അറിവും സംസ്‌കാരവും
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സമൂഹമെന്ന നിലക്ക് മക്കളെ കൂടുതല്‍ മികച്ചതും മെച്ചപ്പെട്ടതുമായ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്.
'തീര്‍ച്ചയായും ദൈവദാസന്മാരില് അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്' (35:28).
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സമൂഹമെന്ന നിലക്ക് മക്കളെ കൂടുതല്‍ മികച്ചതും മെച്ചപ്പെട്ടതുമായ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. കുടുംബ ബജറ്റിന്റെ കാര്യമായൊരു വിഹിതം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നു. ഭാവിജീവിതം സുരക്ഷിതമാക്കാനും സമൂഹത്തില്‍ മാന്യതയുള്ളൊരു ജോലി നേടാനും മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇത്രയധികം ശ്രദ്ധിക്കുന്നത്. മറിച്ച് സംസ്‌കാര രൂപീകരണത്തില്‍ വിദ്യാഭ്യാസത്തിനും അറിവിനും വലിയ പങ്കുണ്ട് എന്നതുകൊണ്ട് കൂടിയാണ്. വിദ്യാഭ്യാസമുള്ള കുടുംബമാണെന്ന് ഒരുകൂട്ടരെ കുറിച്ച് അഭിപ്രായം പറയുന്നത് അവര്‍ ഇടപെടാനും പെരുമാറാനുമൊക്കെ മാന്യതയുള്ളവരാണ് എന്നര്‍ഥത്തില്‍ കൂടിയാണ്. അതുകൊണ്ടാണ് ഒരാളുടെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്ന് ഗാന്ധിജി പറഞ്ഞത്.
വിദ്യാര്‍ഥികാലം, ഒരാളുടെ വ്യക്തിത്വവും ചിന്തയും നിലപാടുകളും രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പഠിക്കുന്നതും പഠിപ്പിക്കപ്പെടുന്നതും വിദ്യാര്‍ഥികളെ സ്വാധീനിക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ 'മതമില്ലാത്ത ജീവന്‍' എന്നൊരു അധ്യായം സ്‌കൂള്‍ പാഠപുസ്തകത്തില്‍ ചേര്‍ത്തതിനെതിരെ വലിയ എതിര്‍പ്പുകളും പ്രതിഷേധങ്ങളുമുണ്ടായത് കേവല രാഷ്ട്രീയ വിയോജിപ്പായിരുന്നില്ല, മറിച്ച് ഭൂരിപക്ഷം മതവിശ്വാസികളായൊരു സമൂഹത്തില്‍ ബോധപൂര്‍വം മതനിരാസം പഠിപ്പിക്കുന്നത്, ഒരു പാഠപുസ്തകത്തിലെ ഭാഗമല്ലേ എന്ന ലാഘവത്തില്‍ തള്ളിക്കളയാന്‍ ജനങ്ങള്‍ തയാറാവാതിരുന്നത് അത് മക്കളില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച ആശങ്കകള്‍ തന്നെയായിരുന്നു. ഇന്ത്യാ ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയെന്നും മലബാറിലെ ചെറുത്തു നില്‍പ്പിനെ കലാപമെന്നും വാഗണ്‍ കൂട്ടക്കൊലയെ ട്രാജഡിയെന്നും എഴുതിവെച്ചത് ബോധപൂര്‍വമാണ്. ചരിത്രപാഠങ്ങളില്‍ ഈ വാക്കുകളിലൂടെ സ്വാതന്ത്ര്യസമര ചരിത്രത്തെ വായിക്കുന്ന വിദ്യാര്‍ഥികള്‍ ബ്രിട്ടീഷുകാര്‍ അത്ര വലിയ കുഴപ്പക്കാരായിരുന്നില്ലെന്നും ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണമെന്നുമുള്ള തോന്നല്‍ വരുത്തിത്തീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. തന്റെ അധികാരത്തിന് ഭീഷണിയാകുമെന്ന് കരുതി കുഞ്ഞുങ്ങളെ കൊന്ന ഫറോവയെ കുറിച്ച് ഉര്‍ദു കവി അക്ബര്‍ ഇലാഹബാദി പറഞ്ഞതിങ്ങനെയായിരുന്നു:
യൂന്‍ ഖത്ല്‍ സെ ബയ്യോം കൊ വൊ ബദ് നാം ന ഹോതാ
അഫ്‌സോസ് കെ ഫിര്‍ഔന്‍ നെ കോളേജ് കി ന നോച്ചി
'എന്തിനാണ് ഫറോവ കുഞ്ഞുങ്ങളെ കൊന്ന് ചരിത്രത്തില്‍ ചീത്തപ്പേര് സമ്പാദിച്ചത്? അദ്ദേഹത്തിനൊരു വിദ്യാലയം തുടങ്ങിയാല്‍ മതിയായിരുന്നല്ലോ!'
