന്നു. റസൂലി(സ)ല്‍നിന്നും നമ്മളിലേക്ക് ചേര്‍ത്തുവെക്കേണ്ടത് ഉത്തമമായ സ്വഭാവ ഗുണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ സംസ്‌കരണരീതികള്‍ കൂടിയാണ്. കാരണം നമ്മള്‍ ആരുടെയൊക്കെയോ നേതാവോ ഉപ്പയോ ഉമ്മയോ അധ്യാപകനോ സഹോദരനോ കൂട്ടുകാരനോ ആകാം. നന്മയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍. അത് ഏറ്റവും മനോഹരമായി നിര്‍വഹിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.