കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ആരെന്തു പറഞ്ഞാലും ഗള്‍ഫ് വരുമാനം തന്നെയായിരുന്നു. മലയാളികള്‍ അമ്പതുകളില്‍തന്നെ
കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ആരെന്തു പറഞ്ഞാലും ഗള്‍ഫ് വരുമാനം തന്നെയായിരുന്നു. മലയാളികള്‍ അമ്പതുകളില്‍തന്നെ അയല്‍ രാജ്യങ്ങളില്‍ ചേക്കേറിയപ്പോള്‍ ഉത്തരേന്ത്യ ഇരുട്ടിലായിരുന്നു. അമ്പതുകളിലും അറുപതുകളിലും കേരളത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ ഉണ്ടായിരുന്നു. അറുപതുകളിലും എഴുപതുകളിലും അധികവും അരപ്പട്ടിണിയായിരുന്നു. ഗള്‍ഫിലേക്ക് കുടിയേറ്റമാരംഭിച്ചപ്പോള്‍ പലരും സമ്പന്നരായി തിരിച്ചെത്തുകയും നാട്ടിലുള്ളവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആ അഭിവൃദ്ധി കാണുകയും ചെയ്തു.
ഇന്ന് സ്ഥിതി മാറിവരികയാണ്. നാട്ടില്‍ എന്ത് സംരംഭത്തിനും ഒരുപാട് നൂലാമാലകളും കൈക്കൂലിയും വേണമെന്ന തോന്നലുണ്ടായപ്പോള്‍ നിര്‍മാണ മേഖലയിലും വ്യവസായത്തിലും പ്രവാസികള്‍ക്ക് മടുപ്പായി. നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യവും പല കുടുംബങ്ങള്‍ക്കും തൊഴിലില്ലാതാക്കി. സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തികനില ശുഷ്‌കമാക്കിക്കൊിരിക്കുകയാണ്. അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന ഗള്‍ഫുകാര്‍, തൊഴിലില്ലാതെ സുഊദിയില്‍നിന്നും ദുബൈയില്‍നിന്നും തിരിച്ചെത്തിയത് കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തു. ഗള്‍ഫില്‍നിന്ന് വരുമ്പോഴൊക്കെ സമ്മാനങ്ങളുമായി വിരുന്നു പോകുകയും ടൂര്‍ പോയി മുന്തിയ ഹോട്ടലിലെ ഭക്ഷണം കഴിക്കുകയും ചെയ്ത രീതി കുട്ടികളുടെയും സ്ത്രീകളുടെയും മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കി. ഷോപ്പിംഗില്‍ മുഴുകിയ കുടുംബങ്ങളായി പലരും മാറി.
പ്രവാസികള്‍ വെറുംകൈയോടെ തിരിച്ചെത്തുന്നതും വികലമായ ഗവണ്‍മെന്റ് നയവും മൂലം സാമ്പത്തികമായ ഉണര്‍വില്ലായ്മ രൂക്ഷമാകുമ്പോള്‍ വീട്ടമ്മമാര്‍ കുടുംബത്തെ സാമ്പത്തിക ഞെരുക്കത്തില്‍നിന്നും കരകയറ്റാന്‍ ചില പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങിയേ തീരൂ.
കുറഞ്ഞ ചെലവില്‍ ജീവിക്കാം
രാവിലെ എഴുന്നേറ്റ് ടൂത്ത് ബ്രഷില്‍ പേസ്റ്റ് തേക്കുമ്പോള്‍ തുടങ്ങുന്നു ധൂര്‍ത്ത്. ടി.വിയില്‍ പേസ്റ്റിന്റെ പരസ്യത്തില്‍ കാണിക്കുന്ന പോലെ പാമ്പുപോലെ പേസ്റ്റ് ബ്രഷില്‍ തേക്കണമെന്നാണ് പലരുടെയും ധാരണ. അത് തെറ്റാണ്. ഒരിക്കല്‍ ഒരു വീട്ടില്‍ വിരുന്നു പോയപ്പോള്‍ രാവിലെ എഴുന്നേറ്റ ഉടന്‍ കുടുംബനാഥന്‍ എല്ലാവരുടെയും ടൂത്ത് ബ്രഷ് കഴുകി, അതില്‍ ഒരു മഞ്ചാടിക്കുരുവോളം പേസ്റ്റ് എടുത്തു വെച്ചത് ഞാന്‍ കണ്ടു; 'കുട്ടികള്‍ വെറുതെ ഞെക്കി നിലത്തും കൈയിലും ഒക്കെ ആക്കിക്കളയും. എനിക്ക് മാസത്തില്‍ ഒരിക്കലാണ് ശമ്പളം. അതുകൊണ്ട് മാസത്തില്‍ ഒരിക്കലേ പേസ്റ്റ് വാങ്ങൂ' എന്നദ്ദേഹം പറഞ്ഞു. എനിക്കത് ഇഷ്ടമായി. അതിനു ശേഷം ഞാനും മഞ്ചാടിക്കുരുവോളം പേസ്റ്റ് എടുത്തുതുടങ്ങി. വാസ്തവത്തില്‍ വായിന്റെ ദുര്‍ഗന്ധമകറ്റാനും മോണക്ക് അണുബാധ വരാതിരിക്കുന്നതിനുമാണ് പേസ്റ്റ്. പല്ലു വെളുപ്പിക്കുന്നില്ല. ബ്രഷാണ് നമ്മുടെ കൈയുടെ സഹായത്താല്‍ പല്ലു വൃത്തിയാക്കുന്നത്. പിന്നെന്തിന് പാമ്പ് പേസ്റ്റ്?
