ഓണ്‍ലൈന്‍ വീട്ടമ്മമാരുടെ കാലമാണിത്. ഒരുപാട് എളുപ്പങ്ങള്‍ അനുഭവിക്കുന്ന തലമുറയാണ് ഇന്ന് വീടുകളില്‍ വീട്ടമ്മമാരായുള്ളത്. അവര്‍ ഇനിയും പഠനം അവസാനിപ്പിക്കാത്തവരാണ്.
ഓണ്‍ലൈന്‍ വീട്ടമ്മമാരുടെ കാലമാണിത്. ഒരുപാട് എളുപ്പങ്ങള്‍ അനുഭവിക്കുന്ന തലമുറയാണ് ഇന്ന് വീടുകളില്‍ വീട്ടമ്മമാരായുള്ളത്. അവര്‍ ഇനിയും പഠനം അവസാനിപ്പിക്കാത്തവരാണ്. വിവാഹ ശേഷവും സ്വപ്‌നങ്ങള്‍ക്ക് കര്‍ട്ടനിടാത്തവരാണ്. അവരെ ഇനിയും പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരുടെ ഭര്‍ത്താക്കന്മാര്‍. എല്ലായിടത്തു നിന്നും പിന്തുണ കിട്ടുന്ന വിദ്യാഭ്യാസവും തിരിച്ചറിവും ലോകപരിചയവുമുള്ള ഒരു തലമുറയാണ് ഇക്കാലത്തെ വീട്ടമ്മമാര്‍. 2000-ത്തിനു ശേഷം വിവാഹം കഴിഞ്ഞവരെയാണ് പൊതുവെ ഓണ്‍ലൈന്‍ വീട്ടമ്മമാര്‍ എന്ന് വിളിക്കുന്നത്. അവര്‍ ഫേസ്ബുക്കിനും യുട്യൂബിനും ടിക്‌ടോക്കിനും ഒപ്പം സഞ്ചരിക്കുന്നവരായതുകൊണ്ട് സ്വന്തം കഴിവ് എന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. എന്ത് പ്രശ്‌നങ്ങള്‍ക്കും യൂട്യൂബില്‍ പരിഹാരം ചികഞ്ഞ് കണ്ടെത്തുന്ന ഈ തലമുറക്ക് വിചാരിച്ചാല്‍ ഒരുപാട് മാറ്റങ്ങള്‍ വീട്ടിലും സമൂഹത്തിലും കൊണ്ടുവരാന്‍ കഴിയും.
മുമ്പ് സീരിയല്‍ കണ്ടിരുന്ന വീട്ടമ്മമാരില്‍നിന്ന് കുറേയൊക്കെ സീരിയസായി കുടുംബജീവിതത്തെ കാണുന്ന പുതിയ തലമുറ വളര്‍ന്നുവന്നിരിക്കുന്നു. കണ്ണീര്‍ പരമ്പരകളില്‍നിന്ന് ഉപ്പും മുളകിലേക്കുള്ള ഒരു മാറ്റം അതൊരു കാലഘട്ടത്തിന്റെ മാറ്റം കൂടിയാണ്. കുറേയൊക്കെ ഫ്രണ്ട്‌ലി ആയ കുടുംബ ബന്ധങ്ങളാണ് പുതിയ കാലത്ത് എല്ലാവരും ആഗ്രഹിക്കുന്നത്.
ഫേസ്ബുക്ക് വന്നതോടെയാണ് ജനറേഷന്‍ ഗ്യാപ്പ് അത്ര ബോറാണെന്ന് സര്‍വരും മനസ്സിലാക്കി തുടങ്ങിയത്. അഛനായാലും അമ്മയായാലും ഫേസ്ബുക്കില്‍ അയക്കുന്നത് ഫ്രണ്ട് റിക്വസ്റ്റ് ആണ്. ഫാദര്‍ റിക്വസ്റ്റോ മദര്‍ റിക്വസ്റ്റോ ഒന്നുമല്ല. അഛനായാലും അമ്മയായാലും അപ്പൂപ്പനായാലും ഫ്രണ്ടാണ്, അല്ലേല്‍ ഫ്രണ്ടിനെ പോലെയാണ് പെരുമാറേണ്ടത് എന്നാണ് ഫേസ്ബുക്ക് മുന്നോട്ട് വെക്കുന്ന ചിന്ത. എല്ലാവരുമായും ഫ്രണ്ട്‌ലി ആകണം എന്നതാണ് ആ ആശയം പങ്കുവെക്കുന്നത്. പഴയ കാലത്തെ ഉടമ അടിമ മനോഭാവം കുറേയൊക്കെ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വസ്തുതയാണ്. ആജ്ഞാപിക്കുന്നവരും അനുസരിക്കുന്നവരും എന്ന രണ്ടു തട്ട് ഇന്ന് കുടുംബങ്ങളില്‍നിന്ന് കുറേയൊക്കെ എടുത്തു പോയിരിക്കുന്നു. പരസ്പരം കണ്ടും മനസ്സിലാക്കിയും എല്ലാവരും ഒന്നിച്ചുപോകുന്ന ശൈലിക്കാണ് എല്ലായിടത്തും സ്വീകാര്യത.
