സഹവര്‍ത്തിത്വത്തിലൂടെ സ്വാശ്രയത്വത്തിലേക്ക്

കെ.പി ആശിഖ്
ജൂണ്‍ 2019
മറ്റൊരു അധ്യയനവര്‍ഷം കൂടി ആരംഭിക്കുകയാണ്. നല്ല സ്‌കൂളുകള്‍ക്കു വേണ്ടിയും നല്ല കോഴ്‌സുകള്‍ കിട്ടാനുള്ള വെപ്രാളത്തിലുമാണ്  രക്ഷിതാക്കള്‍.

മറ്റൊരു അധ്യയനവര്‍ഷം കൂടി ആരംഭിക്കുകയാണ്. നല്ല സ്‌കൂളുകള്‍ക്കു വേണ്ടിയും നല്ല കോഴ്‌സുകള്‍ കിട്ടാനുള്ള വെപ്രാളത്തിലുമാണ്  രക്ഷിതാക്കള്‍. ലോകത്തില്‍ ഇത്രയേറെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി വെപ്രാളപ്പെടുന്ന ഒരു ജനത നമ്മളെപ്പോലെ ഉണ്ടാവില്ല. ഒരു ഭാഗത്ത് വിദ്യാഭ്യാസത്തിനും അതോടനുബന്ധിച്ച ഉന്നമനത്തിനും വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ക്കാറിനു കീഴിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. നല്ല ബില്‍ഡിങ്ങുകള്‍, ശുചിമുറികള്‍, ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഭക്ഷണം, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകര്‍, പൈസ ചെലവില്ലാതെ പഠനസൗകര്യങ്ങള്‍. മറുഭാഗത്ത് സ്വകാര്യ സ്‌കൂളുകള്‍. ഒരുപക്ഷേ മേല്‍പറഞ്ഞവയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് മിക്ക സ്വകാര്യ സ്ഥാപനങ്ങളും. എന്നാലും ഇത്തരം സ്വകാര്യ സ്‌കൂളുകളിലേക്ക് പരക്കം പായുന്ന രക്ഷിതാക്കളെയും അവരുടെ ആശങ്കകളും കാണുമ്പോള്‍ പലപ്പോഴും അത്ഭുതം  തോന്നാറുണ്ട്. എല്‍.കെ.ജി ക്ലാസിലേക്ക് രണ്ടു ലക്ഷം രൂപ വാങ്ങുന്ന ഒരു സ്‌കൂള്‍ കോഴിക്കോട്ട് ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്വര്‍ണം പണയം വച്ചും ഒരു സീറ്റ് തരപ്പെടുത്താന്‍ ഉള്ള പരക്കം പാച്ചിലിലാണ് പല രക്ഷിതാക്കളും. എന്തിനാണ് ഇത്ര ആശങ്ക? നല്ല വിദ്യാഭ്യാസം സ്‌കൂളിലും കോളേജിലും കൊടുക്കണം എന്നത് ശരിയാണ്. പക്ഷേ അത് തങ്ങളുടെ ഗമ കാണിക്കാനും സ്വാര്‍ഥതക്കും എങ്ങനെയെങ്കിലും യോഗ്യത നേടി പണം സമ്പാദിക്കാന്‍ എന്നതു മാത്രമാവുമ്പോഴാണ് പ്രശ്‌നമാവുന്നത്. ഇതു കാണുമ്പോഴാണ് വിദ്യാഭ്യാസംകൊണ്ട് സാമൂഹിക പുരോഗതിയാണോ വേണ്ടത് അല്ല വിപത്താണോ എന്നു നാം  ചിന്തിക്കേണ്ടത്. 