എണ്ണയും സോപ്പും
എണ്ണ തേച്ചും സോപ്പു തേച്ചും കുളിക്കുന്നവര്‍ അത്യാവശ്യത്തിനു മാത്രം അത് ഉപയോഗിക്കുക. രാവിലെ കുറഞ്ഞ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കുകയും വൈകുന്നേരം മിതമായി സോപ്പു തേച്ചു മേല്‍ കഴുകുകയും ചെയ്താല്‍ തന്നെ ശരീരം വൃത്തിയായി. അത്രയൊക്കെയേ പടച്ചവനും പ്രവാചകനും പറഞ്ഞിട്ടുള്ളൂ. പലര്‍ക്കും കുളിക്കാനും ഇസ്തിരിയിടാനും മാത്രമേ സമയമുള്ളൂ. പലരും ഒരു ദിവസം കുളിക്കാന്‍ രണ്ടു നേരം ചെലവഴിക്കുന്നത് വലിയ തോതിലുള്ള വെള്ളമാണ്. ദിവസം മൂന്നു തവണ പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ വൈദ്യുതി ചെലവാകുന്നത് അവര്‍ക്ക് പ്രശ്‌നമല്ല.
ഇന്നത്തെ തലമുറയിലെ പലരും യൂട്യൂബിലെ ഗോസിപ്പുകളില്‍ കുടുങ്ങി തടിയനങ്ങാതെ സോപ്പും വെള്ളവും തീര്‍ക്കാനും മൊബൈലില്‍ തോണ്ടാനും വേണ്ടി ജീവിക്കുന്നവരാണെന്നു തോന്നും. ഇവരുടെ ആരോഗ്യം കുറയാനും അത് കാരണമാവും. ചുമ, തുമ്മല്‍ ഒക്കെ വരുമ്പോഴേക്ക് ഡോക്ടറെ കാണിക്കാന്‍ പോകും. നട്ടുച്ചക്ക് കുളിച്ചും കുളിച്ച ഉടനെ വെയിലത്ത് പോയി അങ്ങാടിയില്‍ നിരങ്ങിയും വരുന്ന ജലദോഷത്തിനും ചുമക്കും പനിക്കും ഒക്കെ ഗുളികകള്‍ വിഴുങ്ങും. ജീവിതശൈലി ഒരിക്കലും മാറ്റുകയില്ല. പൊണ്ണത്തടിയും പ്രഷറും പ്രമേഹവും വരുന്നതുവരെ കണ്ണുതുറക്കില്ല.
അടപ്പുള്ള ടൂത്ത് ബ്രഷ് വാങ്ങിയാല്‍ ഇടക്കിടെ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ നാലഞ്ചു മാസം ഉപയോഗിക്കാം. തോര്‍ത്ത് ദിവസവും കഴുകിയിട്ടാല്‍ ഒരു വര്‍ഷം കിട്ടും. മുന്തിയ കമ്പനികള്‍ ഉണ്ടാക്കുന്ന എണ്ണക്ക് പകരം വീട്ടില്‍ ഉണ്ടാക്കിയ വെളിച്ചെണ്ണയോ കടയില്‍നിന്ന് വാങ്ങിയ നല്ലെണ്ണയോ നീരറുത്താല്‍ മതി. ചെമ്പരത്തി, മൈലാഞ്ചിയില, കൈയോന്നി എന്നിവ തണുപ്പിനും മുടി നരക്കാതിരിക്കാനും നന്ന്. പരസ്യത്തിന്റെ പിറകെ പോകേണ്ട. ജലദോഷം ഉള്ള സമയം ഒരു തുളസിയില ഇട്ട് നീരറുക്കുകയോ എണ്ണ തേക്കാതിരിക്കുകയോ ചെയ്യാം. കറിവേപ്പിലയും മുടിനരക്കാതിരിക്കാന്‍ എണ്ണയില്‍ ചേര്‍ക്കാം.