പവര്‍കട്ടിന്റെ ഗുണങ്ങള്‍ എന്ന് പറഞ്ഞ് മുമ്പൊരു തമാശ പ്രചരിച്ചിരുന്നു. കരന്റ് പോയാല്‍ ടി.വി വെക്കാന്‍ പറ്റാത്തതുകൊണ്ട് വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കും, വിശേഷങ്ങള്‍ പങ്കുവെക്കും എന്നതായിരുന്നു അത്. ഇന്ന് മൊബൈല്‍ തന്നെ ഒരു ടി.വി പോലെയായ കാലത്ത് പവര്‍കട്ട് കൊണ്ടും രക്ഷയില്ല. അതുകൊണ്ട് ഒന്നിച്ച് സംസാരിക്കാനും ചിരിക്കാനുമുള്ള അവസരങ്ങള്‍ക്കെല്ലാം ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. നിരന്തരം കേള്‍ക്കുന്ന കുടുംബകലഹ വാര്‍ത്തകളില്‍നിന്ന് നമുക്കത് ഊഹിക്കാവുന്നതേയുള്ളൂ.. എല്ലാവരും അവരവരിലേക്ക് കൂടുതല്‍ ഉള്‍വലിയുന്ന മൊബൈല്‍ കാലത്ത് ജീവിതം നമുക്ക് ആനന്ദമുള്ളതും കൂടുതല്‍ സൗന്ദര്യമുള്ളതും ആക്കിത്തീര്‍ക്കാം.
കുടുംബബന്ധങ്ങള്‍ കൂടുതല്‍ മനോഹരമാക്കാനുള്ള ചില ചിന്തകളും ജീവിത രീതികളും പങ്കുവെക്കുകയാണ്.
ഒന്നിച്ച് കുക്ക് ചെയ്യാം
പൊതുവെ വീടുകളിലെല്ലാം തന്നെ സ്ത്രീകളാണ് പാചകത്തിന്റെ ചുമതല വഹിക്കാറ്. അതവര്‍ക്ക് വളരെ ഇഷ്ടവുമാണ്. തനിക്കിഷ്ടപ്പെട്ടവര്‍ക്ക് നല്ല വിഭവങ്ങള്‍ തയാറാക്കുക എന്നത് സുന്ദരമായ അനുഭവം തന്നെയാണ്. എന്നാല്‍ മടുപ്പോടും ക്ഷീണത്തോടുമൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അതൊരു കനത്ത ഭാരമായി അനുഭവപ്പെടും. വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും മക്കളും എല്ലാവരും ചേര്‍ന്ന് പാചകം ചെയ്യുകയാണെങ്കില്‍ മനോഹരമായ ഒരു കവിത പോലെയാകും കുടുംബജീവിതം. ഒഴിവുള്ളപ്പോള്‍ ആണുങ്ങള്‍ കൂടി അടുക്കളയിലെത്തി ഒന്നിച്ച് കുക്ക് ചെയ്യുമ്പോള്‍ ഒരുപാട് ഗുണങ്ങളുണ്ടാകുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുക എന്നതിന്റെ ആയാസം തിരിച്ചറിയാന്‍ പറ്റും. ഭക്ഷണത്തെ കുറ്റം പറയുന്നവരാണെങ്കില്‍ അത് നിര്‍ത്തും. എല്ലാവരും പരസ്പരം മിണ്ടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്യുക വഴി വലിയ അടുപ്പം എല്ലാവരും തമ്മില്‍ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കുടുംബജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. വീട്ടില്‍ ഓരോരുത്തരും ഓരോ നേരത്ത് ഭക്ഷണം കഴിക്കുന്നതില്‍ ഒരു നന്മയുമില്ല. കുട്ടികള്‍ക്ക് ഒരു നേരത്ത് ഭക്ഷണം നല്‍കും. അതുപോലെ വീട്ടുകാര്‍ ഓരോരുത്തരും തോന്നുന്ന നേരത്ത് കഴിക്കുക എന്നത് വീടിന്റെ കെട്ടുറപ്പിനെ അറിയാതെയെങ്കിലും ബാധിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്ന നേരത്ത് കുട്ടികളും വീട്ടിലെ എല്ലാവരും ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഭംഗി വേറെ തന്നെയാണ്. എല്ലാവരും തമ്മില്‍ അടുപ്പം കൂടാന്‍ അത് വഴിവെക്കുന്നു. എല്ലാവരും മുഴുനേരവും ടി.വിയും മൊബൈലുമെല്ലാം കണ്ടിരിക്കുന്ന കാലത്ത് ഇത്തരം പരസ്പരം പങ്കുവെക്കാനുള്ള സാഹചര്യങ്ങള്‍ ഒട്ടും നഷ്ടപ്പെടുത്തിക്കൂടാ.