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടേണ്ടതുണ്ട് എന്നത് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്. പക്ഷേ, എന്താണ് നല്ല വിദ്യാഭ്യാസം എന്നുകൂടി മനസ്സിലാക്കണം. വിദ്യാഭ്യാസം എന്നത് കേവലം അറിവ് നിര്‍മിക്കുക മാത്രമല്ല, സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ എങ്ങനെ ജീവിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. സമ്പൂര്‍ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസം. ശിശുവിന്റെയും പ്രായപൂര്‍ത്തിയായ മനുഷ്യന്റെയും ശരീരത്തിലും മനസ്സിലും ആത്മാവിലും അന്തര്‍ഭവിച്ചിട്ടുള്ള  എല്ലാ നന്മകളെയും പുറത്തേക്കു കൊണ്ടുവരുന്ന പ്രക്രിയ എന്നതാണ് ഗാന്ധിജി വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുള്ളത്. ഭയത്തെ നിര്‍മാര്‍ജനം ചെയ്യുന്നതാണ് വിദ്യാഭ്യാസം. അതിനു സഹായിക്കുന്നവനാണ് അധ്യാപകന്‍. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ജ്ഞാന സമ്പാദനം, സമഗ്രവികസന ലക്ഷ്യം, സമ്പൂര്‍ണ ജീവിത ലക്ഷ്യം, വ്യക്തിത്വ വികസനം, സാമൂഹിക വികസനം എന്നിവയാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിര്‍ഭയമായി ജീവിക്കാന്‍ പഠിപ്പിക്കുന്നവനാണ് ഗുരു. ജീവിത വിജയത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. അതിന് സൗകര്യമൊരുക്കുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇത്തരം അനുഭവങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.  ഇംഗ്ലീഷ് ഭാഷയോടുള്ള അമിതമായ ആര്‍ത്തി മൂലം മറ്റു പലതും നഷ്ടപ്പെടുത്തിക്കൂടാ. വ്യത്യസ്ത ഭാഷകള്‍ പോലും ആര്‍ജിതമാവുന്നത്  മാതൃഭാഷ ഭംഗിയായി സംശുദ്ധിയോടെ സംസാരിക്കുമ്പോഴാണ്. ഇങ്ങനെ മാതൃഭാഷ അനായാസകരമായി കൈകാര്യം ചെയ്യുന്ന ഒരു കുട്ടിക്ക് ഏതു ഭാഷയും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വിചക്ഷണനായ നോം ചോംസ്‌കി Generative ഗ്രാമര്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് . 
തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ അവരുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അവരെ അവര്‍ക്കിഷ്ടമുള്ള ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിക്കുന്നവനാണ് അധ്യാപകന്‍. തൂലികക്കു വാളിനേക്കാള്‍ ശക്തിയുണ്ടെന്നാണ് അലക്‌സാണ്ടറും അരിസ്റ്റോട്ടിലും  പറഞ്ഞിട്ടുള്ളത്. പ്രശസ്ത വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞന്‍ ബെഞ്ചമിന്‍ പറഞ്ഞതുപോലെ നമ്മുടെ ഗ്രഹണശക്തിയും ധാരണാശക്തിയും മനശ്ശക്തിയും സംയോജിക്കുമ്പോള്‍ ആണ് അറിവുകൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. അറിവ് ലഭിക്കുമ്പോള്‍ അതെങ്ങനെ തന്റെ  ജീവിതവുമായി അടുത്തു നില്‍ക്കുന്നു എന്നും അത് എങ്ങനെ പ്രയോഗവത്കരിക്കാന്‍ കഴിയുന്നു എന്നും മനസ്സിലാക്കുമ്പോഴേ വിജയം കൈവരിക്കാനാകൂ എന്ന് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. 