വിദ്യാഭ്യാസത്തിലൂടെ എങ്ങനെയാണൊരു തലമുറയുടെ ചിന്താഗതിയെ മാറ്റിമറിക്കാനാവുക എന്നതിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട് ഈ വരികള്‍. സമകാലിക ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കൈകടത്തലുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ബഹുസ്വര സംസ്‌കാരത്തെയും ഉള്‍ക്കൊള്ളല്‍ മനോഭാവത്തോടെ സമീപിക്കുന്നതിന് പകരം ഏകശിലാത്മകമായൊരു സംസ്‌കാരം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും സിലബസിലും പാഠപുസ്തകങ്ങളിലൂടെയും പകര്‍ന്ന് നല്‍കി കൃത്യമായ മുസ്‌ലിം വിദ്വേഷം പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം ഭരണകാലത്തെയും സാന്നിധ്യത്തെയും തികച്ചും പ്രതിലോമകരമായി ചിത്രീകരിക്കുന്നു. അമ്പലങ്ങള്‍ തകര്‍ത്തവരായും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയവരായും മുസ്‌ലിം ഭരണാധികാരികളെ ചിത്രീകരിക്കുമ്പോള്‍ അത് വിദ്യാര്‍ഥികളില്‍ കൃത്യമായ വര്‍ഗീയ മനസ്സ് രൂപപ്പെടുത്തുന്നുണ്ട്. അറിവിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യവും സ്വാധീനവും വളരെ വിപുലമാണെന്ന യാഥാര്‍ഥ്യത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.
മനുഷ്യന്റെ ചിന്തകളെയും ജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ അറിവിന് നിര്‍ണായക സ്വാധീനമുണ്ട് എന്നത് കൊണ്ട് തന്നെയാണ് ഇസ്‌ലാം അത് വളരെ ഗൗരവത്തില്‍ സമീപിച്ചിട്ടുള്ളത്. ആദ്യത്തെ മനുഷ്യനായ ആദമിനെ സൃഷ്ടിച്ചശേഷം ആദ്യമായി ചെയ്തത് പഠിപ്പിക്കുക എന്ന കാര്യമാണല്ലോ. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യണമെന്ന ആദ്യപാഠങ്ങളും ദൈവത്തില്‍നിന്ന് മനുഷ്യന്‍ പഠിച്ച് വെച്ചു. ദൈവിക മാര്‍ഗദര്‍ശനം തെളിമയാര്‍ന്ന രൂപത്തില്‍ തന്നെ റസൂലി(സ)ന് ലഭിക്കണമെന്നത് കൊണ്ടാകാം വഹ്‌യ് പഠിപ്പിക്കപ്പെടുംമുമ്പ് ആ മനസ്സില്‍ മറ്റ് അറിവുകള്‍ സ്ഥാനം പിടിക്കരുതെന്ന് അല്ലാഹു നിശ്ചയിച്ചത്. അങ്ങനെ അക്ഷരജ്ഞാനമില്ലാത്ത (ഉമ്മിയ്യ്) റസൂലിന്റെ ഹൃദയത്തിലേക്ക് ദൈവിക ജ്ഞാനമാകുന്ന അറിവിന്റെ പ്രകാശം നല്‍കി. അവിടം മുതല്‍ പുതിയൊരു മനുഷ്യനായി മുഹമ്മദ് മാറി.
