ഇനി കുടുംബത്തെ അനുഭവിക്കുന്നത് ഒന്നിച്ചാവാം
സുമയ്യ നാലകത്ത്
ജൂണ്‍ 2019
അലക്ഷ്യമായ ചാനല്‍ കാഴ്ചകള്‍ക്കിടയിലാണ് ഏരിയല്‍ സോപ്പിന്റെ പരസ്യം കണ്ണില്‍ പതിഞ്ഞത്. ഒരുപാട് ചിന്തകളും കഥകളും കാഴ്ചകളും മനസ്സില്‍ പെട്ടെന്ന് മിന്നിമറഞ്ഞു.
അലക്ഷ്യമായ ചാനല്‍ കാഴ്ചകള്‍ക്കിടയിലാണ് ഏരിയല്‍ സോപ്പിന്റെ പരസ്യം കണ്ണില്‍ പതിഞ്ഞത്. ഒരുപാട് ചിന്തകളും കഥകളും കാഴ്ചകളും മനസ്സില്‍ പെട്ടെന്ന് മിന്നിമറഞ്ഞു. എന്തെങ്കിലും ചിന്തിക്കാതെയും പറയാതെയും പോകാന്‍ അനുവദിക്കാത്ത വിധം അത് മനസ്സില്‍ പതിഞ്ഞിരുന്നു.
കല്യാണം കഴിഞ്ഞ് അകലെ താമസിക്കുന്ന മകളോട് ഫോണില്‍ സംസാരിച്ചുകൊണ്ട് ജോലിയില്‍ മുഴുകുന്ന ഒരമ്മ. അലക്ഷ്യമായും അശ്രദ്ധമായും കിടക്കുന്ന മകന്റെ മുറിയുടെ നിലത്തും അലമാരയിലുമായി തുണികളും ചെരുപ്പുകളും പെറുക്കിയും അടുക്കിയും വൃത്തിയാക്കിയും ആ അമ്മ മകളോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും തന്നെ ബാധിക്കാത്ത കാര്യമെന്നപോലെ മകന്‍ കിടക്കയില്‍ തന്നെയുണ്ട്, അമ്മയുടെ സംഭാഷണം ശ്രദ്ധിച്ചും ചോദിച്ചും. ജോലിയും വീടും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടി ജോലി ഉപേക്ഷിക്കാന്‍ വിചാരിക്കുന്ന മകളെ ഉപദേശിക്കുകയാണ് ആ അമ്മ. ജോലി ഉപേക്ഷിക്കാതിരിക്കാനും സ്വപ്‌നവും കുടുംബവും മരുമകന്റെ സഹായത്തോടെ നിലനിര്‍ത്തണമെന്നും മകളോട് പറഞ്ഞുകൊടുക്കുകയാണവര്‍. വീടിനെയും കുടുംബത്തെയും ഒട്ടും പരിചയമില്ലാത്ത ഭര്‍ത്താവിനെ കുറിച്ച് പറയുമ്പോള്‍ ആ അമ്മക്ക് തിരിച്ചറിവുണ്ടാകുന്നു.
ഞാനെന്താണ് ചെയ്യുന്നത്?
മകന് അലക്ഷ്യമായും അശ്രദ്ധമായും ജീവിക്കുന്നതിന് സകല സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് അധ്വാനത്തിന്റെ വിലയും മറ്റുള്ളവര്‍ അതിന് വേണ്ടി ചെലവഴിക്കുന്നത് കേവലം സമയം മാത്രമല്ല അവരുടെ ആയുസ്സ് തന്നെയാണ് എന്നുമുള്ള ബോധം സൃഷ്ടിക്കാതെയും വളര്‍ത്തിയ അമ്മ തന്നെയല്ലേ പെണ്‍മക്കളുടെ ഈ അവസ്ഥക്ക് കാരണക്കാരി എന്ന് തിരിച്ചറിയുകയും മകനെ വീട്ടുകാര്യങ്ങളില്‍ പ്രാപ്തനാക്കുകയും ചെയ്യുന്നതാണ് പരസ്യം. കാഴ്ചയിലില്ലെങ്കിലും ശബ്ദ സംഭാഷണത്തിലൂടെ മാത്രം വെളിപ്പെടുന്ന മകളുടെ ദുഃഖം സത്യമായും ഭീകരമായും പ്രതിഫലിപ്പിക്കുന്നുണ്ട് നിമിഷനേരത്തെ ആ പരസ്യം.
വര്‍ഷങ്ങളുടെ അധ്വാനവും സ്വപ്‌നവും സമ്പത്തും അവസരവും കേവല വളര്‍ത്തു ദോഷങ്ങള്‍ക്ക് വേണ്ടി ബലികഴിപ്പിക്കേണ്ടതിന്റെ ദുരവസ്ഥ. അത് പ്രയാസകരമാണ്. വര്‍ക്കിംഗ് വുമണ്‍ എന്നാല്‍ അമിതഭാരം വഹിക്കുന്നവര്‍ തന്നെയാണ്. നമ്മുടെ സമൂഹ വ്യവസ്ഥിതിയില്‍ അവളുടെ ഒഴിവുദിനം കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും യാതൊരു പണിയും ചെയ്യാതെ സുഖമായി വിശ്രമിക്കാനുള്ള വകയൊരുക്കുന്ന ദിനമാണ്.
നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ അവരുടെ ഉല്‍പാദനത്തിന്റെ വിപണനത്തിനായി ശരിയായും ശക്തമായും ഏരിയല്‍ സോപ്പിന്റെ നിര്‍മാതാക്കളും ഉപയോഗിച്ചു. വീടിനും വീട്ടുകാര്യങ്ങള്‍ക്കും അപരിചിതമായ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയുമൊക്കെ ഉണ്ടാക്കുന്ന തിരക്കിലാണ് ഒരോരുത്തരും. അടിസ്ഥാനപരമായ സ്വന്തം ആവശ്യങ്ങള്‍ (ഭക്ഷണം, വസ്ത്രം, വൃത്തി, സമയനിഷ്ഠ) ഇത്യാദി കാര്യങ്ങളില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന സുഖലോലുപത. ഗുണഭോക്താക്കളായവരെ മാത്രം സൃഷ്ടിക്കുന്ന വീടകങ്ങള്‍ എന്നത് ആരോഗ്യപരമായ പ്രവണതയല്ല എന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പാരന്റിംഗ് എന്നാല്‍ സകല സൗകര്യങ്ങളും മക്കള്‍ക്ക് ഒരുക്കിക്കൊടുത്ത്, പാകത്തിന് ചൂടും തണുപ്പും കൊടുത്ത് ചുറ്റുപാടുകളെ തിരിച്ചറിയാനാവാത്ത, വീടും വീട്ടുകാര്യങ്ങളും പരിചിതമല്ലാത്ത വിരുന്നുകാരെപ്പോലെ മക്കളെ വളര്‍ത്തലല്ല. അധ്വാനവും സ്‌നേഹവും ലാളനയും നല്‍കുന്നതോടൊപ്പംതന്നെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാനും പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുകയും ചെയ്യുന്നതാണ്. ഇസ്‌ലാമിക സ്വഭാവത്തോടെയുള്ള ഇത്തരമൊരു പാരന്റിംഗ് ആണ് കുടുംബത്തില്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്.
ത്യാഗങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും മഹത്വവത്കരിച്ചും കുടുംബം, വീട് പരിചരണം എന്നിവ സ്ത്രീ ചുമലുകളില്‍ വെച്ചുകെട്ടുകയും അതിന്റെ ഗുണഭോക്താക്കളായി മാത്രം മാറുന്ന മറ്റ് അംഗങ്ങളുള്ള ഒരു പാട്രിയാര്‍ക്കല്‍ ഇടമല്ല നമ്മുടെ കുടുംബ മാതൃക. മറിച്ച്, കൂടുതല്‍ ഒഴുക്കോടെയും നൈസര്‍ഗികമായും സ്‌നേഹവും അധ്വാനങ്ങളും പങ്കുവെക്കുന്ന മനോഹരമായ ഇടമാണ് ഇസ്‌ലാമിക കുടുംബം.
ഭാര്യമാരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടവരാണ് (ഖുര്‍ആന്‍ 4:19).
പ്രവാചക പത്‌നിയായിരുന്ന ആഇശ(റ) മുഹമ്മദ് എന്ന ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു: അദ്ദേഹം എപ്പോഴും എന്നെ വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. വസ്ത്രം നെയ്യുകയും ചെരുപ്പ് തുന്നുകയും നിലം തൂക്കുകയും ചെയ്യുമായിരുന്നു. മൃഗങ്ങളെ പരിപാലിക്കുകയും അവയുടെ പാല്‍കറക്കുകയും പുരയിടത്തിലെ കഠിനാധ്വാനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ഈ കര്‍മ വിശദീകരണങ്ങള്‍ക്ക് പുറമെ അദ്ദേഹം ഇങ്ങനെ ഉദ്‌ഘോഷിക്കുക കൂടി ചെയ്തു: വിശ്വാസികളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും നല്ല സ്വഭാവ ഗുണമുള്ളവരാണ്. നല്ല സ്വഭാവമുള്ളവരോ ഭാര്യമാരോട് ഏറ്റവും 'നല്ല നിലയില്‍' പെരുമാറുന്നവരുമാണ്.
അപരന്റെ സമയം, അധ്വാനം, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ആത്മാഭിമാനം എന്നിവ വകവെക്കുന്ന 'നല്ല നില'യാണ് നമ്മുടെ പാരമ്പര്യം. അവിടെ മാധവിക്കുട്ടിയുടെ പ്രശസ്തമായ കഥയിലെ കോലാടിലെ നായികയെപ്പോലെ സ്വയം തിരിച്ചറിയാത്ത, സ്വന്തത്തിനായി സമയം ഉപയോഗിക്കാനില്ലാത്ത ആത്മാഭിമാനം കൈമോശം വന്ന യന്ത്രസമാനമായ അമ്മയുണ്ടാവില്ല. പറഞ്ഞു പഠിപ്പിച്ചും ചെയ്യിപ്പിച്ചും തിരുത്തിയും തിരിച്ചറിവുണ്ടാകുന്ന, അറിഞ്ഞ് ജീവിക്കുന്ന രക്ഷാകര്‍ത്താക്കളുണ്ടാക്കുന്ന ഇടം. അതാണ് നമ്മുടെ കുടുംബ സംവിധാനത്തിലുണ്ടാകേണ്ടത്.
സ്വയം പര്യാപ്തത കേവല സാമ്പത്തിക സ്വയം പര്യാപ്തത മാത്രമല്ല, അധ്വാനങ്ങളില്‍ പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു ബോധ്യങ്ങള്‍ കുട്ടികളിലുണ്ടാക്കണം.
ഒരുമിച്ച് അലക്കാം, ഭക്ഷണം പാകം ചെയ്യാം, വൃത്തിയാക്കാം, കളിക്കാം, വായിക്കാം, യാത്രകള്‍ പോകാം. അധ്വാനങ്ങള്‍ പങ്കുവെച്ച് കൂട്ടുത്തരവാദിത്തത്തോടെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും കുടുംബത്തെ അനുഭവിക്കാന്‍ കഴിയണം.