നാം നമുക്ക് കിട്ടിയ ജീവിതത്തെ നിസ്സാരമായി തള്ളിക്കളയരുത്. ഓരോ മക്കളിലും അപാരവും വ്യത്യസ്തവുമായ കഴിവുകള്‍ ഉണ്ടെന്നു മനസ്സിലാകാതിരിക്കുന്നതാണ് പ്രശ്‌നം. പ്രധാനമായും അധ്യാപകരും രക്ഷിതാക്കളും മനസ്സിലാക്കേണ്ടതും ഇതുതന്നെയാണ്. കുട്ടികള്‍ക്ക് സ്വയം അവര്‍ ആരാണെന്നും അവന്റെ കഴിവുകള്‍ ഭാവിയില്‍ ഏതു രൂപത്തില്‍ തിരിച്ചുവിടണം എന്നും ഉള്ള തിരിച്ചറിവ് കൊടുക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണം. അങ്ങനെ സ്വയം ആരാണെന്ന് തിരിച്ചറിയുമ്പോള്‍ തന്റെ പ്രിയപ്പെട്ടവര്‍ ആരാണെന്നും ചുറ്റുമുള്ളത് എന്താണെന്നും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും അപ്പോള്‍ മാത്രമേ സമൂഹത്തെയും നാടിനെയും സ്‌നേഹിക്കാനും പരിപാലിക്കാനും കഴിയൂ. ഒരുമിച്ച് സന്തോഷത്തോടെ ദീര്‍ഘകാലം ജീവിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം. മറിച്ചു സംഭവിക്കുമ്പോള്‍ അറിവ് ഗര്‍വിലേക്കും പലതരം അപകര്‍ഷ ബോധത്തിലേക്കും നയിക്കും. ഇത് അഴിമതി, സ്വാര്‍ഥത, തീവ്രവാദം എന്നിവയിലേക്കും നയിക്കും. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ചുറ്റുപാടുമുള്ളതിനെ കൂട്ടിയോജിപ്പിക്കാനും ഊട്ടിയുറപ്പിക്കാനും കഴിയുന്ന വ്യക്തിയായി ഒരാള്‍ മാറണം. ഇത്തരത്തില്‍ വിദ്യാഭ്യാസത്തെ കാണാന്‍  രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എല്ലാവരും ശ്രമിക്കണം. എല്ലാം കൂട്ടിച്ചേക്കുമ്പോഴാണ് അഥവാ കൂടിച്ചേരുമ്പോഴാണ് വിജയം, സമാധാനം എന്നിവ ഉണ്ടാകുന്നത്. ഇത് സാധ്യമാകണമെങ്കില്‍ ജ്ഞാനം പകര്‍ന്നുനല്‍കുന്ന വിദ്യാലയങ്ങള്‍ കേവലം അറിവിന് മാത്രമുള്ളതാവരുത്. മറിച്ച് ഓരോ  വിദ്യാര്‍ഥിയെയും അവന്റെ വ്യത്യസ്തമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവനെ സ്വതന്ത്രമായും സര്‍ഗാത്മകമായും വിമര്‍ശനാത്മകമായും ചിന്തിപ്പിച്ചു മുന്നേറാന്‍ ശ്രമിപ്പിക്കണം. അല്ലാത്തപക്ഷം നമ്മുടെ വിദ്യാലയങ്ങള്‍ അറിവ് ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളായും വിദ്യാര്‍ഥികള്‍ ഉല്‍പന്നങ്ങളായും അധ്യാപകര്‍ തൊഴിലാളിയായും മാറും. ഇത് നമ്മുടെ സമൂഹത്തെയും നാടിനെ തന്നെയും ഇരുട്ടിലാക്കും.  2030 കഴിയുമ്പോഴേക്കും ഇന്ത്യ ലോകത്തെ യുവാക്കളുടെ രാജ്യമായി മാറും എന്നാണ് കണക്കുകള്‍ നമ്മോട് പറയുന്നത്. ഇവരെ അടിമകളും അസ്വസ്ഥരും നിരാശരുമാക്കി മാറ്റരുത്. എന്നാല്‍ അത്തരം രൂപത്തിലുള്ളതാണ് നിലവിലെ മത്സരാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം. അങ്ങനെ വന്നാല്‍ രാജ്യം ഡെമോക്രസിയില്‍നിന്ന് ാീയീരൃമ്വ്യയിലേക്ക് മാറിപ്പോകും. അത് അനുവദിച്ചുകൂടാ. നമ്മുടെ സംസ്‌കാരം, സ്വാതന്ത്ര്യം, സമാധാനം എന്നിവ പരസ്പര സഹവര്‍ത്തിത്വത്തോടെ നിലനിര്‍ത്തണം. ഓരോ രക്ഷിതാവിന്റെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിന്ത ആ നിലക്ക് നയിക്കാന്‍ ഉതകുന്ന സമഗ്രമായ വിദ്യാഭ്യാസ രീതിയാണ് യഥാര്‍ഥത്തില്‍ നമുക്കാവശ്യം. അത്തരത്തിലുള്ളൊരു മാറ്റമാകട്ടെ അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഉണ്ടാവുന്നത്. ട

(മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗമാണ് ലേഖകന്‍)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media