മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് വെറുതെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഉത്തരം പറയാന്‍ നമുക്കെല്ലാം
മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് വെറുതെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഉത്തരം പറയാന്‍ നമുക്കെല്ലാം വലിയ ആലോചനകള്‍തന്നെ വേണ്ടിവരും. നേട്ടങ്ങളെക്കുറിച്ച്, സമ്പാദ്യത്തെക്കുറിച്ച്, ഉയര്‍ന്ന ജോലിയിലെത്തുന്നതിനെക്കുറിച്ച് - അങ്ങനെ ലക്ഷ്യങ്ങള്‍ പലതായിരിക്കും. ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ മനുഷ്യജീവിതലക്ഷ്യത്തെക്കുറിച്ച് വളരെ ലളിതമായ വാക്കുകളില്‍പറഞ്ഞു വെച്ചിട്ടുണ്ട്. സന്തോഷത്തോടെയിരിക്കുക, അതായിരിക്കണം ജീവിതലക്ഷ്യം. അതിന് ഒരുപാട് ഘടകങ്ങളൊന്നും വേണ്ട. അത് കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ വാക്കുകള്‍ അര്‍ഥവത്താക്കുന്ന ഒരുപാട് ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ആശ്വാസഗംഗ എന്ന പരിപാടിയിലൂടെ അങ്ങനെയുള്ള ജീവിതങ്ങളെ അടുത്തറിയുകയായിരുന്നു. പെട്ടെന്നൊരു ദിവസം ജീവിതം കൈവിട്ടുപോവുക. ചുറ്റും ഇരുട്ടുമാത്രം. ഓരോ കാന്‍സര്‍ ബാധിതനും ഇത്തരത്തില്‍ ഇരുട്ടിലൂടെ കടന്നുപോയവരാണ്. പക്ഷേ തിരിച്ചുപിടിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. രണ്ടാം ജന്മത്തില്‍ ജീവിതം സന്തോഷത്തോടെയിരിക്കാനുള്ളതാണ് എന്നത് പ്രാവര്‍ത്തികമാക്കുന്ന ഒരു കൂട്ടം മനുഷ്യര്‍.
ചികിത്സയിലൂടെ ഇവര്‍ക്കെല്ലാം പ്രകാശത്തിന്റെ, നിറങ്ങളുടെ ലോകം സാധ്യമാക്കിയതിനു പിന്നില്‍ ഒരാളുണ്ട്, ഡോ. വി.പി ഗംഗാധരന്‍. അദ്ദേഹത്തെ കേരളത്തിന് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. കേരളത്തിനു മാത്രമല്ല ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അറിയപ്പെടുന്ന കാന്‍സര്‍ ചികിത്സാരംഗത്തെ വിദഗ്ധന്‍. കാന്‍സര്‍ ബാധിതരായവര്‍ അതിജീവനകഥ പങ്കുവെക്കുമ്പോള്‍ ദൈവത്തെ തൊട്ടറിഞ്ഞത് ഇദ്ദേഹത്തിന്റെ രൂപത്തിലൂടെയായിരുന്നു. അത്രമാത്രം അടുപ്പമുണ്ട് ഡോക്ടറുമായി അവര്‍ക്കെല്ലാം.
ഈ കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് ഞാന്‍ ഗംഗാധരന്‍ ഡോക്ടറെ നേരിട്ട് കാണുന്നത്. എറണാകുളത്തെ തൃപ്പൂണിത്തുറ പോകുംവഴി വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വീട്ടിലേക്കെത്തുമ്പോള്‍ ഏകദേശം 12 മണി. പുറത്ത് രോഗികള്‍ കാത്തുനില്‍ക്കുന്നുണ്ട്. കാര്‍ന്നുതിന്നുന്ന അര്‍ബുദം പിടികൂടിയ മനുഷ്യര്‍ ക്ഷമയോടെ കാത്തിരിക്കുന്നു. അവര്‍ക്കൊപ്പം ഞാനും ഇരുന്നു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ട്രീറ്റ്‌മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചു. പെട്ടെന്ന് എന്ത് ഉത്തരം പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പതിയെ ഞാന്‍ മറുപടി പറഞ്ഞു, വേറെ ഒരാവശ്യത്തിന് ഡോക്ടറെ കാണാന്‍വന്നതാണ് എന്ന്. കുട്ടി എന്തിനാ വന്നത് എന്ന് ഞാനും തിരിച്ചന്വേഷിച്ചു. മറുപടി പെെട്ടന്നായിരുന്നു, എനിക്ക് എന്റെ അഛനെ വേണം, എന്റെ അഛനെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍ക്കേ സാധിക്കൂ. അതിനുവേണ്ടി വന്നതാണ്. കൂടെ ചേട്ടനുമുണ്ട്. ഞങ്ങള്‍ ഇന്നലെ രാത്രി വയനാട്ടില്‍നിന്ന് പുറപ്പെട്ടതാണ്. ഇന്ന് രാവിലെ എത്തി. അഛന്റെ ഫയലുകളെല്ലാം കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടറെ നേരത്തേ വിളിച്ച് ബുക്ക് ചെയ്തിട്ടില്ല. അദ്ദേഹം ഞങ്ങളെ കാണുമായിരിക്കുമല്ലേ... ഞാന്‍ എല്ലാം കേട്ടിരുന്നു. ഈ മുറ്റത്ത് വരുന്ന ആരെയും ഡോക്ടര്‍ കാണാതിരിക്കില്ല എന്ന് അടുത്തിരുന്ന പ്രായമായ മനുഷ്യന്‍ മറുപടി പറഞ്ഞു. ശരിയാണ്, ഈ പെണ്‍കുട്ടിയുടെ അഛനെപോലെയുള്ള ഒരുപാട് പേര്‍ക്ക് രക്ഷകനാണ് ഗംഗാധരന്‍ ഡോക്ടര്‍. എനിക്കു ചുറ്റുമിരിക്കുന്നവരെയെല്ലാം കണ്ടതിനുശേഷം മാത്രമേ ഞാന്‍ അദ്ദേഹത്തെ കാണേണ്ടതുളളൂ എന്ന് തീര്‍ച്ചപ്പെടുത്തി. അവരെയാണ് ഡോക്ടര്‍ ആദ്യം കാണേണ്ടത് എന്നതുകൊണ്ടു തന്നെ.
തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കയറി. ഒരു ബനിയനും ലുങ്കിയുമുടുത്ത് സൗമ്യനായ ഒരു മനുഷ്യനിരിക്കുന്നു. ജീവിതം തിരിച്ചുപിടിക്കാന്‍ അവര്‍ക്കൊപ്പം നടന്നുകൊണ്ട് കരുത്തു പകരുന്ന മനുഷ്യന്‍. വിശദമായി ഞങ്ങള്‍ സംസാരിച്ചു, സമൂഹത്തില്‍ അര്‍ബുദബാധിതരായ മനുഷ്യര്‍ക്ക് മാത്രമല്ല ഏവര്‍ക്കും പ്രചോദിതമാകുന്ന ഒരുപാട് ജീവിതങ്ങളെക്കുറിച്ച്. അതില്‍ കുട്ടികളുണ്ട്, കൗമാരക്കാരുണ്ട്, മുതിര്‍ന്നവരുണ്ട്, പ്രായമായവരുണ്ട് അങ്ങനെ വലിയ നിര.
അതിലൊരാളായ ശാംഭവിയെക്കുറിച്ച് തന്നെ ആദ്യം പറയണം. കാരണം അത്രമാത്രം നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടിയാണ് ശാംഭവി എം.എസ് എന്ന ഇരുപത്തൊന്നു വയസ്സുകാരി.
വെല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളജില്‍ നാലാം വര്‍ഷ ബി.എ.എം.എസ് വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ശാംഭവി. ആയുര്‍വേദ ഡോക്ടറാകണം, മാതൃകയായി മുന്നിലുള്ളത് ഡോ. ഗംഗാധരന്‍ എന്ന വലിയ മനുഷ്യനാണ്. അദ്ദേഹം ആതുരസേവനത്തിന് നല്‍കിയ നിര്‍വചനം, ചികിത്സക്കുമപ്പുറമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം തന്റെയും ജീവിതത്തിലുടെയും അര്‍ഥവത്താക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന പെണ്‍കുട്ടി.
ചാലക്കുടി കുറ്റിച്ചിറ എന്ന പ്രദേശത്തുകാര്‍ക്ക് ഈ പെണ്‍കുട്ടിയെ കുഞ്ഞുനാളിലേ അറിയാം. തന്ത്രി എം.എസ് ഹരിഹരസുതന്റെയും ഭാര്യ സിന്ധുവിന്റെയും മകള്‍. താഴെ അനുജനുമുണ്ട്, പേര് ഋഷികേശ്.
കുഞ്ഞുനാളിലേ കലാപ്രതിഭകളാണിരുവരും. ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളിലെ കലാപ്രതിഭകള്‍. സംഗീതം, കവിത, നൃത്തം തുടങ്ങി എല്ലാം വഴങ്ങുന്ന കുരുന്നുകള്‍. ശാംഭവി മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. അന്ന് സ്‌കൂള്‍ വാര്‍ഷികദിനത്തില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ ഇടത്തെ കാലിനൊരു വേദന വന്നു. സഹിക്കാനാവാത്ത വേദന. ഇതായിരുന്നു തുടക്കം. മാതാപിതാക്കള്‍ കൊച്ചു ശാംഭവിയെയും കൊണ്ട് ചാലക്കുടിയിലുള്ള ഡോക്ടറെ കാണാനെത്തി. എക്‌സ്‌റേയില്‍നിന്ന് പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി, എത്രയും പെട്ടെന്ന് വിദഗ്ധരെ കാണണമെന്ന് ഡോക്ടര്‍ മാതാപിതാക്കളോട് പറഞ്ഞു. കൂടുതലൊന്നും ആലോചിക്കേണ്ടതില്ലാത്തതുകൊണ്ട് ചികിത്സക്കായി നേരെ എറണാകുളത്ത് അമൃത ഹോസ്പിറ്റലിലേക്ക് ചെന്നു. പരിശോധനയെല്ലാം നടന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ ആ വിവരം മാതാപിതാക്കളെ അറിയിച്ചു, ഓസ്റ്റിയോ സര്‍ക്കോമ എന്ന ഒരുതരം അര്‍ബുദം. എല്ലുകളെ ബാധിക്കുന്ന അര്‍ബുദമാണ് ശാംഭവിയെ പിടികൂടിയിരിക്കുന്നത്. ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവരും. വേറെ വഴിയൊന്നുമില്ല. തകര്‍ന്നുപോയി ആ മാതാപിതാക്കള്‍. പ്രാര്‍ഥനയില്‍ വിശ്വസിച്ച ആ ദമ്പതികള്‍ കരഞ്ഞു പറഞ്ഞു ദൈവത്തോട്; കുഞ്ഞിനെ രക്ഷപ്പെടുത്തണം, കാലു മുറിച്ചുമാറ്റാതെ എന്തെങ്കിലും വഴികാണിച്ചുതരണം എന്ന്.
പിന്നീട് ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഈശ്വരനിയോഗം എന്നുതന്നെ പറയും ശാംഭവിയുടെ അഛന്‍. ഒരു പരിചയവുമില്ലാത്ത ഒരാള് അന്ന് അദ്ദേഹത്തെ ഫോണിലൂടെ വിളിച്ചുപറയുന്നു, മകളെ ഡോ. ഗംഗാധരനെ ഒന്നു കാണിക്കൂ എന്ന്. പിറ്റേന്നു തന്നെ ഒരു സുഹൃത്ത് വഴി എറണാകുളത്ത് വെല്‍കെയര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ഏര്‍പ്പാടാക്കി. മകളെയും കൊണ്ട്, എട്ടു വയസ്സുമാത്രമുള്ള ശാംഭവിയെയും കൊണ്ട് ഗംഗാധരന്‍ ഡോക്ടറുടെ അടുത്തെത്തുന്നു. പിന്നെ ദൈവത്തിന്റെ സാന്നിധ്യം തങ്ങളറിഞ്ഞത് ഡോക്ടര്‍ ഗംഗാധരനിലൂടെയായിരുന്നെന്ന് ഈ കുടുംബം വിശ്വസിക്കുന്നു.
ഓസ്റ്റിയോ സര്‍ക്കോമ എന്ന അര്‍ബുദത്തിന്റെ ഭീകരതയെക്കുറിച്ച് ഡോക്ടര്‍ വിശദമായി പറഞ്ഞുതുടങ്ങി. അസുഖം ബാധിച്ച കാലുകള്‍ മുറിച്ചുമാറ്റുക എന്നതല്ലാതെ മറ്റു പോംവഴികളില്ലാത്ത രോഗം തന്നെയാണ് ഇത്. പക്ഷേ ആധുനിക ചികിത്സാരംഗത്ത് പല പരീക്ഷണങ്ങളും നടക്കുന്നു. അതുകൊണ്ടുതന്നെ കാല് നഷ്ടപ്പെടുത്താതെ എങ്ങനെ ചികിത്സ നടത്താമെന്നതിനെക്കുറിച്ചാണ് ആലോചന നടത്തിയത്. ശാംഭവിയുടെ കാര്യത്തില്‍ ഡോക്ടര്‍ ആ തീരുമാനവുമായി മുന്നോട്ടു നീങ്ങി. ഇത് ഒറ്റയ്ക്ക് സാധ്യമല്ല. ഡോക്ടര്‍മാരുടെ ഒരു ടീം തന്നെ വേണം. സര്‍ജന്‍, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി ഒരു ടീം ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്തി. അര്‍ബുദം ബാധിച്ച എല്ല് മുറിച്ചുമാറ്റിയുള്ള ചികിത്സാരീതി. കുഞ്ഞിക്കാല്‍ മുറിച്ചുമാറ്റാതെ തന്നെ ശാംഭവിയെന്ന മിടുക്കിയെ ഡോക്ടര്‍ രക്ഷപ്പെടുത്തി.
ഇന്ന് ശാംഭവിയുടെ ഇടതുകാലിന് അല്‍പം വലിപ്പവ്യത്യാസമുണ്ടെന്നേയുള്ളൂ. മിടുക്കിയായി നടക്കുന്നു. രണ്ടുമണിക്കുറോളം തറയിലിരുന്നു കച്ചേരി അവതരിപ്പിക്കുന്നു. ആയുര്‍വേദ ഡോക്ടറാവണമെന്ന ജീവിതലക്ഷ്യം കൈവരിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് അവളിപ്പോള്‍. ഇങ്ങനെ നിരവധി ജീവിതകഥകളുണ്ട് ഡോ. ഗംഗാധരന്റെ ജീവിതതാളുകളില്‍ പങ്കുവെക്കാന്‍.