യാത്രകള്‍ പോകാം
എത്ര ചെറിയ യാത്രയാണെങ്കിലും ഒന്നിച്ചുള്ള യാത്രകള്‍ക്ക് പ്രാധാന്യം നല്‍കണം. ആര്‍ക്കെങ്കിലും അസുഖമായി കുറച്ചപ്പുറത്തുള്ള ഹോസ്പിറ്റലില്‍ പോവുകയാണെങ്കിലും എല്ലാവരും ഒന്നിച്ച് അതൊരു ട്രിപ്പ് ആക്കി മാറ്റിയാല്‍ അസുഖത്തിന്റെ ടെന്‍ഷന്‍ പോലും അകലുന്നതു കാണാം.
ചെടിനടാം
വീട് നിറയെ ചെടിനടാം. ഓരോ ചെടിക്കും തളിര് വരുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം അനുഭവിച്ചറിയേണ്ടതാണ്. എല്ലാവരും കൂട്ടമായി നട്ടും നനച്ചും മുന്നോട്ടുപോകുമ്പോള്‍ ജീവിതം കൂടുതല്‍ പച്ചപ്പുള്ളതായി മാറുന്നു. അയല്‍പ്പക്കങ്ങളില്‍നിന്ന് ചെടികള്‍ വാങ്ങിയും കൊടുത്തും കൂടുതല്‍ നന്മയുള്ളതായി മാറും ജീവിതം. ചെടികള്‍ നനക്കാനും മറ്റുമെല്ലാം മക്കളെയും ഏല്‍പ്പിക്കാം. നന്നായി പരിപാലിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാം.
മക്കളെ 'ഉദ്യോഗസ്ഥരാ'ക്കാം
മക്കള്‍ക്ക് ചെറുപ്പത്തില്‍ തന്നെ വീട്ടിലെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാം. അതവര്‍ക്ക് ഞാനും ഈ വീട്ടില്‍ അനിവാര്യമാണ് എന്ന തോന്നലുണ്ടാക്കും. ഉദാഹരണത്തിന്‍ ചെടികളും തോട്ടവുമെല്ലാം നനക്കല്‍, വീടിന്റെ അകത്തെ ശുചീകരണവും അലങ്കാരപ്പണികളും, വീടിന്റെ പുറം ഭാഗങ്ങളും മുറ്റവുമെല്ലാം വൃത്തിയാക്കല്‍, വീട്ടില്‍ കോഴി, ആട്, താറാവ് തുടങ്ങിയവയുണ്ടെങ്കില്‍ അതിനെ പരിപാലിക്കല്‍ തുടങ്ങിയ ജോലികളെല്ലാം മക്കള്‍ക്ക് വീതിച്ചുനല്‍കാം. ഓരോ ജോലിയും ഒരു ഡിപ്പാര്‍ട്ട്‌മെന്റായി കണക്കാക്കി മക്കളെ ആ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരായി പ്രഖ്യാപിക്കാം. ഏറ്റവും നന്നായി ജോലി ചെയ്യുന്ന 'ഉദ്യോഗസ്ഥന്' സ്‌പെഷ്യല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കാം.
മക്കളോടൊപ്പം ഒന്നിച്ചിരുന്ന് പഠിക്കാം
മക്കളെ പഠിക്കാനിരുത്തി ടി.വി കാണാന്‍ പോകുന്ന രക്ഷിതാക്കള്‍ കുറവല്ല. അല്ലെങ്കില്‍ മൊബൈലില്‍ സോഷ്യല്‍ മീഡിയാ ലോകത്ത് വിഹരിക്കുകയായിരിക്കും. അത് മക്കളില്‍ ഒറ്റപ്പെടലുണ്ടാക്കും. താന്‍ തനിച്ച് കഷ്ടപ്പെടുന്നല്ലോ എന്ന തോന്നലുണ്ടാക്കും. പഠനം ഭാരമേറിയതായി അവര്‍ക്ക് അനുഭവപ്പെടും. മക്കളുടെ കൂടെ ഇരുന്ന് അവരോടൊപ്പം പഠിക്കുമ്പോള്‍ കുട്ടികളത് ആസ്വദിക്കും. അവര്‍ക്ക് സ്‌കൂളിലെ വിശേഷങ്ങള്‍ പറയാനും അന്വേഷിക്കാനും അതൊരു അവസരമാവുകയും ചെയ്യും. അതുപോലെ മക്കളുടെ വളര്‍ച്ച കൃത്യമായി അറിയാന്‍ പറ്റും. അത്രയേറെ പഠിക്കാന്‍ കഴിയാത്ത രക്ഷിതാക്കളാണെങ്കില്‍ വേറൊരു ഗുണം കൂടിയുണ്ട്. മക്കള്‍ പഠിക്കുന്നതെല്ലാം രക്ഷിതാക്കളും പഠിക്കുമ്പോള്‍ കുറേ കാലം കഴിയുമ്പോള്‍ മക്കള്‍ക്ക് തങ്ങളേക്കാള്‍ വിവരമുണ്ടല്ലോ എന്ന കോംപ്ലക്‌സ് അവര്‍ക്ക് ഉണ്ടാവുകയുമില്ല. മക്കളോടൊപ്പം രക്ഷിതാക്കളുടെയും അറിവ് വര്‍ധിക്കുന്നുണ്ടല്ലോ.