വെയിലത്ത് പുറത്തുപോയി വന്നാല്‍ ചൂടുള്ള വെള്ളം കുടിച്ചാല്‍ തൊണ്ടവേദന വരില്ല. ഐസ് വെള്ളം കുടിക്കാതിരിക്കുക. തൊണ്ടവേദന വരില്ല; ജലദോഷവും
സോപ്പുകള്‍: സസ്യ എണ്ണയില്‍ ഉണ്ടാക്കുന്ന, ആയുര്‍വേദ സോപ്പുതന്നെയാണ് നല്ലത്. ചുണങ്ങുള്ളവര്‍ വെളിച്ചെണ്ണ പുരട്ടിയിട്ട ശേഷം പിണ്ണാക്ക് തേച്ചുകുളിക്കാം. ചിരട്ട ഇട്ടുതിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചൊറിയുള്ളവര്‍ ആര്യവേപ്പിന്റെ വെള്ളത്തില്‍ കുളിക്കാം. ഇതൊക്കെ കഴിഞ്ഞേ സ്‌പെഷ്യലിസ്റ്റിനെ തേടിയിറങ്ങേണ്ടതുള്ളൂ.
പനിക്കൂര്‍ക്ക, തുളസി, കറിവേപ്പില തുടങ്ങിയ ഔഷധ സസ്യങ്ങള്‍ എല്ലാ വീട്ടിലും നട്ടുവളര്‍ത്തണം.
കുറഞ്ഞ ചെലവില്‍ ജീവിക്കാനുള്ള പ്രധാന സൂത്രം രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക തന്നെയാണ് (രോഗങ്ങളും അപകടങ്ങളും വീട്ടുപകരണങ്ങളുടെയും വീടിന്റെയും അറ്റകുറ്റപ്പണിയും സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിക്കും). ബജറ്റില്‍ ഒതുങ്ങി ജീവിച്ചാല്‍ കുട്ടികളും അതു ശീലിക്കും.
ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന മെച്ചപ്പെട്ട ആഹാരം കഴിക്കുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന കാര്യം. റേഷന്‍ കട, മാവേലി സ്റ്റോര്‍, സപ്ലൈകോ തുടങ്ങിയിടത്തു കിട്ടുന്ന ഗോതമ്പ്, മട്ട, ശര്‍ക്കര, വെളിച്ചെണ്ണ, റാഗി, ചെറുപയര്‍, ഉഴുന്ന്, കടല, പരിപ്പ് എന്നിവയൊക്കെ മുടങ്ങാതെ വാങ്ങുക. കടലയും പയറും മുളപ്പിച്ചത് ഉപയോഗിച്ചാല്‍ ഗ്യാസ് വരില്ല.
വീട്ടില്‍തന്നെ തേങ്ങ, മുരിങ്ങ, പപ്പായ, വാഴ, ചേന ഇവ എളുപ്പം കൃഷി ചെയ്യാം. ഇവ ഉണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാം എന്നതു സ്വന്തം ജീവിതാനുഭവം. 10 സെന്റിന്റെ നടുവില്‍ വീടുവെക്കാതെ അരികില്‍ വീടുവെച്ച് അഞ്ചു സെന്റില്‍ കൃഷിചെയ്യാം. തേങ്ങ നല്ല ഫൈബറും പ്രോട്ടീനുമുള്ളതിനാല്‍ വൈകുന്നേരത്തെ ചായക്ക് പത്തു രൂപയുടെ പാക്കറ്റുകള്‍ വാങ്ങാതെ കുട്ടികള്‍ക്ക് തേങ്ങാപ്പൂളും ശര്‍ക്കരയും ചേര്‍ത്ത് പലഹാരമുാക്കി കൊടുക്കാം. തേങ്ങ അവിലിലും ഓട്ടടയിലും ഇലയടയിലും ചേര്‍ക്കാം. കറി, വെള്ളപ്പം, പുട്ട് ഒക്കെ തേങ്ങകൊണ്ട് സമൃദ്ധമാക്കാം. മുരിങ്ങയില കൊണ്ട് സൂപ്പ്, കറി, തോരന്‍ എന്നിവയൊക്കെ മാറിമാറി ഉണ്ടാക്കിയാല്‍ ചെലവു കുറവു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. വാഴ കുലച്ചാല്‍ പച്ചക്കായ, പഴുത്ത പഴം ഒക്കെ കിട്ടും. കുല വെട്ടും മുമ്പേ തിട്ട (കൂമ്പ്) വെട്ടിയാല്‍ തോരനുണ്ടാക്കാം. മാത്രമല്ല പഴത്തിന് വണ്ണവും കൂടും. കുല വെട്ടിക്കഴിഞ്ഞ വാഴയുടെ കാമ്പ് കൂട്ടാനും ഔഷധവുമാണ്. ചേന അധികം രോഗമൊന്നും വരാതെ കൃഷി ചെയ്യാന്‍ പറ്റും. ചേന നിത്യേന കഴിച്ചാല്‍ മൂലവ്യാധികളും മലബന്ധവും ഉണ്ടാകില്ല. ചേനകൊണ്ട് പലതരം കറികള്‍, ഉപ്പേരി, തോരന്‍, ചിപ്‌സ് ഒക്കെ ഉണ്ടാക്കാം.
