ആശാ ആശുപത്രിയിലെ ആറാം നമ്പര്‍ റൂമില്‍നിന്ന് കുറച്ചു നാളുകളായി അട്ടഹാസക്കരച്ചില്‍ കേള്‍ക്കുന്നു. 'എനിക്ക് ഹാജറയെ കാണണം.' കരഞ്ഞുകൊണ്ട് കഠിന വേദനക്കിടെ നഫീസ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഹാജറ ആര്? എവിടെ? എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നഫീസയും കുടുംബവും ഇഷ്ടപ്പെടാറില്ല.
സാബിര്‍ ഡോക്ടറുടെ ചോദ്യത്തിലാണ് ഹാജറയെ പിടികിട്ടിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് നഫീസയുടെ സഹോദരന്റെ ഭാര്യയായി കയറിവന്നിരുന്ന ഹാജറ, ഭര്‍ത്താവിന്റെ സഹോദരന്റെ ഗള്‍ഫ് യാത്രക്കുള്ള ഒരു ലക്ഷം രൂപ നഷ്ടപ്പെടുകയും, ഹാജറയുടെ ബാഗില്‍നിന്ന് അത് കണ്ടെടുക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കശപിശ അവരുടെ ബന്ധവിഛേദനത്തില്‍ കലാശിക്കുകയായിരുന്നു. ഹാജറയെ അറിയുന്ന എല്ലാവരും പറയുന്നു, അവളത് ചെയ്യുകയില്ലാ എന്ന്. ബാഗില്‍നിന്നും പണം ലഭിച്ച സ്ഥിതിക്ക് സ്രഷ്ടാവിന്റെ പരീക്ഷണം, ഇത് ഒരു നാള്‍ പുറത്തുവരും എന്ന് മാത്രമേ ഹാജറക്ക് കരഞ്ഞുകൊണ്ട് പറയാനുണ്ടായിരുന്നുള്ളൂ....
കണ്ണീരില്‍ കുതിര്‍ന്ന ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഹാജറയുടെ രണ്ടാം വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനോടൊപ്പം ഗള്‍ഫില്‍ പോയി മക്കളെല്ലാം നല്ല നിലയിലെത്തി വീടു വെച്ച് സുഖമായി ജീവിച്ചുവരികയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പടിയിറക്കി വിട്ട ഹാജറയെ തേടി നഫീസ എത്തുന്നതും കാണാന്‍ ആഗ്രഹം ഉണ്ട് എന്ന് പറയുന്നതും ആ കുടുംബത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. എന്നാല്‍ ഹാജറയെ കണ്ടെത്തി നഫീസയുടെ ആഗ്രഹം സഫലമാക്കാനുള്ള ദൗത്യം അയല്‍വാസികളില്‍ ചിലര്‍ ഏറ്റെടുക്കുകയും ഹാജറയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പരസ്പരം കണ്ടപ്പോള്‍ കണ്ണുനീരുകള്‍ക്കിടെ ആ രഹസ്യം നഫീസ ആദ്യമായി പറഞ്ഞു തുടങ്ങി. അന്ന് ആ പണക്കെട്ട് ഞാന്‍ നിന്റെ ബാഗില്‍ വെച്ചതായിരുന്നു. എന്തിനാണ് ഞാന്‍ അത് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയുന്നില്ല. അതിനുശേഷം എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. എന്റെ ബുദ്ധിമോശം കൊണ്ട് ചെയ്ത കൊടുംപാപം. എന്നോടു ക്ഷമിക്കൂ ഹാജറാ..... അവള്‍ കരയുകയാണ്. ഹാജറ അവരോട് പറഞ്ഞു: അല്ലാഹു നല്ലതിനു വേണ്ടി എനിക്കു നല്‍കിയ പരീക്ഷണമാണിത്. എനിക്ക് നിങ്ങളോട് ഒരു വെറുപ്പുമില്ല. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ഥിക്കും.
നഫീസയുടെ നെറ്റിയില്‍ തടവിക്കൊണ്ട് ഹാജറ പ്രാര്‍ഥിച്ചു; നാഥാ.... എന്റെ ഇത്താക്ക് പൊറുത്തുകൊടുക്കേണമേ.....