അല്ലാഹുവെ മനസ്സിലാക്കുകയും അറിയുകയും ചെയ്യുക എന്നതാണ് എല്ലാ അറിവുകളുടെയും പ്രാഥമികവും പ്രധാനവുമായ ലക്ഷ്യമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വായിക്കുക എന്നുമാത്രം പറഞ്ഞ് നിര്‍ത്താതെ നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കണമെന്ന് പറഞ്ഞത്. പ്രപഞ്ചത്തെയും അതിന്റെ സകല അത്ഭുതങ്ങളെയും കുറിച്ച അറിവുകള്‍ മനുഷ്യനെ നയിക്കേണ്ടത് സ്രഷ്ടാവിനെ കുറിച്ചുള്ള ബോധ്യത്തിലേക്കും അവന്റെ കഴിവുകളെ കുറിച്ച തിരിച്ചറിവുകളിലേക്കുമാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെയും സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെയും കുറിച്ച് ഇടക്കിടെ പരാമര്‍ശിച്ച് അതിനെ കുറിച്ച് ആലോചിക്കാനും പഠിക്കാനും ആവശ്യപ്പെടുന്നത്. അങ്ങനെ പഠിക്കുന്നവര്‍ക്കാണ് അല്ലാഹുവിനെ ഏറ്റവും നന്നായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുകയെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നതും. 'തീര്‍ച്ചയായും ദൈവദാസന്മാരില് അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്' (35:28). അറിയുംതോറും ആഴം കൂടുന്ന ബോധ്യമാണ് അല്ലാഹുവെ കുറിച്ചുള്ള അറിവുകള്‍. എണ്ണി തീര്‍ക്കാനാവാത്തത്ര വിശാലമാണല്ലോ അവന്റെ കഴിവുകളും ഇടപെടലുകളും. 'ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക, സമുദ്രങ്ങളെല്ലാം മഷിയാവുക. വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക. എന്നാലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല' (31:27).
അല്ലാഹുവെക്കുറിച്ചുള്ള തിരിച്ചറിവിനോടൊപ്പം സാമൂഹിക ബോധം നേടിയെടുക്കുക എന്നത് അറിവിന്റെ പ്രധാന ഉദ്ദേശ്യമാണ്. ഹിറാ ഗുഹയില്‍നിന്നും വഹ്‌യ് ലഭിച്ച റസൂല്‍(സ) അല്ലാഹുവെ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവ് പിന്നീട് ഹിറാ ഗുഹയില്‍ പോയി ധ്യാനമിരിക്കാനല്ല നബിയെ പഠിപ്പിച്ചത് മറിച്ച് സമൂഹത്തിലേക്കിറങ്ങാനാണ്. അനീതിയിലും അധാര്‍മികതയിലും മുങ്ങിയ ഒരു സമൂഹത്തെ നീതിയുടെയും ധാര്‍മികതയുടെയും നന്മയുടെയും സാമൂഹികാവസ്ഥയിലേക്ക് വിമോചിപ്പിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്കിറങ്ങാനാണ് തയാറാക്കിയത്. അറിവ് മനുഷ്യനെ നയിക്കേണ്ടത് കൃത്യമായ സാമൂഹിക അവബോധത്തിലേക്കാണ്. അറിവിനെ ഉപയോഗിക്കേണ്ട പ്രായോഗിക മണ്ഡലം സമൂഹമാണ്. സാമൂഹിക ബോധം നല്‍കാത്ത അറിവുകള്‍ മനുഷ്യനെ സ്വാര്‍ഥനാക്കുകയാണ് ചെയ്യുക.
മഴപെയ്യുന്നതെങ്ങനെയാണെന്ന് ശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഭൂമിയിലെ ജലാശയങ്ങളില്‍നിന്നും ബാഷ്പീകരണം മൂലം മുകളിലേക്ക് പൊങ്ങുന്ന ജലകണങ്ങള്‍ മഴമേഘങ്ങളായി രൂപപ്പെട്ട് ശുദ്ധ ജലമായി തിരിച്ച് ഭൂമിയിലേക്ക് പെയ്യുന്നു. ആ പെയ്യുന്ന ജലത്തിന്റെ മൂലകങ്ങള്‍ ഹൈഡ്രജനും ഓക്‌സിജനുമാണ്. ഖുര്‍ആനും ഈ പ്രക്രിയ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് വിവരിച്ച ശേഷം ഖുര്‍ആന്‍ ആ അറിവിനെ കൊണ്ടെത്തിക്കുന്നത് ആ മഴ വര്‍ഷിപ്പിച്ചു തരുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയിലേക്കാണ്. ആരാണ് കടലിലെ ഉപ്പുജലത്തെ ശുദ്ധജലമാക്കി തിരിച്ച് തരുന്നതെന്ന ചോദ്യത്തിലൂടെ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ ശക്തിയെ കുറിച്ചോര്‍മപ്പെടുത്തുന്നു ഖുര്‍ആന്‍. അവിടെ തീരുന്നില്ല, റസൂല്‍(സ) ഒരു കഥ പറയുന്നുണ്ട്. കൈയിലുള്ള വെള്ളവും ഭക്ഷണവും തീര്‍ന്ന് ദാഹിച്ച് വരണ്ട് വെള്ളമന്വേഷിച്ച് മരുഭൂമിയിലൂടെ നടക്കുന്ന ഒരു യാത്രക്കാരനെക്കുറിച്ച്. ഒടുവില്‍ ഒരു കിണറില്‍ കുറച്ചു വെള്ളം കണ്ടെത്തുന്നു. പ്രയാസപ്പെട്ട് അതിലേക്കിറങ്ങി മതിയാവോളം വെള്ളം കുടിച്ച് തിരിച്ച് കയറിയപ്പോഴതാ ഒരു നായ മണ്ണ് കപ്പുന്നു. അയാള്‍ക്ക് പെട്ടെന്ന് മനസ്സിലായി താന്‍ കുറച്ച് മുമ്പ് വരെ അനുഭവിച്ച കൊടിയ ദാഹമാണ് നായയെയും അവിടെയെത്തിച്ചത്. ഒരു കല്ലെടുത്ത് അതിനെ ആട്ടിയോടിക്കുന്നതിന് പകരം വീണ്ടും ആ മനുഷ്യന്‍ കിണറ്റിലേക്കിറങ്ങി താന്‍ ധരിച്ച കാലുറയില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ച് പിടിച്ച് മുകളിലേക്ക് കയറി ആ നായക്കു വെള്ളം കൊടുത്തു. റസൂല്‍(സ) പറഞ്ഞു: 'അയാള്‍ സ്വര്‍ഗത്തിലാണ്.' ഇത് ഇസ്‌ലാം നല്‍കുന്ന മറ്റൊരു പാഠമാണ്. വെള്ളമുണ്ടാകുന്നതെങ്ങനെയെന്ന് പഠിച്ച് വെച്ചാല്‍ മാത്രം പോരാ ആ വെള്ളം ആരു നല്‍കുന്നു എന്ന തിരിച്ചറിവും ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്‍കല്‍ പുണ്യവുമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ആ അറിവിന്റെ പൂര്‍ണതയിലെത്തുന്നത്. അതുകൊണ്ടാണ് പ്രാര്‍ഥിക്കുമ്പോള്‍ ഉപകാരപ്രദമായ അറിവ് നല്‍കണേ എന്ന് പ്രാര്‍ഥിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ഉപകാരമാകുന്ന അറിവാണ് ശരിയായ അറിവ്. അത്യാധുനിക യന്ത്രങ്ങളുപയോഗിച്ച് ആഴത്തില്‍ കുഴിച്ചാല്‍ കൂടുതല്‍ വെള്ളം ഊറ്റിയെടുക്കാനാകുമെന്നും അതുപയോഗിച്ച് സോഫ്റ്റ് ഡ്രിങ്കുകള്‍ ഉണ്ടാക്കി ലാഭം നേടാമെന്നും പഠിക്കുന്നവര്‍ അങ്ങനെ വെള്ളം അമിതമായി വലിച്ചെടുത്താല്‍ ചുറ്റുപാടുമുള്ള ആളുകളുടെ കുടിവെള്ളം വറ്റിപ്പോകുമെന്ന് ആലോചിക്കാതിരിക്കുന്നത് അപകടമാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചാല്‍ കീടങ്ങള്‍ മുഴുവന്‍ പെട്ടെന്ന് നശിക്കുമെന്നും കൂടുതല്‍ വിളവുകളുണ്ടാകുമെന്നും അതുവഴി ലാഭം നേടാമെന്നും അവര്‍ പഠിക്കുന്നുണ്ട്. പക്ഷേ, അത് എങ്ങനെയാണ് അവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് ആലോചിക്കാന്‍ അവന്‍ പഠിച്ച അറിവ് അവനെ സഹായിക്കുന്നില്ലെങ്കില്‍ അത് അപകടമാണ്. അതുകൊണ്ടാണ് അറിവ് ദൈവബോധവും സാമൂഹികബോധവും നല്‍കുന്നതാവണമെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നത്. മക്കള്‍ക്കായി നിലവാരമുള്ള വിദ്യാഭ്യാസവും സ്ഥാപനങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം ബോധ്യങ്ങള്‍ കൂടി പകര്‍ന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ക്കാവേണ്ടതുണ്ട്.