വീട്ടുമുറ്റത്തും ടെറസിലും എന്തിന്, തൂക്കിയിട്ട പഴയ പാത്രങ്ങളില്‍ വരെ ചീരയും തക്കാളിയും മുളകും നടാം. വെയിലു കിട്ടാന്‍ മരക്കൊമ്പിലൊക്കെ തൂക്കിയിടാം.
നടക്കാനുള്ള അവസരം പാഴാക്കാതിരിക്കുക. നടത്തം മാനസികനില താളം തെറ്റാതെ സൂക്ഷിക്കും. ടെന്‍ഷന്‍ കുറയ്ക്കുന്നു. നടത്തം കൊളസ്‌ട്രോള്‍ കുറക്കുന്നു. ഹൃദ്രോഗം കുറക്കുന്നു. പണം ലാഭിക്കാം, ഓട്ടോക്കും മരുന്നിനും. ബസില്‍ പോകാവുന്നിടത്ത് ഓട്ടോ ഒഴിവാക്കാം. ഓട്ടോ പോകുന്ന ദൂരമേ വിമാനത്താവളത്തിലേക്കുള്ളൂ എങ്കില്‍ ടാക്‌സി ഒഴിവാക്കുക.
ഒരു കുക്കര്‍ വാങ്ങാനാണ് കടയില്‍ കയറിയതെങ്കില്‍ അത് മാത്രമേ വാങ്ങാവൂ. സെയില്‍സ്മാന്റെ പഞ്ചാരവാക്കില്‍ കുടുങ്ങി വല്ലപ്പോഴും വരുന്ന വിരുന്നുകാര്‍ക്കു വേണ്ടി പാത്രങ്ങള്‍ വാങ്ങിക്കൂട്ടരുത്. ഒരു മാക്‌സി വാങ്ങാന്‍ കയറിയാല്‍ മാക്‌സി മാത്രമേ വാങ്ങാവൂ, സാരി നോക്കരുത്. 250, 300 രൂപക്ക് ഗുണനിലവാരമുള്ള ചെരുപ്പുകള്‍ കടയില്‍ ഉണ്ടെങ്കില്‍ പൊങ്ങച്ചത്തിനുവേണ്ടി 700-800 രൂപയുടേത് വാങ്ങരുത്. രണ്ടും നിങ്ങള്‍ ഒന്നു രണ്ടു വര്‍ഷമേ കാലില്‍ ഇടൂ. നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന ഓരോ രൂപയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. പൊടിച്ചുകളേയേണ്ട. നാളെ ആവശ്യമായേക്കാം.
കറന്റ് ബില്ല് കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് വീട് നിര്‍മിക്കുമ്പോള്‍ ചൂട് കുറക്കാനുള്ള വഴികള്‍ തേടുക തന്നെയാണ്. ഏറ്റവും കൂടുതല്‍ ബില്ല് വരുന്നത് എയര്‍ കണ്ടീഷനുകള്‍ക്കു തന്നെയാണ്. രോഗികള്‍ മാത്രം വാഷിംഗ് മെഷീന്‍ ഉപയോഗിക്കുക, അടിവസ്ത്രങ്ങള്‍ എങ്കിലും കൈകൊണ്ട് അലക്കുക, അത്യാവശ്യമില്ലെങ്കില്‍ ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക. അലക്കുന്നതിന്റെ ഇരട്ടി കറന്റ് ഉണക്കാന്‍ വേണ്ടിവരും. വിളക്കുകള്‍ 5 മുതല്‍ 20 വരെ വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുക. ഉപകരണങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ ഉണ്ടായിരിക്കുക. പകല്‍ വിളക്കിടാതെ ജനല്‍ തുറന്നിടുക. ഫാനും ഒഴിവാക്കാം.
വിറകുള്ളവര്‍ ഹീറ്റര്‍ ഉപയോഗിക്കാതിരിക്കുക. പകല്‍സമയം ഇന്‍വെര്‍ട്ടര്‍ ഓഫാക്കുക. വൈദ്യുതി ബില്ല് പരമാവധി കുറക്കുക.
വീട് പുതുതായി പണിയുന്നവര്‍ കോണ്‍ക്രീറ്റും തേക്കും വീട്ടിയും പരമാവധി കുറച്ച് ഗുരുഡീസ്, മുള, വെനീര്‍ മോള്‍ഡഡ് ഡോര്‍, അലൂമിനിയം ഇവയൊക്കെ ഉപയോഗപ്പെടുത്തുക.
കുട്ടികള്‍ക്ക് വര്‍ഷത്തില്‍ മൂന്നു യൂനിഫോമും മൂന്നു പുതുവസ്ത്രവുമേ ആകാവൂ. നല്ലയിനം സോപ്പു ഉപയോഗിച്ച് അലക്കി തണലില്‍ ഉണക്കിയാല്‍ നിറം മങ്ങില്ല. കല്ലില്‍ തല്ലാതെയിരുന്നാല്‍ കീറില്ല.
മതം മാത്രമല്ല, ശാസ്ത്രവും ലോകം അവസാനിക്കാന്‍ ഇനി പതിറ്റാണ്ടുകള്‍ മാത്രം എന്നു പറഞ്ഞിട്ടും പലരും സമ്പാദ്യം കൂട്ടിവെക്കുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കാതെ ധനം കൂട്ടിവെച്ചാല്‍ അടുത്ത തലമുറക്ക് അത് അനുഭവിക്കാന്‍ യോഗമുണ്ടാവുകയില്ല. 'അല്ലാഹുവേ, എന്നെ സമ്പന്നനാക്കരുതേ എന്ന്' പ്രവാചകന്‍ പ്രാര്‍ഥിച്ചത് വെറുതെയല്ല.
ഏതു തൊഴിലും മാന്യമാണെന്ന് പുരുഷന്മാരും, വിദ്യാഭ്യാസം കൊണ്ടും അധ്വാനം കൊണ്ടുമേ ഭാവി നന്നാകൂ എന്ന് കുട്ടികളും, മിതമായി ജീവിച്ചാല്‍ ഉള്ളതുകൊണ്ട് ശാന്തമായി ജീവിക്കാമെന്ന് സ്ത്രീകളും കരുതിയാല്‍ ഇന്നത്തെ പ്രശ്‌നത്തിന് വലിയ പരിഹാരമായി. എന്തിനും ഏതിനും ലോണെടുക്കുന്ന രീതി മാറണം. പലിശ നിഷിദ്ധമാണ്. തന്റെ ഭര്‍ത്താവ് ജോലി ചെയ്തുണ്ടാക്കിയ സുരക്ഷിതമായ വീടും പാചകം ചെയ്യാന്‍ ഗ്യാസ് അടുപ്പും ഫ്രിഡ്ജും എല്ലാം വീട്ടിലുണ്ടായിട്ടും നല്ല ആരോഗ്യമുള്ള യുവതികള്‍ പകല്‍സമയം മുഴുവനും പാഴാക്കുകയും ഉറങ്ങുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഭര്‍ത്താവ് അയച്ചതില്‍നിന്ന് മിച്ചംപിടിച്ച് തുന്നല്‍ക്കട നടത്തിയും ആടും കോഴിയും വളര്‍ത്തിയും മക്കള്‍ക്ക് ആഭരണങ്ങള്‍ ഉണ്ടാക്കിവെച്ച ചുരുക്കം സ്ത്രീകളെ കണ്ടിട്ടുണ്ട്. ഇവര്‍ വിലകൂടിയ വസ്ത്രങ്ങള്‍ അണിഞ്ഞ പൊങ്ങച്ചക്കാരികള്‍ ആയിരുന്നില്ല. മിതത്വം പാലിച്ചതുകൊണ്ട് കുടുംബം തകര്‍ന്നില്ല.
കുറഞ്ഞ ചെലവില്‍ ജീവിക്കാതിരുന്നാല്‍ പണം കൊടുക്കുന്ന പുരുഷന്മാര്‍ക്കും ധൂര്‍ത്തടിക്കുന്നവര്‍ക്കും പ്രയാസങ്ങളുായികക്കൊയേിരിക്കും അതിനാല്‍ മിതത്വം പാലിക്കുക, ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.